Saturday, November 7, 2009

ആഗോള താപനവും കോപന്‍ഹേഗനിലേക്കുള്ള വണ്ടിയും

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ അവസാനവാരം ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു. ചാന്ദ്രയാന്‍ ദൌത്യത്തിന് നിയുക്തമായ ഇന്ത്യന്‍ നിര്‍മിത ശൂന്യാകാശ പേടകം ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് ആദ്യമായി തെളിവുകള്‍ ശേഖരിച്ചതായിരുന്നു കാരണം. ചാന്ദ്രയാന്‍ വിജയിച്ചതില്‍ ഇന്ത്യന്‍ മനസ്സുകള്‍ തീര്‍ച്ചയായും അഭിമാനപൂരിതമാകണം. അതില്‍ ശാസ്ത്രലോകം പ്രകടിപ്പിച്ച ആഹ്ലാദവും നീതിയുക്തമാണ്. എന്നാല്‍ അത് ചില സത്യങ്ങളെ അദൃശ്യമാക്കിക്കൂടാ. മനുഷ്യന്‍ പാര്‍ക്കുന്ന ഭൂമി എന്ന ജീവഗ്രഹത്തെപ്പറ്റിയുള്ള വിപല്‍സന്ദേശങ്ങള്‍ വിസ്മരിച്ചുകൂടാ. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപാന്തരം പ്രാപിച്ച, ജൈവപരിണാമത്തിന്റെ മഹാകാലങ്ങള്‍ കടന്നുവന്ന ഭൂമി ഇന്ന് വൃദ്ധിക്ഷയത്തിലാണ്. മഞ്ഞുമലകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു. കടല്‍ നിരപ്പുയരുന്നു. അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നു. അതി വൃഷ്ടികൊണ്ട,് അനാവൃഷ്ടികൊണ്ട,് പലതരം പകര്‍ച്ചവ്യാധികള്‍ കൊണ്ട്, പൊറുതിമുട്ടിയ ലോകത്തിന്റെ ശ്ലഥചിത്രങ്ങള്‍ ദിനം പ്രതി മാധ്യമങ്ങളില്‍ നിറയുന്നു.

ബാങ്കോക്ക് സമ്മേളനം
ചന്ദ്ര മണ്ഡലത്തെപ്പറ്റിയുള്ള വ്യാമോഹങ്ങള്‍ വിപണനം ചെയ്ത അതേ വാരത്തില്‍ തന്നെയാണ് ആഗോളതാപനം നിയന്ത്രിച്ച് ഭൂമിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോക രാഷ്ട്രപ്രതിനിധികളുടെ (യുനൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച്) സമ്മേളനം ബാങ്കോക്കില്‍ നടന്നത്. 160 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അടുത്ത ഡിസംബറില്‍ കോപന്‍ഹേഗന്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യാനുള്ള കരട് ഉടമ്പടിയാണ് ഈ സമ്മേളനം തയാറാക്കിയത്. ഭൂമിയെ ജീവിക്കാന്‍ പറ്റുന്ന ഒരു പാര്‍പ്പിടമായി നിലനിര്‍ത്തണോ അതോ ഭൂമിക്കുവെളിയില്‍ മറ്റൊരു പാര്‍പ്പിടം തിരയണോ? ഭൂമിയെ വാസയോഗ്യമായി നിലനിര്‍ത്തുന്നതിനേക്കാള്‍ മുന്‍ഗണന മറ്റൊന്നിനുമില്ലെന്ന് രണ്ടുപ്രാവശ്യം ആലോചിക്കാതെ പറയാനാവും.

നാശത്തിന്റെ വഴികള്‍
ആധുനികനാഗരികത ഒരേ സമയം സര്‍ഗാത്മകതവും വിനാശകരവുമാണ്. മനുഷ്യജീവിതത്തെ പരിഷ്കരിക്കുന്നതില്‍ അത് ധാരാളം സംഭാവനകള്‍ നല്‍കി. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പിന്റെ കാര്യത്തില്‍ അത് വിനാശകരമായഫലങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികനാഗരികതയുടെ രാഷ്ട്രീയ പ്രതിരൂപങ്ങളായ മുതലാളിത്തവും സമ്മിശ്ര രാഷ്ട്രീയവ്യവസ്ഥയും കമ്യൂണിസവും ഇക്കാര്യത്തില്‍ പുലര്‍ത്തിയത് ഒരേ സമീപനമാണ്. മനുഷ്യനെ ചൂഷണം ചെയ്ത് മിച്ചമൂല്യമുണ്ടാക്കിയിരുന്ന മുതലാളിത്തത്തിനും മുതലാളിത്തത്തിന്റെ അനന്തവളര്‍ച്ചയെ പ്രതിരോധിക്കുന്ന സമ്മിശ്ര രാഷ്ട്രീയ വ്യവസ്ഥക്കും മുതലാളിത്തവിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കമ്യൂണിസ്റ്റ്വ്യവസ്ഥക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഒരേ മനസ്സാണ്. ഒരേ ഭാഷയില്‍ സംസാരിക്കുന്ന സാങ്കേതികവിദ്യകളാണ് ഈ മൂന്ന് വ്യവസ്ഥകള്‍ക്കുമുള്ളത്.
ഭൂമിയില്‍ 30 ദശലക്ഷത്തോളം ജീവജാലങ്ങളുണ്ടെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. അതില്‍ 1.7 ദശലക്ഷം ജീവജാലങ്ങള്‍മാത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യന്‍ പെരുകുകയും മറ്റു ജീവജാലങ്ങള്‍ കടുത്ത പ്രതിസന്ധിയെ നേരിടുകയും ചെയ്യുന്നതാണ് ആധുനികത നല്‍കുന്ന പാഠം. 1600^1900 കാലത്ത് നാല് വര്‍ഷം കൂടുമ്പോള്‍ ഒരു ജീവിവര്‍ഗം ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിരുന്നു. ആധുനികനാഗരികത കൂടുതല്‍ അഭിവൃദ്ധിപ്പെട്ടപ്പോള്‍ ഇതിന്റെ തോത് പലമടങ്ങ് വര്‍ധിച്ചു. 1900^2000 കാലഘട്ടത്തില്‍ വര്‍ഷത്തില്‍ നാലിനം എന്ന നിലയിലായി ജീവിവര്‍ഗങ്ങളുടെ തിരോധാനം. കഴിഞ്ഞ 4 നൂറ്റാണ്ടിനുള്ളില്‍ 120 ഇനം സസ്തനികളും 225 ഇനം പക്ഷി വര്‍ഗങ്ങളും തിരോധാനം ചെയ്തു. അടുത്ത 20^30 വര്‍ഷത്തിനുള്ളില്‍ ലോകത്തെ ജൈവ വൈവിധ്യത്തില്‍ നാലിലൊന്ന് അപ്രത്യക്ഷമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജീവിവര്‍ഗങ്ങളെ ഇത്തരം ഉന്‍മൂലനങ്ങളിലേക്ക് നയിക്കുന്ന പ്രധാന സംഗതി അനിയന്ത്രിതമായ വനനശീകരണമാണ്. ഓരോ വര്‍ഷവും 7.5 ദശലക്ഷം ഹെക്ടര്‍ നിബിഡവനവും 3.8 ദശലക്ഷം ഹെക്ടര്‍ അസാന്ദ്ര വനവും നശിപ്പിക്കപ്പെടുന്നു. ഓരോ മിനിറ്റിലും 21.5 ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതാവുന്നുണ്ട്. മഞ്ഞുമലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാടുകളാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. അനേകായിരം നദികള്‍ക്കാണ് അവ ഉയിര്‍ നല്‍കുന്നത്. വനനാശം സ്വാഭാവികമായും ശുദ്ധജല സ്രോതസ്സുകളേയും അവിടെയുള്ള ജൈവവൈവിധ്യത്തേയും പ്രതികൂലമാക്കിത്തീര്‍ക്കുന്നു. ഭൂമിയില്‍ ലഭ്യമായ ജലത്തിന്റെ അരശതമാനം മാത്രമാണ് ശുദ്ധജലം. ശിഷ്ടജലം കടലിലും ഉത്തര ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുമലകളിലുമാണ്. മഞ്ഞുമലകളിലെ ശുദ്ധജലം മനുഷ്യന് അപ്രാപ്യമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഒരുകാലത്ത് ഏറ്റവും സുലഭമായിരുന്ന ജലം ഇന്ന് ഏറ്റവും വിപണനമൂല്യമുള്ള ഒരു വിഭവമായി തീര്‍ന്നിരിക്കുന്നു.
നാഗരികതയുടെ വികാസവും പ്രകൃതിയുടെ വിനാശവും ഇന്ന് ഒരേ തായ്വഴിയിലാണ്. ഈ തിരിച്ചറിവിന്റെ ഫലമാണ് ബ്രസീലിലെ റിയോഡി ജനിറോയില്‍ സംഘടിപ്പിച്ച ഭൌമ ഉച്ചകോടി . ഹരിതവലയ വാതകങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം മുന്നോട്ടുപോകില്ലെന്ന സത്യം ആ ഉച്ചകോടിയില്‍ ഉയര്‍ന്നുവന്നു. ലോകരാജ്യങ്ങള്‍ പ്രകടിപ്പിച്ച ആ ഉത്കണ്ഠയോട് അന്ന് അമേരിക്ക മാത്രം നീതിപുലര്‍ത്തിയില്ല. അന്തരീക്ഷം ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന, 19.5 ശതമാനം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അമേരിക്ക അന്ന് പറഞ്ഞത് ഞങ്ങളുടെ ജനങ്ങള്‍ക്ക് അവരുടെ ജീവിതരീതി മാറ്റാനാവില്ല, വികസ്വര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യട്ടെ എന്നാണ്. ആ ഉച്ചകോടിയുടെ തുടര്‍ച്ചയായി ജപ്പാനില്‍ 1995 ല്‍ സംഘടിപ്പിച്ച ക്യോട്ടോ ഉച്ചകോടിയില്‍ നിര്‍കാര്‍ബണീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണനിബന്ധനകളില്‍ എല്ലാ രാജ്യങ്ങളും ഒപ്പുവെച്ചെങ്കിലും അമേരിക്ക വിട്ടുനിന്നു. ലോകത്തിന്റെ നിലനില്‍പിലല്ല, നിലനില്‍ക്കുന്ന ലോകത്തിന്റെ അപ്രമാദിത്വത്തില്‍ മാത്രമാണ് താത്പര്യമെന്ന് ആ രാജ്യം ഒരിക്കല്‍ക്കൂടി തെളിയിച്ചു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. 16 ശതമാനമാണ് ചൈനയുടെ വിഹിതം. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ് എന്ന് കണക്കുകള്‍. നാലു ശതമാനം കാര്‍ബണ്‍ ആണ് ഇന്ത്യ പുറന്തള്ളുന്നത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ അഞ്ചിലൊന്നും രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ നാലിലൊന്നുമാണ് ഇന്ത്യന്‍വിഹിതം. മലിനീകരണത്തോത് ആളോഹരി കണക്കാക്കിയാല്‍ ഇന്ത്യയുടേത് അത്ര രൂക്ഷമെന്ന് പറയാനില്ല.
ലോകം ഈ ദുരിതങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. കാര്‍ബണ്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങളേക്കാള്‍ കാര്‍ബണ്‍ക്രെഡിറ്റിലാണ് ലോകരാജ്യങ്ങള്‍ക്ക് താത്പര്യം. ക്യോട്ടോ പ്രോട്ടോക്കോള്‍ അനുസരിച്ച് മൂന്ന് മാര്‍ഗങ്ങളാണ് ഹരിതവലയ വാതകങ്ങള്‍ പുറന്തള്ളുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ളത്. ഹരിതവലയ വാതകങ്ങള്‍ പുറന്തള്ളുന്ന വ്യവസായശാലകള്‍ അത് ഒരു നിശ്ചിത അളവിലേക്ക് പരിമിതപ്പെടുത്തുക. അല്ലെങ്കില്‍ കാര്‍ബണ്‍ ഉത്പാദനത്തോത് കുറക്കുന്ന തരത്തില്‍ സങ്കേതികവിദ്യകള്‍ വികസിപ്പിക്കുക. അതുമല്ലെങ്കില്‍ കാര്‍ബണ്‍വിമുക്ത രീതിയില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് തങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവനുസരിച്ച് നഷ്ടം നല്‍കുക. കോര്‍പറേറ്റ് കമ്പനികള്‍ ഇക്കാര്യത്തിലാണ് താല്‍പര്യം കാണിക്കുന്നത്. കാര്‍ബണ്‍ മലിനീകരണം വഴി ഉണ്ടാക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ചെറുശതമാനം ചെലവഴിച്ച് നിര്‍കാര്‍ബണീകരണ കാര്യത്തില്‍ അവര്‍ പങ്കാളികളാവുന്നത്്. അതുവഴി നിര്‍കാര്‍ബണീകരണത്തിന് അനുയോജ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിന് വന്‍നിക്ഷേപം നടത്തുക എന്ന വെല്ലുവിളിയില്‍ നിന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തടിതപ്പുന്നു.

കോപന്‍ഹേഗന്‍ സമ്മേളനം
ഇനി ലോകത്തിന്റെ ഏകപ്രതീക്ഷ കോപന്‍ഹേഗന്‍ സമ്മേളനമാണ്. 2009 ഡിസംബറില്‍ ഡെന്‍മാര്‍ക്കില്‍ വെച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങള്‍ വീണ്ടും ഒത്തുചേരുകയാണ്. സെപ്റ്റംബര്‍^ഒക്ടോബര്‍ മാസത്തില്‍ ബാങ്കോക്കില്‍ നടന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയാണിത്. 170 രാജ്യങ്ങളില്‍ നിന്നായി 8000 ത്തോളം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ യൂനിയനിലെ ചില പ്രതിനിധികള്‍ ബാങ്കോക്ക്സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ആഗോളതാപനത്തിന്റെ നിയന്ത്രണകാര്യത്തിലുള്ള അവസാനത്തെ വണ്ടിയാണത്. നിലവിലുള്ള കാര്‍ബണ്‍ കച്ചവടരീതികള്‍ കൊണ്ട് ഈ വെല്ലുവിളിയെ നേരിടാനാവില്ല. അന്തരീക്ഷ താപനിലയെ ക്രമീകരിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് അംഗീകരിക്കുകയും അവ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രായോഗികമായ കര്‍മപദ്ധതികള്‍ക്ക് രൂപംകൊടുക്കാനും ഈ സമ്മേളനത്തിന് സാധിക്കണം. ഇതിനകം തയാറാക്കിയ ബാലി കര്‍മപദ്ധതി കരട് രൂപരേഖക്ക് സുവ്യക്തവും സ്വീകാര്യവുമായ അന്തിമരൂപം നല്‍കണം.
ബാലികര്‍മപദ്ധതി വനത്തിന്റെ കാര്‍ബണ്‍ശേഷിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വനനശീകരണം മൂലമാണ് അന്തരീക്ഷത്തില്‍ 20 ശതമാനം കാര്‍ബണ്‍ വര്‍ധിക്കാന്‍ ഇടയായതെന്ന് ഐക്യരാഷ്ട്രസഭ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. തദനുസൃതമായി രൂപംകൊണ്ടതാണ് ബാലി കര്‍മപദ്ധതി. വന പ്രദേശങ്ങളുടെ വസ്തുനിഷ്ഠവിവരങ്ങള്‍, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രദേകങ്ങള്‍ക്ക് കാര്‍ബണ്‍ വിമലീകരണ മൂല്യം(REDD^Reducing Emissions from Deforestation& Degradation) നല്‍കാന്‍ അതുപ്രകാരം സാധിക്കുന്നതാണ്. 2013 മുതല്‍ അത് നിലവില്‍വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമ്പന്നരാജ്യങ്ങള്‍ പ്രതിരോധാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 10 ശതമാനം മാത്രം നീക്കിവെച്ചാല്‍ ആഗോള താപനം എന്ന വെല്ലുവിളിയെ നേരിടാന്‍ പറ്റുന്നതാണ്. ഇന്ത്യയുള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ വനങ്ങള്‍ക്ക് സംഭവിക്കുന്ന വ്യാപകമായ നശീകരണം തന്‍മൂലം നിയന്ത്രിക്കാന്‍ സാധിക്കും. കോടിക്കണക്കിന് ഹെക്ടര്‍ വരുന്ന തരിശുഭൂമികളില്‍ ഹരിതാവരണം സൃഷ്ടിക്കാനുള്ള മൂലധനം ലഭ്യമാവുകയും ചെയ്യും.
(അട്ടപ്പാടി അഹാഡ്സ് അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)

No comments:

Post a Comment