Monday, November 9, 2009

ഗോസിപ്പുകള്‍ നേട്ടമാക്കി ലക്ഷ്മിറായ്‌



ഗോസിപ്പുകളെ പരസ്യമായി വിമര്‍ശിക്കുമ്പോഴും രഹസ്യമായി അവ ആസ്വദിക്കുന്നവരാണ് സിനിമാതാരങ്ങളില്‍ പലരും. സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി അണിയറപ്രവര്‍ത്തകര്‍തന്നെ കഥകളിറക്കുന്നതും പുതിയ കാര്യമല്ല. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്ക്കുകവഴി ബോളിവുഡില്‍ പ്രവേശനം ലഭിച്ച നടിയാണ് ലക്ഷ്മീറായ്.

തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ ലക്ഷ്മി ശ്രദ്ധേയയായ സമയത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനി, മലയാളി താരം ശ്രീശാന്ത് എന്നിവരുടെ പേരിനൊപ്പം ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയത്.തെന്നിന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ വന്ന കഥകള്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലക്ഷ്മിറായ് എന്ന നടിയും അവിടെ ശ്രദ്ധേയയായി.

തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് മൂവരും വ്യക്തമാക്കിയെങ്കിലും ഈ കഥകള്‍ ലക്ഷ്മിയുടെ കരിയറിന് ഗുണം ചെയ്തു.
ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു മടിയുമില്ലാത്ത ലക്ഷ്മിയെ ബോളിവുഡില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ സതീഷ് കൗശിക്കാണ്. ഹിമേഷ് രഷാമിയ നായകനാവുന്ന 'ഹേയ് ഗുജ്ജു' എന്ന ഈ ചിത്രം ജനവരിയില്‍ തിയേറ്ററുകളിലെത്തും.
ചിത്രത്തില്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ വേഷമാണ് ലക്ഷ്മിക്ക്. ബോളിവുഡിലെ മറ്റു താരങ്ങളോട് മത്സരിക്കാന്‍ ഒമ്പത് കിലോ തൂക്കം കുറച്ചാണ് ഈ ഇരുപത്തെട്ടുകാരി എത്തുന്നത്.

ഐശ്വര്യ റായിയുടെ ബന്ധുവാണ് ലക്ഷ്മിറായ് എന്ന് ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 'ഐശ്വര്യ, ദീപിക പദുകോണ്‍ എന്നിവരെപ്പോലെ കര്‍ണാടകക്കാരിയാണ് ഞാനും.
ഇരുവരും മംഗലാപുരംകാരാണ്. മംഗലാപുരത്തുനിന്ന് ബെല്‍ഗാമിലേക്ക്
കുടിയേറിയ കുടുംബത്തിലാണ് ഞാന്‍
ജനിച്ചത്. കുടുംബത്തില്‍ മറ്റാര്‍ക്കും സിനിമാലോകവുമായി യാതൊരു ബന്ധവുമില്ല'-ലക്ഷ്മി വിശദീകരിക്കുന്നു.
ഗോസിപ്പുകള്‍ വരും പോകും. നമ്മള്‍ ഗൗനിക്കാതിരുന്നാല്‍ തനിയെ അതില്ലാതാകും. ധോനിയും ശ്രീശാന്തും എന്റെ നല്ല കൂട്ടുകാരാണ്. അതിനപ്പുറമൊന്നുമില്ല. തന്നെക്കുറിച്ചുയര്‍ന്ന ഗോസിപ്പുകളെക്കുറിച്ച് ലക്ഷ്മി പറയുന്നു.

എട്ടാംവയസ്സില്‍ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങിയ ലക്ഷ്മി രണ്ടുതവണ മിസ് ബെല്‍ഗാമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പരസ്യ ഏജന്‍സിക്കാരില്‍ നിന്നറിഞ്ഞാണ് തമിഴ് സംവിധായകന്‍ ഉദയ്കുമാര്‍ ലക്ഷ്മിയെ സിനിമയിലേക്ക് ക്ഷണിച്ചത്.

അദ്ദേഹത്തിന്റെ 2004ല്‍ ഇറങ്ങിയ 'കര്‍ക്ക കസാദര' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആ വര്‍ഷംതന്നെ 'കാഞ്ചനമാല കേബിള്‍ ടി.വി.'യിലൂടെ തെലുങ്കിലും 'വാല്മീകി'യിലൂടെ കന്നഡയിലും 2007ല്‍ 'റോക്ക് എന്‍ റോളി'ലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
2008-ലിറങ്ങിയ 'ധാം ധൂം' എന്ന ചിത്രമാണ് ലക്ഷ്മിയെ ഏറെ ശ്രദ്ധേയയാക്കിയത്.
'ഇരുമ്പുകോട്ടൈ മുരട്ടുസിംഗം', 'നാന്‍ അവനല്ലൈ-2' എന്നീ തമിഴ് ചിത്രങ്ങളാണ് ലക്ഷ്മിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടി നായകനാകുന്ന 'ചട്ടമ്പിനാടി'ലും ലക്ഷ്മി അഭിനയിക്കുന്നുണ്ട്.

'ഏത് ഭാഷയില്‍നിന്ന് അവസരം ലഭിച്ചാലും അഭിനയിക്കാന്‍ തയ്യാറാണ്. കഥ ആവശ്യപ്പെട്ടാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ അണിയാനും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനും മടിയൊന്നുമില്ല. എല്ലാത്തിനും ഒരു അതിര്‍വരമ്പുവേണം. അത്രമാത്രം. എന്റെ ഇതുവരെയുള്ള ഗ്ലാമര്‍ വേഷങ്ങളൊന്നും സഭ്യത വിട്ടുള്ളതല്ല...'-ലക്ഷ്മിറായ് നയം വ്യക്തമാക്കുന്നു.

(മാതൃഭൂമി ഡെയിലി)

No comments:

Post a Comment