Saturday, June 13, 2009
ഉപരിപഠനത്തിന് സ്കോളര്‍ഷിപ്
ഉപരിപഠനത്തിന് പലര്‍ക്കും പണം പ്രശ്നമാണ്. പണമില്ലാത്തതുകാരണം പഠിക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ച് പരിഭവം പറയുന്നവരായി പഴയ തലമുറയില്‍ നിരവധി പേരെ കാണാം. പക്ഷേ, അതൊക്കെ പഴയ കഥ. ഉള്ളവനും ഇല്ലാത്തവനും ഇപ്പോഴും എപ്പോഴുമുണ്ട്. എന്നാല്‍ ആഗ്രഹമുണ്ടെങ്കില്‍ സീറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പഠനം നടത്താന്‍ സഹായകമായ സാഹചര്യമുണ്ട് ഇപ്പോള്‍. പഠനവായ്പ എന്നതായിരിക്കും ഇക്കാര്യത്തില്‍ എല്ലാവരുടെയും മനസില്‍ പെട്ടെന്ന് കടന്നു വരുന്ന ചിന്ത. അത് നല്ലൊരു മാര്‍ഗം തന്നെ. പക്ഷേ, കടം എത്രയായാലും കടം തന്നെ. അത് ഒഴിവാക്കിയോ അതിനോടൊപ്പമോ പ്രയോജനപ്പെടുത്താവുന്ന നിരവധി സ്കോളര്‍ഷിപ് പദ്ധതികളുണ്ട്. പ്രതിദിന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. മതം, ജാതി, തൊഴില്‍, നാട്, മാര്‍ക്ക്, ക്ളാസ് തുടങ്ങി പല പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകളുണ്ട് എന്നത് ശ്രദ്ധേയമാണ്. മത്സരപരീക്ഷകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലഭിക്കാവുന്ന പണമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാത്ത നിരവധി സ്കോളര്‍ഷിപ്പുകള്‍ വേറെയുമുണ്ട്. അര്‍ഹതയുള്ള പലരും ഇവയൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് നിര്‍ഭാഗ്യകരം.
യഥാസമയം അപേക്ഷിക്കുകയെന്നത് സ്കോളര്‍ഷിപ്പിനെ സംബന്ധിച്ചിടത്തോളം സുപ്രധാനം. സാധാരണ പരീക്ഷകള്‍ക്കെന്ന പോലെ ഇത്തിരിവൈകിയാലും ലേറ്റ് ആപ്ളിക്കേഷന്‍ സമര്‍പ്പിക്കുന്ന ഏര്‍പ്പാടൊന്നും പറ്റില്ല. സ്കോളര്‍ഷിപ്പുകളുടെ വൈവിധ്യം മനസിലാക്കാന്‍ താഴെ നല്‍കിയവ കാണുക:
സ്കൂള്‍പഠനകാലത്ത് നാഷനല്‍ ടാലന്റ് സ്കോളര്‍ഷിപ് നേടാനായാല്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും വരെ നേട്ടമാവും. എട്ടിലും പത്തിലും പഠിക്കുന്ന സമയത്ത് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും എന്‍സിആര്‍ടിയുടെ വെബ്സൈറ്റില്‍ യഥാസമയം ലഭ്യമാകും. അറിയിപ്പ് പത്രങ്ങളില്‍ കണ്ടാല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.ncert.nic.in
മെന്റല്‍ എബിലിറ്റി, സ്കൊളാസ്റ്റിക് എബിലിറ്റി (സോഷ്യല്‍ സയന്‍സസ്, മാത്സ്, സയന്‍സ്) എന്നിവയാണ് പരീക്ഷാ സിലബസിലുള്ളത്. ഇവ മെച്ചപ്പെടുത്താന്‍ നേരത്തെ ശ്രമം തുടങ്ങുക. സ്കോളര്‍ഷിപ് നേടുന്നതിനുമപ്പുറം ഭാവിയില്‍ തൊഴില്‍ നേടാനുള്ള മത്സരപരീക്ഷകള്‍ കടന്നുകൂടാനും ഈ മേഖലയിലെ മികവ് തുണയാകുമെന്നോര്‍ക്കുക. ഒറ്റപ്പെണ്‍കുട്ടിക്കായി സിബിഎസ്സി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രയോജനപ്പെടുത്തുക. ന്യൂനപക്ഷ സ്കോളര്‍ഷിപ്പാണ് മറ്റൊന്ന്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 450 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാറുണ്ട്. പ്ളസ് വണ്‍, ഐടിഐ വിഭാഗത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ യിരം രൂപ വീതം രണ്ടു വര്‍ഷത്തേയ്ക്കാണ് സ്കോളര്‍ഷിപ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ നൂറും എംബിബിഎസ് വിഭാഗത്തില്‍ നാല്‍പ്പതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നാലു വര്‍ഷം സ്കോളര്‍ഷിപ് നല്‍കും. ഇതിനു പുറമേയാണ് എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം രണ്ടു വര്‍ഷത്തേയ്ക്ക് നല്‍കുന്നത്. വിവരങ്ങള്‍ യഥാസമയം www.iocl.comല്‍ ലഭ്യമാകും. സംഗീതമോ ഫൈന്‍ ആര്‍ട്സോ പഠിക്കുന്നവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ് പദ്ധതികളുണ്ട്. www.collegiateedu.kerala.gov.inആണ് വിവരങ്ങള്‍ ലഭ്യമാകുക.
സര്‍വീസില്‍ നിന്ന് വിരമിച്ച/മരണപ്പെട്ട സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സ് ഉദ്യോഗസ്ഥരുടെ (ഓഫിസര്‍ റാങ്കില്‍ താഴെയുള്ളര്‍ മാത്രം) ആശ്രിതര്‍ക്കും വിധവകള്‍ക്കുമായി പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ് പദ്ധതിയുണ്ട്. അംഗീകൃത മെഡിക്കല്‍, ഡെന്റല്‍ എന്‍ജിനീയറിങ്, എംസിഎ, എംബിഎ തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകള്‍ക്കാണിത് നല്‍കുക. 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി ആദ്യ ചാന്‍സില്‍ തന്നെപ്ളസ് ടു പാസായവര്‍ക്കാണ് അര്‍ഹത. തിരുവനന്തപുരം പള്ളിപ്പുറത്തെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററുമായാണ് ഇക്കാര്യത്തില്‍ ബന്ധപ്പെടേണ്ടത്. വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കുക. ഫോണ്‍: 0471 2751146
പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പദ്ധതികളുണ്ട്. ഇന്ത്യന്‍ വ്യവസായ കോണ്‍ഫെഡറേഷന്റെ ധനസഹായത്തോടെ ഡല്‍ഹി ആസ്ഥാനമായ ഫൌണ്ടേഷന്‍ ഫോര്‍ അക്കാദമിക് എക്സലന്‍സ് ആന്‍ഡ് ആക്സസ് ഈ വിഭാഗങ്ങളിലെ മിടുക്കന്മാര്‍ക്ക് (മിടുക്കികള്‍ക്കും) പ്രത്യേക സ്കോളര്‍ഷിപ് നല്‍കാറുണ്ട്. ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്, എന്‍ജിനീയറിങ് വിഷയങ്ങളില്‍ പഠനം നടത്താനാണിത്. 90% മാര്‍ക്ക് നേടിയിട്ടുണ്ടെങ്കില്‍ മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.faeaindia.orgഎന്ന സൈറ്റിലാണ് വിവരങ്ങള്‍ നല്‍കാറുള്ളത്.
വിദേശത്തു നിന്നും ലഭിക്കും സ്കോളര്‍ഷിപ്പുകള്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് നല്‍കുന്ന മാസ്റ്റേഴ്സ് ഡോക്ടറേറ്റ് തല സ്കോളര്‍ഷിപ്പിന് australianscholarships.gov.au കാണുക. www.endeavour.dest.gov.an, www.dfat.gov.au/aic എന്നീ സൈറ്റുകളും സന്ദര്‍ശിക്കാം.
സ്കൂളില്‍ ഹിന്ദിപഠനം മെച്ചപ്പെടുത്താനായി കേരള ഹിന്ദി പ്രചാരസഭ, സുഗമ ഹിന്ദി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കാറുണ്ട്. റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ ഓരോ ക്ളാസില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കാണ് അര്‍ഹത.
മാത്തമാറ്റിക്സ് എംഎസ്സിയ്ക്ക് പഠിക്കുന്ന സമര്‍ത്ഥര്‍ക്ക് നാഷല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ് (NBHM) രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 4000 രൂപ വീതം സ്കോളര്‍ഷിപ് നല്‍കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാകും. ആള്‍ജിബ്രാ, ജ്യോമട്രി, അനാലിസിസ് വിഭാഗങ്ങളില്‍ നിന്നാവും ചോദ്യങ്ങള്‍. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്. ആണവോര്‍ജ വകുപ്പിന് കീഴിലാണ് എന്‍ബിഎച്ച്എം (NBHM) പ്രവര്‍ത്തിക്കുന്നത്. മികച്ച അക്കാദമിക് നേട്ടമുണ്ടാക്കിയ ബിഎസ്സിക്കാര്‍ക്കും ഫൈനല്‍ ബിഎസ്സി വിദ്യാര്‍ത്ഥികള്‍ക്കും എംഎസ്സി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
വിശദവിവരങ്ങള്‍ക്ക് :www.nbhm.dac.gov.in കാണുക.
ചുമട്ടുതൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്ഷേമബോര്‍ഡിന്റെ സ്കോളര്‍ഷിപ് പദ്ധതിയുണ്ട്. മറൈന്‍ എന്‍ജിനീയറിങ്, എക്സ്റേ ടെക്നീഷ്യന്‍, അഫ്സലുല്‍ ഉലമ, എയര്‍കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടര്‍ സിസ്റ്റം മെയ്ന്റന്‍സ്, ഡിപ്ളോമ ഇന്‍ ഫാര്‍മസി, ബിഎസ്സി മെഡിക്കല്‍ ലാബ് ടെക്നോളജി എന്നീ കോഴ്സുകള്‍ക്ക് കൂടി ഇത്തരം സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത് കഴിഞ്ഞവര്‍ഷം മുതലാണ്. നേരത്തെ മുതല്‍ തന്നെ ആനുകൂല്യം നല്‍കി വരുന്ന കോഴ്സുകള്‍ കാണുക:
അഞ്ചാം ക്ളാസ് മുതല്‍ പ്ളസ് ടു വരെ.
ഐടിസി, ഐടിഐ, പോളിടെക്നിക്, നഴ്സറി ടീച്ചേഴ്സ് ട്രെയ്നിങ്, എംബിബിഎസ് ഉള്‍പ്പെടെ വിവിധ പ്രഫഷനല്‍ കോഴ്സുകള്‍, എല്‍എല്‍ബി, ബിഎഡ്, ബിബിഎ, ബിഎച്ച്എം, ഡിപ്ളോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി, എംബിഎ, എംസിഎ, പിജിഡിസിഎ തുടങ്ങിയവയാണ് ഇവ.
യുവകലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രത്യേക സ്കോളര്‍ഷിപ് നല്‍കും. പ്രതിമാസം 2000 രൂപ വീതം രാജ്യത്ത് 400 പേര്‍ക്കാണ് തുക നല്‍കുക. ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക്, ഡാന്‍സ്, രംഗകലകള്‍ , നാടോടി - പരമ്പരാഗത കലകള്‍ എന്നീ മേഖലകളില്‍ അഞ്ചു വര്‍ഷമായി പരിശീലനം നടത്തുന്നവര്‍ക്കാണ് സഹായം. സ്കോളര്‍ഷിപ് ലഭിച്ച് ഒരു മാസത്തിനകം പ്രശസ്തനായ ഗുരുവിന്റെയോ സ്ഥാപനത്തിന്റെയോ കീഴില്‍ പരിശീലനം തുടരണമെന്നാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.indiaculture.nic.in കാണുക.
കംപ്യൂട്ടര്‍ പഠനത്തിനായി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സംസ്ഥാനഗവണ്‍മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയില്‍ പ്രത്യേക സ്കോളര്‍ഷിപ് ലഭിക്കും. എന്‍ജിനീയറിങ് ടെക്നോളജി ബിരുദക്കാര്‍ക്കും എംസിഎക്കാര്‍ക്കും അര്‍ഹതയുണ്ട്. പിജി ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആണ് കോഴ്സ്.
www.iiitmk.ac.in കാണുക.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാറുണ്ട്. ട്യൂഷന്‍ഫീസ്, ഹോസ്റ്റല്‍, ഭക്ഷണം എന്നിവയില്‍ പകുതിയിലേറെ തുകയാണ് നല്‍കുന്നത്. ഫോണ്‍ : 0497 3209702
പ്ളസ് ടു, ബിരുദം, ഡിപ്ളോമ, മെഡിക്കല്‍, എന്‍ജിനീയറിങ്, വെറ്ററിനറി, പിജി കോഴ്സുകള്‍ക്ക് പഠിക്കുന്ന മിടുക്കരായ പട്ടികജാതി വര്‍ഗക്കാര്‍ക്ക് തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളര്‍ഷിപ് നല്‍കിവരുന്നു. ജില്ലാ പട്ടികജാതി വികസന ഓഫിസുകളില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയിലെ മഹീന്ദ്രാ എജ്യുക്കേഷന്‍ ട്രസ്റ്റ് അഖിലേന്ത്യാതലത്തില്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ നല്‍കും. കൊച്ചി ഇടപ്പള്ളിയില്‍ മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ ലിമിറ്റഡിലെ ഓട്ടോ സെക്ടര്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (കൊമേഴ്സ്യല്‍) ക്കാണ് കേരളത്തില്‍ ചുമതല. പ്രതിവര്‍ഷം 5000 രൂപ വീതമാണ് നല്‍കുക.
എസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയവര്‍ക്ക് വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രോത്സാഹന പാരിതോഷികങ്ങള്‍ നല്‍കാറുണ്ട്. കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയിലെ ഉന്നത ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ നല്‍കാറുണ്ട്. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ഓഫിസില്‍ നിന്നാണ് അപേക്ഷാഫോമും വിവരങ്ങളും ലഭിക്കുക.
ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് ഫസ്റ്റ് ക്ളാസില്‍ കുറയാതെ പ്യുവര്‍ അപ്ളൈഡ് സയന്‍സ്, ഹ്യുമാനിറ്റീസ്, ലോ, മെഡിസിന്‍ വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്ക് ഇംഗണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപനത്തിനായി 'റോഡ്സ് സ്കോളര്‍ഷിപ്പുകള്‍ക്ക് ശ്രമിക്കാം. www.rhodesscholarships.india.comകാണുക.
എംബിഎ പഠനത്തിനായി 'അസോചം സഹായം
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന 300 പെണ്‍കുട്ടികളെ സൌജന്യമായി എംഹിഎ പഠിപ്പിക്കാനുള്ള 'അസോചത്തിന്റെ (അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഓഫ് ഇന്ത്യ) പദ്ധതി ശ്രദ്ധേയമാണ്. റായ് ഫൌണ്ടേഷന്റെ സഹായത്തോടെയാണ് പദ്ധതി.
എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സിയ യൂത്ത് സ്കോളര്‍ഷിപ് നല്‍കുന്നു. പ്ളസ് ടുവിന് സമാനമായ സിംഗപ്പൂര്‍ - കേംബ്രിഡ്ജ് ജിസിഎ (അഡ്വാന്‍സ്ഡ് ലെവല്‍) നേടാനാണ് അവസരം. 85% ത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസായവര്‍ക്കാണ് അര്‍ഹത. 2400 സിംഗപ്പൂര്‍ ഡോളര്‍ വാര്‍ഷിക അലവന്‍സിന് പുറമെ ഹോസ്റ്റല്‍, മെഡിക്കല്‍ സൌകര്യവും വിമാനക്കൂലിയും കിട്ടും.
വിവരങ്ങള്‍: www.moegov.sg/siayouthscholarships ല്‍ ലഭിക്കും. സമര്‍ത്ഥരായ എട്ടാം ക്ളാസുകാര്‍ക്കും ശ്രമിക്കാവുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ചും ഇതില്‍ നിന്നറിയാം.
എം. വി. സ്കറിയ
Subscribe to:
Post Comments (Atom)
No comments:
Post a Comment