തെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ തീര്‍ത്തും സ്വാഭാവികം മാത്രം. അതിനെ നന്മയും തിന്മയും തമ്മിലുള്ള അങ്കമായോ നന്മയുടെ ഐതിഹാസികമായ വിജയമായോ വിലയിരുത്താനാകില്ല. തെരഞ്ഞെടുപ്പ് വിജയം പകരുന്ന ലഹരിയില്‍നിന്ന് ജേതാക്കള്‍ മുക്തരാകാന്‍ ദിവസങ്ങള്‍ പിടിക്കും. പിന്നീട് യഥാര്‍ഥ ഭരണനിര്‍വഹണത്തിന്റെ ദിനങ്ങളായിരിക്കും വന്നണയുക. ജനങ്ങളുടെ ഉത്ക്കടമായ പ്രതീക്ഷകള്‍ക്കൊത്ത് ഭരണസാരഥികള്‍ ഉയരേണ്ട ഘട്ടം.
വിജയലഹരിക്കിടയിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വിവേകം കൈവിട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാ വകുപ്പുനിര്‍ണയങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ മന്ത്രിസഭയിലെ താരമായിരുന്ന കമല്‍നാഥിനെ റോഡ് ഗതാഗതവകുപ്പില്‍ പ്രതിഷ്ഠിക്കാനുള്ള തീരുമാനം ഇതിന്റെ ദൃഷ്ടാന്തമല്ലേ. അസാമാന്യമായ വ്യക്തിപ്രഭാവത്താല്‍ വാണിജ്യമന്ത്രാലയത്തെ തിളക്കമേറിയ വകുപ്പാക്കി മാറ്റുന്നതില്‍ കഴിഞ്ഞ ഊഴത്തില്‍ കമല്‍നാഥ് വിജയിച്ചില്ലേ എന്ന് നിങ്ങള്‍ക്കു വാദിക്കാം. പി. ചിദംബരത്തെപ്പോലെ താനും സീനിയറും യോഗ്യനുമാണെന്നൊക്കെ കമല്‍നാഥിനും വാദമുന്നയിക്കാം. പക്ഷേ, രാഷ്ട്രീയത്തില്‍ അത്തരം നീതിയുക്ത മാനദണ്ഡങ്ങള്‍ക്ക് ആര്‍ വിലകല്‍പിക്കാന്‍?
ഇന്ദ്രപ്രസ്ഥ ഭരണരീതിയെ താരതമ്യം ചെയ്യാവുന്ന ഉചിതമായ ഉപമ വനത്തിലെ മൃഗവാഴ്ചയാണെന്നു തോന്നുന്നു. സിംഹം, കടുവ, ആന തുടങ്ങിയ അഞ്ച് വമ്പന്മാരുടെ കരങ്ങളിലായിരിക്കും സാധാരണനിലയില്‍ വനഭരണം. കേന്ദ്രഭരണത്തില്‍ പ്രധാനമന്ത്രിയാണ് സിംഹരാജന്‍ (ഇവിടെ സിംഹിണി കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നൊരു വ്യത്യാസം അപവാദമായുണ്ട്). ധനമന്ത്രിക്കാണ് കടുവയുടെ സ്ഥാനം. പ്രതിരോധം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങള്‍ ഭരിക്കുന്നവര്‍ ഗജവീരന്മാര്‍. ഈ ആനകള്‍ ചിന്നംവിളിച്ചുകൊണ്ടേയിരിക്കും. പക്ഷേ, ആരെയും കടിക്കാന്‍ മിനക്കെടില്ല. മനുഷ്യവിഭവശേഷി മന്ത്രിക്ക് പുള്ളിപ്പുലിയുടെ റോള്‍ ന്യായമായും അവകാശപ്പെടാം. പക്ഷേ, ഏതാനും വര്‍ഷമായി ഈ പുള്ളിപ്പുലിയുടെ നഖങ്ങള്‍ വെട്ടിമാറ്റപ്പെടുന്ന ദുരവസ്ഥ പ്രകടമാണ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും സിംഹത്തിന് ക്ഷതമേല്‍ക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുള്ളിപ്പുലികളെ പ്രസ്തുത മന്ത്രാലയത്തില്‍ പ്രതിഷ്ഠിച്ചത്. തങ്ങള്‍ പ്രധാനമന്ത്രിപദത്തിലേക്ക് സര്‍വഥാ യോഗ്യരാണെന്ന് മുരളീ മനോഹര്‍ ജോഷിയും അര്‍ജുന്‍സിംഗും ഉറച്ചു വിശ്വസിച്ചിരുന്നു. ഈ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ച് വൈകാതെ പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്ഥാനക്കയറ്റം അവര്‍ സ്വപ്നംകാണുകയും ചെയ്തു. എന്നാല്‍, മനുഷ്യവിഭവമന്ത്രാലയത്തെ സ്ഥാനക്കയറ്റത്തിനുള്ള വെയിറ്റിംഗ് റൂം അല്ലാതാക്കുന്ന കൌശലമാണ് വാജ്പേയിയും മന്‍മോഹന്‍സിംഗും പ്രയോഗിച്ചത്. മാനവവിഭവ മന്ത്രാലയത്തില്‍ വാഴുന്നവര്‍ക്ക് വിസ്മൃതിയുടെ പടുകുഴിയാണ് ഇപ്പോഴത്തെ വിധിവിഹിതം. തിളക്കമറ്റ നിലയിലാണ് മുരളി മനോഹര്‍ജോഷി ആ മന്ത്രാലയത്തില്‍നിന്ന് മടങ്ങിയത്. അര്‍ജുന്‍സിംഗിനും കണ്ണുനീര്‍ മാത്രമാണ് മിച്ചമായി കിട്ടിയത്. കോണ്‍ഗ്രസില്‍ അര്‍ജുന്‍സിംഗിന്റെ പ്രസക്തി ഏറക്കുറെ അസ്തമിച്ചിരിക്കുന്നു. മാനവവിഭവമന്ത്രാലയത്തിലേക്ക് ആദ്യം കമല്‍നാഥിന്റെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. ഇത്രയേറെ സീനിയര്‍ ആയ ഒരു നേതാവിനെ ഇതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ പദവിയില്‍ അവരോധിക്കാമോ എന്ന ചോദ്യമായിരുന്നു വകുപ്പുവിഭജന വേളയില്‍ കോണ്‍ഗ്രസിനെ അലട്ടിയത്. പക്ഷേ, കോണ്‍ഗ്രസിലെ കൌശലക്കളികളെ സംബന്ധിച്ച ദീര്‍ഘകാലത്തെ അനുഭവജ്ഞാനമുള്ളതിനാല്‍ കെണിയില്‍വീഴാതെ കമല്‍നാഥ് വിവേകപൂര്‍വം കരുക്കള്‍ നീക്കി. ഫസ്റ്റ്ക്ലാസ് വെയിറ്റിംഗ് റൂം (മാനവമന്ത്രാലയം) തനിക്കു വേണ്ടെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഏതെങ്കിലും ചെറിയ മന്ത്രാലയം കൊണ്ട് താന്‍ തൃപ്തിപ്പെട്ടുകൊള്ളാമെന്നും അദ്ദേഹം പാര്‍ട്ടി ബോര്‍ഡിനെ ധരിപ്പിച്ചു.
ഗതാഗതസൌകര്യം, ഇതര അടിസ്ഥാന സൌകര്യങ്ങള്‍ എന്നീ മേഖലകളെ അവഗണിച്ചതാണ് വാജ്പേയി സര്‍ക്കാറിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ചയെന്ന് നേരത്തേ മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചതില്‍നിന്ന് ചില വ്യക്തമായ സൂചനകള്‍ കമല്‍നാഥ് ഗ്രഹിച്ചിരുന്നു. നിലവിലെ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്നതിലും ഈ അടിസ്ഥാന സൌകര്യ വികസന പ്രശ്നം ഗണ്യമായ സ്വാധീനം ഉളവാക്കുമെന്നും കമല്‍നാഥ് മനസ്സിലാക്കി. ഏറെ ധനവിനിയോഗം അനിവാര്യമായ ഈ മേഖല ഏറെ അഴിമതികള്‍ക്കും പഴുതുനല്‍കുമെന്നതിനാല്‍ ഈ വകുപ്പില്‍നിന്ന് കരുണാനിധിയുടെ ഡി.എം.കെയെ തന്ത്രപൂര്‍വം ഒഴിവാക്കാന്‍ മന്‍മോഹന്‍ സിംഗ് മുന്‍കൂട്ടി തന്ത്രങ്ങള്‍ മെനയുകയും ചെയ്യുകയുണ്ടായി.
റോഡ് ഗതാഗത ഹൈവേമന്ത്രാലയത്തിന്റെ ഓരോ നടപടിയും മുഴുവന്‍ ഇന്ത്യയിലും പ്രകടമായ പ്രതിഫലനമാണ് ഉളവാക്കുക. കാര്യക്ഷമതയോടെയും ഉത്തരവാദിത്തബോധത്തോടെയുമാകണം ആ വകുപ്പ് കൈയാളേണ്ടതെന്ന് സാരം. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രാലയം കൈകാര്യം ചെയ്ത രീതി സമീപകാലത്തെ ഏറ്റവും മികച്ച മാതൃകയായി പുതിയ മന്ത്രിസഭക്ക് സ്വീകരിക്കാമെന്നാണ് എന്റെ പക്ഷം. അവസരം ലഭിച്ചാല്‍ ജാഗ്രതയുള്ള ഒരു മന്ത്രിക്ക് എത്രമാത്രം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് പ്രഫുല്‍ പട്ടേലിന്റെ പ്രവര്‍ത്തനശൈലി. അതേസമയം, കഴിഞ്ഞുപോയ റോഡ് ഗതാഗതമന്ത്രിമാരുടെ നാമംപോലും നമ്മുടെ ഓര്‍മകളിലേക്കു കടന്നുവരുന്നില്ല. മന്ത്രിമാരുടെ ബന്ധുക്കള്‍ക്കു മാത്രമേ ഈ പേരുകള്‍ ഓര്‍മിക്കാന്‍ കഴിയൂ. എന്നാല്‍, ഇനി നിങ്ങള്‍ റോഡ് ഗതാഗതമന്ത്രിയെ ഓര്‍മിക്കാതിരിക്കില്ല. കാരണം, കമല്‍നാഥ് അവിസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സ്വന്തം പേരും അവിസ്മരണീയമാക്കാതിരിക്കില്ല. കോണ്‍ട്രാക്ടര്‍മാരുടെ ചുമതലയിലാകില്ല ഇനി റോഡ് വികസന പദ്ധതികള്‍.
മുഖ്യമന്ത്രി എന്നനിലയില്‍ മഹാരാഷ്ട്രയില്‍ അമ്പേ പരാജയപ്പെട്ട വ്യക്തിയാണ് വിലാസ്റാവു ദേശ്മുഖ്. ഇപ്പോള്‍ കേന്ദ്രത്തില്‍ അദ്ദേഹത്തിന് ഘനവ്യവസായ വകുപ്പിന്റെ ചുമതല ലഭിച്ചിരിക്കുന്നു. ലഭിക്കുകയല്ല അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. രാസവളം മന്ത്രാലയത്തിലെ നിയമനവും ഇതേ രീതിയില്‍ തന്നെ. വാര്‍ത്താവിനിമയ മന്ത്രാലയം ഡി.എം.കെക്കു നല്‍കിയെങ്കിലും കോണ്‍ഗ്രസിന്റെ താല്‍പര്യസംരക്ഷണത്തിനായി രണ്ടു സഹമന്ത്രിപദവികളിലും മന്‍മോഹന്‍ സിംഗ് സ്വന്തക്കാരെ തന്നെ തിരുകിക്കയറ്റി.
അധികാരശ്രേണി ഇക്കുറിയും അതേപടി തുടരുകയാണ്. പ്രഥമ സ്ഥാനത്ത് പ്രധാനമന്ത്രി വാഴുന്നു. രണ്ടാം തട്ടില്‍ പ്രണബ് മുഖര്‍ജിയും. തുടര്‍ന്ന് എ.കെ. ആന്റണി. തുടര്‍ന്ന് ഗതാഗതമന്ത്രിയും. ഇതര മന്ത്രാലയങ്ങള്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്നില്ല. അവയെ ആലങ്കാരിക വകുപ്പുകള്‍ എന്നു വിശേഷിപ്പിക്കാം. രാഷ്ട്രീയ യാത്രയില്‍ ടിക്കറ്റുകളൊന്നും വില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല.
ബൈലൈന്‍: എം.ജെ. അക്ബര്‍
No comments:
Post a Comment