Sunday, June 14, 2009
ക്രിക്കറ്റ് സിംഹാസനം പിടിക്കാന്‍ ത്രിമൂര്‍ത്തികളുടെ സംഘം
ലോക ക്രിക്കറ്റിന്റെ രാജസിംഹാസനങ്ങള്‍ മലര്‍ക്കെ തുറന്നിരിക്കുന്നു. കഴിവും കൗശലവും കഠിനാധ്വാനവും ഇഴചേര്‍ത്ത് ആ ഇരിപ്പിടം സ്വന്തമാക്കാന്‍ പോരാട്ടം കനക്കുകയാണ്. കുട്ടി ക്രിക്കറ്റൊഴിച്ച് മറ്റു രണ്ടു മേഖലകളിലും (ടെസ്റ്റ്, ഏകദിനം) പ്രതിയോഗികളില്ലാതെ ഒരു ദശാബ്ദത്തോളം വിലസിയ ഓസ്‌ട്രേലിയ, ഏകദിനത്തില്‍ ഓസീസിന്റെ സിംഹാസനം പിടിച്ചെടുത്ത ദക്ഷിണാഫ്രിക്ക, ടെസ്റ്റിലും ഏകദിനത്തിലും അസൂയാവഹമായ കുതിപ്പു നടത്തുന്ന കുട്ടി ക്രിക്കറ്റിന്റെ അധിപന്മാരായ ഇന്ത്യ-ഇവരാണ് മത്സരരംഗത്തെ ത്രിമൂര്‍ത്തികള്‍.
ഇനിയുള്ള കാലം ഒരു ടീമിനും ദീര്‍ഘകാലം രാജാവായി വാഴാന്‍ കഴിയാത്തവിധം ശക്തരായ പ്രതിയോഗികള്‍ ഉയര്‍ന്നിരിക്കയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ ഒന്നാം നമ്പറാകാനുള്ള പോരാട്ടം കൂടുതല്‍ കൗതുകമുണര്‍ത്തും. ഓരോ പര്യടനത്തിലും വിജയത്തിനപ്പുറമുള്ള നേട്ടങ്ങളാണ് മുന്നില്‍. വര്‍ധിത മികവോടെ അടരാടാന്‍ ഇത് പ്രചോദനമാവുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ 2001ല്‍ ലോകറാങ്കിങ് സമ്പ്രദായം കൊണ്ടുവന്ന് എട്ടുവര്‍ഷത്തോളം ഒന്നാം സ്ഥാനത്തിനായി കാര്യമായ പോരാട്ടമുണ്ടായില്ല. ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ട്വന്റി 20 ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലും വലിയ എതിര്‍പ്പൊന്നുമില്ലാതെ ഓസ്‌ട്രേലയി നിറഞ്ഞുനില്ക്കുന്നതായിരുന്നു ഈ കാലഘട്ടം. ഓസ്‌ട്രേലിയ സമാനതകളില്ലാത്തവിധം ഗെയിമിന്റെ നിലവാരമുയര്‍ത്തി മുന്നേറിയപ്പോള്‍ മറ്റു ടീമുകള്‍ അവരുടെ നിഴലില്‍ ഒതുങ്ങി. പോരാട്ടം രണ്ടാം സ്ഥാനത്തിനുവേണ്ടി മാത്രമെന്ന നില. അത്രകണ്ട് ശക്തമായിരുന്നു ഓസ്‌ട്രേലിയന്‍ അപ്രമാദിത്യം. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ജേസണ്‍ ഗില്ലെസ്പി തുടങ്ങിയ ലോകോത്തര ബൗളര്‍മാരും ജസ്റ്റിന്‍ ലാംഗര്‍, മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ മാര്‍ട്ടിന്‍, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസ്സി തുടങ്ങി തികവുറ്റ ബാറ്റ്‌സ്മാന്മാരും ആന്‍ഡ്രൂ സൈമണ്ട്‌സ് എന്ന ലോകോത്തര ഓള്‍റൗണ്ടറുമടങ്ങിയ സംഘമാണ് ഈ കാലഘട്ടത്തില്‍ ഓസീസിനെ വിജയരഥമേറ്റിയത്. ഇവര്‍ സ്ഥാപിച്ച 'ബെഞ്ച് മാര്‍ക്ക്' മറ്റ് ടീമുകള്‍ക്ക് അപ്രാപ്യമായിരുന്നു. ആ സ്ഥിതി പാടെ മാറിമറിഞ്ഞിരിക്കുന്നു. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഇന്ന് ഓസീസിന്റെ കണ്ണിലെ കരടാണ്. ഓസീസിന്റെ സിംഹാസനങ്ങള്‍ക്ക് അവകാശമുയര്‍ത്തി ഈ ടീമുകള്‍ നടത്തിയ തേരോട്ടം സമീപകാല ക്രിക്കറ്റിന്റെ ആകെത്തുകയാവുന്നു. ഏകദിന സിംഹാസനം ദക്ഷിണാഫ്രിക്ക കയ്യടക്കി. ടെസ്റ്റില്‍ ഇപ്പോഴും റാങ്കിങ് പോയന്റിന്റെ മികവില്‍ ഒന്നാം സ്ഥാനത്താണെങ്കിലും കളിക്കളത്തില്‍ സ്ഥിതി അതല്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടെസ്റ്റ് പരമ്പരകളില്‍ ഓസീസിനെ പിന്തള്ളിക്കഴിഞ്ഞു. ഒന്നാം സ്ഥാനം പിടിക്കാനുള്ള വ്യഗ്രതയിലാണ് സമതുലിതമായ ഈ രണ്ട് ടീമുകളും. പര്യടനത്തിനെത്തുന്ന ഓസീസ് ടീമിനെതിരെ ഏകപക്ഷീയ വിജയം നേടാനായാല്‍ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും സ്പ്രിങ്‌ബോക്കുകള്‍ക്ക് സ്വന്തമാവും.
ദീര്‍ഘകാലം ടീമിന്റെ ഭാഗമായിരുന്ന പ്രമുഖരില്‍ പലരും വിടപറഞ്ഞതോടെയാണ് ഓസീസ് അടിപതറാന്‍ തുടങ്ങിയത്. വോണും മഗ്രാത്തും വിടപറഞ്ഞതോടെ ആക്രമണനിരയുടെ ദിശാബോധം നഷ്ടപ്പെട്ടു. ബ്രെറ്റ് ലീയുടെ ഫോം നഷ്ടവും പരിക്കും കൂടിയായതോടെ എതിരാളികളെ രണ്ടുവട്ടം പുറത്താക്കാനുള്ള ത്രാണി ഓസീസിന് ഇല്ലാതായി. ലാംഗര്‍, മാര്‍ട്ടിന്‍, ഗില്‍ക്രിസ്റ്റ് എന്നിവരുടെ അരങ്ങൊഴിയലും ഹെയ്ഡന്റെയും സൈമണ്ട്‌സിന്റെയും ഫോമില്ലായ്മയും ഓസീസ് ബാറ്റിങ്ങിന്റെ താളം കെടുത്തി. ഓപ്പണിങ്ങും മധ്യനിരയും പാളിയതോടെ അവര്‍ എളുപ്പത്തില്‍ തകര്‍ന്നടിയുന്ന ടീമായി. ഇന്ത്യയോടും പിന്നീട് ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരയില്‍ അവര്‍ അടിയറവ് പറഞ്ഞതിന് കാരണവും ഇതുതന്നെ.
2007 മുതല്‍ ഓസീസ് ക്രിക്കറ്റിന്റെ ഗ്രാഫ് താഴോട്ടാണ്. 2008 അവര്‍ക്ക് തകര്‍ച്ചയുടെ വര്‍ഷവും. കീഴടക്കാന്‍ പറ്റാത്ത ശക്തിയല്ല കംഗാരുക്കള്‍ എന്ന് തെളിയിക്കാന്‍ കാര്യമായ ശ്രമം തുടങ്ങിയത് ഇന്ത്യയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴും ഓസീസ് ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാണിക്കുന്നതിലും അവര്‍ക്കുമേല്‍ ആധിപത്യം നേടുന്നതിലും ഇന്ത്യ പലപ്പോഴും വിജയം കണ്ടു. അതുകൊണ്ടുതന്നെ പരമ്പര ജേതാക്കള്‍ക്കുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആഷസ് പരമ്പരയെക്കാള്‍ പ്രാധാന്യവും താല്പര്യവും ഉയര്‍ത്തി.
ഇന്ത്യയുടെ കേളീതന്ത്രങ്ങള്‍ മറ്റു ടീമുകളെയും ആകര്‍ഷിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുത്ത ടീം ദക്ഷിണാഫ്രിക്കയാണ്. ഡെയ്ല്‍ സ്റ്റെയ്‌നെന്ന അതിവേഗ ബൗളറുടെ തകര്‍പ്പന്‍ പ്രകടനം ദക്ഷിണാഫ്രിക്കന്‍ കുതിപ്പിന് ഇന്ധനമായി. ഗ്രേയം സ്മിത്ത് മാര്‍ഗദര്‍ശിയായി ബാറ്റേന്തിയതോടെ അവരുടെ ബാറ്റിങ് യൂണിറ്റും കുറ്റമറ്റതായി. ഓസീസിനെ തളയ്ക്കുന്നതില്‍ പാകിസ്താനും ഇംഗ്ലണ്ടും ശ്രീലങ്കയും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിജയം കൈവരിച്ചു. ഏകദിനത്തില്‍ ഓസീസിന്റെ ഒന്നാം നമ്പര്‍ പദവി ഇടക്കാലത്ത് തട്ടിയെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് റാങ്കിങ്ങിനെ വെല്ലുവിളിക്കാനായില്ല. ഓസീസിന്റെ പ്രതാപകാലം അസ്തമിക്കുകയാണെന്ന സൂചനകള്‍ യാഥാര്‍ഥ്യമായി മാറിയത് 2008-ലാണ്. ആദ്യം ഇന്ത്യയും പിന്നീട് ദക്ഷിണാഫ്രിക്കയും അവരെ ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ തോല്പിച്ചു. ഓസ്‌ട്രേലിയയില്‍ അവസാനമായി നടന്ന ത്രിരാഷ്ട്ര പരമ്പര ഇന്ത്യ ജയിച്ചതും ദക്ഷിണാഫ്രിക്കയോട് ഏകദിന പരമ്പര തോറ്റതും ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഓസീസിന് നഷ്ടപ്പെടുത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാം സ്ഥാനം ഓസീസിനാണ്. പക്ഷേ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയോടും ഇന്ത്യയോടും പരമ്പര തോറ്റതിനാല്‍ അവരെ ഏറ്റവും മികച്ച ടെസ്റ്റ് ടീമായി ഇനി കണക്കാക്കാനാവില്ല.
ടെസ്റ്റ്-ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കായി ന്യൂസീലന്‍ഡിലെത്തിയിട്ടുള്ള ഇന്ത്യയ്ക്ക് ടെസ്റ്റ്-ഏകദിന പരമ്പരകള്‍ നേടാനായാല്‍ ഒന്നാംസ്ഥാനത്തേക്കുള്ള കുതിപ്പ് ശക്തിപ്പെടുത്താം. പരിചയ സമ്പന്നരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയും ലോകോത്തര ഓപ്പണിങ് ജോഡിയായി വളര്‍ന്നു കഴിഞ്ഞ വീരേന്ദര്‍ സെവാഗ്-ഗൗതം ഗംഭീര്‍, വിക്കറ്റ് കീപ്പര്‍ കം ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും ഒന്നു പോലെ തിളങ്ങുന്ന മഹേന്ദ്രസിങ് ധോനി, മികവിന്റെ ഔന്നിത്യത്തിലേക്കുയര്‍ന്ന യുവരാജ് സിങ്, സഹീര്‍ഖാനും ഇഷാന്ത് ശര്‍മയും ഒത്തുചേരുന്ന ന്യൂബോള്‍ ആക്രമണനിര, ഹര്‍ഭജന്‍ സിങ്ങിന്റെ സ്പിന്‍ കൗശലം... ഇവയെല്ലാം ഒത്തുചേരുമ്പോള്‍ ഏതൊരു ടീമിനെയും വെല്ലാനുള്ള കരുത്ത് ഇന്ത്യന്‍ ടീമില്‍ നിറയുന്നു. തുടരെ രണ്ടു പരമ്പര സ്വന്തമാക്കാനായാല്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും പിന്തള്ളി ടെസ്റ്റ്്, ഏകദിന റാങ്കിങ്ങിലും മുമ്പന്മാരാവാമെന്ന സുവര്‍ണാവസരം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
ടെസ്റ്റ് റാങ്കിങ്
ഓസ്‌ട്രേലിയ (126)
ദക്ഷിണാഫ്രിക്ക (121)
ഇന്ത്യ (118)
ശ്രീലങ്ക(109)
ഇംഗ്ലണ്ട്(103)
പാകിസ്താന്‍(98)
ഏകദിന റാങ്കിങ്
ദക്ഷിണാഫ്രിക്ക(125)
ഓസ്‌ട്രേലിയ (124)
ഇന്ത്യ (120)
ന്യൂസീലന്‍ഡ് (114)
പാകിസ്താന്‍ (111)
ഇംഗ്ലണ്ട് (108)
Subscribe to:
Post Comments (Atom)
No comments:
Post a Comment