Wednesday, December 30, 2009

നായാടിസമൂഹത്തിന്റെ മാന്യതയെങ്കിലും!

ഓപറേഷന്‍ മഅ്ദനി-4 / വിജു വി. നായര്‍

കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഘടകത്തില്‍ ഇപ്പോള്‍ തര്‍ക്കവും ഒച്ചപ്പാടും നടക്കുന്ന മജീദ് പറമ്പായിയുടെ കാര്യമാണ് ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളിലൊന്ന്. ഒരു തീവ്രവാദക്കേസിലും പ്രതിയല്ല ഇയാള്‍. മുമ്പ് പി.ഡി.പിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രാദേശികമായ ചില ഭിന്നതകളില്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കളമശേãരി സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കേസില്‍ പ്രതിയാക്കപ്പെട്ടയുടനെ വന്ന പത്രവാര്‍ത്തകള്‍ തന്നെ സംഭവസമയത്ത് മജീദ് കണ്ണൂരില്‍ മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിലായിരുന്നെന്നും നിരപരാധിയാണെന്നുമാണ്. സൂഫിയയെ കേസില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി അവരുടെ കോള്‍ലിസ്റ്റ് ആയുധമാക്കിയതും മജീദുമായി അവര്‍ സംസാരിച്ച വിവാഹക്കാര്യത്തെപ്പറ്റിയും നേരത്തേ സൂചിപ്പിച്ചു. പില്‍ക്കാലത്ത് വീണ്ടും പി.ഡി.പിയിലായ മജീദിനെ ഒരു നഴ്സറി സ്കൂള്‍ അധ്യാപികയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ചില്ലറ ഒച്ചപ്പാടൊക്കെയുണ്ടായപ്പോള്‍ പുറത്താക്കി. ഈ ഒച്ചപ്പാടിന്റെ പേരില്‍ രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനിന്ന മജീദിനെ പിന്നീട് കണ്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഅ്ദനി വിരുദ്ധ പ്രചാരണം നടത്തുന്ന യു.ഡി.എഫുകാരനായിട്ടാണ്. ആയിടെത്തന്നെ സൂഫിയക്കെതിരെ പറയാന്‍ പൊലീസ് ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് കുടുംബം പരാതിപ്പെടുന്ന വാര്‍ത്തവരുന്നു. തുടര്‍ന്നാണ് മലപ്പുറത്തുവെച്ച് മജീദ് നേരിട്ട് കൈരളി ചാനലിന് അഭിമുഖം കൊടുക്കുന്നത്. അവിടെവെച്ച് പി.ഡി.പിയുടെ വിദ്യാര്‍ഥിവിഭാഗം നേതാവായ സുബൈര്‍ വെട്ടിയാനിക്കലിനോട് തന്റെ പീഡനവും തകര്‍ന്ന ആരോഗ്യത്തിന്റെ കാര്യവും പറഞ്ഞ മജീദ് വൈകാതെ ആശുപത്രിയിലായി. സഹായമഭ്യര്‍ഥിച്ച് ഫോണ്‍ ചെയ്തതിന്റെ പേരില്‍ സുബൈര്‍ അയാള്‍ക്ക് കുറച്ചു പണം അയക്കുന്നു. തനിക്ക് അക്കൌണ്ടുള്ള ചേലക്കുളം ബാങ്ക് മുഖേന മജീദിനയച്ച പണമാണ് സുബൈറിന് വിനയായത്. അയാളെ ഒരു കേസുമില്ലാതെ പലതവണ കസ്റ്റഡിയിലെടുക്കുന്നു. മജീദിനയച്ച പണം മഅ്ദനി തന്നതാണെന്ന് മൊഴികൊടുക്കണം.

അല്ലെങ്കില്‍ തീവ്രവാദ കേസുകളില്‍ പ്രതിയാക്കും. ക്രൂരമായ മര്‍ദനം. അപ്പുറത്ത് മജീദിന് പഴയ നഴ്സറി ടീച്ചര്‍ സംഭവത്തില്‍ സ്ത്രീപീഡനക്കേസ് ചാര്‍ജ്ചെയ്യുന്നു. ഇംഗിതം വേറെ^ സൂഫിയക്കെതിരെ പണ്ട് പറഞ്ഞ മൊഴി 164 സ്റ്റേറ്റ്മെന്റാക്കി മാറ്റണം. ആന്റിടെററിസ്റ്റ് സ്ക്വാഡിലെ ഒരു ഡിവൈ.എസ്.പിയും എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന സംഘമാണ് ഇക്കാര്യത്തിന് മൂന്നാംമുറ വഴി കിണഞ്ഞുശ്രമിച്ചത്. മറുവശത്ത്, കാക്കനാട്ടെ കലക്ടറേറ്റ് സ്ഫോടനക്കേസ് സുബൈറിന്റെ തലയിലാക്കാന്‍ എറണാകുളം പൊലീസിന്റെ മൂന്നാംമുറ. ഇവിടെ ശ്രദ്ധിക്കേണ്ടത്; കളമശേãരി കേസുമായി ബന്ധമേയില്ലാത്ത ആന്റിടെററിസ്റ്റ് സ്ക്വാഡിലെ എസ്.പി റാങ്കിലുള്ളവര്‍ ആ കേസിലെ പ്രതിയെ നേരിട്ടുചെന്ന് മര്‍ദിക്കണമെങ്കില്‍ എറണാകുളത്തുനിന്നുള്ള നിര്‍ദേശമില്ലെങ്കില്‍ നടപ്പുള്ള കാര്യമല്ലെന്നതാണ്. കളമശേãരി കേസ് അന്വേഷിക്കുന്നത് ഔദ്യോഗികമായി പറഞ്ഞാല്‍ അസിസ്റ്റന്റ് കമീഷണര്‍ പി.എം. വര്‍ഗീസാണ്. ഒരു അസി. കമീഷണറുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ക്വാഡിലെ എസ്.പി തല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പ്രശ്നമില്ല. കല്‍പന പോയത് എറണാകുളം പൊലീസ് തലവനില്‍നിന്നാണെന്ന് വ്യക്തം. മനോജ് എബ്രഹാമും സംഘവും കലക്ടറേറ്റ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ജേക്കബ് ജോര്‍ജ്, സി.ഐ സുന്ദരരാജ് തുടങ്ങിയവര്‍ എറണാകുളത്തെ സുബൈറിനെ സമാനമായി കൈകാര്യംചെയ്യുന്നു. ചുരുക്കത്തില്‍, സൂഫിയയും പിന്നാലെ മഅ്ദനിയുമാണ് ഈ കൊച്ചി ലോബിയുടെ ടാര്‍ഗറ്റ് എന്നര്‍ഥം.

ഇനി നസീറിനെവെച്ചുള്ള പുതിയ കഥയുടെ പൊള്ളത്തരം നോക്കാം. കളമശേãരി കേസില്‍ പല ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ സൂഫിയയെ ചോദ്യംചെയ്തതാണ്^ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡി.ഐ.ജി വിനോദ്കുമാര്‍ വരെ. കഴിഞ്ഞ മാസം 17 വരെ സൂഫിയ എറണാകുളത്തുണ്ടായിരുന്നു. പിന്നീടാണ് കോഴിക്കോട് മുക്കത്തുള്ള ആശുപത്രിയില്‍ ഭര്‍ത്താവിനെ പരിചരിക്കാന്‍ പോകുന്നത്. ചോദ്യംചെയ്യാന്‍ അപ്പോഴും സാഹചര്യമുണ്ടായിരുന്നു. പൊടുന്നനെ നസീര്‍ കഥ പ്രചരിക്കുന്നു. എന്നാല്‍, സൂഫിയക്കെതിരെ നസീര്‍ പറഞ്ഞതായ മൊഴി ഒരു കോടതിയിലും കൊടുത്തിട്ടില്ല. കളമശേãരി കേസില്‍ സംഘം ചോദ്യംചെയ്ത വകയിലുള്ള നസീറിന്റെ മൊഴിയും വന്നിട്ടില്ല. ഇനി, നസീറിനെ പിടിച്ചതോടെയാണ് സൂഫിയയെ പ്രതിയാക്കേണ്ട സാഹചര്യം സ്വാഭാവികമായി ഉണ്ടായതെങ്കില്‍, നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പേതന്നെ മജീദ് പറമ്പായിയെ തല്ലിപ്പഴുപ്പിച്ച് 164 വാങ്ങേണ്ട കാര്യമില്ലല്ലോ. ലളിതമായി പറഞ്ഞാല്‍ തടിയന്റവിട നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പുതന്നെ ഓപറേഷന്‍ സൂഫിയ നടപ്പാക്കിത്തുടങ്ങിയിരുന്നു.

നസീറിന്റെ വരവോടെ അലകും പിടിയും മാറ്റി. അതിനൊരു പുതിയ മുഖം നല്‍കാന്‍ ആസൂത്രികര്‍ക്ക് കഴിഞ്ഞെന്നു മാത്രം. ഈ പോയന്റില്‍ത്തന്നെയാണ് ഗൂഢാലോചനയുടെ തനിനിറം വ്യക്തമാകുന്നതും. കളമശേãരി കേസിനെ നസീറിലൂടെ തീവ്രവാദ കേസാക്കുകയും അതില്‍ സൂഫിയയെ പ്രതിയാക്കുകയും ചെയ്യുക വഴി സാക്ഷാല്‍ മഅ്ദനിയിലേക്ക് പാലം പണിയാം. മനോജ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ ഇത് സാധിച്ചെടുക്കുകയാണ് പിന്നിലുള്ള രാഷ്ട്രീയ ലോബിയുടെ ആത്യന്തിക ലക്ഷ്യവും. കാര്യങ്ങള്‍ ആ വഴിക്കും നീങ്ങുകയാണെന്നതിന്റെ സൂചനകള്‍ ഇപ്പോഴേയുണ്ട്. അതാണ് കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ആരംഭിച്ചിരിക്കുന്ന പുതിയ ശ്രമം. അതിലും 164 സ്റ്റേറ്റ്മെന്റ് എന്ന എളുപ്പത്തുറുപ്പ് തരപ്പെടുത്തുകയാണ് സൂത്രധാരകരുടെ അടവ്. എല്ലാ നീക്കങ്ങളുടെയും തല്‍സമയ വിവരവും സൂചനയും മാധ്യമദ്വാരാ വിന്യസിക്കുക എന്നതാണ് ഈ ഗൂഢാലോചനയിലെ മറ്റൊരു മര്‍മപ്രധാന അടവ്.

പൊതുമാധ്യമങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്തുക എന്നത് ഗൂഢാലോചനയിലേക്ക് ആരും കണ്ണെറിയാതിരിക്കാന്‍ മാത്രമല്ല, മഅ്ദനിയെ കേരളത്തിന്റെ സ്വന്തം 'ഭീകരനായി' സംശയത്തിന്റെ മുള്‍മുനയില്‍ സ്ഥിരമായി നിറുത്തുന്നതിനും അത്യാവശ്യമാണ്.
കേസുകളുടെയും ആസ്പദസംഭവങ്ങളുടെയും കേവല വിവരംപോലും ഗൌനിക്കാതെയുള്ള ഈ വ്യക്തിഹത്യക്കുപിന്നിലെ ചേതോവികാരം ദ്വിമുന്നണി രാഷ്ട്രീയത്തിന്റെ അക്കൌണ്ടില്‍ മാധ്യമങ്ങളടക്കം എഴുതിത്തള്ളുകയാണ്. കൂട്ടത്തില്‍ ഭീകരതാവിരുദ്ധര്‍ എന്ന നാട്യത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വര്‍ഗീയവിഷം സൌകര്യംപോലെ ചുരത്തി വിരേചനസുഖം നുകരുകയുമാവാം. ഇത്തരം നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ സമീപനങ്ങള്‍ മഅ്ദനി എന്ന വ്യക്തിക്കുപരി സമൂഹത്തിലുണ്ടാക്കുന്ന വിപുലമായ ക്ഷതം പൊതുവെ കണക്കിലെടുക്കപ്പെടുന്നില്ല. ഈ ബാലിശതയാണ് കേരള രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത്. അവരുടെ പഞ്ചാരിക്കും പൊലീസിന്റെ ക്രിമിനല്‍ ചെയ്തികള്‍ക്കും അകമ്പടി സേവിക്കുകയാണ് മാധ്യമങ്ങള്‍, പൊതുവെ. മല്‍സരത്തില്‍ കൂടുതല്‍ ആധിവ്യാധികളുള്ളവ സ്വയം കയറി വിചാരണ നടത്തുന്നു. സ്റ്റേറ്റിന്റെ റോളിലേക്ക് കടക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഛായ സ്വയം വരുത്തുമ്പോള്‍ ഭരണകൂട ഭീകരതക്ക് ഇവിടെ മാധ്യമ ഭീകരത എന്നുകൂടി പര്യായം പിറക്കുന്നു. ഈ സുസംഘടിത പ്രഹരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി എന്ന പൌരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സ്ഥിരം വഴിച്ചെണ്ടയാകുന്നു. ഒമ്പത് കൊല്ലം അഴിയെണ്ണിച്ചിട്ട് 'വെറുതെ' വിടുകയും പുറത്തിറങ്ങി പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്ത ഒരു മനുഷ്യനെ വീണ്ടും വേട്ടയാടാന്‍ ആര്‍ത്തികാട്ടുന്ന സമൂഹത്തെ എന്താണ് വിളിക്കേണ്ടത്? നായാടിസമൂഹത്തിനുപോലുമുണ്ട് നായാട്ടിന്മേല്‍ ചില ഔചിത്യങ്ങള്‍. ആ നിലവാരംപോലുമില്ലാത്ത അന്തസ്സാരശൂന്യമായ ഒരു ഫ്രീ^ഫോര്‍^ഓള്‍ ആള്‍ക്കൂട്ടത്തെ നിയതാര്‍ഥത്തില്‍ സമൂഹം എന്നുപോലും വിളിക്കാനാവുമോ?

Madhayamam Daily (അവസാനിച്ചു)

പാവം പ്രതിയും ഭീകരന്‍പ്രതിയും

ഓപറേഷന്‍ മഅ്ദനി-3 / വിജു വി. നായര്‍

ആഗസ്റ്റ് 23ന് കളമശേãരി കേസ് പ്രതികളായ ശരീഫ്, താജുദ്ദീന്‍, നാസര്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി 164ാം വകുപ്പുപ്രകാരം സൂഫിയക്കെതിരെ മൊഴികൊടുത്തു. ഇവിടാണ് ക്യാച്ച്. ഒരു പ്രേരണയുമില്ലാതെ സ്വമേധയാ കോടതിയോട് നടത്തേണ്ട സത്യപ്രസ്താവനയാണ് 164ാം വകുപ്പുപ്രകാരമുള്ള മൊഴി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുകഴിയുന്നവരാണ് മേല്‍പറഞ്ഞവര്‍. സംഭവം നടന്ന് കൊല്ലം അഞ്ചായിട്ടും അങ്ങനെയൊരു പ്രസ്താവം കൊടുക്കാന്‍ തുനിയാതിരുന്ന അവര്‍ ഒരു സുപ്രഭാതത്തില്‍ ഒരേസമയം സ്വമേധയാ ചെന്ന് ഒരേതരം മൊഴികൊടുത്തു എന്നാണ് അന്വേഷണസംഘം നമ്മളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഈ മൊഴി കൊടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഒന്നാംപ്രതി ശരീഫ് 164 സ്റ്റേറ്റ്മെന്റ് കൊടുത്തയുടനെ അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇയാളാണ് ബസ് കത്തിച്ചവരെ സ്വന്തം ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, കത്തിക്കാനുപയോഗിച്ച പന്തം, പെട്രോള്‍ ബാക്കി ഇത്യാദിക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. അതെല്ലാം അഞ്ചുകൊല്ലത്തിനുശേഷം ഒരൊറ്റ സ്റ്റേറ്റ്മെന്റിന്റെ പേരില്‍ മടക്കിക്കൊടുത്തിരിക്കുകയാണ്. കോടതിമുമ്പാകെ ഒന്നാം പ്രതിയെന്ന് പറഞ്ഞവതരിപ്പിച്ച ആളെയും കേസിന് ഉപോദ്ബലകമായ തെളിവുകളെയും ഒറ്റയടിക്ക് തള്ളിക്കളയുക എന്നതിനര്‍ഥം തന്നെ ഈ തെളിവുകള്‍ കള്ളമായിരുന്നു എന്നല്ലേ? കുറേക്കൂടി ബലമുള്ള ഒന്നാംപ്രതിയെ കിട്ടിയപ്പോള്‍ പഴയ ഒന്നാംപ്രതി മാത്രമല്ല കേസിന്റെ തെളിവുകളും ഒഴിവാക്കപ്പെടുന്ന ഊളത്തരത്തെ കോടതിപോലും ചോദ്യംചെയ്യുന്നില്ലെന്നതാണ് വിചിത്രം. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയതുതന്നെ കളമശേãരി കേസിന് ഭീകരഛായ പകരാനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നസീറിനെ പ്രതിയാക്കിയപ്പോഴും ഇതൊരു തീവ്രവാദക്കേസ് അല്ലെന്ന് പറഞ്ഞ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പ്ലേറ്റുമാറ്റിയിരിക്കുന്നു എന്നതാണ് അടുത്ത തകിടംമറിയല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് അതിന്റെ സാക്ഷ്യം.

164 കൊടുത്ത അടുത്തയാളെ പരിചയപ്പെടാം^താജുദ്ദീന്‍. സൂഫിയക്കെതിരെ കേസെടുത്തതിന്റെ പ്രധാന രേഖയായി പറയുന്നത് താജുദ്ദീന്റെ 164 സ്റ്റേറ്റ്മെന്റാണ്. 'നസീര്‍ പറയുന്നപോലെ ചെയ്യൂ, കേസുവന്നാല്‍ ഞാന്‍ നോക്കിക്കോളാം' എന്ന് താജുദ്ദീനോട് സൂഫിയ ഫോണില്‍ പറഞ്ഞു എന്നാണ് ആ സ്റ്റേറ്റ്മെന്റ്. കളമശേãരി കേസില്‍ വളരെ നേരത്തെ ജാമ്യത്തിലിറങ്ങിയ ആളാണിത്. ജനതാദള്‍^എസ് ആലുവ മണ്ഡലം പ്രസിഡന്റും ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടത്തില്‍ അയാള്‍ ഇങ്ങനെയൊരു മൊഴികൊടുത്തിട്ടില്ല. ദള്‍ ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ ശേഷമാണ് പ്രതിക്ക് പൊടുന്നനെ ഇങ്ങനൊരു ബോധോദയമുണ്ടായിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ മാറ്റമെന്ന്താജുദ്ദീന്‍ പറയുകയുണ്ടായി. പൊലീസിന്റെ അടുത്ത നടപടി രസകരമായിരുന്നു^ താജുദ്ദീനെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാക്കി അങ്ങോട്ടയച്ചു.

സത്യത്തില്‍ ഇതുതന്നെയായിരുന്നു സൂഫിയ മഅ്ദനിക്കായി കരുതിവെച്ചിരുന്ന കെണിയും. തടിയന്റവിട നസീര്‍ പിടിയിലായതോടെ ഓപറേഷന്‍ മഅ്ദനിയുടെ രണ്ടാംഘട്ടം (പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഭാഗം) നസീറിനെയും സൂഫിയയെയും കളമശേãരി കേസില്‍ ബന്ധപ്പെടുത്തുക എന്ന തന്ത്രത്തിന്റെ പ്രയോഗമായി. ഇരുവരെയും ഈ കേസില്‍പെടുത്തുന്ന 164 സ്റ്റേറ്റ്മെന്റുകള്‍ ഒറ്റയടിക്ക് തയാറാവുന്നു. ഒരു ചിന്നപ്രശ്നം മാത്രം^ഒന്നാംപ്രതിയെന്ന് പറഞ്ഞ് അഞ്ചുകൊല്ലമായി ചിത്രീകരിച്ചിരുന്ന ശരീഫിനെ ഒഴിവാക്കി നസീറിനെ ആ സ്ഥാനത്തു തിരുകാന്‍ പറ്റിയ പുതിയ മൊഴികള്‍ക്കായി ഒരാളെ വേണം. നസീര്‍ കണ്ണൂര്‍ക്കാരനായതുകൊണ്ട് ഈ ആളും ആ പ്രദേശത്തുനിന്നായാല്‍ ആധികാരികതയുണ്ടാവും. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നവാസ് എന്ന 'കൊടുംഭീകരന്‍' അവതരിപ്പിക്കപ്പെടുന്നു.

നസീറിന്റെ അടുത്തയാള്‍, കോടിയുടെ ഹവാലാ ഓപറേറ്റര്‍, സര്‍വോപരി ഭീകരന്‍... ഇങ്ങനെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നവാസിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ എത്തിച്ച ഓപറേറ്ററും ഈ 26കാരനാണത്രെ. കോയമ്പത്തൂര്‍ സ്ഫോടനം നടന്നത് 1998ല്‍. ഇക്കൊല്ലം നവാസിന് 26 വയസ്സായെന്ന് രേഖപ്പെടുത്തുന്നത് മനോജ് എബ്രഹാമിന്റെ പൊലീസ്. അപ്പോള്‍ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ലക്ഷങ്ങള്‍ എത്തിച്ചത് 15 വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍! നവാസിന്റെ ക്ലോസപ്പ് ഒപ്പാന്‍ ഓടിനടന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും വളരെ ലളിതമായ ഈ ഊളത്തരം ചോദ്യംചെയ്തില്ല. അങ്ങനെ ചോദിക്കില്ലെന്ന് പൊലീസിനും ഏറക്കുറെ ഉറപ്പുണ്ട്^ കേസ് തീവ്രവാദമല്ലേ, ഒരു കുഞ്ഞും വാ തുറക്കില്ല. രസമതല്ല, കശ്മീരി കേസിനോട് ബന്ധപ്പെട്ട് നസീറുമായി പുലബന്ധമെങ്കിലുമുള്ള മുഴുവനാളെയും വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍പ്രദേശത്ത് ഈ സ്ക്വാഡിന്റെ നിരന്തര പരതല്‍ നടക്കുമ്പോഴൊക്കെ നസീറിന്റെ ഏറ്റവുമടുത്ത കൈയാള്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചുനടക്കുകയായിരുന്നെന്നും കളമശേãരി കേസന്വേഷണ സംഘം കൊച്ചിയില്‍നിന്ന് ചെന്നാണയാളെ പൊക്കിയതെന്നും കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ കളമശേãരി കേസന്വേഷകരുടെ അതിവൈദഗ്ധ്യവും അതിനു പിന്നിലെ കൃത്യനിര്‍വഹണ തല്‍പരതയും കൂടുതല്‍ അടുത്തറിയൂ. ഏതായാലും ആന്റി ടെററിസ്റ്റ് സ്ക്വാഡിനെക്കൂടി വെട്ടിച്ച് നവാസിനെ അകത്താക്കിയ കളമശേãരി സംഘം അയാളുടെ 'മൊഴി' ഉടനടി പ്രസിദ്ധപ്പെടുത്തുന്നു^ 'നസീറാണ് ബസ് കത്തിക്കല്‍ കേസിലെ മുഖ്യ പ്രതി എന്ന് നവാസ് വെളിപ്പെടുത്തി'. പിറ്റേദിവസം തന്നെ നവാസുമായി ബംഗളൂരുവിലേക്ക് നസീറിനെ ചോദ്യംചെയ്യാന്‍. എ.ടി.എസല്ല, കളമശേãരി കേസന്വേഷണസംഘമാണ് ഇങ്ങനെ ചാടിപ്പുറപ്പെടുന്നതെന്ന് ശ്രദ്ധിക്കണം. തിരികെ വന്ന താമസം, അവര്‍ പ്രഖ്യാപിക്കുന്നു സൂഫിയക്കെതിരെ നസീര്‍ മൊഴി നല്‍കിയെന്ന്. മാധ്യമങ്ങള്‍ മുഖേന വമ്പിച്ച പ്രചാരണവും കൊടുക്കുന്നു. സ്വാഭാവികമായും സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണെന്ന വിചാരഗതി നാട്ടില്‍ പ്രചരിക്കും. എന്നാല്‍, തിരക്കഥയുടെ ഉദ്ദേശ്യം അതിലൊക്കെ വിപുലമായിരുന്നു.

ഒന്ന്, കളമശേãരി കേസിനെ തീവ്രവാദ കേസാക്കി മാറ്റണം. അതിന് ഇപ്പറഞ്ഞ നസീര്‍ബന്ധം അനിവാര്യം. രണ്ട്, തീവ്രവാദകേസിലെ ഉന്നതരുമായി ബന്ധപ്പെടുത്തിയാല്‍ സൂഫിയ മഅ്ദനിയെ ഈ കേസിനപ്പുറത്തേക്കും വിപുലപ്പെടുത്താം. കേരളത്തിന് പുറത്തുള്ള അന്വേഷണസംഘങ്ങള്‍ക്ക് കൈമാറാം. പണ്ട് മഅ്ദനിയെ കൈകാര്യംചെയ്ത അതേ റൂട്ടില്‍.

നവാസ്, നസീര്‍റൂട്ടിലൂടെ ആദ്യകാര്യം സാധിച്ചശേഷം രണ്ടാമത്തെ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രവും ഭംഗിയായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. സൂഫിയക്കെതിരെ നസീര്‍ മൊഴിനല്‍കിയെന്ന പ്രചാരണത്തിന് പിന്നാലെ കോഴിക്കോട്ട് മഅ്ദനി കഴിയുന്ന ആശുപത്രിയിലായിരുന്ന സൂഫിയയോട് എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലെത്താന്‍ എസ്.ഐയുടെ നോട്ടീസ് ചെല്ലുന്നു. കളമശേãരി കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഒന്നുമറിയാതെ ഒരു താഴേത്തല എസ്.ഐ ഈ നോട്ടീസയക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍ തിരക്കഥയിലെ ഒരു പ്രമുഖനെ വ്യക്തമായി^സിറ്റി കമീഷണര്‍ മനോജ് എബ്രഹാം. ഡിസംബര്‍ എട്ടിനാണ് നോട്ടീസ്. പത്തിന് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എറണാകുളം സ്റ്റേഷനിലെത്താനാണ് നിര്‍ദേശം. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. തടിയന്റവിട നസീറുമായി മറ്റന്വേഷണങ്ങള്‍ക്കായി ബംഗളൂരു പൊലീസ് കൊച്ചിയില്‍ തങ്ങിയിരുന്ന അതേ ദിവസങ്ങള്‍. സൂഫിയ എത്തിയാല്‍ അറസ്റ്റ്ചെയ്ത് ആ സംഘത്തിനു കൈമാറാം. ഭര്‍ത്താവിന് പണ്ടുവച്ച അതേ കെണി. ചില കാര്യങ്ങള്‍ ചോദിക്കാന്‍ എന്നു മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതിയാണെന്നൊന്നും വിദൂരസൂചനപോലുമില്ല. ഇതൊരു കെണിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ^സൂഫിയയെ എട്ടാം തീയതിതന്നെ പ്രതിയാക്കിക്കഴിഞ്ഞിരുന്നു.
ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ കൂടി വ്യക്തമാക്കിയാലേ ചിത്രം പൂര്‍ണമാവൂ.
അതേക്കുറിച്ചു നാളെ.
Madhyamam daily

Tuesday, December 29, 2009

മൊഴികളെടുക്കാന്‍ എന്തെളുപ്പം!

ഒപറേഷന്‍ മഅ്ദനി-2 / വിജു വി. നായര്‍

യു.ഡി.എഫ് ചെയ്ത സഹായങ്ങള്‍ മറന്ന നന്ദികെട്ട വര്‍ഗമാണ് പി.ഡി.പിയെന്നും ഒരു പാഠം പഠിപ്പിക്കുമെന്നുമുള്ള പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുമ്പോഴാണ് ഹലീം എന്നയാളെ കോഴിക്കോട് സ്ഫോടനക്കേസില്‍ പ്രതിയായി കസ്റ്റഡിയിലെടുക്കുന്നത്. മഅ്ദനിയുടെ ബോഡിഗാഡായിരുന്നു ഹലീമെന്ന് ഉടനടി പ്രചാരണം തുടങ്ങുന്നു. ഇത്തരം കേസുകളുണ്ടാകുന്ന നിമിഷം ഇമ്മാതിരി പ്രചാരണങ്ങള്‍ കേരളത്തില്‍ സ്ഥിരംപംക്തിയായിട്ടുണ്ട്. ആരെ എവിടെ പൊക്കിയാലും അയാള്‍ക്കൊരു മഅ്ദനികണക്ഷന്‍ അശരീരി കണക്കെ പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങള്‍ പറയുക, 'പൊലീസിന്റെ വിവരം' എന്നാണ്. പൊലീസുകാര്‍ ഔദ്യോഗികമായി ഇങ്ങനെയൊരു 'വിവരം' പ്രഖ്യാപിക്കാറുമില്ല. ചുരുക്കത്തില്‍ പ്രചാരണാര്‍ഥികളുടെ ഉദ്ദിഷ്ടകാര്യം ഒരു ചോദ്യോത്തരങ്ങളുമില്ലാതെ 'വസ്തുനിഷ്ഠവിവരം' എന്ന ലേബലില്‍ ചുളുവില്‍ പ്രചരിക്കുന്നു. ഹലീമിന്റെ കാര്യത്തില്‍ ഈ തട്ടിപ്പിനൊരു ആധികാരികത പകരാന്‍ ഹലീം നല്‍കിയ മൊഴിയുടെ രേഖ എന്ന മട്ടില്‍ ചാനലുകള്‍ ഒരു കടലാസ് പ്രദര്‍ശിപ്പിക്കുന്നു. എറണാകുളത്ത് കമീഷണര്‍ മനോജ് എബ്രഹാമിന്റെ പത്രസമ്മേളനം. 'പ്രതിക്ക് ആദ്യകാലത്ത് പി.ഡി.പി ബന്ധമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. മഅ്ദനിയുമായി അയാള്‍ക്ക് ബന്ധമില്ലെന്ന് കമീഷണറുടെ മന്ത്രി കോടിയേരിയും പ്രഖ്യാപിക്കുന്നു. പക്ഷേ, ചാനലുകള്‍ക്ക് അതൊന്നും പ്രശ്നമല്ല^നാലഞ്ചു ദിവസത്തേക്കുള്ള ചര്‍ച്ചക്ക് പറ്റിയ വിഭവമായി ഹലീമിന്റെ മഅ്ദനിബന്ധം. ശ്രദ്ധിക്കണം, ഹലീംപോലുമല്ല ഇവിടെ ഫോക്കസില്‍, മഅ്ദനി തന്നെയാണ്. ഈ ആഘോഷത്തിമിര്‍പ്പിലാണ് കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയവുമായി നിയമസഭയിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യാവിഷനി'ലും പ്രത്യക്ഷപ്പെടുന്നത്. നമ്മള്‍ കോയമ്പത്തൂരില്‍ ഒരു ഡോസ് കൊടുക്കുമെന്ന് മഅ്ദനി പറഞ്ഞതായി കശ്മീര്‍കേസിലെ പുള്ളിയായ സത്താര്‍ഭായ് പറഞ്ഞെന്നും സത്താറാണ് കോയമ്പത്തൂരിലേക്ക് വേണ്ട സ്ഫോടകവസ്തുക്കള്‍ തരപ്പെടുത്തിക്കൊടുത്തതെന്നും കെ. ബാബു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ റഡാറില്‍ തെളിയുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്, കശ്മീരില്‍ കൊല്ലപ്പെട്ട നാലുപേരും മഅ്ദനിയുടെ വീട്ടില്‍ അത്താഴം കഴിച്ചിട്ടാണ് കശ്മീരിലേക്ക് വണ്ടികയറിയത്. രണ്ട്, അതിനുമുമ്പ് ഇവര്‍ കരുനാഗപ്പള്ളിയിലെ മഅ്ദനിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയിരുന്നു. മൂന്ന് കോയമ്പത്തൂരിലേക്കുള്ള ബോംബുകള്‍ ഹലീമിനെക്കൊണ്ട് മഅ്ദനി കോട്ടക്കല്‍വെച്ച് ഉണ്ടാക്കിച്ചതാണ്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ഈ കണ്ടെത്തലുകള്‍ക്ക് തല്‍സമയം ഫോണിലൂടെ മഅ്ദനി ചാനലില്‍ കൊടുത്ത മറുപടിയും നമ്മള്‍ കേട്ടു: 1) കശ്മീര്‍ കേസിലെ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധമുണ്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കണ്ടെത്തിയ തെളിവു തന്നാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം, ഏതു ജയിലിലേക്കും തന്നെ കൊണ്ടുപോകാം. മറിച്ച്, അതിനു കഴിയാത്തപക്ഷം ബാബു എം.എല്‍.എ സ്ഥാനം രാജിവെക്കുമോ? 2) തന്റെ മാതാപിതാക്കളെ അവര്‍ സന്ദര്‍ശിച്ചു എന്നതിന് തെളിവോ ആരുടെയെങ്കിലും മൊഴിയോ ചൂണ്ടിക്കാണിക്കാമോ? 3) ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടന കേസായ കോയമ്പത്തൂര്‍ സംഭവത്തിന്റെ ദീര്‍ഘമായ കുറ്റപത്രത്തില്‍ ബോംബുകളുടെ ഏതെങ്കിലും ഭാഗം കേരളത്തില്‍ നിര്‍മിച്ചതാണെന്നു പറഞ്ഞിട്ടുണ്ടോ? ഇത്തരം നികൃഷ്ടമായ നുണകള്‍ വിളിച്ചുപറയുന്നത് മറ്റാര്‍ക്കെങ്കിലും എതിരെയായിരുന്നെങ്കില്‍ ബാബുവിന്റെ കാലു തല്ലിയൊടിക്കുമായിരുന്നു^പി.ഡി.പിക്ക് അക്രമത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ അതു ചെയ്യാത്തത്.

ചാനല്‍ അവതാരകന്‍ ഈ മറുപടിക്കെന്തു പറയാനുണ്ടെന്ന് തിരക്കിയതോടെ ബാബു ഉരുണ്ടു^ഇതെല്ലാം താന്‍ പത്രത്തില്‍ വായിച്ചതാണെന്നും പത്രങ്ങളില്‍ വിശ്വാസമുണ്ടെന്നുമായി തരികിട. പക്ഷേ, ചാനല്‍ ഗീര്‍വാണത്തിലേറ്റ ക്ഷതം എം.എല്‍.എയുടെ ക്ഷോഭം കൂട്ടിയതായാണ് തുടര്‍ന്നുള്ള വിവരങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് പ്രമുഖരോട് ഇനി എല്ലാ കരുക്കളും നീക്കി മഅ്ദനിയെ പൂട്ടുമെന്നായി പരസ്യമായ ഭീഷണി. കെ. ബാബു ഒരുദാഹരണം മാത്രം. വലിയ യു.ഡി.എഫ് പ്രമാണികള്‍ നടത്തിയ കരുനീക്കളുടെ ഒരു ചെറു കണ്ണി. അതെന്തായാലും കളിയുടെ അടുത്ത എപ്പിസോഡ് ഉടനെ അരങ്ങേറുന്നു.

പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുപക്ഷത്തെ പിന്തുണച്ചതിലുള്ള അമര്‍ഷം മൂര്‍ച്ഛിച്ച മറുപക്ഷ പ്രമാണികളും ഇടതുവിരുദ്ധ മാധ്യമങ്ങളും ചേര്‍ന്ന് കളമശേãരി കേസില്‍ സൂഫിയയെ മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രചാരണം ശക്തമാക്കുന്നു. കുറ്റപത്രത്തില്‍ മജീദിനെ മുമ്പ് പീഡിപ്പിച്ച് എഴുതിവെച്ച മൊഴി ചാനലുകളിലൂടെ പുറത്തുവിടുന്നു. പൊലീസ് ചോര്‍ത്തിക്കൊടുക്കുന്ന ഇത്തരം വാര്‍ത്തകളുടെ മാധ്യമഭാഷയാണ് ഇക്കാലത്ത് 'എക്സ്ക്ലൂസീവ്'. മാധ്യമപ്രവര്‍ത്തനത്തില്‍ ലോവര്‍ പ്രൈമറി വകതിരിവെങ്കിലുമുള്ളവര്‍ ഇതിനെ വിളിക്കുക 'പ്ലാന്റഡ് സ്റ്റോറി' എന്നാണ്. സ്ഥാപിത താല്‍പര്യക്കാര്‍ പത്രക്കാരുടെ ചെലവില്‍ കൃത്രിമമായി നട്ടുവളര്‍ത്തുന്ന ഇനം. ഈ വിടുപണിക്ക് സര്‍വാത്മനാ തയാറുള്ള ചാനല്‍സംഘം നില്‍ക്കെ, പൊലീസുകാരുടെ പണി എളുപ്പമാവുന്നു. ആ വഴിക്ക് കിളിപ്പിച്ചെടുത്തതാണ് മജീദിന്റെ പഴയമൊഴി പുതിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പരിപാടി. ഈ നേരത്താണ് മൊഴിക്കു പിന്നിലെ കള്ളത്തരത്തെപ്പറ്റി സാക്ഷാല്‍ മജീദ് 'കൈരളി'ചാനലിന് അഭിമുഖം കൊടുക്കുന്നത്. പക്ഷേ, 'കൈരളി' ഭരണകക്ഷി ചാനലായതുകൊണ്ട് അത് തമസ്കരിക്കപ്പെടുന്നു. തങ്ങള്‍ക്കാവശ്യമുള്ളതു മാത്രം പ്രചരിപ്പിക്കാന്‍ നമ്മുടെ ചാനല്‍വര്‍ഗത്തെ ആരും പഠിപ്പിക്കേണ്ടതില്ല.

ഈ 'വാര്‍ത്താ'കോലാഹാലത്തിനിടയില്‍ അതാ വരുന്നു, ആലുവ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഹരജി^കളമശേãരി കേസ് പുനരന്വേഷിക്കണമെന്ന് പി.ഡി. ജോസഫ് എന്ന പൌരന്റെ ആവശ്യം. ഈ പൌരന്റെ പശ്ചാത്തലവും ഹരജിയില്‍ അദ്ദേഹം നിരത്തിയ 'തെളിവുകളു'ം മറ്റൊരു കഥയാണ്, അതു നില്‍ക്കട്ടെ. പുനരന്വേഷണം തുടങ്ങി. പിന്നാലെ മെയ് 13, 14 തീയതികളില്‍ ഭീകരവിരുദ്ധ സംഘത്തലവന്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സൂഫിയയെ വിശദമായി ചോദ്യംചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ജേക്കബ് കണ്ണൂര്‍ ജയിലിലും ആലുവ സബ്ജയിലിലുമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നു. രണ്ടുപേര്‍ക്കും സൂഫിയയെ പ്രതിചേര്‍ക്കാനുള്ള തെളിവോ മൊഴിയോ കിട്ടുന്നില്ല. സുനില്‍ ജേക്കബിന് പകരം പി.എം. വര്‍ഗീസ് അന്വേഷണച്ചുമതലയേല്‍ക്കുന്നു. അദ്ദേഹവും സൂഫിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ചൊന്നും കിട്ടാതെ കേസുകെട്ട് പഴയ മട്ടില്‍ വീണ്ടും കിടപ്പായി.

അങ്ങനെയിരിക്കെ കേരളത്തിലെ തീവ്രവാദകേസുകള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാജു പുഴങ്കര എന്നയാള്‍ ഹൈകോടതിയില്‍ റിട്ട് പരാതി നല്‍കുന്നു. അതിന്മേല്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഭീകരവിരുദ്ധ സ്ക്വാഡിനോട്. അവര്‍ രണ്ടു കേസുകളാണ് തീവ്രവാദപ്പട്ടികയില്‍ നല്‍കിയത്^കോഴിക്കോട് ഇരട്ട സ്ഫോടനവും കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതും. കളമശേãരി കേസ് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുന്നതല്ലെന്നും വ്യക്തമാക്കി. മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആക്രമിക്കപ്പെട്ടതിലുള്ള യുവാക്കളുടെ പ്രതിഷേധപ്രകടനമായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍, സൂഫിയ മഅ്ദനിയെ പ്രതിയാക്കാന്‍ നടത്തിയ പലവിധ ശ്രമങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ ഫലവത്തായില്ല. ഇലക്ഷനില്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനായതുകൊണ്ട് കോടിയേരിയുടെ പൊലീസ് സൂഫിയയെ സംരക്ഷിച്ചെന്ന് യു.ഡി.എഫും പൊലിസിന് തെളിവില്ലാത്തതുകൊണ്ട് പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഇടതുസര്‍ക്കാറും അവരവരുടെ ന്യായം പറഞ്ഞ് പ്രശ്നം സജീവമായി നിലനിര്‍ത്തി. ഇനിയാണ് കൂടുതല്‍ സമര്‍ഥമായ കളി.

മറ്റു ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനെന്ന് പറഞ്ഞ് പി.ഡി.പിയുടെ ചില ജില്ലാ നേതാക്കളെയും പോഷക സംഘടനാനേതാക്കളെയും കഴിഞ്ഞ ആഗസ്റ്റില്‍ എറണാകുളം പൊലീസ്ക്ലബിലേക്ക് വിളിപ്പിക്കുന്നു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നതിനിടെ 'നിന്റെയൊക്കെ നേതാവിനെ ഞങ്ങള്‍ കുടുക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാകും ഇനി അഴിയെണ്ണുക, ചില്ലുകൊട്ടാരങ്ങള്‍ക്ക് ഞങ്ങള്‍ ഉടനെ കല്ലെറിയും; അപ്പോള്‍ ആരുടെയൊക്കെ പ്രതിച്ഛായയാണ് തകരുന്നതെന്ന് കണ്ടോളൂ' ഇത്യാദി ഭീഷണികള്‍ പലവട്ടം പലരോടും മുഴക്കി. ഇക്കൂട്ടത്തില്‍, 'നിനക്കൊക്കെ മറ്റു വല്ല പാര്‍ട്ടിയിലും പോയി പ്രവര്‍ത്തിച്ചുകൂടേ?' എന്ന ചോദ്യവുമുണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ വേണ്ടി വിളിപ്പിക്കപ്പെട്ടവര്‍ കളമശേãരി കേസിലോ മറ്റേതെങ്കിലും കേസിലോ ബന്ധപ്പെട്ടവരല്ല. ഇംഗിതം വ്യക്തമായിരുന്നു^മഅ്ദനിയെ കുടുക്കാന്‍ പോകുന്നു എന്ന ഭീഷണി വഴി പിന്തുണക്കാരെ ഭയപ്പെടുത്തി അകറ്റുക. അന്തരീക്ഷം ഒരുക്കിയശേഷം ആസൂത്രണം നടപ്പാക്കുക എന്ന ലളിതതന്ത്രം. മാധ്യമങ്ങള്‍ മുഖേന ഭീകരചിത്രം വരക്കുകയും അനുയായികളില്‍ ഭയം വിതറുകയും ചെയ്തിട്ട് കാര്യത്തിലേക്ക് കടക്കുക.
കാര്യപരിപാടിയിലെ തൊട്ടടുത്ത ഇനം ആ തന്ത്രംവ്യക്തമാക്കുന്നതാണ്. അതേക്കുറിച്ച് നാളെ.
(തുടരും)

Madhyamam Daily

Sunday, December 27, 2009

ഓപറേഷന്‍ മഅ്ദനി: ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കുമ്പോള്‍

കളമശേãരി ബസ്കത്തിക്കല്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു എന്ന് കോടിയേരിയും ഉണ്ടെങ്കില്‍ സംഗതി 42 മാസമായി കൈവശം വെച്ച് എന്തെടുക്കുകയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടിയും പരസ്പരം കുറ്റപ്പെടുത്തി മിടുക്കരാവുന്ന ആ 'തെളിവ്' എന്താണ്?
സൂഫിയ മഅ്ദനിയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് എന്ന് രണ്ടു കൂട്ടരും ഒരേ നാവാല്‍ പറയും. എന്താണതിലെ 'ഡീറ്റെയ്ല്‍സ്' എന്ന് പൊതുവിലാരും ചോദിക്കുന്നില്ല, പറയുന്നുമില്ല. ബസ് കത്തിച്ചവരെന്ന് പൊലീസ് പറയുന്ന ചിലര്‍ സൂഫിയയുടെ ഫോണിലേക്കും തിരിച്ചും സംഭവദിവസം വിളിച്ചു എന്നു മാത്രമാണ് സ്ഥിരം മറുപടി. ബസ് കത്തിച്ചവരാണോ വിളിച്ചതെന്നു തറപ്പിച്ചു ചോദിച്ചാല്‍ ഇപ്പറയുന്ന പൊലീസിനും ഉരുണ്ടുകളിക്കേണ്ടിവരും. കാരണം, കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി എന്നു പറഞ്ഞ് തൊണ്ടിസഹിതം പിടികൂടി അഞ്ചു കൊല്ലമായി പ്രദര്‍ശിപ്പിച്ചിരുന്ന ആളല്ല ഇപ്പോള്‍ ഒന്നാംപ്രതി. തന്നെയല്ല, അയാളെ മേപ്പടി തൊണ്ടിസാധനങ്ങള്‍ സഹിതം വിട്ടയച്ചിരിക്കുന്നു. പുതിയ തൊണ്ടിയൊന്നും പൊന്തിയിട്ടുമില്ല.
ഫോണിലേക്കു വിളിച്ചു എന്നതു മാത്രമാണ് ഇപ്പോഴും തെളിവായി പൊലീസ് പറയുന്നത്. എങ്കില്‍, ഇപ്പോഴത്തെ ഒന്നാംപ്രതി തടിയന്റവിട നസീര്‍ അന്നേ ദിവസം സൂഫിയയെ വിളിച്ചതായി പറയുന്നുമില്ല. അതുംപോട്ടെ, ഫോണ്‍സംഭാഷണമാണ് ഈ കേസിലെ ഏക തെളിവെന്നിരിക്കെ, പ്രസ്തുതസംഭാഷണം എന്തായിരുന്നു എന്നതാണല്ലോ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ഏകഘടകം. സംഭാഷണത്തിന്റെ ടേപ്പുണ്ട് എന്നു പറഞ്ഞുതുടങ്ങിയ പൊലീസ് ഇപ്പോള്‍ പറയുന്നത് ടേപ്പ് കാണാനില്ലെന്ന്. ബസ് കത്തിക്കലും സൂഫിയയും തമ്മിലെന്ത് എന്ന മര്‍മപ്രധാന ചോദ്യത്തില്‍നിന്ന് ഇങ്ങനെ ക്ലീനായി വഴുതിമാറുന്നതിന് എന്താണ് കാരണം? ഒന്നുകില്‍ അങ്ങനെയൊരു ടേപ്പില്ല. അല്ലെങ്കില്‍, പ്രസ്തുത ടേപ്പില്‍ ഈ കേസില്‍ സൂഫിയയെ ഉള്‍പ്പെടുത്താന്‍ പറ്റിയ സംഭാഷണമില്ല. പൊലീസ് ഇക്കാര്യത്തില്‍ കൌശലപൂര്‍വമായ മൌനം പാലിക്കുകയും അതേസമയം മാധ്യമദ്വാരാ, 'ഫോണ്‍ സംഭാഷണം, ഫോണ്‍ സംഭാഷണം' എന്ന ഉമ്മാക്കിയെ കച്ചക്കെട്ടായി നിലനിറുത്തുകയും ചെയ്യുമ്പോള്‍ സമൂഹം എന്ന നിലക്ക് നമുക്കു കാര്യം തിരക്കേണ്ടത് ഇനി സൂഫിയയോടും ബന്ധപ്പെട്ട ഫോണ്‍വിളിക്കാരോടുമാകുന്നു.
2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശേãരിയില്‍ ബസ് കത്തിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ ചെന്നൈ ഹൈകോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിലെ വിധിയും കാത്തുകഴിയുകയാണ്. മാത്രമല്ല, എട്ടുകൊല്ലത്തിലേറെയായി വിചാരണത്തടവുകാരനായി കിടക്കുന്നതിലെ മനുഷ്യാവകാശപ്രശ്നത്തിന്മേല്‍ കേരളത്തില്‍ പൊതുചര്‍ച്ച നടക്കുന്നു. ഈ നേരത്ത് മഅ്ദനിയുടെ ഭാര്യ പ്രകോപനപരവും ഭര്‍ത്താവിന്റെ വിധിക്ക് പ്രതിലോമകരവുമായ ഒരു അതിക്രമത്തിനു മുതിരുമോ എന്ന സാമാന്യചോദ്യം നമുക്ക് വിടാം. എന്നാല്‍, ജയിലില്‍ മഅ്ദനി മര്‍ദനത്തിനിരയായി, ബോധംകെട്ടു ഇത്യാദി വാര്‍ത്തകള്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയെ ഫോണിലും മറ്റും ബന്ധപ്പെട്ട് ആളുകള്‍ വിവരം തിരക്കുന്ന സ്വാഭാവികതയെ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ ചിലരെ പെറുക്കിയെടുത്ത് പ്രതിചേര്‍ക്കുകയാണ് പൊലീസ് ആദ്യമേ ചെയ്തത്. അവരില്‍ പ്രമുഖരായവരുടെ സൂഫിയാബന്ധം നോക്കാം.
ഒന്ന്, മജീദ് പറമ്പായി.
കണ്ണൂരിലെ മുന്‍ പി.ഡി.പി ജില്ലാ സെക്രട്ടറിയായ മജീദിന് മഅ്ദനി കുടുംബവുമായുള്ള ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. തന്റെ വീട്ടുസഹായിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹകാര്യത്തിന് മജീദടക്കം പരിചയക്കാര്‍ പലരോടും സൂഫിയ സഹായമഭ്യര്‍ഥിച്ചിരുന്നു. മജീദിന്റെ ബന്ധുവായ 'ഹാജി' എന്നൊരാള്‍ ഇക്കാര്യത്തിന് പലവട്ടം ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. കളമശേãരിസംഭവത്തിന്റെ തലേന്ന് മജീദ് ബന്ധപ്പെട്ടതനുസരിച്ച് ഇപ്പറയുന്ന ഹാജിയും ഫോണ്‍ചെയ്തു. പെണ്ണു കാണാനായി ഒരു യുവാവിനെയും കൂട്ടി അയാള്‍ അന്ന് സൂഫിയയുടെ വീട്ടിലെത്തി. പ്രത്യേകിച്ചൊരു തീരുമാനവും പറയാതെ അവര്‍ പോയതുകൊണ്ട് പിറ്റേന്നുതന്നെ സൂഫിയ ഇപ്പറഞ്ഞ മൂന്നുപേരെയും ഫോണ്‍ ചെയ്ത് കാര്യം തിരക്കുന്നു. പെണ്ണിന് ഉയരക്കുറവായതിനാല്‍ വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് അന്നുതന്നെ അവര്‍ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളത്രയും പറമ്പായി മജീദും പെണ്ണുകാണാന്‍ ചെന്നവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ്, യൂസുഫ് എന്നിവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. സൂഫിയ^മജീദ് ഫോണ്‍സംഭാഷണം ഈ വിവാഹകാര്യം സംബന്ധിച്ചുള്ളതല്ലെന്ന് പൊലീസും പറയുന്നില്ല. എന്നിട്ടും ഇവര്‍ രണ്ടാളെയും ഫോണ്‍സംഭാഷണം എന്ന 'തെളിവി'ന്റെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു.
കളമശേãരി കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് പി.ഡി.പിയുടെ ആലുവ മണ്ഡലം സെക്രട്ടറി ശരീഫാണ്. ഭേഷെ മര്‍ദിക്കുകയും അയാളുടെ വീട്ടില്‍നിന്ന് ബസ് കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പന്തവും പെട്രോളും മറ്റും പിടിച്ചെന്നു പ്രചരിപ്പിക്കുകയും ചെയ്തു. സമാനമായ ചില സാധനങ്ങള്‍ സൂഫിയയുടെ വീട്ടുവളപ്പില്‍ കൊണ്ടുചെന്നിടണമെന്നും അവരാണ് ബസ് കത്തിക്കാന്‍ നിര്‍ദേശിച്ചതെന്നു പറയണമെന്നും ശരീഫിനോട് അന്നുതന്നെ പൊലീസ് ആവശ്യപ്പെട്ടതായി അയാള്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍, ബസ് കത്തിക്കലിന്റെ സൂത്രധാരക മഅ്ദനിയുടെ ഭാര്യയും നടത്തിപ്പുകാര്‍ പി.ഡി.പി പ്രവര്‍ത്തകരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് തുടക്കംതൊട്ടേ ശ്രമിച്ചിരുന്നു എന്നര്‍ഥം. ഇക്കാര്യം കേവലമായ അനുമാനമല്ല. ശരീഫിനുപുറമെ മജീദ് പറമ്പായിയും ഈ വഴിക്ക് വ്യക്തമായ സൂചന നേരത്തേതന്നെ പരസ്യമായി നല്‍കിയിരുന്നു. തന്നെ കസ്റ്റഡിയിലിട്ട് കഠിനമായി പീഡിപ്പിച്ചെന്നും സൂഫിയയാണ് ആസൂത്രകയെന്നു പറയാന്‍ ശക്തമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മജീദ് ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യമാക്കി. മജീദിന്റെ മേലുള്ള പീഡനം സഹിക്കവയ്യാതെ അയാളുടെ കുടുംബക്കാര്‍ അതിനുമുമ്പുതന്നെ കണ്ണൂരില്‍ പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ കൈരളി ടി.വിക്ക് മജീദ് നല്‍കിയ അഭിമുഖത്തിലും ഇതെല്ലാം സവിസ്തരം വെളിപ്പെടുത്തിയതാണ്. 'ഈ കേസ് തീര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്കിത് സൂഫിയയില്‍ കൊണ്ടെത്തിച്ചേ തീരൂ. എങ്കില്‍ മാത്രമേ ബസ് കത്തിച്ചത് മഅ്ദനിക്കുവേണ്ടിയാണെന്ന് വരുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ സാധിക്കൂ' എന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായിട്ടാണ് മജീദിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെയൊക്കെ പറഞ്ഞ് മജീദില്‍നിന്ന് തരപ്പെടുത്തിയ മൊഴി പീഡിപ്പിച്ചുണ്ടാക്കിയ കെട്ടുകഥകളാണെന്നു തോന്നിയ മേലുദ്യോഗസ്ഥര്‍ പക്ഷേ, സൂഫിയയെ ഇതുവെച്ച് പ്രതിയാക്കാന്‍ അന്നു തുനിഞ്ഞില്ല. അതുകൊണ്ടുതന്നെ, ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരു ചേര്‍ത്തില്ല.
എന്നാല്‍, കുറ്റപത്രം കൊടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം പൊലീസ് അത് പിന്‍വലിക്കുന്നു. കൂടുതല്‍ അന്വേഷിക്കാനുണ്ടെന്ന് പറയുന്നില്ല. പുതുതായി ആരെയെങ്കിലും പ്രതിചേര്‍ക്കാനുണ്ടെന്നും പറയുന്നില്ല. ഇവിടെയാണ് കളി. സൂഫിയ മഅ്ദനിയെ പ്രതിയാക്കാനുള്ള തുടക്കം മുതല്‍ക്കേയുള്ള ശ്രമത്തിനു പിന്നിലെ ചേതോവികാരം പൊലീസിന് കളമശേãരി കേസിലുള്ള തുമ്പില്ലായ്മക്ക് ഒരൊറ്റമൂലി എന്നതായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം^കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുതല്‍^ ആ വഴിക്കുള്ള ആസൂത്രണത്തിനൊരു രണ്ടാം മുഖം കൈവരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ സംഗതി കുറേക്കൂടി ആഴത്തിലുള്ള പ്രബലഘടകങ്ങളുടെ അനിവാര്യതയായി. ആ പശ്ചാത്തലം വ്യക്തമാക്കിയാലേ ഈ കേസിന്റെ ഗൂഢാലോചന വകതിരിച്ചറിയാനാകൂ.
കളമശേãരിയില്‍ ഒരു ബസ് കത്തിച്ചാല്‍ ഉടന്‍ മഅ്ദനിയുടെ ഭാര്യയുടെ ഫോണില്‍ തെളിവു തപ്പുന്നതിന്റെ ഉദ്ദേശ്യത്തില്‍നിന്നുവേണം കഥ തുടങ്ങാന്‍. ഒന്നാമത് അവര്‍ പി.ഡി.പി പ്രവര്‍ത്തകയല്ല. മഅ്ദനിയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമല്ല. ജയിലില്‍ കഴിയുന്ന മഅ്ദനിക്കുവേണ്ടി ബസ് കത്തിച്ചതുകൊണ്ട് ഭാര്യയറിയാതെ കാര്യം നടക്കില്ലെന്നത് ഒരൂഹം മാത്രമാണ്. ആ വഴിക്ക് അന്വേഷണം നടത്തേണ്ടതുമാണ്. എന്നാല്‍, ഊഹത്തെ കറതീര്‍ന്ന മുന്‍വിധിയായി ഉറപ്പിക്കുന്ന നീക്കമാണ് ഈ കേസന്വേഷണത്തില്‍ പിന്നീട് കണ്ടതത്രയും. അഥവാ മറ്റൊരു സാധ്യതപോലും പൊലീസ് ഗൌനിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെയാണ് പ്രത്യേകിച്ചൊരു യുക്തിസഹമായ തുമ്പുമില്ലാതെ ഈ കേസ് കിടന്നുപോയതും. സൂഫിയയുടെ കോള്‍ലിസ്റ്റിലുള്ള ചിലരെ മാത്രം അച്ചുതണ്ടാക്കിയ തിരക്കഥയെയാണ് അന്വേഷണം എന്ന പേരില്‍ ഇത്രകാലം വിളിച്ചിരുന്നതെന്നു ചുരുക്കം. സ്വാഭാവികമായും തിരക്കഥക്ക് ബലമുണ്ടാകണമെങ്കില്‍ സൂഫിയതന്നെ നായികയാവണം. അതിനുള്ള വകുപ്പ് പക്ഷേ, കോള്‍ലിസ്റ്റിലില്ല. അഥവാ പൊലീസ് അഭിലഷിക്കുന്ന വെടിമരുന്ന് അതിലില്ല. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ബാധ്യസ്ഥരാകും. വിശേഷിച്ചും അതിനുള്ള സമ്മര്‍ദം അവര്‍ക്കുമേലുണ്ടെങ്കില്‍, വിരുദ്ധധ്രുവങ്ങളില്‍ നിന്നുള്ള സമ്മര്‍ദം വരുമ്പോള്‍ അന്വേഷകര്‍ സൌകര്യംപോലെ ഡബിള്‍റോള്‍ നടിക്കും^അതതു സമ്മര്‍ദങ്ങളുടെ കാലികമായ ബലവും ക്ഷയവുമനുസരിച്ച്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഉഴപ്പിയതും കോടിയേരിയുടെ പൊലീസ് വെച്ചുതാമസിപ്പിച്ചതുമൊക്കെ ഈ സമ്മര്‍ദത്തിന്റെ ഒരൊറ്റ സന്തുലന ബിന്ദുവിലാണ്^മഅ്ദനിയെവെച്ചുള്ള മുസ്ലിം വോട്ടുരാഷ്ട്രീയം.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും മഅ്ദനി ലക്ഷണമൊത്ത രാഷ്ട്രീയായുധമാണ്. ഇരുമുന്നണിയും തെരഞ്ഞെടുപ്പിന് മഅ്ദനിയുടെ പിന്തുണ തേടിച്ചെല്ലും. പിന്തുണ കിട്ടുന്നവര്‍ക്കെതിരെ മറുപക്ഷം ഉടനടി 'തീവ്രവാദിബന്ധം' ആരോപിക്കും. അടുത്ത റൌണ്ടില്‍ ഈ മറുപക്ഷത്തിനാണ് പിന്തുണ കിട്ടുന്നതെങ്കില്‍ അവര്‍ അതുവരെ പ്രചരിപ്പിച്ച തീവ്രവാദി ബന്ധക്കഥ ഒരുളുപ്പുമില്ലാതങ്ങ് വിഴുങ്ങും. കഴിഞ്ഞ തവണ മഅ്ദനിയുടെ തോളില്‍ കൈയിട്ട കൂട്ടര്‍ ഉടനെ പ്ലേറ്റ് തിരിച്ചുവെക്കും^എതിര്‍പക്ഷത്തിനുമേല്‍ തീവ്രവാദിബന്ധം എന്ന ലേബലൊട്ടിക്കുകയായി. കേരളീയരുടെ സാമാന്യബോധത്തെ ഇത്ര കൂളായി കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് കഴിഞ്ഞ ഒരു ദശകമായി ഇടതുപക്ഷവും യു.ഡി.എഫും സാഘോഷം വെച്ചുനടത്തുന്നു. ദോഷം പറയരുതല്ലോ^ഇക്കാര്യത്തില്‍ ഇരട്ടത്താപ്പില്ലാത്ത ഏകകക്ഷി ബി.ജെ.പിയാണ്.
നിര്‍ലജ്ജമായ ഈ ഭൂമികയിലേക്കാണ് മഅ്ദനി ജയില്‍വിട്ടെത്തുന്നത്. അതിനുമുമ്പ്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ തേടി ഇരുമുന്നണിയിലെയും പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അനന്തരം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒരു പൊതുയോഗം. ഇക്കുറി മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നറിയിക്കുന്ന കത്ത് അവിടെവച്ച് പരസ്യമായി കൈമാറുന്നു. ഏറ്റുവാങ്ങിയത് കോടിയേരി. മുഖ്യപ്രസംഗകരിലൊരാള്‍ ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഡന്‍ (ഈ ദേഹമാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ 'തീവ്രവാദബന്ധ'ത്തിന്മേല്‍ നമ്മളെ ധാര്‍മികമായി പ്രബുദ്ധരാക്കിയത്). ആ കത്തില്‍ പറഞ്ഞിരുന്നപോലെ വോട്ടുപെട്ടി തുറന്നപ്പോള്‍ 'വന്‍മരങ്ങള്‍ പലതും കടപുഴകി'. പുഴകിയ മരങ്ങള്‍ കൂടുതലും യു.ഡി.എഫിലായതുകൊണ്ട് മഅ്ദനി ജയില്‍വിട്ടിറങ്ങിയതും ഇടതുപക്ഷം ചെമ്പരവതാനി വിരിച്ച് ആളെ റാഞ്ചി. മുസ്ലിം വോട്ടില്‍ ഒരു കഷണം ഇടതുപക്ഷത്താവുന്നതിന്റെ ത്രാസം മറുപക്ഷം മറച്ചത് പഴയ പല്ലവി പൊടിതട്ടിയെടുത്തുകൊണ്ടാണ് ^'തീവ്രവാദിബന്ധം'. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് പ്രമാണിമാരുടെ മഅ്ദനി വിരോധം മൂര്‍ച്ഛിച്ചു. മാധ്യമങ്ങളില്‍^പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളില്‍^കയറിയിരുന്ന് പരസ്യമായ ശരവര്‍ഷം തുടങ്ങി. രാഷ്ട്രീയ വിമര്‍ശങ്ങളും ആരോപണ പ്രത്യാരോപണങ്ങളും എന്ന നിലവിട്ട് പച്ചയായ വ്യക്തിവിദ്വേഷവും ആപത്കരമായ വിഷവര്‍ഷവും പ്രസരിപ്പിക്കാനുള്ള ലൈസന്‍സായി പലര്‍ക്കും ഈ അവസരം. ഓപറേഷന്‍^മഅ്ദനിയുടെ രാഷ്ട്രീയ പിന്നാമ്പുറത്തേക്ക് വെളിച്ചംവീശുന്ന മാതൃകയായി പ്രശസ്തമായ ഒരുദാഹരണം തരാം^കെ. ബാബു എം.എല്‍.എ.
(തുടരും)

വിജു വി. നായര്‍ Madhyamam Daily

Sunday, December 20, 2009

മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നതെന്തുകൊണ്ട് ?


1998ലെ കോയമ്പത്തൂര്‍ ബോംബ്സ്ഫോടന കേസില്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ ചിലരുമായി ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന സംശയം പറഞ്ഞ് തമിഴ്നാട് പൊലീസ് ചോദ്യംചെയ്യാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഒമ്പതു വര്‍ഷക്കാലം ജാമ്യം നിഷേധിച്ച് അന്യായതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തശേഷം കുറ്റമുക്തനായി 2007 ആഗസ്റ്റില്‍ ജയില്‍മോചിതനായ രാഷ്ട്രീയനേതാവാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്യ്രവും പൌരാവകാശങ്ങളുമനുഭവിച്ച് കുടുംബത്തോടും കുട്ടികളോടുമൊപ്പം സ്വാഭാവികജീവിതത്തിന്റെ രണ്ടുവര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ട് അധികനാളുകളായിട്ടില്ല. അപ്പോഴേക്കും മഅ്ദനി വീണ്ടും വേട്ടയാടപ്പെടുകയാണ്. മാധ്യമങ്ങള്‍ പറയാനുദ്ദേശിക്കുന്ന തരത്തിലുള്ള 'ഭീകരനും പൊലീസും' കളിയിലൊതുക്കാവുന്ന കാര്യമല്ല ഇത്. മഅ്ദനിയുടെ ഭാര്യ സൂഫിയയുടെ മേലാണ് ഇപ്പോള്‍ വേട്ടക്കാരുടെ കണ്ണ്. മഅ്ദനിക്കെതിരെ ഇന്നോളം ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന വസ്തുത കോടതിവിധികളിലൂടെ ശരിവെക്കപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തശേഷം സൂഫിയ മഅ്ദനിയെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെയും അപസര്‍പ്പകാന്വേഷണങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നതിന്റെയും പരമമായ ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തിന്റെ പലയിടങ്ങളിലുണ്ടായ വിധ്വംസകപ്രവര്‍ത്തനങ്ങളിലെല്ലാം സൂഫിയക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത പൂണ്ട അന്വേഷണങ്ങളുടെ പ്രഭവസ്ഥാനം അങ്ങ് വടക്കാണെന്ന് മനസ്സിലാക്കാനും അധികം തലപുണ്ണാക്കേണ്ട കാര്യമില്ല. ബസ്കത്തിക്കല്‍സംഭവത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി പത്താം പ്രതി ചേര്‍ത്താണ് സൂഫിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിരുന്നിട്ടും യു.ഡി.എഫ് ഭരണകാലത്ത് സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് എല്‍.ഡി.എഫ് ഭരണാധികാരികളും അധികാരത്തില്‍വന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് പ്രതിപക്ഷനേതാവും ഈ പ്രശ്നത്തില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്നു. തീവ്രവാദപ്രശ്നം കത്തിജ്ജ്വലിപ്പിച്ച് സര്‍വരുടെയും കണ്ണുതുറപ്പിച്ചതിന് കോടതിയുടെ പ്രശംസ പിടിച്ചുപറ്റിയ മാധ്യമങ്ങളാവട്ടെ, മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യത്തിലെന്നപോലെ തുടര്‍ന്നും സൂഫിയക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള പുതിയ പൂത്തിരികള്‍ കത്തിച്ച് ഭീകരവിരുദ്ധ യുദ്ധത്തിന്റെ ദേശീയ കമാന്‍ഡര്‍ പദവി കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ്. സൂഫിയയെ ഏതൊക്കെ കേസുകളില്‍ പ്രതിചേര്‍ക്കണമെന്ന മാധ്യമനിര്‍ദേശങ്ങള്‍ ഇതിനകം അവര്‍ കേള്‍പ്പിച്ചുകഴിഞ്ഞു. ഇനി പൊലീസ് കൂടി തീരുമാനിച്ചാല്‍ മതി. കസ്റ്റഡിയില്‍ കിട്ടിയവരെ ഉപയോഗിച്ചുള്ള സര്‍ഗഭാവനകള്‍ മാലേഗാവ് സ്ഫോടനകേസിലും മക്കാമസ്ജിദ് സ്ഫോടനത്തിലും മുംബൈ ട്രെയിന്‍സ്ഫോടനത്തിലുമെല്ലാം തകിടം മറിഞ്ഞത് രാജ്യം മുഴുവന്‍ കണ്ടറിഞ്ഞ കാര്യമാണ്. പൊലീസിനെ കൊണ്ടുതന്നെ അതൊക്കെ തിരുത്തിപ്പറയിക്കാന്‍ വന്ന ഹേമന്ത് കര്‍ക്കരെയുടെയും സഹപ്രവര്‍ത്തകരുടെയും കഥകഴിച്ചതിന്റെ കഥ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പൊലീസ്സ്റ്റോറികള്‍ വിറ്റുകാശാക്കിയ ദേശീയമാധ്യമങ്ങള്‍ വിറ്റ സാധനം തിരിച്ചെടുക്കേണ്ട സ്ഥിതിവന്നപ്പോള്‍ തടിതപ്പിയതും നാം കണ്ടതാണ്. കേരളത്തിലെ ഭീകരവിരുദ്ധ വേട്ട ദേശീയമാധ്യമങ്ങള്‍ കണ്ട ഭാവം നടിക്കാത്തതിന്റെ കാരണവും അതുതന്നെ. എല്ലാ അന്വേഷണങ്ങളും പ്രഹസനമാണെന്നല്ല. അന്വേഷണങ്ങള്‍ എവിടെയെങ്കിലും എത്തിച്ചേരുന്നതിനു മുമ്പുതന്നെ വിചാരണയും വിധിപ്രസ്താവവും നടത്തുന്ന മാധ്യമസുരേന്ദ്രന്മാരുടെ 'പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍' പൊലീസിനെപ്പോലും ആശയക്കുഴപ്പത്തിലാക്കുംവിധം അതിരുകടക്കുന്നുണ്ട്. യഥാര്‍ഥപ്രതികളെ സഹായിക്കാനേ ഇതുപകരിക്കുകയുള്ളൂ. മാലേഗാവില്‍ തെളിഞ്ഞ കാര്യം കേരളത്തില്‍ പൊലിഞ്ഞുപോകാതിരിക്കണമെങ്കില്‍ അല്‍പം ഉത്തിഷ്ഠതയും ജാഗ്രതയും പാലിച്ചേ തീരൂ.

കളമശേãരിയില്‍ ബസ് കത്തിച്ചത് പി.ഡി.പിക്കാരാണോ ? ഒന്നാംപ്രതിസ്ഥാനത്ത് നിന്ന പി.ഡി.പിക്കാരന്‍ പ്രതിയല്ലെന്നാണ് പുതിയ കുറ്റപത്രം പറയുന്നത്. പിന്നെ അയാള്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ഉത്കണ്ഠപ്പെടാത്തത് നീതിബോധത്തിന്റെ ഒരു വേറിട്ടമാതൃകയെന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്. ജാമ്യം നിഷേധിച്ച് മഅ്ദനിയെ ജയിലിലിട്ട് പീഡിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് കളമശേãരിയില്‍ കത്തിജ്ജ്വലിച്ചതെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സൂഫിയയെ ഗൂഢാലോചനക്കാരിയാക്കുന്നത്. വാസ്തവത്തില്‍ മഅ്ദനി മോചിപ്പിക്കപ്പെടുമെന്നുള്ള പ്രതീക്ഷക്ക് ശക്തികൂടുകയും കേരളജനത ഒറ്റക്കെട്ടായി മഅ്ദനിയുടെ മോചനമാവശ്യപ്പെട്ടുതുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണിത് സംഭവിക്കുന്നത്. ബസ് കത്തിച്ചതില്‍ സൂഫിയയുടെ പങ്കിനെക്കുറിച്ച് അന്ന് കേസെടുക്കാന്‍ മതിയായ തെളിവൊന്നുമുണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ പറയുന്ന യു.ഡി.എഫ് തന്നെയാണ് കളമശേãരി സംഭവത്തോടനുബന്ധിച്ച് സൂഫിയയെ അറസ്റ്റ് ചെയ്യുമെന്ന് രഹസ്യപ്രചാരണം നടത്തിയത്. ആദ്യം പി.ഡി.പി വൃത്തങ്ങളില്‍ ഈ പ്രചാരണം അഴിച്ചുവിട്ടു. പിന്നീട് 'മംഗളം'പത്രത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനവാര്‍ത്ത വന്നു. കുറച്ചുകഴിഞ്ഞ് പൊലീസ് അത് നിഷേധിച്ചു. കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്താല്‍ കള്ളിപൊളിയുമോ എന്ന് ഒരുപക്ഷേ, ഭയപ്പെട്ടിരിക്കാം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല അന്ന് അറസ്റ്റുകള്‍ നടന്നതെന്ന് ഒന്നാംപ്രതിയടക്കമുള്ള മൂന്നുപേര്‍ ഇപ്പോള്‍ പ്രതിയല്ലാതായിത്തീര്‍ന്നതില്‍നിന്നു തന്നെ വ്യക്തമാണ്. സൂഫിയക്കെതിരെയും വ്യാജ തെളിവുകളുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ പരിപാടിയിട്ടിരുന്നുവെന്നും അത് പിന്നീട് മറ്റേതോ അവസരത്തിനുവേണ്ടി മാറ്റിവെക്കപ്പെടുകയായിരുന്നുവെന്നും കരുതുന്നതിലെന്താണ് തെറ്റ് ? മഅ്ദനിയുടെ മോചനത്തിനനുകൂലമായ ഒരു തരംഗംതന്നെ നിലനിന്നിരുന്ന സാഹചര്യത്തില്‍ സൂഫിയയെ പ്രതിയാക്കുകയും അറസ്റ്റുചെയ്യുകയും ചെയ്താല്‍ ഉദ്ദേശിച്ച ഫലംചെയ്യില്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവണം. സൂഫിയക്കെതിരെ യു.ഡി.എഫ് പരസ്യമായി രംഗത്തുവരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ്. സൂഫിയക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തില്ല എന്ന ചോദ്യത്തിന് ഒരു മാധ്യമചര്‍ച്ചയില്‍ ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ മറുപടി പറഞ്ഞതോര്‍ക്കുന്നു, സൂഫിയയെ അറസ്റ്റ് ചെയ്യാതിരുന്നത് അത് മഅ്ദനിയുടെ മോചനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലോ എന്നു കരുതിയിട്ടാണെന്ന്. ഇത് തെളിയിക്കാന്‍ അദ്ദേഹത്തിന് ഔദ്യോഗികമായ എന്തെങ്കിലും തെളിവുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയൊരു പ്രചാരണം യു.ഡി.എഫ് ഭാഗത്തു നിന്നുണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇത് സ്വീകരിക്കാം. ഈ പ്രചാരണം കളമശേãരി കേസന്വേഷണ സമയത്ത് യു.ഡി.എഫ് വ്യാപകമാക്കിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി വോട്ടുകളെ സ്വാധീനിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതിനുപിന്നില്‍. യഥാര്‍ഥത്തില്‍ പി.ഡി.പി അണികളിലും നേതാക്കളിലും ചിലരെയെങ്കിലും ഇത് സ്വാധീനിച്ചിരുന്നു. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. 2006ല്‍ പി.ഡി.പി പിന്തുണ കിട്ടിയില്ലെങ്കിലും യു.ഡി.എഫ് നിരാശരായില്ല. 2009ല്‍ വീണ്ടും പിന്തുണക്കായി ശ്രമിച്ചു; നടന്നില്ല. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. അതിനുശേഷമാണ് പി.ഡി.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.

പി.ഡി.പി^യു.ഡി.എഫ് ബന്ധത്തിന്റെ ചരിത്രത്തില്‍ കേസുകള്‍ക്കാണ് എക്കാലവും നിര്‍ണായകസ്ഥാനം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും മണ്ഡലം^ജില്ലാനേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ 1993 മുതലുള്ള യു.ഡി.എഫ് സര്‍ക്കാറുകള്‍ ചാര്‍ജ്ചെയ്തു. ഇതിന്റെയൊന്നും പേരില്‍ ആരും ഇതേവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കേസുകള്‍ എന്നും തലവേദനയായിരുന്നു. മഅ്ദനിയെ മെരുക്കാന്‍ യു.ഡി.എഫ് അവലംബിച്ച പ്രധാനമാര്‍ഗം കള്ളക്കേസുകളാണ്. കോണ്‍ഗ്രസ്വിരുദ്ധ^ലീഗ്വിരുദ്ധ ബോധപരിസരത്തില്‍നിന്നാണ് പി.ഡി.പി ആവിര്‍ഭവിച്ചതെങ്കിലും '94ലെ ഇ.എം.എസ് ലൈന്‍ സി.പി.എം നേതൃത്വം തള്ളിക്കളഞ്ഞ ശേഷം ഇടതുപക്ഷം പി.ഡി.പിയോട് പുലര്‍ത്തിയ ശത്രുതയും ഇരുമുന്നണികളും നടത്തിയ അപവാദപ്രചാരണങ്ങളും കാരണം യു.ഡി.എഫ് രാഷ്ട്രീയത്തോട് തത്ത്വത്തില്‍ വിയോജിച്ചുകൊണ്ടുതന്നെ യു.ഡി.എഫ് പക്ഷത്തുനില്‍ക്കാന്‍ പി.ഡി.പി നിര്‍ബന്ധിതമായി. അതിന്റെ കാരണങ്ങളിലൊന്ന് കള്ളക്കേസുകളുടെ സമ്മര്‍ദങ്ങളാണ്. പിന്നീട് മഅ്ദനി ജയിലിലടക്കപ്പെട്ടു. ശേഷം പി.ഡി.പിയോടുള്ള യു.ഡി.എഫ് സമീപനത്തിലും വലിയ വ്യത്യാസംവന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍വരികയും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ ഏതുവിധേനെയും അധികാരത്തിലെത്തുക യു.ഡി.എഫിന് അത്യന്താപേക്ഷിതമായിരുന്നു. മഅ്ദനിയെ ജയില്‍മോചിതനാക്കുകയെന്നതായിരുന്നു പി.ഡി.പിയുടെ പ്രധാന ആവശ്യം. പി.ഡി.പി^യു.ഡി.എഫ് ബന്ധം ഇങ്ങനെയൊരു പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുദൃഢമായി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും കുന്ദമംഗലത്തും പി.ഡി.പി നോമിനികളെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടാവുന്നതും പി.ഡി.പിക്ക് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ഇക്കാലത്താണ്. കെ. മുരളീധരനായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്. യു.ഡി.എഫ് യോഗത്തിലേക്ക് പി.ഡി.പിയെ ക്ഷണിച്ചുകൊണ്ടാണ് ഈ വാഗ്ദാനങ്ങളൊക്കെയുണ്ടായത്.

എന്നാല്‍ ഒരു വാഗ്ദാനത്തിലും യു.ഡി.എഫ് വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, പുതിയ കുറേ കേസുകള്‍കൂടി 2002ലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ നുഴഞ്ഞുകയറ്റക്കാര്‍ കാട്ടിക്കൂട്ടിയ കലാപത്തിന്റെ പേരില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ ചുമലില്‍ കെട്ടിയേല്‍പിക്കുകയും ചെയ്തു. മഅ്ദനിയുടെ പരോള്‍പോലും തടഞ്ഞു. യു.ഡി.എഫ് സൌഹൃദം വഞ്ചനയാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ പി.ഡി.പി അനുക്രമം അതവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2004ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് യു.ഡി.എഫിന് തിരിച്ചടിയായി അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്തു. കളമശേãരി സംഭവം നടക്കുന്നതിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഗുണകരമല്ലാത്ത സമീപനമാണ് പി.ഡി.പി സ്വീകരിച്ചത്. കളമശേãരി ബസ്കത്തിക്കലിന്റെ പിന്നിലെ പ്രചോദനമെന്തായിരുന്നുവെന്ന വിഷയം പൊലീസ് അന്വേഷണത്തിലൂടെയും വിചാരണയിലൂടെയുമെല്ലാം പുറത്തുവരട്ടെ. തടിയന്റവിട നസീര്‍ പറയുന്നത് നേരാണോ നുണയാണോ എന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പോള്‍ മാത്രമേ തീര്‍പ്പു കല്‍പിക്കാനാവുകയുള്ളൂ. അതോടെ കളമശേãരികേസും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തും. ഈ സംഭവത്തോടനുബന്ധിച്ച് നടന്ന പ്രചാരണങ്ങളുടെ പിന്നിലെ രാഷ്ട്രീയപ്രചോദനം യു.ഡി.എഫിന്റെ നിക്ഷിപ്തതാല്‍പര്യങ്ങളാണ്. അതിന്റെ ബലിയാടായി ഇപ്പോള്‍ സൂഫിയ മഅ്ദനി ഒരാള്‍ മാത്രമേയുള്ളൂവെങ്കിലും സൂഫിയയെയോ മഅ്ദനിയെയോ പി.ഡി.പിയെയോ മാത്രം ഉന്നംവെക്കുന്ന ഒരജണ്ട മാത്രമല്ല ഇതിനുപിന്നില്‍. മഅ്ദനിവേട്ടയുടെ ഈ രണ്ടാംഭാഗം ദേശീയപ്രസക്തമായ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഒരു തന്മാത്ര മാത്രമാണ്.

മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക^പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി^സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി^സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ്വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ്വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്രവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്രവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക^രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്.

സി.കെ. അബ്ദുല്‍ അസീസ് Madhyamam daily

Sunday, December 13, 2009

ഇരകളും വേട്ടക്കാരും

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ

കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.
സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.

ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.

ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.

ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

പി.കെ. അബ്ദുള്‍റഊഫ്‌ (Mathrubhumi)