Tuesday, November 10, 2009

സ്വിസ് നിക്ഷേപത്തില്‍ സോണിയ രാജ്ഞി?

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയര്‍ന്നു വന്നിരുന്നു. എല്‍ കെ അദ്വാനി സ്വിസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണം എന്ന് ശക്തമായി വാദിച്ചു എങ്കിലും കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും അതിന് വേണ്ടത്ര പ്രതികരണം ലഭിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ സോണിയ ഗാന്ധി സ്വിസ് നിക്ഷേപ സാമ്രാജ്യത്തിലെ റാണിയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അധികാരത്തിലെത്തിയാല്‍ സ്വിസ് നിക്ഷേപങ്ങളെ കുറിച്ചും അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ് ബാങ്ക് അധികൃതര്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, അമേരിക്ക ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ബാങ്ക് അധികൃതര്‍ സമ്മതം മൂളുകയും ചെയ്തിരുന്നു.

ഇപ്പോളിതാ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ട് എന്ന് ആരോപിക്കുന്ന സ്വിസ് നിക്ഷേപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ എത്തിത്തുടങ്ങി. രാജീവിന്റെ പേരില്‍ ഉള്ള നിക്ഷേപത്തിന്റെ ഇപ്പോഴത്തെ അവകാശി സോണിയ ഗാന്ധി ആണ് എന്നുള്ളതാണ് ഇപ്പോഴിതിനു വാര്‍ത്താ പ്രാധാന്യം നല്‍കുന്നത്. രാജീവിന്റെ പേരില്‍ 2.5 ബില്യന്‍ (ഏകദേശം 11,500 കോടി രൂ‍പ!) സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാ‍ണത്രേ ഉള്ളത്.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ലിയോ പനയ്ക്കലിന്റെ മകന്‍ ടൈറ്റസ് പനയ്ക്കല്‍ രാജീവിന്റെ അക്കൌണ്ടിനെ കുറിച്ച് പറയുന്ന ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്’ എന്ന സ്വിസ് പ്രസിദ്ധീകരണത്തിന്റെ പതിപ്പുമായി കേരളത്തിലെത്തിയത് ചില മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതും സോണിയയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടിയിരിക്കുകയാണ്.

1991 നവംബര്‍ 11 ന് പ്രസിദ്ധീകരിച്ച ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്‘ പതിപ്പിലാണ് രാജീവ് ഗാന്ധിയുടെ സ്വിസ് നിക്ഷേപങ്ങളെ കുറിച്ച് പറയുന്നത്. രാജീവിന്റെ മാത്രമല്ല ലോകത്തിലെ 14 നേതാക്കളുടെ രഹസ്യ നിക്ഷേപങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു “ പണത്തിന്റെ ശാപം: ഏകാധിപതികളുടെ സ്വിസ് ബാങ്ക് അക്കൌണ്ടുകള്‍” എന്നര്‍ത്ഥം വരുന്ന തലക്കെട്ടോടു കൂടിയ ആ റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ചിത്രങ്ങള്‍ സഹിതമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ പ്രസിദ്ധീകരണമായ ‘സ്വിസ് ഇല്ലസ്ട്രേറ്റഡ്’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്തോനേഷ്യയിലെ സുഹാര്‍ത്തോ (25.5 ബില്യന്‍), എത്തിയോപ്യയിലെ ഹെയ്‌ലി സെലാസി (22.5 ബില്യന്‍), ഇറാഖിലെ സദ്ദാം ഹുസൈന്‍ (800 മില്യന്‍) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കളുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ പട്ടിക നീളുന്നത്. സോണിയയ്ക്ക് വന്നു ചേര്‍ന്ന സ്വിസ് സൌഭാഗ്യങ്ങളെ കുറിച്ച് 2002 ല്‍ ഡോ. സുബ്രമഹ്ണ്യം സ്വാമി ജനതാ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ ലേഖനമെഴുതിയിരുന്നു. തന്റെ വാദഗതികള്‍ക്ക് പിന്‍‌ബലമായി സ്വിസ് വാരികയുടെ താളുകളുടെ ഫോട്ടോ കോപ്പികളും വാരികയുടെ അധികൃതരില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ ഉറപ്പും സ്വാമി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

രേഖകളില്ലാത്ത സ്വിസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് ഉയര്‍ത്താന്‍ ഉത്തരവാദിത്വമുള്ള ഒരു നേതാവിനു നേര്‍ക്കാണ് കള്ളപ്പണത്തെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരുടെ ഒരു കുടുംബത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം എന്ന നിലയിലും ഇതിന് മറുപടി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം നേടിക്കൊണ്ടിരിക്കുന്ന സോണിയ ഗാന്ധിയല്ലാതെ ആരാണ് ഇതിനു മറുപടി നല്‍കേണ്ടത്?

(വെബ്‌ദുനിയ)

No comments:

Post a Comment