പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മൊത്തത്തില്‍ ആശാവഹവും പ്രതീക്ഷാജനകവുമാണ്. വര്‍ഗീയ ശക്തികളെ പിന്തള്ളി മതനിരപേക്ഷ ചേരി വ്യക്തമായി മേല്‍ക്കൈ നേടിയത് ഇന്ത്യയുടെ ഭാവിയില്‍ താല്പര്യമുള്ള ഏവരെയും ആഹ്ളാദിപ്പിക്കുന്നു.
മതനിരപേക്ഷ ശക്തികള്‍ അധികാരത്തില്‍ വരണമെന്നത് തന്നെയായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെയും ശക്തമായ ആഗ്രഹം. ദേശീയ തലത്തില്‍ സംഘടന ഈയവശ്യാര്‍ഥം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. അതേസമയം, പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ശക്തമായി ഉണ്ടാവണമെന്നും സംഘടന ആഗ്രഹിച്ചിരുന്നു. ദേശീയ താല്പര്യവും അധികാരത്തിന്റെ സന്തുലനവും മുന്‍നിര്‍ത്തിയാണ് സംഘടന ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചത്. ഏകപക്ഷീയമായ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയാന്‍ അത് ഉപകരിക്കുമെന്നുമായിരുന്നു സംഘടനയുടെ സുചിന്തിമായ നിലപാട്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരളിത്തിലും ബംഗാളിലും അവര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.
മുന്നണിയിലെ പടലപ്പിണക്കം, പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത, പരസ്പര വിശ്വാസമില്ലായ്മ, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍, ശക്തമായ ഭരണ വിരുദ്ധ വികാരം എന്നിവയാണ് കേരളത്തില്‍ പ്രധാനമായും ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക് കാരണമായത്. ഇടതുപക്ഷം തന്നെയാണ് ഇടതുപക്ഷത്തെ തോല്പിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ പലപ്പോഴും ഉത്തരവാദിത്ത ബോധം മറന്നുകൊണ്ടാണ് പെരുമാറിയത്. വിദ്യാഭ്യാസ വകുപ്പിന്റെ പല നടപടികളും മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങളില്‍ ഇടതുപക്ഷത്തോട് മടുപ്പുണ്ടാക്കി. ദലിത് സമൂഹത്തെ മാന്യമായി പരിഗണിക്കുന്നതിലോ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിലോ സര്‍ക്കാറും പാര്‍ട്ടിയും താല്പര്യം കാണിച്ചില്ല. ഈ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ വമ്പിച്ച പരാജയം അവര്‍ ഏറ്റുവാങ്ങുകയായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്രയും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായത് എന്ന് ഇടതുനേതൃത്വം അടിവരയിട്ട് മനസ്സിലാക്കണം. അതിനാല്‍ ശക്തമായ ആത്മവിമര്‍ശനം നടത്താനും തെറ്റുകള്‍ തിരുത്താനും ഇടതു മുന്നണിയും സി.പി.ഐ.എമ്മും തയാറാവണം. പരാജയത്തെ വീണ്ടും വിഭാഗീയത വളര്‍ത്താനുള്ള അവസരമായി അവര്‍ കാണുകയാണെങ്കില്‍ അത് മഹാവിഡ്ഢിത്തമാവും.
തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മുഴുവന്‍ സ്ഥാനാര്‍ഥികളെയും ജമാഅത്തെ ഇസ്ലാമി ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. മികച്ച പ്രകടനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി
No comments:
Post a Comment