Tuesday, November 10, 2009

ആസാദിന്റെ പുലരുന്ന ആശങ്കകള്‍

എ.ആര്‍

1947 ജൂണ്‍ 14 രാത്രി പന്ത്രണ്ട് മണി. സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ നമ്പര്‍ ടു നേതാവും പില്‍ക്കാല പാക്പ്രധാനമന്ത്രിയുമായ ലിയാഖത്ത് അലിഖാന്റെ ന്യൂദല്‍ഹിയിലെ വസതി. വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ദേശീയ സ്വാതന്ത്യ്ര സമരനായകനുമായിരുന്ന മൌലാന അബുല്‍കലാം ആസാദ്. രാഷ്ട്ര വിഭജനത്തെക്കുറിച്ച അന്തിമതീരുമാനമെടുക്കാന്‍ സമ്മേളിച്ച കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി സമാപിച്ചപാടെ ഇറങ്ങി നടന്നാണ് ആസാദ് മുഹമ്മദലി ലിയാഖത്ത് അലിഖാനെ കാണാനെത്തുന്നത്.
'ലിയാഖത്തിനോട് ഞാന്‍ വന്നെന്ന് പറയൂ' കാവല്‍ക്കാരോട് ആസാദിന്റെ കല്‍പന. 'അദ്ദേഹം ഉറക്കത്തിലാണല്ലോ സാബ്'^വാച്ച്മാന്റെ മറുപടി.
'ലിയാഖത്തിനെ ഉണര്‍ത്തി പറയൂ ആസാദ് കാണാന്‍ വന്നിരിക്കുന്നെന്ന്'^വീണ്ടും ശാസന. സംസാരംകേട്ട് എഴുന്നേറ്റുവന്നത് ബീഗം റാണാ ലിയാഖത്ത്. 'ഈ നേരത്ത് വന്നതെന്ത്' എന്ന ചോദ്യവുമായി അമ്പരപ്പോടെ റാണ, ആസാദിനെ നേരിട്ടപ്പോള്‍ പ്രതികരണം: 'ലിയാഖത്തിനെ ഉണര്‍ത്തൂ'.
കണ്ണുംതിരുമ്മി എഴുന്നേറ്റുവന്ന ലിയാഖത്ത് അലിഖാന്‍ സലാം പറഞ്ഞു ചോദ്യഭാവത്തില്‍ മൌലാനയെ നോക്കിയപ്പോള്‍ മറുപടി: 'വര്‍ക്കിങ് കമ്മിറ്റി യോഗം കഴിഞ്ഞ ഉടനെ ഇറങ്ങിത്തിരിച്ചതാണ് ഞാന്‍. എന്റെ എതിര്‍പ്പിനെ മറികടന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വിഭജനപ്രമേയം അംഗീകരിച്ചിരിക്കുന്നു. ഇനി വിഭജനം നടക്കും. അന്നേരം അഡ്മിനിസ്ട്രേഷനിലും പട്ടാളത്തിലും പൊലീസിലും മറ്റു വകുപ്പുകളിലുമുള്ള മുസ്ലിം ഉദ്യോഗസ്ഥരോട് പാക്കിസ്ഥാനിലേക്ക് മാറാന്‍ ആഹ്വാനം ചെയ്യരുത്. അവരിവിടെത്തന്നെ നില്‍ക്കട്ടെ. സ്വാഭീഷ്ടപ്രകാരം പോകുന്നവര്‍ പോകട്ടെ. ജനസംഖ്യാനുപാതികമായി സര്‍വീസില്‍ മുസ്ലിംകള്‍ കൂടുതലുണ്ട്. അവര്‍ ഇന്ത്യയില്‍ തന്നെ കഴിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്യ്രാനന്തരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചിതറിക്കിടക്കുന്ന നാലു കോടി മുസ്ലിംകളുടെ സുരക്ഷയാണിപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. രാജ്യം വിഭജിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മേലില്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുക മുസ്ലിംകള്‍ക്ക് പ്രയാസകരമാവും'.
ലിയാഖത്തിനോട് മൌലാന ഇത്രകൂടി പറഞ്ഞു: 'ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംലീഗ് നേതാക്കളും രാജ്യം വിട്ടുപോവരുത്. അവര്‍ ഇവിടെ താമസിച്ചു മുസ്ലിംകളെ സംരക്ഷിക്കണം.'
മുസ്ലിംലീഗും മുഹമ്മദലി ജിന്നയും ഉയര്‍ത്തിപ്പിടിച്ച മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വേണ്ടിത്തന്നെ, വിഭജനത്തെ നിരാകരിക്കുകയും പകരം ഉദാര ഫെഡറല്‍ സംവിധാനമെന്ന ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്ത അബുല്‍കലാം ആസാദിന്റെ ദീര്‍ഘദൃഷ്ടിയും സമുദായ സ്നേഹവും അളക്കാന്‍ ഉപര്യുക്ത ഡയലോഗിനോളം ശക്തമായ ഉദാഹരണങ്ങളില്ല. മുസ്ലിംലീഗ് ശത്രുവായി പ്രഖ്യാപിച്ച മൌലാന ആസാദ്, ജിന്നാ സാഹിബിന്റെ വലംകൈയായിരുന്ന ലിയാഖത്ത് അലിഖാനുമായി പുലര്‍ത്തിയ സ്വകാര്യസൌഹൃദത്തിന്റെ കണ്ണാടിയായിരുന്നു പാതിരാവിലെ ഈ സംഗമം എന്നതോടൊപ്പം, ആ സൌഹൃദത്തെ വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ രക്ഷക്കായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം നടത്തിയ അവസാനശ്രമം അമ്പരപ്പിക്കുന്നതാണ്. വിഭജനത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അരനൂറ്റാണ്ടുകാലത്തെ ഇന്ത്യന്‍ മുസ്ലിംജീവിതത്തിന്റെ ദൈന്യാവസ്ഥ വസ്തുതകളിലൂടെയും കണക്കുകളിലൂടെയും അനാവരണം ചെയ്ത ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലിയാഖത്തിനോടുള്ള ആസാദിന്റെ അന്തിമോപദേശത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നു. മുസ്ലിം ഭൂരിപക്ഷപ്രവിശ്യകള്‍ ചേര്‍ത്തുവെച്ച് താങ്കള്‍ പാക്കിസ്ഥാന്‍ രൂപവത്കരിച്ചാല്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിന് ആരുണ്ടാവും എന്ന് ജിന്നാസാഹിബിന്റെ നേരെ ചോദ്യം ഉയര്‍ന്നിരുന്നതാണ്. 'പേടിക്കേണ്ട. അതിനായി ചൌധരി ഖലീഖുസ്സമാനെ ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ ഞാന്‍ ശട്ടം കെട്ടിയിട്ടുണ്ട്'^തികഞ്ഞ ആത്മവിശ്വാസത്തോടെ ഖാഇദെ അഅ്സമിന്റെ മറുപടി. എന്നാല്‍, പാക്കിസ്ഥാന്റെ സ്ഥാപക നേതാവ് കറാച്ചിയിലെത്തും മുമ്പേ യു.പി മുസ്ലിംലീഗ് നേതാവ് ഖലീഖുസ്സമാന്‍ നവജാത രാഷ്ട്രത്തില്‍ അഭയം തേടിയിരുന്നു എന്നത് ചരിത്രസത്യം. അങ്ങനെ ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളെപ്പോലെ നായകനോ നേതൃത്വമോ ഇല്ലാതെ നാലുകോടി മുസ്ലിംകള്‍ ഇന്ത്യയില്‍ അവശേഷിച്ചു. വിഭജനവേളയിലെ കൂട്ടക്കശാപ്പ് അവരുടെ കണ്ണില്‍ ഇരുട്ട് കയറ്റിയിരുന്നു. എങ്ങോട്ട് പോവണം, ആരാണ് അഭയം എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ അവര്‍ പകച്ചപ്പോഴും പിടിവള്ളിയായത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രിയ സഹപ്രവര്‍ത്തകന്‍ ആസാദ് തന്നെ.
ദല്‍ഹിയിലും പരിസരങ്ങളിലുമുള്ള മുസ്ലിംകുടുംബങ്ങള്‍ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പ്രാണനുംകൊണ്ട് അഭയം തേടിയത് മൌലാന ആസാദിന്റെ വീട്ടുവളപ്പിലാണ്. മൌലാന അവര്‍ക്ക് ആഹാരവും അവശ്യസൌകര്യങ്ങളും നല്‍കി. ആസാദിന്റെത്തന്നെ ഉപദേശ പ്രകാരം പ്രധാനമന്ത്രി നെഹ്റു സ്വീകരിച്ച സൈനികനടപടിയിലൂടെ സ്ഥിതി ഒരു വിധം ശാന്തമായപ്പോള്‍ അഭയാര്‍ഥികള്‍ തിരിച്ചുപോയി. അവശേഷിച്ചത് ഒരു വൃദ്ധ മാത്രം.
ബാക്കി കഥ പറയുന്നത് ആസാദ് പതിവായി നമസ്കരിച്ചിരുന്ന പള്ളിയിലെ ഖത്തീബ്: 'ഞാന്‍ മൌലാനയുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ പോവുമ്പോഴൊക്കെയും വെള്ള ബുര്‍ഖ ധരിച്ച ഒരു വൃദ്ധ അവിടെവന്നു പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഒരുനാള്‍ അവരോട് ഞാന്‍ ചോദിച്ചു: ഉമ്മാ, നിങ്ങള്‍ ആസാദിന്റെ ബന്ധുവോ മറ്റോ ആണോ'. പതിവായി ഇവിടെ വന്നു പ്രാര്‍ഥിക്കുന്നത് കണ്ടു ചോദിക്കുന്നതാണ്'. അല്ല മോനേ, ബന്ധുവൊന്നും അല്ല. വിഭജനസമയത്തെ കൊലയും കൊള്ളയും ഭയന്ന് ആസാദിന്റെ വീട്ടുവളപ്പില്‍ അഭയാര്‍ഥിയായി വന്ന ആയിരങ്ങളില്‍ ഒരുവളായിരുന്നു ഞാനും. കലാപം ഒതുങ്ങിയപ്പോള്‍ എല്ലാവരും മടങ്ങിപ്പോയി. ഞാന്‍ മാത്രം ബാക്കിയായി'.
'ഒരു ദിവസം മൌലാന എന്നോട് ചോദിച്ചു: സഹോദരി, താങ്കള്‍ ആരാണ്? എന്തുകൊണ്ടാണ് വീട്ടിലേക്ക് തിരിച്ചുപോവാത്തത്?' ഞാന്‍ ബോധിപ്പിച്ചു: ജനാബ്, ഞാന്‍ ദല്‍ഹിയില്‍ ഒരിടത്ത് പാര്‍ക്കുന്നവളാണ്. എന്റെ വീട് അഭയാര്‍ഥികള്‍ കൈയടക്കിയിരിക്കുന്നു. കലാപത്തില്‍ എന്റെ രണ്ട് ആണ്‍മക്കളും കൊല്ലപ്പെട്ടു. ഇനി ഈ ലോകത്ത് എനിക്കാരുമില്ല. അതിനാലാണ് ഇവിടെത്തന്നെ കഴിയുന്നത്'. മൌലാന എനിക്കൊരു വീട് തരപ്പെടുത്തിത്തന്നു. ഞാന്‍ അതിലേക്ക് താമസം മാറ്റി. എന്റെ വിലാസം അദ്ദേഹം ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ഓരോ മാസവും ഒന്നാം തീയതി മൌലാനയുടെ വക എനിക്ക് ഭക്ഷ്യസാധനങ്ങളും പൈസയും ലഭിച്ചുകൊണ്ടിരുന്നു. പിന്നെ ഒരിക്കലും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയില്ല. മൌലാനയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി. ഇനി എന്നെ ആരാണ് സംരക്ഷിക്കുക? എന്റെ ഭാവി എന്താവും?
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് എനിക്ക് പഴയതുപോലെ സാധനങ്ങളും പണവും തന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'താങ്കള്‍ ആരാണ്'? ആരാണിതൊക്കെ തന്നയച്ചത്. ആഗതന്‍ പറഞ്ഞു. 'മൌലാന ഇങ്ങനെ പലരെയും സഹായിക്കുമായിരുന്നു. അവരുടെയൊക്കെ പേരും വിലാസവും ഡയറിയില്‍ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം ജവഹര്‍ലാല്‍ ഡയറി കണ്ടെടുത്തപ്പോള്‍ സഹായച്ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. ഈ സഹായവും അദ്ദേഹം തന്നയച്ചതാണ്. ഇനി ഓരോ മാസവും നിങ്ങള്‍ക്കിത് കിട്ടിക്കൊണ്ടിരിക്കും'. അങ്ങനെ ആസാദ് തുടങ്ങിവെച്ച സഹായം ജവഹര്‍ലാലിന്റെ മരണംവരെ തുടര്‍ന്നു.
നവഭാരത ശില്‍പികളുടെ ജീവകാരുണ്യ മനസ്സ് അനാവരണം ചെയ്യുന്ന ഈ സംഭവം നെഹ്റുവിന്റെയും ആസാദിന്റെയും അഗാധ സൌഹൃദത്തിന്റെ ഉള്ളറകളിലേക്കു കൂടി വെളിച്ചം വീശുന്നതാണ്.
വിഭജനാനന്തര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദുര്‍ഗതി മാത്രമല്ല മൌലാന ദീര്‍ഘദര്‍ശനം ചെയ്തത്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പാക്കിസ്താന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. ചൌധരി ഫസല്‍ ഇലാഹി ^പില്‍ക്കാലത്ത് ഇദ്ദേഹം പാക്കിസ്താന്‍ പ്രസിഡന്റായി^ ഔദ്യോഗികാവശ്യത്തിന് 1957ല്‍ ന്യൂദല്‍ഹിയിലെത്തി. അന്നേരം വിദ്യാഭ്യാസമന്ത്രിയായിരുന്ന മൌലാന ആസാദിനെയും സന്ദര്‍ശിച്ചു. സംഭാഷണവേളയില്‍ ഫസല്‍ ഇലാഹി ചോദിച്ചു: 'മൌലാനാ, താങ്കളല്ലേ പറഞ്ഞിരുന്നത് പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന്. പാക്കിസ്താന്‍ ഉണ്ടായി, വിജയകരമായി നടക്കുകയും ചെയ്യുന്നു.'
അല്‍പനേരം മിണ്ടാതിരുന്ന മൌലാന പ്രതിവചിച്ചു: സഹോദരാ, പാക്കിസ്താന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാക്കിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാക്കിസ്താന്‍ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാക്കിസ്താന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.'
അതേ, ആ പരീക്ഷണത്തിന്റെ ഭാഗധേയം ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷവും ത്രാസില്‍ കിടന്നാടുമ്പോള്‍ യശശãരീരനായ അബുല്‍കലാമിന്റെ ദീര്‍ഘദൃഷ്ടിയുടെ മുന്നില്‍ അമ്പരക്കാതിരിക്കാന്‍ ആര്‍ക്കാവും!
(സംഭവങ്ങള്‍ക്ക് അവലംബം: പാക് പണ്ഡിതനായ മുഹമ്മദ് ഇസ്ഹാഖ് ഭട്ടിയുടെ 'മൌലാന അബുല്‍കലാം ആസാദ്' എന്ന ലേഖനം ^ഖൌമി ഡൈജസ്റ്റ്. ലാഹോര്‍ 1987: വാള്യം:10 ലക്കം:6).

(madhyamam Daily)

No comments:

Post a Comment