Thursday, October 29, 2009

ഓസോണ്‍ വിള്ളല്‍ ഇക്കുറി നേരത്തേ

അന്റാര്‍ട്ടിക്കിന്‌ മുകളിലെ ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും പ്രത്യക്ഷപ്പെടാറുള്ള വിള്ളല്‍, ഇക്കുറി നേരത്തെയെത്തിയതായി യു.എന്നിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ലോക കാലാവസ്ഥാ സംഘടന' (ണങഛ) അറിയിച്ചു. ഓസോണ്‍ വിള്ളല്‍ ഒക്ടോബര്‍ ആദ്യം വരെ വളരുമെന്നതിനാല്‍ അതിന്‌ എന്തു വലിപ്പമുണ്ടാകുമെന്ന്‌ ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ലെന്ന്‌ സംഘടന വ്യക്തമാക്കി. അന്റാര്‍ട്ടിക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു.

സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ വെച്ച്‌ അരിച്ചു മാറ്റുന്നത്‌ അവിടെയുള്ള ഓസോണ്‍ പാളിയാണ്‌. റഫ്രിജറേറ്ററിലും ശീതീകരണികളിലും മറ്റും വ്യാപകമായി ഉപയോഗിച്ചു വന്ന ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍ (ഇഎഇ)െ ആണ്‌ ഓസോണ്‍ പാളിയെ ശോഷിപ്പിച്ചതില്‍ മുഖ്യപ്രതി. ഓസോണ്‍ പാളിയില്ലായിരുന്നെങ്കില്‍ ഭൂമുഖത്ത്‌ ആയിരക്കണക്കിന്‌ ആളുകള്‍ ചര്‍മാര്‍ബുദവും നേതൃരോഗങ്ങളും ബാധിച്ച്‌ ദുരിതത്തിലാകുമായിരുന്നു.

1988ല്‍ നിലവില്‍ വന്ന മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം സി.എഫ്‌.സികള്‍ പോലുള്ളവയുടെ ഉത്‌പാദനവും ഉപയോഗവും കാര്യമായി പരിമിതപ്പെടുത്താന്‍ ലോകത്തിനായി. പക്ഷേ, ഇതിനകം അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞ ക്ലോറിനും ബ്രോമിനും ഓസോണ്‍ പാളിക്കു ക്ഷതമേല്‍പ്പിക്കുന്നത്‌ ഏറെ നാള്‍ തുടരുമെന്നും, അതുകൊണ്ടാണ്‌ സി.എഫ്‌.സികളുടെ അളവ്‌ കുറഞ്ഞിട്ടും ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതെന്നും വിദഗ്‌ധര്‍ പറയുന്നു.

ഓസോണിനെ അപകടപ്പെടുത്തുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറഞ്ഞെങ്കിലും, അന്റാര്‍ട്ടിക്കില്‍ പ്രത്യക്ഷപ്പെടുന്ന ഓസോണ്‍ വിള്ളലിന്‌ കുറവുണ്ടായിട്ടില്ലകാലാവസ്ഥാ സംഘടനയുടെ പ്രസ്‌താവന പറയുന്നു. ഇപ്പോഴത്തെ നിലയ്‌ക്ക്‌ അന്റാര്‍ട്ടിക്ക ഒഴികെ മറ്റ്‌ ഭൂഖണ്ഡങ്ങള്‍ക്ക്‌ മുകളില്‍ 1980ന്‌ മുമ്പത്തെ അവസ്ഥയിലേക്ക്‌ ഓസോണ്‍ പാളി തിരികെയെത്താന്‍ 2049 വരെ കാക്കേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. അന്റാര്‍ട്ടിക്കയില്‍ അത്‌ പൂര്‍വസ്ഥിതിയിലെത്താന്‍ 2065 എങ്കിലുമാകണമെന്നു യു.എന്‍.പരിസ്ഥിതി പ്രോഗ്രാമും (യു.എന്‍.ഇ.പി) കാലാവസ്ഥാ സംഘടനയും പറയുന്നു.

ഓസോണ്‍പാളിക്ക്‌ പുതിയ ഭീഷണി

ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്‌.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ട്‌ മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക്‌ ചൂടുപിടിക്കുന്നത്‌ അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത്‌ കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കുമെന്നാണ്‌ കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

അതേസമയം, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്‌ഗ്യാസ്‌' എന്ന ഓമനപ്പേരുള്ള നൈട്രസ്‌ ഓക്‌സൈഡാണ്‌ സ്‌ട്രാറ്റോസ്‌ഫിയറില്‍ മറ്റേത്‌ രാസവസ്‌തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്‌. ഇന്നത്തെ നിലയില്‍ വ്യാപനം തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക്‌ ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്‌തു നൈട്രസ്‌ ഓക്‌സൈഡ്‌ ആയിരിക്കുമെന്ന്‌, നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷനിലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.

ഭൂമിയില്‍ നേരിട്ട്‌ പതിച്ചാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന്‌ വരെ വന്‍തോതില്‍ കാരണമായേക്കാവുന്നതാണ്‌ സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 95 ശതമാനത്തെയും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ്‌ ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന്‌ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ്‌ ഓസോണ്‍പാളിയെന്ന്‌ വിളിക്കുന്നത്‌.

കാലാവസ്ഥാവ്യതിയാനം മൂലം അന്തരീക്ഷ മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുകയും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത്‌, ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്‌. വരുന്ന നൂറ്‌ വര്‍ഷത്തേക്ക്‌ കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്‌, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച്‌ സൂചന ലഭിച്ചത്‌.

ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്‌ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന്‌ പഠനം പറയുന്നു.യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്‌. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ്‌ ഇതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട്‌ 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ്‌ അനുമാനം.

ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്‌ന്ന വിതാനത്തിലേക്ക്‌ എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തടയപ്പെടേണ്ട സ്‌ട്രാറ്റോസ്‌ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും (മാത്രവുമല്ല, ഉയര്‍ന്ന വിതാനത്തില്‍ ഉപകാരിയായ ഓസോണ്‍, ഭൂപ്രതലത്തില്‍ വിഷവാതകമാണ്‌). ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കാന്‍ അത്‌ കാരണമാകും'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്‌ക്കും ഇത്‌ കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും.

അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച്‌ ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തന്നെയാണ്‌ ഓസോണിന്‌ ജന്മമേകുന്നത്‌. ആള്‍ട്രാവയലറ്റ്‌ കിരണങ്ങളേറ്റ്‌ ഓക്‌സിജന്‍ തന്മാത്ര (ഛ2) കള്‍ വിഘടിച്ച്‌ ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ്‌ ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്‌, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (ഛ3) ആയി മാറുന്നു.

നൈട്രസ്‌ ഓക്‌സയിഡ്‌, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്‌.സികള്‍ തുടങ്ങിയ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്‌തുക്കളുടെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970കളിലാണ്‌ ഈ വിപത്തിനെക്കുറിച്ച്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യമുണ്ടാകുന്നതെങ്കിലും, പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഓസോണിനെക്കുറിച്ച്‌ അറിയാമായിരുന്നു.

1830കളിലാണ്‌ ഓക്‌സിജന്റെ വകഭേദമായ ഓസോണ്‍ പരീക്ഷണശാലയില്‍ കണ്ടെത്തുന്നത്‌. പ്രകൃതിദത്തമായ രീതിയിലും ആ വാതകം ഉണ്ടാകുന്ന കാര്യം 1850ല്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. അന്തരീക്ഷപാളിയായ സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്‌ പ്രധാനപ്പെട്ട പങ്കുണ്ടെന്ന്‌ മനസിലാകുന്നത്‌ 1920കളിലാണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ഗോര്‍ഡന്‍ ഡോബ്‌സണ്‍, സഹപ്രവര്‍ത്തകനായ എഫ്‌. എ. ലിന്‍ഡെമാന്‍ (പില്‍ക്കാലത്ത്‌ ചെര്‍വെല്‍ പ്രഭു) എന്നിവരാണ്‌ ഇക്കാര്യം മനസിലാക്കിയത്‌. (അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ 'ഡോബ്‌സണ്‍' യൂണിറ്റിലാണ്‌ പറയപ്പെടുന്നത്‌).

ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ 1948ല്‍ ഇന്റര്‍നാഷണല്‍ ഓസോണ്‍ കമ്മീഷന്‍ നിലവില്‍ വന്നു. ശാസ്‌ത്രസംബന്ധമായ ജിജ്ഞാസ മാത്രമായിരുന്നു അക്കാലത്ത്‌ ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്‌. ഏതെങ്കിലും തരത്തില്‍ മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്ന ഒന്നായി ഓസോണിനെ അന്നാരും പരിഗണിച്ചിരുന്നില്ല. 1957ല്‍ അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷമായിരുന്നു. ആ വര്‍ഷാചരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ മനസിലാക്കാന്‍ ശ്രമം ആരംഭിച്ചു.

ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ സ്‌്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ സാന്ദ്രതയില്‍ അസാധാരണമായ വ്യതിയാനം ഉള്ളതായി 1970കളില്‍ കണ്ടെത്തിയതാണ്‌, ഓസോണ്‍പാളിയും സി.എഫ്‌.സികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവിലേക്ക്‌ ഗവേഷകലോകത്തെ നയിച്ചത്‌. 1955ല്‍ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ ഓസോണിന്റെ സാന്ദ്രത 320 ഡോബ്‌സണ്‍ യൂണിറ്റായിരുന്നു. 1975ല്‍ അത്‌ 280 ഡോബ്‌സണ്‍ യൂണിറ്റായി, 1995ല്‍ 90 യൂണിറ്റും.

1920കളുടെ അവസാനമാണ്‌ സി.എഫ്‌.സി.കള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്‌. എന്നാല്‍, ആ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഓസോണ്‍ ശോഷണത്തിന്‌ കാരണമാകുമെന്ന്‌ വ്യക്തമാകുന്നത്‌ 1974ലാണ്‌. മൂന്ന്‌ ഗവേഷകരുടെ ശ്രമഫലമായിട്ടായിരുന്നു ആ കണ്ടെത്തല്‍; പോള്‍ ക്രൂറ്റ്‌സണ്‍, എഫ്‌. ഷെര്‍വുഡ്‌ റൗലന്‍ഡ്‌, മരിയോ മൊലിന എന്നിവരുടെ. ആ കണ്ടെത്തലിന്‌ മൂവരും 1995ല്‍ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു.

ഓസോണ്‍വിള്ളല്‍ (ീ്വീില വീഹല) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ശരിക്കുള്ള തുളയോ വിള്ളലോ അല്ല. ഓസോണ്‍പാളിയില്‍ 220 ഡോബ്‌സണ്‍ യൂണിറ്റില്‍ താഴെ ഓസോണ്‍ സാന്ദ്രതയുള്ള പ്രദേശത്തെയാണ്‌ ഓസോണ്‍പാളിയിലെ വിള്ളല്‍ എന്ന്‌ വിളിക്കുക. 2000 ആയപ്പോഴേക്കും വിള്ളലിന്റെ വിസ്‌താരം 280 ലക്ഷം ചതുരശ്ര കിലോമീറ്ററായി.

സി.എഫ്‌്‌.സി. തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അവയെ വിഘടിപ്പിച്ച്‌ ക്ലോറിന്‍ ആറ്റങ്ങളെ സ്വതന്ത്രമാക്കും. ക്ലോറിന്‍ ആറ്റങ്ങളാണ്‌ ഓസോണിന്‌ വിനാശകാരിയാകുന്നത്‌. വെറും ഒരു ക്ലോറിന്‍ ആറ്റത്തിന്‌ ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്‌.

മൈനസ്‌ 43 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്ന ഊഷ്‌മാവില്‍, ഓസോണിനെ നശിപ്പിക്കാനുള്ള ക്ലോറിന്റെ ശേഷി വല്ലാതെ വര്‍ധിക്കും. ദക്ഷിണധ്രുവത്തിന്‌ മുകളില്‍ ഓസോണ്‍പാളിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതിന്‌ കാരണം ഇതാണ്‌. അവിടെ താപനില മൈനസ്‌ 62 ആണ്‌. എന്നാല്‍, ഉത്തരധ്രുവത്തിന്‌ മുകളില്‍ സ്‌ട്രാറ്റോസ്‌ഫിയറിലെ താപനില മൈനസ്‌ 42 ഡ്രിഗ്രി മാത്രമാണ്‌. അതിനാല്‍, അവിടെ ഓസോണ്‍ വിള്ളല്‍ ദക്ഷിണധ്രുവത്തിലേതുപോലെ പ്രത്യക്ഷപ്പെടുന്നില്ല.

1980കളില്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണങ്ങള്‍ വഴി, ദക്ഷിണധ്രുവത്തിലെ ഓസോണ്‍വിള്ളല്‍ യാഥാര്‍ഥ്യമാണെന്ന്‌ തെളിഞ്ഞതോടെ ലോകരാഷ്ട്രങ്ങള്‍ ഈ വിപത്തിനെതിരെ അണിനിരന്നു. അതിന്റെ ഫലമാണ്‌ 1989ലെ മോണ്‍ട്രിയള്‍ ഉടമ്പടി. ഓസോണിന്‌ ഭീഷണിയായ സി.എഫ്‌.സികള്‍ പോലുള്ള രാസവസ്‌തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട്‌ വിജയിക്കുകയും ചെയ്‌തു.

എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു ഉപയോഗിക്കുന്നത്‌ ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത്‌ ഓസോണിന്റെ രക്ഷയ്‌ക്ക്‌ അനിവാര്യമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ആഗോളതാപനത്തിന്റെ ആദ്യ ഇര

അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്‌. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്‌) എന്നാണ്‌ ആ ജീവിയുടെ പേര്‌. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായെന്ന്‌ ശാസ്‌ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക്‌ ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന്‌ പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.

കോസ്‌റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത്‌ ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത്‌ വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ്‌ മൂടിയ ഉഷ്‌ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ്‌ സാവേജ്‌ കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്‌' (ആൗളീ ുലൃശഴഹലില)െ എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയത്‌ 1966ല്‍ മാത്രമാണ്‌. എഴുപതുകളില്‍ കോസ്‌റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്‌റ്ററുകളില്‍ നിറഞ്ഞുനിന്നു.

സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്‌തംഭിച്ച്‌ നിന്നുപോകുമെന്ന്‌, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ്‌ എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്‌. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന്‌ ആദ്യം വിശ്വാസം വരില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. ഭകാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവഭ ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ദി ഗോള്‍ഡന്‍ ഫ്രോഗ്‌ എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച്‌ സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ്‌ സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്‌. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത്‌ ഉണ്ടായിരുന്നു എന്നാണ്‌ കണക്ക്‌.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ്‌ ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍മെയ്‌ കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ്‌ പുറത്തിറങ്ങുക. പ്രജനനം നടത്താനാണ്‌ ആ വരവ്‌. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക്‌ ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന്‌ തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത്‌ ആണ്‍തവളയ്‌ക്ക്‌ ഏത്‌ ഇണയെ കിട്ടും എന്നത്‌ പ്രവചിക്കാനേ കഴിയില്ല. ഭഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്‌ച' എന്നാണ്‌ മാര്‍ട്ടി ക്രംപ്‌ ഇതെപ്പറ്റി പറയുന്നത്‌. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്‌! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന്‌ അവ രണ്ടുമാസംകൊണ്ട്‌ വിരിഞ്ഞ്‌ വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്‌റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന്‌ മോന്റെവെര്‍ഡെ ക്ലൗഡ്‌ ഫോറസ്‌റ്റ്‌ റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ്‌ ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്‌, 1987 ഏപ്രില്‍ 15ന്‌ 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന്‌ വറ്റി. തവളകള്‍ തിരിച്ചു പോയതിന്‌ പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ്‌ നശിക്കുന്ന കാഴ്‌ചയാണ്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ ആ ഗവേഷക നിരീക്ഷിച്ചത്‌.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന്‌ ശേഷം മഴപെയ്‌തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത്‌ ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ്‌ കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്‌ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന്‌ കണ്ടെത്താനായില്ല. 1988 ജൂണ്‍ 18ന്‌ അവര്‍ തന്റെ നോട്ട്‌ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: ഭഅവസാനം നീണ്ട വേനലിന്‌ അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന്‌ സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന്‌ വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ്‌ 15ന്‌ മാര്‍ട്ടി ക്രംപ്‌ വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്‌റ്റാറിക്കയില്‍ പിന്നീട്‌ ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത്‌ പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന്‌ എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ ഗവേഷകരെ പ്രേരിപ്പിച്ചത്‌. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന്‌ പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന്‌ ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999ല്‍ നേച്ചര്‍ മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക്‌ വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്‌ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന്‌ കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന്‌ സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാലയ്‌ക്ക്‌ കീഴില്‍ ക്ലൈമറ്റ്‌ റിസര്‍ച്ച്‌ യൂണിറ്റിലെ മൈക്ക്‌ ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന്‌ നടത്തിയ ആ പഠനത്തില്‍, 1970കള്‍ക്ക്‌ ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്‌മാവ്‌ വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്‌തു. അതാണ്‌ മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന്‌ കോടമഞ്ഞ്‌ അകറ്റിയത്‌. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്‌പവുമാണ്‌. അത്‌ അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ്‌ ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത്‌ വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ്‌ ആഗോളതാപനത്തിലെ മുഖ്യപ്രതി. ഭനമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ്‌ നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്‌; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച്‌ ഇടിച്ച്‌ നിരത്തിയാലെന്നപോലഭ ദി വെതര്‍ മേക്കേഴ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ടിം ഫ്‌ളാനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച്‌ കോസ്‌റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്‌, 'അവയെ ആരാണോ കണ്ടെത്തുന്നത്‌ അയാള്‍ക്ക്‌ ആനന്ദം ലഭിക്കും' എന്നാണ്‌. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക്‌ എന്താണ്‌ ലഭിക്കാനിരിക്കുന്നത്‌!

അവലംബം: Crump, Matry (2000), In Search of the Golden Frog (Chicago: The Chaicago Universtiy Press)
Flannery, Tim (2005), The Weather Makers: How Man Is Changing the Climate and What It Means for Life on Earth (Melbourne: The Text Publishing Company)
Silver, Jerry (2008), Global Warming and Climate Change Demystified (New York: McGrawHill Books)
(2009 ജൂലായ്‌ 19ന്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌).


ഈ ഭൂമിയില്‍ ജീവന്‍ തുടച്ചു നീക്കാന്‍ പ്രകൃതി കാത്തു വച്ചിരിക്കുന്നത്‌ ?

്‌കൊടും തണുപ്പ്‌....കത്തിക്കാളുന്ന സൂര്യന്‍.... സുനാമി തിരകളെ പോലും പിന്നിലാക്കി അടിച്ചുയരുന്ന രാക്ഷസത്തിരകള്‍ ...മുന്നില്‍ കാണുന്നതെല്ലൊം നശിപ്പിച്ചെറിഞ്ഞ്‌ രൗദ്രഭാവത്തില്‍! ഭൂഗോളമാകെ വീശിപ്പറപ്പിക്കുന്ന കൊടുംകാറ്റ്‌....എന്തായിരിക്കും ഈ ഭൂമിയില്‍ ജീവന്‍ തുടച്ചു നീക്കാന്‍ പ്രകൃതി കാത്തു വച്ചിരിക്കുന്നത്‌ ?

ലോകം ഇന്നു നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും രൂക്ഷമായ കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള കാടന്‍ ഭാവന പോലും എത്ര ഭയാനകമാണ്‌. ഈ സത്യം ലോകം ഏതാണ്ട്‌ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണ്‌ 2007ല്‍ കടന്നുപോയതെന്ന്‌ എത്ര പേര്‍ തിരിച്ചറിഞ്ഞു ?പ്രകൃതിക്ക്‌ മേല്‍ ആസന്നമായിരിക്കുന്ന വന്‍ വിപത്തിനെ ചെറുക്കാനൊരു ചെറുവിരലെങ്കിലും ഇപ്പോഴനക്കിയില്ലെങ്കില്‍ സര്‍വം നശിച്ച്‌ ജീവന്‍റെ തുടിപ്പുകളില്ലാത്ത ഭൂമി സൗരയുഥത്തിലൂടെ അലഞ്ഞ്‌ നടക്കും.

പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ ഗ്രീന്‍ ഹൗസ്‌ പോലെ അന്തരീക്ഷത്തിന്‌ ആവരണമായിനിന്നു ഭൂമിയുടെ താപനില ഉയര്‍ത്തുന്നതിനെയാണ്‌ ആഗോള താപനം എന്നു പറയുന്നത്‌. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും താപവൈദ്യുത നിലയങ്ങളില്‍നിന്നും പുറത്തു വരുന്ന പുകയാണു കാര്‍ബണ്‍ വാതകങ്ങളുടെ പ്രധാന ഉറവിടം.


യു.എന്‍!. ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്‌ളൈമറ്റ്‌ ചേഞ്ച്‌ (ഐ.പി.സി.സി) അഞ്ചു വര്‍ഷം നീണ്ട പഠനത്തിന്‍റെ അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം ഈ നൂറ്റാണ്ട്‌ അവസാനത്തോടെ ഭൂമിയിലെ ചൂട്‌ 1.8 ഡിഗ്രി സെന്‍റിഗ്രേഡ്‌ മുതല്‍ 6.4 ഡിഗ്രി സെന്‍റി ഗ്രേഡ്‌ വരെ ഉയരാനിടയുണ്ട്‌ എന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

1891ലാണ്‌ ഭൂമിയിലെ ചൂടു രേഖപ്പെടുത്താന്‍ തുടങ്ങിയത്‌. അതിനുശേഷമുള്ള ഉയര്‍ന്ന താപനിലയായിരുന്നു 2007ലേത്‌. ജനുവരിയിലെ ശരാശരി ചൂടിനെക്കാള്‍ 0.45 ഡിഗ്രി സെല്‍ഷ്യസ്‌ കൂടുതല്‍.ചൂട്‌ ഏറ്റവും കൂടുതല്‍ കിഴക്കന്‍ റഷ്യയിലും വടക്കന്‍ യൂറോപ്പിലുമായിരുന്നു .

ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുന്‌പോഴേക്കും സമുദ്രനിരപ്പ്‌ 64 സെന്‍റിമീറ്റര്‍ ഉയര്‍ന്നേക്കുമെന്നാണ്‌ ഐ.പി.സി.സി റിപ്പോര്‍ട്ട്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ വളരെ നിസാരവല്‍ക്കരിച്ച ഒരു കണക്കാണക്കാണെന്ന്‌ പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ ഐസിന്‍റെ 90% കേന്ദ്രീകരിച്ചിരിക്കുന്ന അന്‍റാര്‍ട്ടിക്ക്‌ ഉരുകിത്തീര്‍ന്നാല്‍ സമുദ്രനിരപ്പ്‌ 20 മീറ്റര്‍ വരെ ഉയര്‍ന്നാലും അത്ഭുതമില്ല.(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ ലേഖനം വായിക്കുക ടരശലിശേേെ െടീൗിറ അഹമൃാ ഛ്‌ലൃ ങലഹശേിഴ അിമേൃരശേര കരല ടവലലെേ )

നാളത്തെ കാലാവസ്ഥപോലും ഇപ്പോഴും കൃത്യമായി പറയാനാവാത്ത നമുക്കെങ്ങിനെ 100 വര്‍ഷം കഴിഞ്ഞുള്ള കാലാവസ്ഥയെക്കുറിച്ച്‌ പറയാനാവും. എന്തായാലും നമുക്ക്‌ ലഭിക്കുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല എന്നുമാത്രമേ പറയാനാവു. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ചിലപ്പോള്‍ അത്രതന്നെ കാത്തിരിക്കേണ്ടി വരില്ല. ഒരു പക്ഷെ, നമ്മുടെയോ, നമ്മുടെ മക്കളുടെയോ ജീവിതത്തില്‍ തന്നെ അപ്രതീക്ഷിതമായ പലതും കാണേണ്ടി വന്നേക്കും.


ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറച്ചാലും ആഗോള താപനവും സമുദ്രനിരപ്പും ഉയരുന്നത്‌ നൂറ്റാണ്ടുകളോളം തുടര്‍ന്നേക്കും.അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തായി കണ്ടു തുടങ്ങിക്കഴിഞ്ഞു.'ലോകത്തിന്‍റെ മേല്‍ക്കൂര' എന്നറിയപ്പെടുന്ന ഹിമാലയത്തിന്‍റെ ഭാഗമായ കിന്‍ഗാല്‍ ടിബറ്റ്‌ മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നുതായാണ്‌ റിപ്പോര്‍ട്ടുകള്‍ . ചൈനയിലെ 681 കാലാവസ്ഥാ നിലയങ്ങളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്‌താണു ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസ്‌ ഇക്കാര്യം അറിയിച്ചത്‌. പ്രതിവര്‍ഷം ഏഴു ശതമാനമെന്ന നിരക്കിലാണു മഞ്ഞുപാളികള്‍ ചുരുങ്ങുന്നത്‌. മറ്റൊരു വലിയ ഉദാഹരണമാണ്‌ ആഫ്രിക്കയുടെ കിരീടം എന്നു വിളിപ്പേരുളള ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതം.ഈ അഗ്‌നിപര്‍വതത്തിന്‍റെ മഞ്ഞു മുഴുവന്‍ 11,000 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഉരുകി മാഞ്ഞിരിക്കുന്നു. കിരീടമായി മഞ്ഞില്ലാതായതോടെ കിളിമഞ്ചാരോയില്‍ ലാവാപ്രവാഹത്തിന്‍റെ കറുത്തുപാടുകള്‍ നിറഞ്ഞ ഗര്‍ത്തം ഇപ്പോള്‍ പ്രത്യക്ഷമായിത്തുടങ്ങി.

ആഗോള താപനം മൂലം അന്തരീക്ഷത്തിനു മാത്രമല്ല കടലിന്‍റെയും താപനില ഉയരുകയാണെന്നാണ്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.യു.എസ്‌. നാഷനല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 40 വര്‍ഷങ്ങളായി ശേഖരിച്ച കോടിക്കണക്കിനു വിവരങ്ങള്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ വിശകലനം നടത്തിയാണ്‌ ഈ നിഗമനത്തിലെത്തിയത്‌.ഇതുമൂലം ആര്‍ട്ടിക്കിലെ മഞ്ഞ്‌ ഉരുകുന്നതിന്‍റെ വേഗം കൂടിയിട്ടുണ്ടെന്നും ഇതു ചെറു ദ്വീപുകളുടെയും സമുദ്രതീര നഗരങ്ങളുടെയും നിലനില്‍പ്പിനു കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ അഡ്വാന്‍സ്‌മെന്‍റ്‌ ഓഫ്‌ സയന്‍സ്‌ യോഗത്തില്‍ സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രഫി ഡയറക്ടര്‍ ടിം ബാര്‍നറ്റ്‌ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുമെന്നും കടുത്ത ശുദ്ധജല ക്ഷാമത്തിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.ആഗോള താപനം നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇനിയും നടപടിയെടുക്കുന്നില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ അന്‍റാര്‍ട്ടിക്ക മാത്രമായിരിക്കും മനുഷ്യയോഗ്യമായ ഏക വന്‍കരയെന്നാണ്‌ ബ്രിട്ടീഷ്‌ രാജ്ഞിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ സര്‍ ഡേവിഡ്‌ കിങ്‌ അഭിപ്രായപ്പെട്ടത്‌.

കുത്തനെ ഉയരുന്ന ആഗോളതാപനത്തിന്‍റെ ഫലമായി ആര്‍ട്ടിക്‌ മേഖലയിലെ ഇലൂലിസാറ്റ്‌ ഹിമപാളിയുടെ വ്യാസം പത്തു കിലോമീറ്ററിലേറെ ചുരുങ്ങി.1960 മുതല്‍ ഏതാണ്ടു സ്ഥിരമായിരുന്നു ഹിമപാളിയുടെ വ്യാസം.ലോകാദ്‌ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇലൂലിസാറ്റ്‌ യു. എന്‍. പൈതൃക മേഖലയാണ്‌. പക്ഷേ, മൂന്നു വര്‍ഷത്തിനിടയില്‍ അതു പത്തു കിലോമീറ്ററിലേറെ കുറഞ്ഞു. 2002ണ്ട 03 കാലത്താണ്‌ ഇതില്‍ ഏഴു കിലോമീറ്റര്‍ കുറവുണ്ടായത്‌. ഒരു നൂറ്റാണ്ടിനുള്ളില്‍ ആര്‍ട്ടിക്‌ മേഖലയിലെ മഞ്ഞു മുഴുവന്‍ ഉരുകിത്തീരുമെന്നാണ്‌ ഇപ്പോഴത്തെ സൂചനയെന്ന്‌ അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി സീനിയര്‍ ഫെലോ റോബര്‍ട്ട്‌ കോറലിന്‍റെ കണ്ടെത്തല്‍ . ഭൂമിയുടെ സന്തുലിതാവസ്ഥ തകിടംമറിയാന്‍ ഇതു കാരണമാകും. 22 രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാരെ കൂട്ടി ആര്‍ട്ടിക്‌ മേഖലയില്‍ ഹെലികോപ്‌റ്ററില്‍ സഞ്ചരിച്ചാണ്‌ റോബര്‍ട്ട്‌ കോറല്‍ താപനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ നേരില്‍ വിലയിരുത്തിയത്‌.

അങ്ങ്‌ അന്‍റാര്‍ട്ടിക്കയില്‍ ആഗോളതാപനം നടന്നാലെന്ത്‌ നടന്നില്ലെങ്കിലെന്ത്‌ നമുക്ക്‌ ശ്രദ്ധിക്കാന്‍ ഒരു പാട്‌ കാര്യങ്ങള്‍ വേറെയുണ്ടന്നതാണ്‌ നമ്മുടെ സമൂഹത്തിന്‍റെ മനോഭാവം.ഓസോണ്‍ പാളിയിലെ വിള്ളലും ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതും വളരെ നിസ്സാരമായി പാഠ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ മാത്രമാണെന്ന്‌ കരുതരുത്‌. 21ാം നൂറ്റാണ്ടില്‍ ലോകത്തിന്‍റെ കാലാവസ്ഥ ആകെ മാറിമറിയുമെന്നത്‌ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌.

ഈ കാലാവസ്ഥാ വ്യതിയാനം ജലലഭ്യത കുറയ്‌ക്കുമെന്നതാണ്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസാന്ദ്രത അവകാശപ്പെടാവുന്ന കേരളത്തെ സംബന്ധിച്ച്‌ ആശങ്കാജനകമാകുന്നത്‌. കേരളത്തിലെ മണ്‍സൂണ്‍ വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്‌ത്രജ്ഞര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു നമ്മുടെ മുന്നില്‍ വയ്‌ക്കുന്നത്‌. ഒരു ദശകമായി സംസ്ഥാനത്തു മഴയുടെ താളം തെറ്റിയിരിക്കുന്നു. ഇടവപ്പാതി മുതല്‍ തുലാം വരെ (ജൂണ്‍ ഒക്‌ടോബര്‍) ഏതാണ്ടു തുടര്‍ച്ചയായി പെയ്യുന്ന മഴയായിരുന്നു കേരളത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിപ്പോന്നത്‌. അതില്‍ നിന്നു വ്യത്യസ്‌തമായി ചില സമയങ്ങളില്‍ കനത്ത മഴ എന്നതായി താളം. മഴയുടെ ദിനങ്ങള്‍ കുറയുകയും ചെയ്‌തു. സംസ്ഥാനത്തിന്‍റെ ഭൂമിശാസ്‌ത്രപരമായ കിടപ്പും ജലലഭ്യതയെ ബാധിക്കുന്നുണ്ട്‌. ഏതാനും ദിവസങ്ങളിലെ കനത്ത മഴ വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ കടലിലേക്കൊഴുകുന്നു. മഴവെള്ളത്തിന്‍റെ ലഭ്യതയില്‍ രാജസ്ഥാനെക്കാള്‍ പിന്നിലാണു കേരളം.

പാലക്കാട്ടു പ്ലാച്ചിമടയില്‍ വെള്ളത്തിന്‍റെ പേരില്‍ ഒരു ബഹുരാഷ്ട്ര കന്‌പനിക്കെതിരെയായിരുന്നു സമരമെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇതേ പ്രശ്‌നത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാനും ജനങ്ങള്‍ തമ്മില്‍ ശണ്‌ഠകൂടാനും ഇടയുണ്ട്‌. മുന്‍വര്‍ഷം പാലക്കാട്ട്‌ മലന്‌പുഴ അണക്കെട്ടു വറ്റിവരണ്ടു ജലസേചനം മുടങ്ങിയപ്പോള്‍ കൃഷിക്കാര്‍ നെല്‍പ്പാടങ്ങള്‍ക്കു തീവച്ചതും മറ്റൊരനുഭവം. കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളിവെള്ളം പെരിയാറില്‍ നിറഞ്ഞപ്പോള്‍ കൊച്ചി നഗരമേഖലയോടൊപ്പം എറണാകുളം ജില്ലയിലെ ഗ്രാമപ്രദേശങ്ങളും ശുദ്ധജലവറുതിയിലായതും മുന്നറിയിപ്പാണ്‌. വരള്‍ച്ചയില്‍ ശുദ്ധജലത്തിനു കൂടുതല്‍ ബുദ്ധിമുട്ടുക ഗ്രാമങ്ങളായിരിക്കും. മഴയെ മാത്രം ആശ്രയിച്ചാണു കേരളത്തിലെ കൃഷികളില്‍ നല്ലപങ്കും. അപ്പോള്‍ വരള്‍ച്ച സന്‌പദ്‌ഘടനയുടെ നടുവൊടിക്കും.

ആഗോള താപനത്തിന്‍റെ ഫലമായി കേരളം നേരിടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്‌ മുന്‍ മേധാവിയും കൊച്ചി സര്‍വകലാശാലാ അന്തരീക്ഷ പഠനവിഭാഗം പ്രഫസറുമായ ഡോ. പി.വി. ജോസഫ്‌ നടത്തിയ പഠനം ശ്രദ്ധേയമാണ്‌.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ തെക്കന്‍ കേരളത്തില്‍ 34% മഴ കുറഞ്ഞപ്പോള്‍ കോട്ടയത്തിനു കിഴക്കും പീരുമേടു പ്രദേശത്തും 26% മഴ കുറഞ്ഞതായി കണ്ടെത്തി.കാലവര്‍ഷത്തെ സജീവമാക്കുന്ന ന്യൂനമര്‍ദങ്ങളുടെ എണ്ണം ഓരോ പത്തുവര്‍ഷം കഴിയുന്‌പോഴും കുറഞ്ഞുവരികയാണ്‌. 1900 മുതലുള്ള 20 വര്‍ഷം മഴക്കാലത്തു 12 ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടു മഴയ്‌ക്കു ശക്തിപകര്‍ന്നെങ്കില്‍ രണ്ടായിരത്തിലെത്തിയപ്പോഴേക്കും അവയുടെ എണ്ണം നാലായി കുറഞ്ഞു. ന്യൂനമര്‍ദം കുറയുന്നതനുസരിച്ച്‌ മഴയും കുറയും.

1901 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, പീരുമേട്‌ എന്നിവിടങ്ങളില്‍ ലഭ്യമായ മഴയുടെ കണക്കും താരതമ്യം ചെയ്‌ത കണ്ടെത്തലുകളുമനുസരിച്ച്‌ ആദ്യത്തെ 50 വര്‍ഷം ശക്തമായിരുന്ന മഴ, 1950 മുതല്‍ 2003 വരെയുള്ള കാലത്തു കുറഞ്ഞു. ഇതനുസരിച്ച്‌ ആലപ്പുഴയില്‍ 31 സെ.മീറ്ററും (10%) കോട്ടയത്തു 45 സെ.മീറ്ററും (14%) പീരുമേട്ടില്‍ 110 സെ.മീറ്ററും (26%) മഴ കുറഞ്ഞു.

കൊച്ചിയുടെ പരിസ്ഥിതിക്കുമേലുള്ള ആഗോള താപനത്തിന്‍റെ ആഘാതത്തെക്കുറിച്ചു പഠിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിന്‍ സര്‍വ്വകലാശാലയുടെ സഹകരണത്തില്‍ അമേരിക്കയിലെ ഓക്ക്‌ റീജ്‌ നാഷണല്‍ ലബോറട്ടറി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌ ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത ചില സത്യങ്ങളാണ്‌.

ആഗോള താപനത്തിന്‍റെ ആഘാതത്തെക്കുറിച്ച്‌ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പഠനവിധേയമായ ഏക നഗരമാണ്‌ കൊച്ചി.
കടല്‍നിരപ്പ്‌ 30 സെന്‍റിമീറ്റര്‍ മുതല്‍ 60 സെ.മീ. വരെ ഉയരുന്നതിനാല്‍ കൊച്ചിയിലെ ചെറിയ ദ്വീപുകള്‍ വെള്ളത്തിനടിയിലാകുമെന്ന്‌ ഒ.ആര്‍.എന്‍.എല്‍യിലെ സീനിയര്‍ സയന്‍റിസ്റ്റുമായ പ്രഫ. തോമസ്‌ വില്‍ബാങ്ക്‌ അഭിപ്രായപ്പെടുന്നു. തീരപ്രദേശങ്ങളില്‍ കിലോമീറ്ററുകളോളം കടല്‍ കരയെ വിഴുങ്ങും. സ്വാഭാവിക തുറമുഖമുള്ള കൊച്ചിയിലെ തുറമുഖ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിക്കും. ഈ ക്രമാനുഗതമായ വെള്ളപ്പൊക്കം മുന്നില്‍ക്കണ്ട്‌ ഇപ്പോള്‍ത്തന്നെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു കൂടി വില്‍ബാങ്ക്‌ കൊച്ചിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയതോടൊപ്പം ദ്വീപുകളില്‍ നിന്നു നാട്ടുകാരെ ഒഴിപ്പിക്കുന്നതു വരെ പില്‍ക്കാലത്ത്‌ അധികൃതര്‍ക്ക്‌ ചെയ്യേണ്ടതായി വരുെമന്ന പ്രവചനവും അദ്ദേഹം നടത്തി. ഇനി കടല്‍നിരപ്പ്‌ മുന്‍പ്‌ പറഞ്ഞതുപോലെ 20 മീറ്റര്‍ ഉയര്‍ന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ! കടലില്‍നിന്ന്‌ കേരളം വീണ്ടെടുക്കാന്‍ ബ്രാഹ്മണര്‍ പറയുന്നതുപോലെ വീണ്ടുമൊരു പരശുരാമന്‍ വരേണ്ടിവരും!

അപകടം പടിവാതില്‍ക്കല്‍ ഒളിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിലാണ്‌ നാമിനി പ്രവര്‍ത്തിക്കേണ്ടത്‌. പ്രകൃതിയെ ചൂഷണം ചെയ്യപ്പെടേണ്ട ഒന്നായിട്ടാണ്‌ ഇന്നും നാം മനസിലാക്കിയിരിക്കുന്നത്‌ ചൂഷണം ചെയ്യുകയല്ല .പ്രകൃതിയെ കണ്ടെത്തുകയാണ്‌ വേണ്ടത്‌.ബുദ്ധിവികാസത്തിന്‍റെ അഹങ്കാരത്തിമര്‍പ്പില്‍ പ്രപഞ്ചത്തെയൊന്നാകെ പുനസൃഷ്ടിക്കാമെന്നാണ്‌ ഇനിയും ആഗ്രഹിക്കുന്നതെങ്കില്‍ അത്‌ വെറുമൊരു വ്യാമോഹമാണെന്ന്‌ പഠിപ്പിക്കുന്നിടത്തേക്കായിരിക്കും പ്രകൃതിയുടെ നീക്കം.

ആഗോള താപനം നിയന്ത്രിക്കുന്നതിനു 141 രാജ്യങ്ങള്‍ ഒപ്പിട്ട 'ക്യോട്ടോ പ്രോട്ടോക്കോള്‍' 2005ല്‍ നിലവില്‍ വന്നിരുന്നു. 25% കാര്‍ബണ്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്ന അമേരിക്കയും വളര്‍ന്നുവരുന്ന സാന്‌പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ഇനിയും കരാറില്‍ പങ്കുചേര്‍ന്നിട്ടില്ല.

രാഷ്ട്രീയവും സാന്‌പത്തികവുമൊക്കയായി നിരവധി രാജ്യാന്തര പ്രശ്‌നങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നുണ്ടാകും.അതെല്ലാം ഒരു ദിവസം കൊണ്ട്‌ തീരുമെന്ന്‌ കരുതുന്നത്‌ വിഢ്‌ഡിത്തമാകും.പക്ഷേ നിലനില്‍പ്പിനെ കുറിച്ച്‌ മനുഷ്യര്‍ ഭാഷ ദേശം വര്‍ണം എന്നിവക്കതീതമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഇനിയും വൈകിയാല്‍ പ്രകൃതിയുടെ പൂര്‍ണ നാശം സംഭവിക്കും.യൂറോപ്പിലും മറ്റും ഈ ലക്ഷ്യം മുന്‍നിറുത്തി വലിയ പ്രചരണങ്ങള്‍ നടത്തിയതിനു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ലോകം മുഴുവനും ശ്രമിച്ചാല്‍ മാത്രമെ ആഗോള താപനത്തിന്‍റെ തീവ്രത കുറച്ച്‌ കൊണ്ടു വരാനാകു.അതിനായുളള ശ്രമം ഒരോരുത്തരില്‍ നിന്നും തുടങ്ങാം.ഒരുമിച്ച്‌ ശക്തമായ പ്രചരണം നടത്താന്‍ നമുക്ക്‌ സാധിച്ചാല്‍ അതിനു വേണ്ടിയുളള നിയമനിര്‍മാണം നടത്താന്‍ ലോകത്തെ എല്ലാ ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ ഇച്ഛാ ശക്തി ലഭിക്കും.

അവസാനമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ആഗോളതാപനം ഒരു പാരിസ്ഥിതിക പ്രശ്‌നമല്ല, മറിച്ച്‌ ഒരു ഈര്‍ജ പ്രശ്‌നമാണ്‌. എന്തുമാത്രം ഊര്‍ജം ഓരോരുത്തരും വിനിയോഗിക്കുന്നു എന്നതാണ്‌ പ്രശ്‌നം. നമ്മുടെ സംസ്‌കാരം ഫോസില്‍ ഫ്യൂവലില്‍ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ നാമെത്ര ഊര്‍ജം ചെലവഴിക്കുന്നുവോ അത്രയധികം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക്‌ വിസര്‍ജിക്കുന്നു. ഊര്‍ജ ഉപഭോഗം എത്രമാത്രം കുറയ്‌ക്കുന്നുവോ അത്രമാത്രം നാം വരും തലമുറയോട്‌ അത്രകണ്ട്‌ നീതി ചെയ്യുന്നു. ഈ സത്യം മനസിലാക്കിയ യോറോപ്യന്‍ രാജ്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിത്തുടങ്ങി. 2050 ആകുമ്പോഴേയ്‌ക്കും ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ 60% ശതമാനം കുറയ്‌ക്കാനാണ്‌ ബ്രിട്ടന്‍ ഈയിടെ തീരുമാനമെടുത്തത്‌. ഈ രീതിയില്‍ ഇന്ത്യയും ചിന്തിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.

ഇതിന്‍റെ ചാലക ശക്തികള്‍ വ്യക്തികളും, രാട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ ഭരണകര്‍ത്താക്കളുമാണ്‌. മനുഷ്യരാശിയുടെ നിലനില്‍പ്പ്‌ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും അടിസ്ഥാനമാക്കിയാണ്‌ നിലനില്‍ക്കുന്നത്‌ എന്നത്‌ നമുക്ക്‌ കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ്‌ നല്‍കുന്നത്‌.

പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല്‌ ഡിഗ്രി വര്‍ധിക്കാം

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന്‌ മുന്നറിയിപ്പ്‌. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല്‌ ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന്‌ ബ്രിട്ടീഷ്‌ ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ മെറ്റ്‌ ഓഫീസ്‌ ഹാഡ്‌ലി സെന്ററിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവണത കണക്കിലെടുത്ത്‌ നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിലാണ്‌ പുതിയ ഫലം ലഭിച്ചത്‌.

'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറച്ചില്ലെങ്കില്‍, നമ്മുടെ ആയുഷ്‌ക്കാലത്ത്‌ തന്നെ ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന്‌ നമ്മള്‍ സാക്ഷികളാകും'മെറ്റ്‌ ഓഫീസിലെ ഗവേഷകന്‍ റിച്ചാര്‍ഡ്‌ ബെറ്റ്‌സ്‌ അറിയിക്കുന്നു.

ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ എന്‍വിരോണ്‍മെന്റല്‍ ചേഞ്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന സമ്മേളനത്തിലാണ്‌ പഠനഫലം അവതരിപ്പിക്കപ്പെട്ടത്‌. ഏറ്റവും നല്ല കണക്കുകൂട്ടല്‍ പ്രകാരം 2070 ആകുമ്പോഴേക്കും ശരാശരി താപനില നാല്‌ ഡിഗ്രി വര്‍ധിക്കാം. ഒരുപക്ഷേ, അത്‌ 2060 ആകുമ്പോഴേക്കും സംഭവിക്കാം റിച്ചാര്‍ഡ്‌ ബെറ്റ്‌സ്‌ പറഞ്ഞു.

യു.എന്നിന്‌ കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റ്‌ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ (ഐ.പി.സി.സി), 2007ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും അന്തരീക്ഷ താപനിലയില്‍ 1.8 ഡിഗ്രി മുതല്‍ നാല്‌ ഡിഗ്രി വരെ വര്‍ധനയുണ്ടാകാം. അതില്‍ കൂടുതല്‍ താപവര്‍ധനയ്‌ക്ക്‌ സാധ്യത ഐ.പി.സി.സി. തള്ളിക്കളയുന്നുമില്ല.

എന്നാല്‍, ഈ നൂറ്റാണ്ട്‌ പകുതി കഴിയുമ്പോള്‍ തന്നെ ഐ.പി.സി.സി. പ്രവചിച്ചതിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തും ഭൂമി എന്നാണ്‌ ബ്രിട്ടീഷ്‌ പഠനം സൂചന നല്‍കുന്നത്‌. 'നാല്‌ ഡിഗ്രി ശരാശരി താപവര്‍ധന എന്നു പറഞ്ഞാല്‍, പല മേഖലകളിലും വന്‍വര്‍ധനയാണുണ്ടാവുക. വര്‍ഷപാതത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിക്കും'ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെറ്റ്‌ ഓഫീസ്‌ ഗവേഷകര്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനമനുസരിച്ച്‌, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യത്യാസമായിരിക്കും താപവര്‍ധനയില്‍ സംഭവിക്കുക. പുതിയ പഠനം പ്രവചിക്കുംപോലെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ആര്‍ട്ടിക്ക്‌ മേഖലകളില്‍ 15 ഡിഗ്രി വരെ താപനില വര്‍ധിക്കാം.

ആഫ്രിക്കയുടെ പടിഞ്ഞാറും തെക്കും മേഖലകള്‍ സാക്ഷിയാവുക ഇപ്പോഴത്തേതിലും പത്തുഡിഗ്രി വരെ താപവര്‍ധനയ്‌ക്കാകും. ആഫ്രിക്കയുടെ മറ്റ്‌ പ്രദേശങ്ങളില്‍ ഏഴ്‌ ഡിഗ്രി വരെ താപനില വര്‍ധിക്കാമെന്നും പഠനഫലം പറയുന്നു.

കോപ്പന്‍ഹേഗനില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക സമ്മേളനം ബാങ്കോക്കില്‍ ചേരാനിരിക്കെയാണ്‌ പുതിയ പഠനഫലം പുറത്തു വന്നിരിക്കുന്നത്‌. 192 രാജ്യങ്ങളുടെ പ്രതിനിധികളാണ്‌ ബാങ്കോക്കില്‍ ഒത്തുചേരുക. ഉച്ചകോടിക്ക്‌ മുന്നോടിയായുള്ള അവസാനത്തെ മുന്നൊരുക്ക സമ്മേളനമാണ്‌ ബാങ്കോക്കിലേത്‌.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌)

Wednesday, October 28, 2009

ബി.ടി. വഴുതനങ്ങ ഇന്ത്യന്‍ വിപണിയില്‍!!

ആഗോളതാപനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കടലിനടയില്‍ വരെ പാര്‍ലമെന്റ്‌ സമ്മേളനങ്ങള്‍ നടത്തുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിച്ചിരിക്കുന്നത്‌. എന്നാല്‍ ഒരു വശത്ത്‌ ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിപത്തുക്കളെ ചെറുക്കാന്‍ നാം പരമാവധി ശ്രമിക്കുമ്പോള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയും പ്രകൃതിക്ക്‌ ഇണങ്ങാത്ത രീതിയിലുള്ള പരീക്ഷണപ്രവര്‍ത്തനങ്ങളിലും മനുഷ്യന്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനെ പറ്റിയെല്ലാം രണ്ടാവര്‍ത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൃഷി മുഖ്യ ജീവിതമാര്‍ഗമായി ജീവിക്കുന്നവരാണ്‌ നാം. പ്രകൃതികൊണ്ട്‌ കൊണ്ട്‌ സംപുഷ്ടമാണ്‌ നമ്മുടെ രാജ്യം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ പ്രത്യേകിച്ചും. ഹരിതവിപ്ലവം തുടങ്ങി ധാരാളം മുന്നേറ്റങ്ങളും പരീക്ഷണങ്ങളും നമ്മുടെ കാര്‍ഷിക രംഗത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്ക്‌ വിപണിയില്ലായ്‌മയും വിലയില്ലായ്‌മയും ഉല്‍പ്പാദന ചിലവുമെല്ലാം കര്‍ഷകരുടെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ്‌ ഗാട്ട്‌ കരാറും, ആസിയാന്‍ കരാറും, ബി.ടി. ഉല്‍പ്പനങ്ങള്‍ക്കുമെല്ലാം നമ്മുടെ വിപണി തുറന്നു കൊടുക്കുന്നത്‌.

ഏറ്റവുമൊടുവില്‍ ജനിതകമാറ്റം വരുത്തിയ ബി.ടി. വഴുതനങ്ങ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ്‌ പലരും കേട്ടത്‌. ലോകത്തുതന്നെ Bt-Brinjal ന്‌ അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ്‌ ഇന്ത്യ. ഭക്ഷ്യ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും പരിസ്ഥിതിക്കും അങ്ങേയറ്റം പ്രത്യാഘാതം സൃഷ്ടിക്കുവാന്‍ കഴിവുള്ള അപകടം പിടിച്ച ഒരു സാങ്കേതികവിദ്യയാണിത്‌.

ബി.ടി എന്നത്‌ ഒരു ബാക്ടീരിയയാണ്‌. ഇതിന്‌ ചില കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും. വിഷസമാനമായ ഒരു പ്രോട്ടീന്‍ ഇതിലുണ്ട്‌. ഈ പ്രോട്ടീന്‍ ഉല്‍പാദനത്തിന്‌ കാരണക്കാരനായ ജീനിനെ ഈ ബാക്ടീരിയയില്‍നിന്ന്‌ വേര്‍തിരിച്ചെടുത്ത്‌, ആ ജീനിനെ കൃത്രിമമായി ഉണ്ടാക്കി വിളസസ്യങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കുക എന്നതാണ്‌ ഈ വിത്തു കമ്പനികള്‍ ചെയ്യുന്നത്‌. അതായത്‌ വിഷം ചെടികള്‍ക്കകത്തു തന്നെ ഉണ്ടാക്കുക എന്ന പദ്ധതിയാണത്‌. കീടങ്ങളെ പ്രതിരോധിക്കാന്‍ ഇങ്ങിനെ ചെടികള്‍ക്ക്‌ 'സ്വാഭാവികമായി' കഴിവുണ്ടാകും എന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഇതുകൊണ്ട്‌ കീടനാശിനിയുടെ ഉപയോഗം ഉണ്ടാകുന്നില്ല. ബി.ടി പരുത്തിയുടെ ഉദാഹരണമെടുത്താല്‍ കീടനാശിനി ഉപയോഗം കുറഞ്ഞിട്ടില്ല എന്നുതന്നെയാണ്‌ കാണിക്കുന്നത്‌. പുതിയ പുതിയ കീടങ്ങള്‍ പെരുകുക വഴി കീടനാശിനി ഉപയോഗം കുറയ്‌ക്കാന്‍ കൃഷിക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അപ്പോള്‍ ചെടിക്കകത്തും പുറത്തും വിഷം നിറയുന്ന അവസ്ഥയാണുണ്ടാകുക.

കടല്‍ത്തീരം മുതല്‍ മലത്തലപ്പ്‌ വരെ ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്‌ കേരളം. സംസ്ഥാനത്തിന്റെ പകുതിയും പശ്ചിമഘട്ടപ്രദേശമാണ്‌. ഇത്‌ അറിയപ്പെടുന്ന ഒരു ജൈവ വൈവിധ്യമേഖലയുമാണ്‌. നേരത്തെ തന്നെ പല ശാസ്‌ത്രജ്ഞരും മുന്നറിയിപ്പ്‌ നല്‍കുകയും ഇന്ന്‌ ശാസ്‌ത്രലോകം തിരിച്ചറിയുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക്‌ സ്വാഭാവിക പരിസ്ഥിതിയെ മലിനീകരിക്കാന്‍ കഴിയുമെന്നതാണിത്‌. ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങള്‍ കൃത്രിമമാണ്‌ കാരണം ഇവയെ ലബോറട്ടറികളില്‍ മാത്രമേ ഉണ്ടാക്കാന്‍ കഴിയൂ. മാത്രവുമല്ല ഈ സാങ്കേതികവിദ്യയുടെ രീതികളും അതില്‍നിന്നുണ്ടാകുന്ന ഉല്‍പന്നങ്ങളും പരിണാമത്തിന്റെ കഴിഞ്ഞ 3.8 ബില്ല്യണ്‍ വര്‍ഷങ്ങളില്‍ ഇല്ലാത്തതാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ക്കു പോലും ഈ സാങ്കേതികവിദ്യ ഉണ്ടാക്കാനിടയുള്ള ജനിതകമാറ്റത്തെക്കുറിച്ച്‌ കൃത്യമായി പറയാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു ജൈവസംരക്ഷണ പ്രോട്ടോകോള്‍ (Biosaftey Protocol) നിലനില്‍ക്കുന്നത്‌. ഡോ. എം.എസ്‌. സ്വാമിനാഥന്‍ ചെയര്‍മാനായുള്ള ബയോടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സ്‌ റിപ്പോര്‍ട്ടും പറയുന്നത്‌ പശ്ചിമഘട്ടം പോലെ പാരിസ്ഥിതികമായി ലോലമായ ഒരു പ്രദേശത്തെ ജനിതകമാറ്റം വരുത്തിയ വിളകളില്‍നിന്ന്‌ സംരക്ഷിക്കണമെന്നാണ്‌.

കേരളത്തില്‍ ഉണ്ടായിട്ടുള്ള കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകരും സ്വയം സഹായ സംഘങ്ങളും സംഘടനകളും കാര്‍ഷിക സര്‍വകലാശാലയും എല്ലാം കഴിഞ്ഞ 10 ? 15 വര്‍ഷങ്ങളായി പല പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. സംയോജിത കീട നിയന്ത്രണം(IPM), കീടനാശിനി രഹിത കീടനിയന്ത്രണം (NPM), ജൈവകൃഷി, ബയോഡൈനാമിക്‌ ഫാമിംഗ്‌ എന്നിവ അവയില്‍ ചിലതുമാത്രം. ഇതിന്റെ ഫലം വളരെ നല്ലതും മറ്റു കൃഷിക്കാര്‍ക്ക്‌ അനുകരിക്കാന്‍ കഴിയുന്നതുമാണ്‌. ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ കമ്പോളത്തില്‍ നല്ല വിലയും ഇന്ന്‌ ലഭിക്കുന്നുണ്ട്‌. കാര്‍ഷിക കയറ്റുമതിക്ക്‌ ഒട്ടേറെ പ്രാധാന്യമുള്ള നമ്മുടെ സംസ്ഥാനം ഒരു ജൈവ കൃഷി സംസ്ഥാനമായിരിക്കേണ്ടത്‌ (organic State) അത്യാവശ്യമാണ്‌. കാരണം ഇന്ന്‌ ജൈവ ഉല്‍പന്നങ്ങളുടെ ഗുണം തിരിച്ചറിഞ്ഞ്‌ അതിന്‌ വലിയൊരു മാര്‍ക്കറ്റ്‌ സംസ്ഥാനത്തിനകത്തും പുറത്തും വളര്‍ന്ന്‌ വരുന്നുണ്ട്‌. നമ്മുടെ കൃഷിക്കാര്‍ക്ക്‌ എല്ലാ അര്‍ത്ഥത്തിലും ഇതൊരനുഗ്രഹമായിരിക്കും. എന്നാല്‍ ഒരിക്കല്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ജൈവകൃഷിയിടങ്ങളെ മലിനമാക്കുമെന്നതിന്‌ യാതൊരു സംശയവുമില്ല. പല രാജ്യങ്ങളും ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്‌.

ജനിതകമാറ്റം വരുത്തിയ ആഹാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ശാസ്‌ത്രജ്ഞര്‍ ഇന്നും കാണുന്നില്ല. ജനിതക മാറ്റം വരുത്തിയ ഭക്ഷണം പ്രധാനമായും പരീക്ഷിക്കുന്നത്‌ എലികളിലാണ്‌. വിവിധതരം അലര്‍ജികളും കുടലിനകത്ത്‌ മുറിവുണ്ടാകലും ഈ എലികളില്‍ സംഭവിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്‌. എങ്കിലും വിത്തു കമ്പനികള്‍ നടത്തുന്ന പഠനങ്ങള്‍ മിക്കതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്ന നിഗമനത്തിലാണെത്തുന്നത്‌. ഉദാഹരണത്തിന്‌ ബി.ടി വഴുതനങ്ങയെക്കുറിച്ച്‌ മാഹികോ എന്ന കമ്പനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്‌ അവരുണ്ടാക്കിയ ബി.ടി. വഴുതനങ്ങ നമ്മള്‍ ഭയക്കേണ്ട രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല എന്നാണ്‌.

സ്ഥിരീകരിച്ച മരണങ്ങള്‍

1989 ല്‍ അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ ഫുഡ്‌ സപ്ലിമെന്റ്‌ കഴിച്ച (എല്‍ ട്രിപ്‌റ്റോഫാന്‍) ആളുകളില്‍ കുറെപേര്‍ മരിക്കുകയും ആയിരക്കനക്കിന്‌ ആളുകള്‍ക്ക്‌ പല അസുഖങ്ങള്‍ ബാധിക്കുകയും ചെയ്‌തു. ഇതിന്‌ നഷ്ടപരിഹാരമായി ജപ്പാന്റെ ഷോവാ ഡെങ്കോ കമ്പനിക്ക്‌ 2 ബില്യണ്‍ ഡോളര്‍ കൊടുക്കേണ്ടിവന്നു.

കാന്‍സറും ജനിതകമാറ്റം വരുത്തിയ ഭക്ഷണവും

1994 ലാണ്‌ അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ ഹോര്‍മോണിന്‌ അനുമതി ലഭിക്കുന്നത്‌. മൊന്‍സാന്റോ എന്ന കമ്പനി ഇറക്കിയ ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍!മോണി(ൃആജഒ)നാണ്‌ അനുമതി ലഭിച്ചത്‌. ഈ ഹോര്‍മോണ്‍ ഉപയോഗിച്ച്‌ എലികളില്‍ നടത്തിയ പഠനത്തില്‍നിന്ന്‌ കണ്ടെത്തിയത്‌ ഇതിന്‌ എലികളിലെ ആന്തരാവയവങ്ങളെ തകരാരിലാക്കാന്‍ കഴിയുമെന്നും ലുക്കേമിയ പോലുള്ള കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ്‌. ഇതിനുള്ള മൊന്‍സാന്റോയുടെ മറുപടി പാല്‍ തിളപ്പിച്ചാല്‍ ഈ കൃത്രിമ ഹോര്‍മോണ്‍ നശിച്ചു പൊയ്‌ക്കൊള്ളും എന്നായിരുന്നു. എന്നാല്‍ പരീക്ഷണ ഫലങ്ങള്‍ മറിച്ചായിരുന്നു. 30 മിനിറ്റ്‌ തിളപ്പിച്ചിട്ടു പോലും പാലിലെ ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍മോണിന്റെ 19% മാത്രമേ നശിച്ചുള്ളു. എങ്കിലും മൊണ്‍സാന്റോ ഈ ഹോര്‍മോണിന്‌ അനുമതി നേടിയെടുത്തു. അതിന്റെ പ്രത്യാഘാതം വികസിത രാജ്യങ്ങളിലെ കര്‍ഷകരും ഉപഭോക്താക്കളും അനുഭവിക്കുകയും ചെയ്‌തു. രോഗബാധിതരായ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കുക വരെ ചെയ്യേണ്ടി വന്നു. കാരണം ഈ ഹോര്‍മോണ്‍ കുത്തിവെച്ച പശുക്കള്‍ക്ക്‌ രോഗം വരാനുള്ള സാധ്യത കൂടുതലായിരുന്നു. ഉയര്‍ന്ന അളവില്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍ കൊടുക്കേണ്ട അവസ്ഥവരെ ഉണ്ടായി. അപ്പോള്‍ പാലിലും മാംസത്തിലുംവരെ ആന്റിബയോട്ടിക്കിന്റെ അളവ്‌ ഉയര്‍ന്നു. ഈ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറായില്ല. ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടം കണക്കാക്കാന്‍ പറ്റാത്തതായിരുന്നു..

വൈറസ്‌ രോഗങ്ങള്‍

ജനിതക എഞ്ചിനീയറിംഗില്‍ ജീനുകളുടെ വാഹകരായി ഉപയോഗിക്കുന്നത്‌ പ്രധാനമായും വൈറസുകളാണ്‌. അതില്‍തന്നെ നാളിതുവരെ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌ കോളിഫ്‌ലവര്‍ മൊസൈക്‌ വൈറസ്‌ (ഇമങഢ) എന്ന വൈറസിനെയാണ്‌. ബി.ടി. പരുത്തിയിലെല്ലാം ഇതാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഈ വൈറസിന്‌ ഹെപ്പാറ്റൈറ്റിസ്‌. ബി വൈറസുമായും എച്ച്‌.ഐ.വി (ഒകഢ) വൈറസുമായും സാമ്യമുണ്ട്‌. അതുകൊണ്ടുതന്നെ അപകടം പിടിച്ചതാണ്‌. ജീന്‍ വാഹകരായ വൈറസുകള്‍ മറ്റ്‌ വൈറസുകളുടെ ജീനുകളുമായി ചേരാനും സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.

മാര്‍ക്കര്‍ ജീനുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

ജീനുകള്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഇവ കോശങ്ങളില്‍ എവിടെയാണ്‌ എത്തുന്നതെന്നറിയാന്‍ മാര്‍ക്കര്‍ ജീനുകള്‍ കൂടി കടത്തിവിടും. ഇവ പലപ്പോഴും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാര്‍ടീരിയല്‍ ജീനുകളാണ്‌. ഉദാഹരണത്തിന്‌ ജനിതകമാറ്റം വരുത്തിയ ചോളത്തില്‍ ഉപയോഗിച്ച ബാക്ടീരിയല്‍ ജീനുകള്‍ ആമ്പിസിലിന്‍ എന്ന ആന്റിബയോട്ടിക്‌സിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയായിരുന്നു. ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി 1998 ല്‍ ഇത്‌ നിരോധിക്കുകയുണ്ടായി. ജനിതകമാറ്റം വരുത്തിയ വിളകളില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ പ്രകൃതിയെ മലിനപ്പെടുത്താന്‍ മാര്‍ക്കര്‍ ജീനുകള്‍ക്ക്‌ കഴിയും. ഇതിന്റെ ഫലം ഭീകരമായിരിക്കും. ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം മാറാത്ത അവസ്ഥ ഉണ്ടാകും.

സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്‌

ജനിതക എഞ്ചിനീയറിംഗ്‌ ഉയര്‍ത്തുന്ന ഒരു പ്രധാന പ്രശ്‌നം സാംക്രമിക രോഗങ്ങളുടെ തിരിച്ചു വരവാണ്‌. ഇത്‌ പല രീതിയിലും സംഭവിക്കാം. ആന്റിബയോട്ടിക്കുകളോട്‌ പ്രതിരോധിക്കുന്ന ബാക്ടീരിയല്‍ ജീനുകളുടെ ഉപയോഗമാണ്‌ ഇതിലൊന്ന്‌. മറ്റൊന്ന്‌ ഇതുവരെ ഇല്ലാത്ത പുതിയതരം വൈറസുകളുടെ ആവിര്‍ഭാവമാണ്‌. മറ്റൊരു പ്രധാന വസ്‌തുത ഭക്ഷണരീതിയില്‍ വരുന്ന വ്യത്യാസം മൂലം (റശലെേ ീള ുൃീരലലൈറ മിറ മഹലേൃലറ ളീീറ)െ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ്‌. ജനിതകമാറ്റം വരുത്തിയ വിളകളും ആഹാരവും വ്യാപിക്കുകയാണെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നേട്ടമായി നമ്മള്‍ കരുതുന്ന സാംക്രമിക രോഗങ്ങളുടെ നിയന്ത്രണം ഒരു കെട്ടുകഥയാകുന്ന കാലം വളരെ വിദൂരമല്ല.

വിവിധതരം അലര്‍ജികള്‍

പയനിയര്‍ ഹൈബ്രീഡ്‌ എന്ന കമ്പനി ബ്രസീല്‍ നട്ട്‌ എന്ന ചെടിയുടെ ജീന്‍ അടങ്ങിയ സോയാബീന്‍ വിത്തുകള്‍ 1996 ല്‍ ഇറക്കുകയുണ്ടായി. ഈ സോയ കഴിച്ച പലര്‍ക്കും തേനീച്ച കുത്തിയതു പോലെയുള്ള അലര്‍ജി ഉണ്ടാകുകയും ഒടുവില്‍ ഈ ഉല്‍പന്നം വിപണിയില്‍നിന്ന്‌ പിന്‍വലിക്കേണ്ടിവരികയും ചെയ്‌തു.

ഭക്ഷണം മൂലമുണ്ടാകുന്ന അലര്‍ജി ഉയര്‍ന്നു വരുമ്പോള്‍ തന്നെ മറുവശത്ത്‌ ഭക്ഷണത്തില്‍ ജൈവ വൈവിധ്യം കുറഞ്ഞുവരികയും ചെയ്യുന്നു. മനുഷ്യ ശരീരത്തെ ഇന്ന്‌ നമ്മള്‍ ഒരു യന്ത്രം പോലെയാണ്‌ കരുതുന്നത്‌, യന്ത്രത്തിന്‌ ഏന്തെങ്കിലും കൊടുക്കുന്നത്‌ പോലെയാണ്‌ നമ്മുടെ ശരീരത്തിന്‌ ചില 'വസ്‌തു'ക്കള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. ഭക്ഷണത്തിന്റെ പോഷകമൂല്യമോ മറ്റു ഗുണങ്ങളോ നമ്മള്‍ ശ്രദ്ധിക്കാതായിക്കഴിഞ്ഞു. ഇത്‌ നമ്മള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന, നമുക്ക്‌ ആര്‍ത്തി തോന്നുന്ന ഭക്ഷണ വസ്‌തുക്കളെല്ലാം തന്നെ വിവിധതരം അലര്‍ജി ഉണ്ടാക്കുന്നവയാണ്‌. ഈ ഭക്ഷണങ്ങളുടെ ജീവനില്ലായ്‌മയും അതിലെ വിഷവസ്‌തുക്കളും നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ തിരിച്ചറിയുകയും ഇതിനോട്‌ പ്രതികരിച്ച്‌ ആന്റിബോഡിയും ശ്വേതരക്താണുക്കളും ഉണ്ടാക്കുകയും ചെയ്യും. ഇതാണ്‌ വിവിധതരം അലര്‍ജിയായി നമുക്കനുഭവപ്പെടുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്ന വയലുകളില്‍ ജോലിചെയ്യുന്നവര്‍ക്കുവരെ വിവിധതരം അലര്‍ജികള്‍ (തൊലി, ശ്വാസകോശം എന്നീ അവയവങ്ങള്‍ പ്രധാനമായി) ഉണ്ടാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അപ്പോള്‍ പിന്നെ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ.

ജനന വൈകല്യങ്ങള്‍

ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍!മോണ്‍ കുത്തിവെച്ച പശുക്കളുടെ കുഞ്ഞുങ്ങളില്‍ ഒട്ടനവധി വൈകല്യങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്‌. മാത്രവുമല്ല ആ കുഞ്ഞുങ്ങള്‍ക്ക്‌ ആയുസും കുറവായിരുന്നു. മനുഷ്യനെ ഇത്‌ എങ്ങിനെയാണ്‌ ബാധിക്കുകയെന്ന്‌ കണക്കു കൂട്ടാന്‍ കഴിയില്ല.

ഭക്ഷണത്തിനകത്തു തന്നെ വിഷം പോഷകങ്ങളുടെ കുറവും

ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ പ്രത്യേകത വിഷം ഭക്ഷണത്തിനകത്തുതന്നെ ഉണ്ടെന്നുള്ളതാണ്‌. കോശങ്ങള്‍ക്കകത്തു വരെ. മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു ഭക്ഷണം നമുക്ക്‌ കഴിക്കാനായി ലഭിക്കുന്നത്‌. ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല.

ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത്‌ ഇത്തരം ഭക്ഷണത്തില്‍ നമ്മുടെ ശരീരത്തിന്‌ അത്യാവശ്യമായ ചില പോഷകങ്ങള്‍ ഇല്ലെന്നതാണ്‌. ഉദാഹരണത്തിന്‌ ഫൈറ്റോ ഈസ്‌ട്രോജന്‍ ഹൃദ്രോഗങ്ങളില്‍ നിന്നും കാന്‍സറില്‍ നിന്നും ശരീരത്തിന്‌ സംരക്ഷണം നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്ന വസ്‌തുവാണ്‌. കൊച്ചു കുട്ടികള്‍ക്കു കൊടുക്കുന്ന ജനിതകമാറ്റം വരുത്തിയ പാല്‍പ്പൊടിയിലാകട്ടെ ഈസ്‌ഭട്രോജന്റെ അളവ്‌ വളരെ കൂടുതലായും കണ്ടെത്തുകയുണ്ടായി. ഇതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയുണ്ടാക്കുന്നതാണ്‌. മൊണ്‍സാന്റോ ഇറക്കിയ ജി.എം സോയ ആണെങ്കില്‍ (വലൃയശരശറല ൃലശെേെമി േീ്യെമ) ചില പ്രത്യേക അമിനോ ആസിഡുകളെ കുറക്കുന്നതായും അലര്‍ജികള്‍ ഉണ്ടാക്കുന്നതയും കണ്ടെത്തിയിട്ടുണ്ട്‌.

മറ്റു ചില പഠനങ്ങള്‍ കാണിക്കുന്നത്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പുതിയ തരം പ്രോട്ടീനുകള്‍ കാണുന്നുണ്ടെന്നാണ്‌. ഈ പ്രോട്ടീനുകള്‍ മനുഷ്യന്‍ ഇതുവരെ കഴിക്കാത്തതാണ്‌.

വിളകളില്‍ അടുത്ത കാലത്തുവരെ ഉണ്ടായിരുന്ന പരീക്ഷണങ്ങളും (പ്രത്യേകിച്ച്‌ പ്ലാന്റ്‌ ബ്രീഡിംഗ്‌) ജനിതക സാങ്കേതിക വിദ്യയും തമ്മില്‍ അടിസ്ഥാനതലത്തില്‍ തന്നെ വ്യത്യസ്‌തമാണ്‌. ഇത്‌ ജനിതക സാങ്കേതികവിദ്യയുടെ പ്രചാരകര്‍ അംഗീകരിക്കുന്നില്ലെങ്കിലും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഭക്ഷണവും അതിനാല്‍തന്നെ വളരെ വ്യത്യസ്‌തമാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ ഉരുത്തിരിച്ചെടുത്ത ഭക്ഷണത്തില്‍ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌ ഈ പുതിയ ഭക്ഷണം. പെട്ടെന്നാണ്‌ ഈ മാറ്റം സംഭവിക്കുന്നതും. ഇതിനോട്‌ നമ്മുടെ ശരീരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന്‌ കണ്ടുതന്നെ അറിയേണ്ടിവരും. അമേരിക്കയിലെ ജനങ്ങള്‍ കഴിക്കുന്ന 60% ചീസും ജനിതകമാറ്റം വരുത്തിയ എന്‍സൈമുകള്‍ ഉപയോഗിച്ചാണ്‌ സൂക്ഷിച്ച്‌ വക്കുന്നത്‌. പല ബേക്കറി ഉല്‍പന്നങ്ങളും ജനിതകമാറ്റത്തിന്‌ വിധേയമായിക്കഴിഞ്ഞു. അവിടെ പരുത്തി, സോയ, ചോളം എന്നിവ പൂര്‍ണമായും ജനിതകമാറ്റം വരുത്തിയവയാണ്‌. ഈ ഉല്‍പന്നങ്ങള്‍ക്ക്‌ നമ്മുടെ വിപണി തുറന്നു കൊടുക്കണമെന്നാണ്‌ അമേരിക്ക ആവശ്യപ്പെടുന്നത്‌. ഇപ്പോള്‍ തന്നെ നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വില്‍ക്കപ്പെടുന്ന ഇറക്കുമതി ചെയ്‌ത ഭക്ഷ്യ വസ്‌തുക്കള്‍ (പ്രൊസെസ്‌ഡ്‌ ഫുഡ്‌) ജനിതകമാറ്റം വരുത്തിയതാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ്‌.

മണ്ണിലെ വിഷബാധ

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുകയാണെങ്കില്‍ കീടനാശിനി/കളനാശിനി ഉപയോഗം കുറയുമെന്നും അതുവഴി പ്രകൃതിയില്‍ വിഷവസ്‌തുക്കളെത്തുന്നത്‌ കുറയുമെന്നുമാണ്‌ ജി.എം. വിത്തുകള്‍ ഉണ്ടാക്കുന്ന കമ്പനികളും ശാസ്‌ത്രജ്ഞരും പറയുന്നത്‌. എന്നാല്‍ അനുഭവം മറിച്ചാണ്‌. ഒന്നുള്ളത്‌ ഏറ്റവും കൂടുതല്‍ ജി.എം. പരീക്ഷണം നടന്നിട്ടുള്ളത്‌ കളനാശിനികളോട്‌ പ്രതിരോധിക്കുന്ന വിളകള്‍ ഉണ്ടാക്കിയെടുക്കുന്നതിലാണ്‌. ഇതിനര്‍ത്ഥം ഈ വിളകള്‍ കൃഷിചെയ്യുന്നിടത്ത്‌ ധാരാളം കളനാശിനി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ്‌. ഇത്‌ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജി.എം. വിത്തുകളും അതിന്‌ ചേര്‍ന്ന കളനാശിനികളും ഉണ്ടാക്കുന്നത്‌ ഒരേ കമ്പനികളുമാണ്‌. ഈ കളനാശിനികള്‍ പല സസ്യങ്ങളെയും വംശനാശത്തിന്റെ വക്കിലെത്തിച്ചു കഴിഞ്ഞുതാനും.

ഇതിനു പുറമേ ജനിതകമാറ്റം വരുത്തിയ വിളകളുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ അലിഞ്ഞു ചേരുമ്പോള്‍ മണ്ണ്‌ ഫലപുഷ്ടിയുള്ളതാകുന്നതിനു പകരം നിര്‍ജീവമാകുന്നതായാണ്‌ കണ്ടെത്തിയത്‌. മണ്ണിലെ അത്യാവശ്യ പോഷകങ്ങളെ മുഴുവന്‍ ഇത്‌ നശിപ്പിക്കുകയും നൈട്രജനെ സംഭരിക്കാന്‍ കഴിവുള്ള മണ്ണിലെ ഫംഗസുകളെ കൊന്നൊടുക്കുകയും ചെയ്‌തു. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകള്‍ മണ്ണിനെ മലിനപ്പെടുത്തുന്നതായും മൊണാര്‍ക്‌ പൂമ്പാറ്റകളെ പോലുള്ള ഷഡ്‌പദങ്ങളെ നശിപ്പിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ലേബലിംഗ്‌

ജനിതകമാറ്റം വരുത്തിയ ആഹാരവസ്‌തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യ. അതിന്റെ ആദ്യ പടിയായി ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുമതിയായിട്ടുണ്ട്‌. ഇത്രയധികം വൈവിധ്യമാര്‍ന്ന എണ്ണക്കുരുക്കള്‍ കൃഷിചെയ്യുന്ന മറ്റൊരു നാടില്ല. ഇനിയും ഉല്‍പാദനം കൂട്ടാനുള്ള സാധ്യത ഉണ്ട്‌ താനും. എങ്കിലും നമ്മള്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സോയാബീന്‍ എണ്ണ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അംഗന്‍വാടികളിലും ഫുഡ്‌ ഫോര്‍ വര്‍ക്ക്‌ പ്രോഗ്രാം വഴിയുമൊക്കെയാണ്‌ സോയാബീന്‍ എണ്ണ വിതരണം നമ്മുടെ നാട്ടില്‍ തുടങ്ങിയത്‌. ഇപ്പോള്‍ പൊതു വിപണിയിലും ഇതിന്‌ ആവശ്യക്കാര്‍ ഏറി വരുന്നു. ഈ സാഹചര്യത്തില്‍ ജി.എം. സോയാബീന്‍ എണ്ണ വിപണിയിലെത്തിയാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ ഊഹിക്കാമല്ലോ. ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കാനായി ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്‌ ലേബലിംഗ്‌ കൊണ്ടുവരാനായി സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഇതാണോ തെരഞ്ഞെടുപ്പിനുള്ള വഴി? നമ്മുടെ നാട്ടില്‍ എത്ര പേര്‍ക്ക്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തെക്കുറിച്ച്‌ അറിയാം? മാത്രവുമല്ല പണത്തിന്റെ ശക്തി കയ്യിലുള്ള കുത്തക കമ്പനികളും വ്യാപാരികളും ജി.എം. ഭക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചാരണത്തിനു മുന്‍പില്‍ ഏത്‌ ഉപഭോക്താവാണ്‌ വീണുപോകാതിരിക്കുക? ഇത്‌ അറിയുന്നതു കൊണ്ടുതന്നെയാണ്‌ ഇന്ത്യയുടെ വിപണിയുടെ സാധ്യതകള്‍ മനസിലാക്കി അമേരിക്ക ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതും. നമ്മുടെ സര്‍ക്കാര്‍ ആ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി നമ്മുടെ വിപണി ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്‌ തുറന്നു കൊടുക്കാന്‍ പോകുന്നതും.