ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രിട്ടീഷ് നാഷനലിസ്റ്റ് പാര്‍ട്ടി ബി.എന്‍.പി നേതാവ് നിക്ക്ഗ്രിഫിന് ജനപ്രിയ പരിപാടിയില്‍ ബി.ബി.സി ഇടംനല്‍കിയത് ബ്രിട്ടനിലും യൂറോപ്പിലും വന്‍വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. തങ്ങളുടെ നീച അജണ്ട പ്രചരിപ്പിക്കുന്നതിന് ബി.ബി.സിയെ ഉപയോഗപ്പെടുത്തുകയാണ് ഫാഷിസ്റ്റുകളും നവനാസികളുമെന്ന് ഒരു ഭാഗത്ത് ആരോപണമുയരുമ്പോള്‍, തീവ്രവലതുപക്ഷവാദങ്ങളെ തുറന്നുകാട്ടാന്‍ ഇത്തരം വേദികള്‍ സഹായിക്കുമെന്ന് മറുഭാഗം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് 'ക്വസ്റ്റ്യന്‍ ടൈം' പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ബി.സി നിക്ക് ഗ്രിഫിനെ ക്ഷണിച്ചത്. കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി നേടിയ രണ്ട് സീറ്റും 17 ശതമാനം വോട്ടുമാണ് ഇതിന് ബി.ബി.സിയെ പ്രേരിപ്പിച്ചത്. നിഷ്പക്ഷ മാധ്യമമെന്ന നിലക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് വിശദീകരിച്ചാണ് മന്ത്രിമാരടക്കമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ച് ബി.ബി.സി പരിപാടിയുമായി മുന്നോട്ടുപോയത്. യുവതലമുറക്കിടയില്‍ ബി.എന്‍.പിയുടെ സ്വാധീനവും അവര്‍ക്ക് കൂടുതല്‍ പ്രേരകമായി.
പരിപാടി നടക്കുന്നതിനുമുമ്പേ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 'ക്വസ്റ്റ്യന്‍ ടൈമി'ല്‍ പങ്കെടുക്കുന്നതിന് ബി.ബി.സി സ്റ്റുഡിയോയിലെത്തിയ ഗ്രിഫിനെ ഉപരോധിക്കാന്‍ പ്രതിഷേധപ്രകടനക്കാര്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പൊലീസ്സഹായത്തോടെ പരിപാടി ഭംഗിയായി നടന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ് ഡിംബ്ലെബി അവതാരകനായ പരിപാടിയില്‍ ബ്രിട്ടീഷ് നീതിന്യായ മന്ത്രി ജാക്ക് സ്ട്രോയും മറ്റു ചില പ്രമുഖരും പങ്കെടുത്തിരുന്നു. ബ്രിട്ടനില്‍ വെള്ളക്കാര്‍ മാത്രം താമസിച്ചാല്‍ മതിയെന്നും മറ്റു രാജ്യക്കാരെ അവരുടെ നാടുകളിലേക്കയക്കാന്‍ വേണമെങ്കില്‍ പണം നല്‍കണമെന്നും ബ്രിട്ടന്‍ യൂറോപ്യന്‍യൂനിയനില്‍ നിന്ന് പിന്‍വാങ്ങണമെന്നുമൊക്കെയുള്ള നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഗ്രിഫിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് പാനലിലും സദസ്സിലുമുള്ളവര്‍ നടത്തിയത്. ഇസ്ലാമിനെ ആക്രമിച്ചും ഹോളോകോസ്റ്റിനെ നിഷേധിച്ചുമുള്ള സംസാരം പലപ്പോഴും സദസ്സില്‍നിന്നുള്ള കൂക്കുവിളിയില്‍ കലാശിച്ചു. പരിപാടിക്കു ശേഷം യോര്‍ക്ഷയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ബി.ബി.സിയുടേത് പാനല്‍ചര്‍ച്ചയല്ല, ഏകപക്ഷീയമായ ആക്രമണമായിരുന്നെന്നും അതിനായി പരിപാടിയുടെ ഘടനയില്‍ ബി.ബി.സി മാറ്റം വരുത്തിയെന്നും ഗ്രിഫിന്‍ പറഞ്ഞു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ കുടിയേറ്റംമൂലം ഇംഗ്ലീഷുകാര്‍ക്ക് ലണ്ടനില്‍ വംശീയ ഉന്മൂലനം സംഭവിച്ചതുകൊണ്ടാണ് തന്റെ വാര്‍ത്താസമ്മേളനം തലസ്ഥാനനഗരിയില്‍ നിന്ന് യോര്‍ക്ഷയറിലേക്ക് മാറ്റിയതെന്നും ഗ്രിഫിന്‍ പരിഹസിച്ചു.
പാര്‍ട്ടിയുടെ വംശീയ നിലപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഒട്ടുമിക്കതിനും ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ ഗ്രിഫിന്റെ ക്വസ്റ്റ്യന്‍ടൈമിലെ പ്രകടനം അങ്ങേയറ്റം മോശമായിരുന്നെങ്കിലും എല്ലാവരാലും വേട്ടയാടപ്പെടുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന് ഒട്ടുവളരെ സഹതാപം നേടിക്കൊടുത്തു. ഒക്ടോബര്‍ 22 ബി.എന്‍.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ദിനമായിരുന്നുവെന്നും മൂവായിരം പേര്‍ അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും ആറായിരത്തോളം പേര്‍ പ്രവര്‍ത്തകരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നും ബി.എന്‍.പി വക്താവ് അറിയിച്ചു. മറുവശത്ത്, ബി.എന്‍.പിക്ക് ലഭിച്ച ഈ പിന്തുണ മുന്നില്‍കണ്ടാണ് ഗ്രിഫിന് ക്വസ്റ്റ്യന്‍ടൈമില്‍ ഇടം കൊടുക്കരുതെന്ന് തങ്ങള്‍ പറഞ്ഞതെന്നും ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി വന്‍ രാഷ്ട്രീയ ലാഭമുണ്ടാക്കുമെന്നാണ് കരുതേണ്ടതെന്നും മന്ത്രിമാരടക്കം അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ ഈ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയണമെങ്കില്‍ ഫ്രാന്‍സിലേക്ക് വരണം. അവിടെ ജീന്‍^മാരീ ലീപെന്‍ രൂപവത്കരിച്ച നാഷനല്‍ഫ്രണ്ട് (എഫ്.എന്‍) 1984ല്‍ മുഖ്യധാരയിലേക്ക് വന്നത് ഇത്തരമൊരു ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ്. സത്യത്തിന്റെ മണിക്കൂര്‍ (ഹവര്‍ ഓഫ് ട്രൂത്ത്) എന്ന ഫ്രഞ്ച് ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമില്‍ കാണിച്ച മോശമല്ലാത്ത പ്രകടനത്തിലൂടെയാണ് ലീപെന്‍ പാര്‍ട്ടിക്ക് ഫ്രാന്‍സില്‍ അടിത്തറയിട്ടത്. ആ പരിപാടിയെ ലീപെന്‍ തന്നെ പിന്നീട് വിശേഷിപ്പിച്ചത്. 'എല്ലാം മാറ്റിമറിച്ച ഒരു മണിക്കൂര്‍' എന്നാണ്. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 2.2 ദശലക്ഷം വോട്ടുകള്‍ നാഷനല്‍ ഫ്രണ്ട് കരസ്ഥമാക്കി. മാത്രവുമല്ല, കൂടുതല്‍ ടെലിവിഷന്‍ പരിപാടികളിലേക്ക് ലീപെന്നിന് ക്ഷണം ലഭിക്കാനും അത് നിമിത്തമായി. 2002ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 16.8 ശതമാനം വോട്ടും ജാക് ഷിറാക്കിന് പിന്നില്‍ രണ്ടാം സ്ഥാനവും നേടി ലീപെന്‍ ലോകത്തെ ഞെട്ടിച്ചു. ആദ്യ റൌണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെയാണ് ലീപെന്‍ തറപറ്റിച്ചത്. കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും നാഷനല്‍ഫ്രണ്ടിന് ലഭിച്ചു.
യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് വന്നാല്‍, ഇപ്പോള്‍ ഏറ്റവും കടുത്ത വലതുപക്ഷ ചായ്വ് പ്രകടമാക്കുന്ന നെതര്‍ലന്‍ഡ്സിലെ ഫ്രീഡം പാര്‍ട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ട് നേടി നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി. ഓസ്ട്രിയയിലെ ഫ്രീഡം പാര്‍ട്ടിക്ക് യൂറോപ്യന്‍പാര്‍ലമെന്റില്‍ രണ്ട് സീറ്റുകളുണ്ട്. ഹംഗറിയില്‍ ജോബിക് പാര്‍ട്ടി 14.7 ശതമാനം വോട്ടും മൂന്ന് എം.പിമാരെയും സമ്പാദിച്ചു. ഇറ്റലിയില്‍ സമാന സ്ഥാനത്തുള്ളത് നോര്‍ത്തേണ്‍ ലീഗ് ലീഗാ നോദ് പാര്‍ട്ടിയാണ്. പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോനിയുടെ ഭരണസഖ്യത്തിലുള്ള ഈ പാര്‍ട്ടിക്ക് ആഭ്യന്തരവും കൃഷിയുമടക്കം നാല് മന്ത്രിസ്ഥാനവും കൈവശമുണ്ട്.
തീവ്രവലതുപക്ഷത്തിന്റെ ഈ ഉയര്‍ച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ സുരക്ഷാനയങ്ങളെയും സംവിധാനങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബി.ബി.സി തന്നെ ഈയിടെ സംപ്രേഷണം ചെയ്ത 'ഫയല്‍ ഓണ്‍ ഫോര്‍' എന്ന പരിപാടിയില്‍ വലതുപക്ഷ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച വിവരണങ്ങളുണ്ട്. കഴിഞ്ഞ മേയില്‍ ലൂട്ടണ്‍ നഗരത്തിലെ ബറി പാര്‍ക്ക് ഏരിയയിലെ ഇസ്ലാമിക് സെന്ററിന് നേരെ ഫയര്‍ ബോംബുപയോഗിച്ച് നടത്തിയ ആക്രമണത്തിനുപിന്നില്‍ 'ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്' എന്ന വലതുപക്ഷ തീവ്രവാദി സംഘമാണെന്ന് ബി.ബി.സി ലേഖകന്‍ അല്ലന്‍ ഉര്‍റി പറയുന്നു.
ഈയിടെയായി പൊതുസ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഈ ഗ്രൂപ്പുകള്‍ ശ്രമിച്ചുവരുന്നുണ്ട്. സ്ഫോടകവസ്തുക്കളുമായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നീല്‍ ലെവിങ്ടണ്‍ എന്ന 44 കാരന്‍ പറഞ്ഞത് താന്‍ നവ നാസിഗ്രൂപ്പായ കാംബാറ്റ് 18, കൂക്ലക്സ് ക്ലാന്‍ എന്നീ സംഘങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ്. യാദൃച്ഛികമായിരുന്നു മാര്‍ട്ടിന്‍ ഗില്ലാര്‍ഡ് എന്ന വലതുപക്ഷ തീവ്രവാദിയുടെയും അറസ്റ്റ്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല സീഡി നിര്‍മാണം അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇയാളുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തപ്പോള്‍ ബോംബുകള്‍ കണ്ടെടുക്കുകയായിരുന്നു. 'ലോണ്‍ വൂള്‍വ്സ്' എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന ഒറ്റപ്പെട്ട സംഘങ്ങള്‍, ഇപ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും തീവ്രവാദ^ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയെന്നുമാണിത് കാണിക്കുന്നത്. രാഷ്ട്രീയമായി കരുത്താര്‍ജിക്കുന്ന വലതുപക്ഷ സംഘങ്ങള്‍ യൂറോപ്പിനെ എവിടേക്കാണ് നയിക്കുന്നതെന്നതിന്റെ ശക്തമായ സൂചനയാണിതെല്ലാം.
താജ് ആലുവ (മാധ്യമം ഡെയിലി)
No comments:
Post a Comment