Thursday, June 18, 2009

ഒബാമയും ഇസ്രായേലും

അമേരിക്കന്‍ കത്ത് / ടി.കെ. ഇബ്രാഹീം
ഇസ്രായേലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ അറബ്^മുസ്ലിം ലോകം ഒബാമയെ വിമര്‍ശിക്കുന്നു. നല്ലൊരു വിഭാഗം അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ ചെയ്യുന്നു. എന്നാല്‍ ഇസ്രായേലിനോട് ഒബാമ എന്ത് നയം സ്വീകരിക്കണമെന്നു ചോദിച്ചാല്‍ വിമര്‍ശകരും കുഴങ്ങും. ഉത്തര കൊറിയയോട് സ്വീകരിച്ചതുപോലുള്ള നയമാണോ? എങ്കില്‍ ഉത്തരകൊറിയയെപോലെ തന്നെ ഇസ്രായേലും അമേരിക്കയോട് ഇടഞ്ഞ് താന്തോന്നിത്തം കാട്ടിയാലോ? ഒബാമക്കെന്ത് ചെയ്യാനാവും? (ഉത്തര കൊറിയ വിഷയത്തില്‍ അമേരിക്കയും ലോകവും നിസ്സഹായാവസ്ഥയിലാണെന്നോര്‍ക്കുക) ഒരു തുറന്ന സംഘട്ടനത്തിലേര്‍പ്പെടാതെ ഇസ്രായേലിനെ ഒതുക്കിനിര്‍ത്താന്‍ ഒബാമക്ക് കഴിയുമോ? ഇസ്രായേലിന്റെ കിരാതമായ ഗാസാ ആക്രമണത്തില്‍ മുഴുലോകവും മിഴിച്ചുനില്‍ക്കയല്ലാതെ ആര്‍ക്കെന്തു ചെയ്യാന്‍ കഴിഞ്ഞു? ഒരു തുറന്ന സംഘട്ടനത്തിലൂടെയല്ലാതെ വല്ലതും ചെയ്യാന്‍ കഴിയുമായിരുന്നോ? തുറന്ന സംഘട്ടനത്തിന്റെ ഫലമോ? നിരപരാധരായ സ്ത്രീകളുടെയും വൃദ്ധരുടെയും ശിശുക്കളുടെയും കൂട്ടക്കൊലയും സാര്‍വത്രിക സംഹാരവുംതന്നെ. തുറന്ന സംഘട്ടനത്തിലേക്ക് നയിക്കുന്ന ഏത് നയവും ഫലസ്തീനികളേയും ഇസ്രായേലികളേയും ഒരുപോലെ നാശഗര്‍ത്തത്തിലേക്കാണ് തള്ളിവിടുക എന്ന് വ്യക്തം. ഇപ്പോള്‍തന്നെ കെയ്റോ പ്രഭാഷണം ഇസ്രായേലിലെ തീവ്രവാദികളെ വേണ്ടത്ര വെകിളി പിടിപ്പിച്ചുകഴിഞ്ഞു.
അമേരിക്കയും ഇസ്രായേലുമായുള്ള ചരിത്രപരമായ ബന്ധം, ബുഷിന്റെ എട്ടുകൊല്ലത്തെ ഇസ്രായേലി പക്ഷപാതനയം, ഇസ്രായേലി തീവ്രവാദികളുടെ പടയൊരുക്കം^ ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒബാമക്ക് പരിമിതിയുണ്ട്. ഈ പരിമിതി അദ്ദേഹമല്ല, മുന്‍ഗാമികള്‍ സൃഷ്ടിച്ചതാണ്. മുമ്പ് ബ്രിട്ടീഷ്സാമ്രാജ്യത്വവും പിന്നീട് അമേരിക്കന്‍സാമ്രാജ്യത്വവും ചെയ്തുകൂട്ടിയ അന്താരാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ ഒരു ബീഭല്‍സരൂപമാണ് ആണവായുധമേന്തി നില്‍ക്കുന്ന ഇസ്രായേല്‍. അന്ന് ജനിക്കുക കൂടി ചെയ്യാത്ത ഒബാമ അതിന്റെ ഭാരം പേറുന്നത് എങ്ങനെ? ആ കുറ്റങ്ങളുടെ വിശിഷ്യ ബുഷിന്റെ പ്രതിവിധിയും പരിഹാരവും സമര്‍പ്പിച്ചതുകൊണ്ടാണല്ലോ അമേരിക്കന്‍ജനത ബഹുഭൂരിപക്ഷത്തോടെ ഒബാമയെ വൈറ്റ്ഹൌസിലെത്തിച്ചത്.
വൈറ്റ്ഹൌസിലെ ഇക്കഴിഞ്ഞ 138 ദിവസങ്ങള്‍ക്കിടയില്‍ ഇസ്രായേലിനോട് കേവലപക്ഷം പിടിച്ചും ഫലസ്തീനികളോട് നിശേãഷം വിവേചനം കാണിച്ചും ഒരു സമീപനം ഒബാമ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ അത്തരമൊരു വിശകലനത്തിലൂടെമാത്രമേ ഒബാമയെ നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിയൂ.അന്തിമവിശകലനത്തില്‍ പുറമേനിന്നുള്ള ഒരു ശക്തിക്കും ഒരു പരിഹാരവും അടിച്ചേല്‍പിക്കാന്‍ സാധ്യമല്ലെന്നും ഫലസ്തീനികളും ഇസ്രായേലികളും തമ്മില്‍ തന്നെ (മാധ്യസ്ഥ്യത്തിലൂടെയും മറ്റും) പരിഹാരം കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം 'പ്രതീക്ഷയുടെ ധാര്‍ഷ്ട്യ'ത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 'മധ്യപൌരസ്ത്യ ദേശത്തെ ജനങ്ങളുടെ മാത്രം നന്മക്കല്ല, നമ്മുടെ തന്നെ സന്താനങ്ങളുടെ സുരക്ഷിതത്വത്തിനും ഭദ്രതക്കും അവിടെ സമാധാനം സ്ഥാപിക്കാനാവശ്യമായ ശ്രമങ്ങളില്‍ മുഴുകേണ്ട ബാധ്യത നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു^അതെത്ര ദുഷ്കരമായ ജോലിയാണെന്ന് തോന്നിയാലും'^2006ല്‍ ഒബാമ എഴുതി (പേജ്: 322).
ആ ദുഷ്കരകൃത്യം നടത്തിനോക്കാനുള്ള ഉദ്യമത്തിലാണ് ഒബാമയെന്ന് കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 18ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ്ഹൌസിലെത്തി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഒബാമയുടെ മുന്‍പരിപാടിയനുസരിച്ചുള്ള ഒരു മണിക്കൂറില്‍ നിന്ന് രണ്ടു മണിക്കൂറിലേക്ക് നീണ്ടു. ദ്വിരാഷ്ട്ര പരിഹാരം, കുടിയേറ്റ പാര്‍പ്പിട നിര്‍മാണങ്ങളില്‍ നിരുപാധികമായ വിട്ടുവീഴ്ച^ ഈരണ്ടു വിഷയങ്ങളും വിട്ടുവീഴ്ചയില്ലാത്ത സ്വരത്തില്‍ ഒബാമ നെതന്യാഹുവിനോട് പറഞ്ഞു. 'ഉദ്ദേശിച്ചത് നേടാന്‍ താങ്കള്‍ ദൃഢതീരുമാനമെടുത്തിരിക്കുന്നുവെന്നതിന് സംശയമില്ല. ഞാന്‍ താങ്കളെ കേള്‍ക്കുന്നുണ്ട്, മിസ്റ്റര്‍ പ്രസിഡന്റ്'^എല്ലാം കേട്ടുകഴിഞ്ഞ് നെതന്യാഹുവിന്റെ കമന്റ് അതായിരുന്നു.
അന്ന് ടി.വിയില്‍ ആ കൂടിക്കാഴ്ച വീക്ഷിച്ച ആര്‍ക്കും നെതന്യാഹുവിന്റെ നിസ്സഹായാവസ്ഥ തെളിഞ്ഞുകാണാം. കാണാന്‍ കഴിഞ്ഞിരുന്നു. വൈറ്റ് ഹൌസിന്റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു അമേരിക്കന്‍പ്രസിഡന്റില്‍ നിന്ന് ഏതെങ്കിലുമൊരു ഇസ്രായേലി പ്രധാനമന്ത്രിക്ക് ഇത്ര അരോചകമായ അനുഭവമുണ്ടായതായി അറിയില്ല. ഇസ്രായേലിലെത്തിയ നെതന്യാഹു അതൊക്കെ പുല്ലുവിലയാക്കി എന്നത് വേറെ കാര്യം.പത്തുദിവസം കഴിഞ്ഞ് മെയ് 28ന് മഹ്മൂദ് അബ്ബാസ് വൈറ്റ്ഹൌസ് സന്ദര്‍ശിച്ചു. അദ്ദേഹത്തോട് ഒബാമ അടിവരയിട്ടു പറഞ്ഞു: 'യാത്രക്കും വ്യാപാരവിനിമയത്തിനും വിഘാതമായി ഫലസ്തീനികള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ക്ക് ഇസ്രായേല്‍ അറുതിവരുത്തണം.. ഒരു ഫലസ്തീന്‍രാഷ്ട്രം ഉറപ്പുവരുത്തുകയും വേണം.'കെയ്റോയിലേക്ക് പുറപ്പെടും മുമ്പായി ഒബാമ കുറെ അഭിമുഖങ്ങള്‍ നല്‍കി. അതിലെല്ലാം അദ്ദേഹം മേല്‍പറഞ്ഞ പോയന്റുകള്‍ ആവര്‍ത്തിക്കുകയുണ്ടായി. കെയ്റോ പ്രഭാഷണത്തിലാകട്ടെ, ഗസയിലെ തുടരുന്ന 'മാനുഷിക പ്രതിസന്ധി' അദ്ദേഹം അപലപിച്ചു. 'ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിലെ പുരോഗതി സമാധാനത്തിലേക്കുള്ള മാര്‍ഗത്തിന്റെ അവിഭാജ്യ ഘടകമാവണം. അത്തരം പുരോഗതി സാധിതമാവാനുള്ള ഉറച്ച നടപടികള്‍ ഇസ്രായേലെടുക്കണം... ഇസ്രായേലിന്റെ തുടരുന്ന കുടിയേറ്റ നിര്‍മാണങ്ങളുടെ നിയമാനുസൃതത്വം അമേരിക്ക അംഗീകരിക്കുകയില്ല...'മുമ്പത്തെ കരാറുകളെ ലംഘിക്കുകയും സമാധാനം നേടാനുള്ള ശ്രമങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു ഈ (പാര്‍പ്പിട) നിര്‍മാണം.' അറബികളേയും ഫലസ്തീനികളേയും അതേ സ്വരത്തിലും ശക്തിയിലും ഒബാമ ശകാരിച്ചു. അതേതായാലും അമേരിക്ക ഇസ്രായേലിന്റെ മേല്‍ ഇത്ര ശക്തിയായ സമ്മര്‍ദം ചെലുത്തിയ അനുഭവം മുമ്പുണ്ടായതായി ഓര്‍ക്കുന്നില്ല.ജൂണ്‍ 8ന് എ.ബി.സിയുമായി നടത്തിയ അഭിമുഖത്തില്‍ ഹിലരി ക്ലിന്റന്‍ ഒബാമയെ ഏറ്റുപിടിച്ചു : 'കുടിയേറ്റ ഭവന നിര്‍മാണം നിര്‍ത്തുകയെന്നത് ഇസ്രായേല്‍ കൂടി ഒപ്പുവെച്ച റോഡ്മേപ്പിന്റെ അവിഭാജ്യഘടകമാണ്'.
ഇതൊക്കെ കേവലം ഡിപ്ലോമസിയും തേനൂറുന്ന വാക്കുകളുമായി പറഞ്ഞുതള്ളുന്നവര്‍ ധാരാളമുണ്ട്. പക്ഷേ, ഒബാമ കൂടുതലെന്ത് ചെയ്യണമെന്നതിന് അവരുടെ പക്കല്‍ പ്രായോഗിക നിര്‍ദേശങ്ങളൊന്നുമില്ല. അദ്ദേഹം വാക്കുകള്‍ പാലിക്കുമോ എന്നാണ് ചോദ്യമെങ്കില്‍ അതിന് സമയം കൊടുക്കണമല്ലോ. അതിനുമുമ്പ് വിധിയെഴുതുന്നതിലെന്തര്‍ഥം? കെയ്റോ പ്രഭാഷണത്തെക്കുറിച്ച് വിമര്‍ശങ്ങള്‍ സംഗ്രഹിച്ച ശേഷം ടൊറന്റോ സ്റ്റാര്‍ എഡിറ്റര്‍ ഹാറൂന്‍ സിദ്ദീഖി പറഞ്ഞു: 'ലോകത്തിലെ ഏറ്റവും അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ രണ്ടും കല്‍പിച്ചിറങ്ങിത്തിരിച്ചിരിക്കയാണ് ഒബാമ എന്നതില്‍ സംശയമില്ല.'
ഫലസ്തീന്‍^ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആത്യന്തികനിലപാടുകള്‍ ഇരുഭാഗത്തുമുണ്ട്. ജൂത തീവ്രവാദത്തിന്റെ രൂക്ഷരൂപം വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ സന്ദര്‍ശിച്ച പശ്ചിമേഷ്യാ പത്രലേഖകന്‍ ഓക്ലാന്റ് റോസ് വരച്ചുകാട്ടി. '2000 വര്‍ഷങ്ങളായി തങ്ങളുടെ ഭൂമിയിലേക്ക് മടങ്ങാന്‍ ജൂതര്‍ സ്വപ്നം കാണുകയായിരുന്നു. ഇപ്പോഴും ജൂതര്‍ ആ ദിവസത്തിനായി പ്രാര്‍ഥിക്കുകയും സ്വപ്നം കാണുകയും ആവേശം കൊള്ളുകയും ചെയ്യുന്നു^' അവിടത്തെ കുടിയേറിപ്പാര്‍പ്പുകാരന്‍ നൊവാം അര്‍നോന്‍ പറഞ്ഞു. ദൈവം ജൂതര്‍ക്ക് വാഗ്ദത്തം ചെയ്ത പ്രദേശമാണത്. ഇസ്രായേലിന്റെ മേല്‍ എന്തുതരം അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായാലും അവിടം വിടാനോ പാര്‍പ്പിടനിര്‍മാണങ്ങള്‍ നിര്‍ത്താനോ കുടിയേറിപ്പാര്‍പ്പുകാര്‍ തയാറല്ല. പാര്‍പ്പിടനിര്‍മാണം നിര്‍ത്താനുള്ള അമേരിക്കന്‍ ആഹ്വാനത്തിനെതിരെ ഉറച്ചുനില്‍ക്കുന്ന നെതന്യാഹുവുമായി ഒരു സംഘട്ടനത്തിലാണ് ഒബാമ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് ഓക്ലാന്റ് റോസ് പറയുന്നു. ഹെബ്രോണ്‍ എന്ന ആ പഴയ നഗരത്തിലേക്ക് ഒരുകൂട്ടം പത്രപ്രവര്‍ത്തകരെ നയിച്ച നൊവാം അര്‍നോന്‍ അറബികളെയും ജൂതരെയും വേര്‍പെടുത്തുന്ന ഒരു വികൃത കോണ്‍ക്രീറ്റ് മതിലിനുനേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: 'ഇടതുഭാഗത്ത് ഒരു ഗേറ്റുണ്ട്. അറബികള്‍ക്കതിലൂടെ കടന്നുപോവാം. പക്ഷേ, ജൂതര്‍ക്ക് പാടില്ല. രണ്ടായിരം വര്‍ഷത്തോളം ജൂതരവിടെ താമസിച്ചു. 1927ല്‍ അറബികള്‍ ആക്രമിച്ചു, കൊലചെയ്ത് ഞങ്ങളെ പുറത്താക്കി. ഇപ്പോള്‍ ഞങ്ങള്‍ അവകാശം പുനഃസ്ഥാപിച്ചിരിക്കുന്നു. ലോകത്തൊരു ശക്തിക്കും ഞങ്ങളെ പുറത്താക്കാനാവില്ല'. ഇസ്രായേലി കുടിയേറിപ്പാര്‍പ്പുകാരുടെ മനോഗതിയാണിത്.
മറുവശത്ത് ഫലസ്തീന്‍ മനോഭാവമോ? ഹമാസ് ഇസ്രായേലിന്റെ നിലനില്‍പ് അംഗീകരിക്കുന്നില്ല. നൂറ്റാണ്ടുകള്‍ പരമ്പരാഗതമായി തങ്ങള്‍ വസിച്ച ഭൂമി ആക്രമിച്ച് കൈവശപ്പെടുത്തി സ്ഥാപിച്ച ഇസ്രായേല്‍ രാഷ്ട്രത്തിന് നിലനില്‍ക്കാന്‍ അവകാശമില്ല. ആ രാഷ്ട്രം ഭൂപടത്തില്‍ നിന്ന് മായ്ക്കപ്പെടണം എന്ന ഇറാന്‍പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദിന്റെ പ്രഖ്യാപനം കൂടി ചേര്‍ത്തുവായിക്കാം.ഈ രണ്ട് ആത്യന്തിക നിലപാടുകള്‍ക്കിടയില്‍ വളരെ ഭിന്നമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ മുസ്ലിംകളിലും ജൂതന്മാരിലുമുണ്ട്. ഇതിനിടയിലാണ് ഒബാമക്ക് മധ്യസ്ഥ ഭാഗം അഭിനയിക്കേണ്ടത്. ഫലസ്തീനികള്‍ക്ക് അനുകൂലമായി ഒരു വാക്കു പറഞ്ഞാല്‍ ജൂത വിസ്ഫോടനം. ജൂതര്‍ക്കനുകൂലമായി വല്ലതും ഉരിയാടിയാല്‍ മുസ്ലിം പ്രതിഷേധം. നിലവിലുള്ള ഈ പശ്ചാത്തലത്തിന്റെ കണ്ണാടിയിലൂടെ വേണം ഒബാമയെ വിലയിരുത്തുക. അല്ലാത്ത വിലയിരുത്തലുകള്‍ ഉന്നം തെറ്റും. ചരിത്രപരമായ വസ്തുതകളേയും നിലവിലുള്ള യാഥാര്‍ഥ്യങ്ങളേയും സ്ഥിതിഗതികളുടെ സങ്കീര്‍ണതകളേയും കണക്കിലെടുക്കാത്ത ഒരു സമീപനവും^ ഏതു ഭാഗത്തുനിന്നായാലും^ ഫലസ്തീനിലോ പശ്ചിമേഷ്യയിലോ സമാധാനം കൈവരുത്തുകയില്ല. ഫലസ്തീന്‍ ഒരന്തിമ സംഘട്ടനത്തിലേക്ക് നീങ്ങുകയാണോ? ഖുദ്സിന്റെ അങ്കണത്തില്‍ കുരിശുയുദ്ധത്തിന്റെ കുളമ്പടികള്‍ മുഴങ്ങുകയാണോ? അല്ല, ഖുദ്സിനു മുകളില്‍ സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ പറക്കുമോ? സമീപകാലത്തെ ഏറ്റവും ഉദ്വേഗജനകമായ ചോദ്യം. ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളുടെ കണ്ണുകള്‍ സമാധാനപ്രാവുകളുടെ മേല്‍ നട്ടിരിക്കുന്നു.

Source: Madhyamamdaily

No comments:

Post a Comment