Sunday, June 14, 2009

ടീം ഇന്ത്യ; സീനിയര്‍ ജൂനിയര്‍ പ്രതിസന്ധിയിലോ?


ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും സച്ചിന്‍ തെണ്ടുല്‍ക്കറും കിരീടനേട്ടത്തെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നെവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു. ട്വന്റി 20 ലോകകപ്പിനേക്കാള്‍ വലിയ നേട്ടമാണ് ത്രിരാഷ്ട്ര പരമ്പരയിലെ വിജയമെന്നായിരുന്നു ധോനിയുടെ വിലയിരുത്തല്‍. എന്നാല്‍ 1983ലെ ലോകകപ്പുകഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമായാണ് സച്ചിന്‍ ഈ നേട്ടത്തെ കണ്ടത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍ നടത്തിയ ഈ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില വിട്ടുകളയലുകള്‍ ബോധപൂര്‍വം നടന്നിട്ടുള്ളതായി കാണാനാകും. ധോനി പഴയ ലോകകപ്പിനെ കണ്ടില്ലെന്നു നടിച്ചപ്പോള്‍ സച്ചിന്‍ അതിസമര്‍ഥമായി ട്വന്റി 20 ലോകകിരീടത്തെയും ഉപേക്ഷിച്ചു.

ഇനി മറ്റൊന്ന്. ബ്രിസ്‌ബേനില്‍ രണ്ടാം ഫൈനല്‍ ജയം കഴിഞ്ഞ് സച്ചിന്‍ നടത്തിയ പ്രസ്താവനയില്‍ യുവ നിരയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ചതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പും ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ്-എട്ടു വര്‍ഷമായി ഇന്ത്യന്‍ ടീമിലുള്ള സീനിയര്‍ താരങ്ങളും ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അത് വിസ്മരിക്കരുതെന്നുമായിരുന്നു സച്ചിന്റെ മുന്നറിയിപ്പ്. വലിയ ജയങ്ങളില്‍ ഈ സീനിയര്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നും അത് യുവനിരയുടേതു മാത്രമായി വ്യാഖ്യാനിക്കരുതെന്നുമായിരുന്നു സച്ചിന്റെ അഭ്യര്‍ഥന.

ഓസ്‌ട്രേലിയയില്‍നിന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ പ്രസ്താവനയെ കുറെക്കൂടി വ്യക്തമായി സച്ചിന്‍ അവതരിപ്പിച്ചു. സീനിയര്‍ താരങ്ങളെ വിസ്മരിക്കരുതെന്ന് പറഞ്ഞ സച്ചിന്‍ അതാരൊക്കെയെന്ന് വ്യക്തമാകാനുള്ള സൂചനയും നല്‍കി. ഈ പരമ്പരയില്‍ ടീമിനൊപ്പമില്ലാതിരുന്ന സീനിയര്‍ താരങ്ങളെ ക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് സച്ചിന്‍ ആവര്‍ത്തിച്ചു. രാഹുല്‍ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയുമാണ് സച്ചിന്‍ ഉദ്ദേശിച്ചതെന്ന് പകല്‍പോലെ വ്യക്തം. സീനിയര്‍ താരങ്ങളെ ഒഴിവാക്കി ടീമിനെ നിശ്ചയിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയാണ് ത്രിരാഷ്ട്ര പരമ്പര വിജയമെന്ന സൂചനകള്‍ ധോനിയും ഓസ്‌ട്രേലിയയിലും നാട്ടിലും ആവര്‍ത്തിച്ചു.
വല്ലാത്തൊരു പ്രതിസന്ധിയിലാണ് ഇന്ത്യന്‍ ടീമിലെ പഴയ തലമുറ. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗധേയം നിര്‍ണയിച്ച ആ വലിയ സംഘം ഇന്ന് വിജയങ്ങളുടെ അനിവാര്യമായ ചേരുവയല്ലാതായിരിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, വി.വി.എസ്. ലക്ഷ്മണ്‍, സഹീര്‍ ഖാന്‍ എന്നിവരില്ലാതെയാണ് കഴിഞ്ഞ സപ്തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി 20 ലോകകിരീടം ഇന്ത്യയുടെ യുവനിര നേടിയത്. ടീമില്‍ തന്റെ പ്രസക്തി തെളിയിക്കാന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രണ്ട് ഫൈനലുകളിലെയും പ്രകടനങ്ങളിലൂടെ സച്ചിന്‍ തെണ്ടുല്‍ക്കറിനായെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതല്ല. ഏകദിനത്തില്‍ പതിനായിരത്തിലേറെ റണ്‍സ് സ്വന്തമായുള്ള, ഇന്ത്യയുടെ പഴയ വലിയ ജയങ്ങളുടെ അമരക്കാരായിരുന്ന ദ്രാവിഡിനും ഗാംഗുലിക്കും മാന്യമായ വിടവാങ്ങലിന് പോലും അവസരം ലഭിക്കുമോ എന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്. ടീമില്‍ സ്ഥാനമുണ്ടെങ്കിലും വീരേന്ദര്‍ സെവാഗിന്റെ കാര്യവും പരുങ്ങലില്‍ത്തന്നെ.

രണ്ട് കിരീടങ്ങള്‍. ട്വന്റി 20 ലോകകിരീടവും ലോകചാമ്പ്യന്മാരെ തോല്‍പിച്ച് ത്രിരാഷ്ട്ര പരമ്പരയും ടീമിലെ പഴയ ശക്തികേന്ദ്രങ്ങളെ അപ്രസക്തമാക്കിയെന്ന തിരിച്ചറിവാണ് സച്ചിന്‍ തെണ്ടുല്‍ക്കറിനെക്കൊണ്ട് സീനിയര്‍ താരങ്ങളെ മറക്കരുതെന്ന് പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്. ത്രിരാഷ്ട്ര പരമ്പരയില്‍ ആ പഴയസംഘത്തില്‍നിന്നും സച്ചിന്‍ മാത്രമാണ് ഉള്‍പ്പെട്ടത്. അപ്പോള്‍ തന്റെ പഴയ സഖാക്കള്‍ക്കുവേണ്ടി സംസാരിക്കുകയെന്നതും സച്ചിന്റെ ചുമതലയായി. പരമ്പരയില്‍ ഫൈനല്‍വരെ കാര്യമായ പ്രകടനങ്ങള്‍ നടത്താതിരുന്ന സച്ചിന്‍, താനും അകാല വിസ്മൃതിയിലേക്ക് പോകുമെന്ന തിരിച്ചറിവില്‍നിന്നു കൂടിയാണ് രണ്ട് ഫൈനലുകളിലും തിളക്കമാര്‍ന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായത്. അതോടെ, തന്റെ തലമുറയുടെ വക്താവാകാനും സച്ചിനു കഴിഞ്ഞു.
ഇന്ത്യന്‍ ടീം വല്ലാത്ത മാറ്റത്തിന്റെ വക്കിലാണ്. 1983 ലോകകിരീടത്തോടെ വെസ്റ്റിന്‍ഡീസിനെ ക്രിക്കറ്റിന്റെ തലപ്പത്തുനിന്ന് വലിച്ചിറക്കിയതുപോലെ ഇന്ത്യ ഓസ്‌ട്രേലിയയുടെ മേധാവിത്വത്തിനും ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണിപ്പോഴെന്ന് കരുതുന്നവരേറെയാണ്. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ശേഷം ഇന്ത്യയില്‍ ക്രിക്കറ്റിന് അപ്രതീക്ഷിതമായ വളര്‍ച്ചയാണ് ഉണ്ടായത്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും ഗാംഗുലിയുടെയും ദ്രാവിഡിന്റെയും തലമുറവരെയുള്ളവരെ സ്വാധീനിച്ചത് ആ ലോകകപ്പ് വിജയമായിരുന്നു. പിന്നീട്, സച്ചിനും ദ്രാവിഡും ഗാംഗുലിയും കുംബ്ലെയും പോലുള്ളവര്‍ ലോകക്രിക്കറ്റിലുണ്ടാക്കിയ മാറ്റമാണ് ഇന്ത്യയില്‍ ക്രിക്കറ്റിനെ വളര്‍ത്തിയത്. സച്ചിന്‍ അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചശേഷം ജനിച്ചവര്‍ ഇന്ന് ഇന്ത്യന്‍ ടീമിലുണ്ട്. അല്ലെങ്കില്‍, സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയും കണ്ട് ബാറ്റുപിടിക്കാന്‍ പഠിച്ചവരാണ് ഇന്നത്തെ ഇന്ത്യന്‍ യുവനിര. സീനിയര്‍ താരങ്ങളെ മറക്കരുതെന്ന് സച്ചിന്‍ പറയുന്നതിന്റെ മറ്റൊരു പ്രസക്തി ഇതാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ലോകകപ്പ് വിജയമുള്‍പ്പെടെ ഐതിഹാസികമായ ഒട്ടേറെ നേട്ടങ്ങളുണ്ട്. പുതുതായി ഒന്നുവരുമ്പോള്‍ പഴയ വിജയങ്ങളെ മറക്കുകയെന്ന നന്ദികേടിന്റെ ചരിത്രവും ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്. 2001ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ ടെസ്റ്റ് വിജയവും 2003ല്‍ അഡലെയ്ഡ് ടെസ്റ്റില്‍ നേടിയ വിജയവും പകര്‍ന്ന ആവേശത്തെക്കുറിച്ച് ഇപ്പോഴാരും പറഞ്ഞുകേള്‍ക്കുന്നില്ല. അതെക്കുറിച്ച് ഇനി സജീവമായ ചര്‍ച്ച വരണമെങ്കില്‍ രാഹുല്‍ ദ്രാവിഡോ വി.വി.എസ് ലക്ഷ്മണോ വിരമിക്കണമെന്ന സ്ഥിതിയായിട്ടുണ്ട്. 2002ല്‍ നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിന്തുടര്‍ന്ന് തോല്‍പിച്ച മത്സരവും ഇന്നധികം പേര്‍ ഓര്‍ക്കുന്നില്ല. മുഹമ്മദ് കൈഫെന്ന കളിക്കാരന്‍തന്നെ വിസ്മരിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയുടെ ഒരേയൊരു ട്രിപ്പിള്‍ സെഞ്ച്വറിക്കാരന്‍ വീരേന്ദര്‍ സെവാഗിന് ടെസ്റ്റ് ടീമില്‍ സ്ഥാനവുമില്ല.

കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റങ്ങളുടെ ഭാഗം കൂടിയാണ് ഈ മറക്കലുകള്‍/വിട്ടുപോകലുകള്‍ എന്നുകൂടി പറയണം. പുതിയ പ്രതിഭകള്‍ കടന്നുവന്നെങ്കില്‍ മാത്രമേ ടീമുകള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. വിജയങ്ങളും മുന്നേറലും നിരന്തരമെന്നോണം നടക്കേണ്ട കാര്യമാണ്. ഇതിന് താരങ്ങളുടെ വരവില്‍ ഇന്ത്യയിലുണ്ടാകുന്നതുപോലെയുള്ള തുടര്‍ച്ച അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഓസ്‌ട്രേലിയന്‍ ടീം ഇന്ന് ഭയക്കുന്ന മുരടിപ്പ് ടീമിന്റെ ഭാവിയെത്തന്നെ ആശങ്കയിലാഴ്ത്തും. ഓസ്‌ട്രേലിയന്‍ ടീമില്‍ പുതിയ താരങ്ങളുടെ വരവ് വല്ലാതെ കുറഞ്ഞുപോയതാണ് സമീപകാലത്ത് അവരുടെ പ്രകടനങ്ങളിലുണ്ടായ പാളിച്ച സൂിപ്പിക്കുന്നത്. ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണും ഡാമിയന്‍ മാര്‍ട്ടിനും ജസ്റ്റിന്‍ ലാംഗറുമൊക്കെ പോയ വിടവ് ഇന്നു നികത്താതെ കിടക്കുന്നു. ഒരു തലമുറയിലെ ടീം പതിറ്റാണ്ടിലേറെ മാറ്റമില്ലാതെ നിന്നത് ഓസ്‌ട്രേലിയയില്‍ രണ്ടാം നിര വളര്‍ന്നുവരുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്തു. റിക്കി പോണ്ടിങ്ങിന്റെയും സംഘത്തിന്റെയും നിലവാരം പുലര്‍ത്തുന്ന എത്രപേര്‍ അവരുടെ പുതുനിരയിലുണ്ട് എന്നു മാത്രം ആലോചിക്കുക.
ഇന്ത്യന്‍ ടീമിലും പുതിയ താരങ്ങള്‍ വന്നേ തീരൂ.പഴയ പ്രതിഭകള്‍ കാലത്തിനു കീഴടങ്ങുകയും വേണം. എങ്കിലും ചില പ്രത്യേക ഘട്ടങ്ങളില്‍ ടീം നേടുന്ന വിജയങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുകയും ചരിത്രത്തിന്റെ നിര്‍ണായകമുഹൂര്‍ത്തങ്ങളായി അവമാത്രം വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, സീനിയോറിറ്റി വല്ലാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍, സച്ചിന്റെ അഭ്യര്‍ഥനയ്ക്ക് കൂടുതല്‍ പ്രസക്തി കൈവരുന്നു.പുതിയ താരങ്ങളുടെ വരവ് സീനിയര്‍ താരങ്ങള്‍ക്ക് വിരമിക്കാറായി എന്ന മുന്നറിയിപ്പ് കൂടിയാണെന്ന് പറയാറുണ്ട്. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന പ്രൊഫഷണല്‍ താരങ്ങള്‍ക്ക് പ്രായമായെന്ന തോന്നല്‍ ഉണ്ടാകില്ലെന്ന മനശാസ്ത്രമാണ് ഇതിന്റെ എതിര്‍വാദം. യുവാക്കളാണെന്ന തോന്നലാണ് ഓരോ മത്സരവും ഇവര്‍ക്ക് പകരുന്നത്.ഇവരോട് പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാറായി എന്ന് പറഞ്ഞുകൊടുക്കേണ്ടത് ക്രിക്കറ്റ് ബോര്‍ഡുകളുടെയും പരിശീലകരുടെയും ചുമതലയാണ്.

രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കും ലക്ഷ്മണിനും സെവാഗിനും സഹീറിനും ഒക്കെ മാന്യമായി വിരമിക്കാനുള്ള അവകാശമുണ്ട്. അവരെ തള്ളിപ്പറയുകയും വിസ്മരിക്കുകയും ചെയ്യുന്നതല്ല ഇന്ത്യന്‍ ക്രിക്കറ്റ് അവരോടു കാണിക്കേണ്ട നീതി. അതിനുള്ള അവസരം സംജാതമാക്കുകയെന്നത് ഇന്ത്യന്‍ ബോര്‍ഡിന്റെ തന്നെ ചുമതലയാണ്. ഇതു നിങ്ങളുടെ അവസാന സീസണാണ്, അതിനായി തയ്യാറെടുക്കുകയെന്ന സന്ദേശം താരങ്ങള്‍ക്കുനല്‍കണം. അലന്‍ ബോര്‍ഡറും മാര്‍ക്ക് ടെയ്‌ലറും സ്റ്റീവ് വോയുമൊക്കെ ഫോമിന്റെ ഉച്ചസ്ഥായിയില്‍നില്‍ക്കെ വിരമിച്ചത് ഈ സന്ദേശം മുമ്പുതന്നെ കിട്ടിയിട്ടുള്ളതിന്റെ ഗുണംകൂടിയാണ്. ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ചര്‍ച്ചചെയ്തല്ല ഇന്ത്യ അതിന്റെ സീനിയര്‍ താരങ്ങളെ മറവിയിലേക്ക് ആനയിക്കേണ്ടത്.

ഇതിനൊപ്പം തന്നെ ചിന്തിക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭകളുകെ കുത്തൊഴുക്കാണ്. മുമ്പത്തെക്കാളധികം താരങ്ങള്‍ക്ക് ഇന്ന് അവസരം കിട്ടുന്നുവെന്നത് സ്വാഗതാര്‍മായ കാര്യമാണ്. ത്രിരാഷ്ട്ര പരമ്പരതന്നെ ഇഷാന്ത് ശര്‍മയെയും പ്രവീണ്‍ കുമാറിനെയും പോലുള്ള കണ്ടെത്തലുകള്‍ നടത്തി. അണ്ടര്‍ 19 ടീം ധോനിയുടെ സംഘത്തിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി നില്‍ക്കുന്നു. ടീമിലേക്ക് വിളികിട്ടില്ലെന്ന ഉറപ്പോടെ മുന്‍കാലപ്രതിഭകളുടെ വലിയൊരു സംഘം പുറത്ത്. വരുന്ന പതിറ്റാണ്ട് ക്രിക്കറ്റില്‍ ഇന്ത്യയുടേതാണെന്ന വിളംബരമാണ് ത്രിരാഷ്ട്ര കിരീടം. പക്ഷെ, ആ കുതിപ്പിന് നന്ദി കേടിന്റെ പേരുദോഷമുണ്ടാകരുതെന്ന മുന്നറിയിപ്പാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ നടത്തിയത്.

ആര്‍.ഗിരീഷ് കുമാര്‍ | Mathrubhumi

No comments:

Post a Comment