Sunday, July 11, 2010

യുവത്വം ഷണ്ഡീകരിക്കപ്പെടുമ്പോള്‍..


സമ്പൂര്‍ണ്ണ സാക്ഷര, ആരോഗ്യ - വിദ്യഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍, കുറഞ്ഞ ശിശുമരണ നിരക്ക്‌ അങ്ങനെ കേരളത്തിന്‌ ലോകരുടെ മുമ്പില്‍ അഭിമാനിക്കാവുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ലോകത്തിന്റെ ഏത്‌ കോണില്‍ നോക്കിയാലും ഒരു മലയാളിയെങ്കിലും ഇല്ലാത്ത നാട്‌ ഉണ്ടാകാന്‍ സാധ്യതയില്ല. ഒരുവിധപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം ഗതിനിയന്ത്രിക്കുന്നത്‌ മലയാളിയുടെ തലയായിരിക്കും. അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍. ചന്ദ്രനില്‍ ശാസ്‌ത്രലോകം എത്തിയപ്പോള്‍ അവിടെ മലയാളി നേരത്തെ എത്തിയിട്ടുണ്ടത്രെ. ഇങ്ങനെപോകുന്നു മലയാളിയുടെ പെരുമ. ഇതില്‍ കുറെ സത്യങ്ങളും, അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളുമുണ്ട്‌.

കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ ചെറുതാണ്‌. ജനസാന്ദ്രത കൂടിയതുമാണ്‌. അതുകൊണ്ട്‌ തന്നെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുക എന്നുള്ളത്‌ അതിസാഹസമായിരിക്കും. കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങള്‍ക്ക്‌ നിര്‍ണ്ണായക പങ്കാണ്‌ ഉള്ളത്‌. ബ്രിട്ടീഷുകാര്‍ അവരുടെ കീശവീര്‍പ്പിക്കുന്നതിനും നാട്‌ നന്നാക്കുന്നതിനും സുഗമമ സഞ്ചാരത്തിനുമായി പണിതീര്‍ത്ത കുറെ കെട്ടിടങ്ങളും റോഡുകളും ഇപ്പോഴും അതിന്റെ തനതായ രൂപത്തില്‍ നിലനില്‍ക്കുകയും നാം ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത്‌ കേരളത്തിന്റെ വികസനത്തിന്‌ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിരുന്ന യുവജനപ്രസ്ഥാനങ്ങള്‍ ഇന്ന്‌ നിര്‍ജീവമാണ്‌. രാഷ്ട്രീയ നേതൃത്വം അവര്‍ക്ക്‌ മുമ്പില്‍ ഇട്ടുകൊടുന്ന എല്ലിന്‍ കഷണങ്ങളില്‍ ദിവാസ്വപ്‌നം കണ്ട്‌ കഴിയുകയാണവര്‍. രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തിന്‌ വേണ്ടിയാണ്‌ അല്ലെങ്കില്‍ അങ്ങനെയാവണം രാഷ്ട്രത്തിന്റെ വികസനത്തിനും നന്മക്കും ജനക്ഷേമത്തിനുമെല്ലാമായിരിക്കണം രാഷ്ട്രീയം എന്നാല്‍ ഇന്ന്‌ രാഷ്ട്രീയം എന്ന്‌ താനും തന്റെ നേതാവും തന്റെ പാര്‍ട്ടിയും എന്നുള്ള കക്ഷിരാഷ്ട്രീയത്തിലേക്ക്‌ എത്തിനില്‍ക്കുന്നു. അതായത്‌ രാഷ്ട്രവികസനം എന്നുള്ളിടത്ത്‌ നിന്ന്‌ പാര്‍ട്ടി വികസനം എന്നുള്ളിടത്തേക്ക്‌ മാറിയിരിക്കുന്നു. ഓരോ നേതാവിനും ഓരോ പാര്‍ട്ടി ഓരോ പാര്‍ട്ടിക്കും ഓരോ ലക്ഷ്യം എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ. കോണ്‍ഗ്രസിന്‌ തന്നെ പാര്‍ട്ടിയും ഉപപാര്‍ട്ടിയും ഉള്‍പ്പോരും മുന്നേറുമ്പോള്‍ ഒരു കാലത്ത്‌ ഭൂപരിഷ്‌കരണം പോലുള്ള വികസനങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിരുന്ന ഇടതുപക്ഷം ഇപ്പോള്‍ ഒരു കോര്‍പ്പറേറ്റ്‌ കമ്പനിയായി മാറിയിരിക്കുന്നു.

സ്വാതന്ത്രം നേടുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്സ്‌ അതിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തോടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന്‌ ഗാന്ധിജി തന്നെ പറഞ്ഞതാണ്‌. പണ്ടുമുതലേ കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ കൈകളിലാണ്‌ കോണ്‍ഗ്രസ്സ്‌. എന്നാല്‍ ഇടതുപക്ഷം അങ്ങനെയല്ല. തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്ന്‌ താഴേത്തട്ടിലുള്ളവന്റെ ഉന്നമനത്തിന്‌ വേണ്ടി ഉയര്‍ത്തെഴുനേല്‍ക്കപ്പെട്ട ഇടതുപക്ഷത്തിന്‌ അപചയം സംഭവിച്ചിരിക്കുന്നു. ചെങ്ങറ ഭൂസമരത്തില്‍ ഇടതു - വലതുപക്ഷങ്ങള്‍ ഒന്ന്‌ ചേര്‍ന്ന്‌ ഇരങ്ങകളെ ആക്രമിക്കുന്നത്‌ കേരളം കണ്ടതാണ്‌. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ കൈകെട്ടിനോക്കിനില്‍ക്കാനേ അവര്‍ക്ക്‌ കഴിഞ്ഞുള്ളൂ. അതായത്‌ യുവാക്കള്‍ക്ക്‌ ഒരു തരം നിസ്സംഗത സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ സംഭവിപ്പിച്ചിരിക്കുന്നു.

ഇത്തരത്തില്‍ യുവജനങ്ങള്‍ നിശ്ശബ്ദരാവുമ്പോഴാണ്‌ അതിക്രമവും ആഗോളീകരണവും എന്നുതുടങ്ങി നാം നമ്മുടെ നാട്ടില്‍ നിന്ന്‌ എന്തിനെയെല്ലാം അകറ്റിയോ അതെല്ലാം പുതിയരീതിയില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുന്നു. അത്‌ നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിരിക്കുന്നു. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കാന്‍ മാത്രം. പക്ഷെ ആഗോള കുത്തക മുതലാളിമാര്‍ നമ്മുക്ക്‌ ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച്‌ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കാനുള്ള വിവേകം നമുക്കില്ലാതായിരിക്കുന്നു.

കുടുംബഭദ്രതക്കായി ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ ചിന്തമുഴുവന്‍ എങ്ങനെ ജോലിയില്‍ തിളങ്ങാന്‍ കഴിയും എന്നുള്ളതുമാത്രമായിരിക്കും. അത്‌ അങ്ങനെയാവണം അതാണ്‌ വേണ്ടതും. ഒഴിവ്‌ സമയങ്ങളില്‍ നമ്മുക്ക്‌ ചുറ്റും എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നാം മനസ്സിലാക്കണം. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാത്തവര്‍ പഠിക്കാന്‍ പണമില്ലാത്തവര്‍ എന്തിന്‌ റോഡ്‌ മുറിച്ച്‌ കിടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ അങ്ങനെ നമ്മുടെ സഹായം വേണ്ട ഒരുപാട്‌ ഒരുപാട്‌ പേര്‍ നമ്മുടെ നാട്ടിലുണ്ടെന്ന്‌ നാം തിരിച്ചറിയണം.

കോടതികള്‍ ജനാധിപത്യ സമരരീതികളെ അടിച്ചമര്‍ത്തുമ്പോള്‍ ഒരു സംസ്‌കാരം നഷ്ടപ്പെടുകയാണ്‌ എന്ന്‌ നാം മനസ്സിലാക്കണം. പ്രതികരിക്കാനുള്ള സംസ്‌കാരം. യുവജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുമ്പോള്‍ മുതലാളിത്വ സംസ്‌കാരവും അതിന്റെ മറവില്‍ ഗുണ്ടകളും അതിലൂടെ പാവപ്പെട്ടവന്റെ വേദനക്ക്‌ വിലകല്‍പ്പിക്കാത്ത ഒരു ഭരണകൂടവും കെട്ടിപ്പെടുക്കലാവും ചെയ്യുക. മുമ്പ്‌ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ചാല്‍ സാധനങ്ങള്‍ക്ക്‌ വിലകൂടിയാല്‍ പ്രതികരിക്കാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക്‌ കഴിയുമായിരുന്നു. ആ പ്രതികരണത്തിലൂടെ കൂട്ടിയ വില അല്‌പമെങ്കിലും കുറപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്‌ യുവജനങ്ങള്‍ക്ക്‌ ഒരു നിസ്സംഗതയാണ്‌.

നമ്മുടെ പ്രധാനമന്ത്രിയെയും, സ്വാതന്ത്രദിനത്തേയും എന്തിനേറെ ഗാന്ധിജിയെപ്പോലും അറിയാത്ത ഒരു യുവജനസമൂഹമാണ്‌ ഇന്ന്‌ വളര്‍ന്ന്‌ വരുന്നു. അവര്‍ പെപ്‌സിയും, കൊക്കകോളവും, ടാറ്റയും, റിലയന്‍സുമൊക്കെയോ അറിയൂ. ഷെയര്‍മാര്‍ക്കറ്റിന്റെ കയറ്റിറക്കും പണത്തിന്റെ മൂല്യമുമൊക്കെയാണ്‌ ഇന്നവരുടെ ചര്‍ച്ചാവിഷയം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജനങ്ങള്‍ രാഷ്ട്രീയകാര്യങ്ങളെ സംബന്ധിച്ച്‌ ചിന്തിക്കാതിരിക്കാനും ഇടപെടാതിരിക്കാനും അവര്‍ക്ക്‌ വേണ്ടുന്നതെല്ലാം ചെയ്‌തുകൊടുക്കുന്ന ഗവണ്‍മെന്റിനെയും അതിന്‌ ഉപദേശിക്കുന്ന ആഗോളമുതലാളിമാരെയുമൊക്കെ കുറിച്ച്‌ മുമ്പ്‌ കേട്ടിരുന്നു അത്‌ സത്യമാണ്‌ നമ്മുടെ നാട്ടില്‍ താളമുറപ്പിച്ച അന്താരാഷ്ട്ര കമ്പനികളെ കണ്ടപ്പോഴാ മനസ്സിലായത്‌. മദ്യവും, ഡാന്‍സും പോലുള്ള വിനോദോപാദികള്‍ സ്വന്തം കമ്പനികള്‍ ഒരുക്കി തന്ത്രപൂര്‍വ്വം അവരുടെ മസ്‌തിഷ്‌കം വിലക്ക്‌ വാങ്ങുകയായിരുന്നു മുതലാളിമാര്‍ ചെയ്‌തത്‌. അതില്‍ തിരിച്ചറിവ്‌ നഷ്ടപ്പെട്ട യുവസമൂഹം വീണുപോവുകയായിരുന്നു.

രാവിലെ പത്രം വായിക്കുന്ന എത്രആളുകള്‍ ഉണ്ട്‌ നമ്മുടെ യുവജനങ്ങളില്‍. നാടിന്റെ വികസനത്തിന്റെ ശ്രദ്ധിക്കുന്ന എത്ര ആളുകളുണ്ട്‌. ചാനലുകളില്‍ വാര്‍ത്തകാണുന്ന എത്രആളുകളുണ്ട്‌. ഇതൊന്നിനും നമുക്ക്‌ താലപര്യമുള്ള വിഷയങ്ങളേ അല്ല. ''ലൗ ജിഹാദ്‌'', ''തീവ്രവാദം '' തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ നേതൃത്വം നമ്മുടെ മുമ്പ്‌ ഇട്ട്‌ തരുമ്പോള്‍ അതിന്റെ സത്യവാസ്ഥപോലും തിരക്കാതെ കടിപിടികൂടാനാണ്‌ നമ്മുക്ക്‌ താല്‌പര്യം.

ഏറ്റവുമൊടുവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ പറഞ്ഞ ന്യായീകരണം ലാഭ നഷ്ടങ്ങളുടെതായിരുന്നു. ഒരു ജനകീയ ഗവണ്‍മെന്റ്‌ ഏത്‌ കോണിലാണ്‌ ലാഭ നഷ്ടകണക്കുകള്‍ എടുക്കുന്നത്‌. അന്താരാഷ്ട്ര വിപണിയില്‍ 150 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോളിനുണ്ടായ വിലകയറ്റം ന്യായീരകരിക്കാവതായിരുന്നുവെങ്കിലും അപ്പോഴും ഇന്ത്യയെപ്പോലെ പെട്രോളിയം ഇറക്കുമതിചെയ്യുന്ന അമേരിക്കയില്‍ 35 രൂപയില്‍ താഴെയാണ്‌ പെട്രോളിന്റെ വില എന്ന്‌ ഓര്‍ക്കണം. ഇപ്പോള്‍ 100 ഡോളറില്‍ താഴെ എത്തിനില്‍ക്കുമ്പോള്‍ വിലവര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല. ജനസേവനത്തിന്‌ ലാഭ നഷ്ടം മാനദണ്ഡമാക്കുന്ന മുതലാളിത്വ സംസ്‌കാരത്തിന്റെ തിരിച്ചുവരവാണ്‌ ഇതിലൂടെ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്‌.

നാം ഉണര്‍ന്നേ മതിയാകൂ. നമ്മുക്ക്‌ വേണ്ടി ഭാവി തലമുറക്ക്‌ വേണ്ടി. കടിപിടികൂടുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ എല്ലിന്‍ കക്ഷണങ്ങള്‍ക്ക്‌ കാതോര്‍ക്കാതെ. നമ്മുടെ പൂര്‍വ്വികര്‍ പുറം കാലുകൊണ്ട്‌ അടിച്ചുപുറത്താക്കിയവര്‍ പുതിയരൂപത്തില്‍ തിരിച്ചുവരാതിരിക്കാന്‍. സ്വതന്ത്ര്യ ഇന്ത്യയെ സ്വതന്ത്ര്യമായി നിര്‍ത്താന്‍ നമ്മുടെ ബുദ്ധിയും ചിന്തയും ആര്‍ക്കും പണയം വെക്കാതെ ഉണര്‍ന്ന ചിന്തിക്കാന്‍ നമ്മുക്ക്‌ കഴിയണം.