Saturday, November 14, 2009

ചികില്‍സാ രീതികള്‍

ആയൂര്‍വേദം

പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജൈവ രാസായനിക ഘടനയില്‍ ഉള്ള വ്യത്യസ്തത കാരണം ഔഷധങ്ങളുടെ ശരീരകോശങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു വ്യക്തിക്ക് അനുകൂല ഫലം ചെയ്യുന്നവ മറ്റൊരാളില്‍ വ്യത്യസ്തമോ വിപരീതഫലമോ ഉണ്ടാക്കാം. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രമേഹചികിത്സയില്‍ ഉപയോഗിക്കാവുന്ന ഔഷധങ്ങളെ വ്യത്യസ്തമായി പറയുന്നുണ്ട്. എങ്കില്‍ വാതപിത്ത കഫ ഭേദേന വേര്‍തിരിച്ച് ഓരോ വ്യക്തിക്കും അവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ നല്‍കണമെന്നാണ് ശാസ്ത്രനിയമം.

ഔഷധങ്ങള്‍
മൂത്രാധിക്യം പ്രധാന ലക്ഷണമാകുമ്പോള്‍-ഞ്ഞാവല്‍ത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര്, ഇവ കൊണ്ടുള്ള കഷായം.

മൂത്രത്തിന് കലക്കം കൂടുമ്പോള്‍
പതിമുകം, ചെങ്ങഴിനീര്‍കിഴങ്ങ്, താമരവളയം, ഞാവല്‍പൂ, ഇലിപ്പിക്കാതല്‍ താതിരിപ്പൂ ഇവ കൊണ്ടുള്ള കഷായം.
തേറ്റാമ്പരല്‍ കഷായം.

മൂത്രത്തിന്റെ പുകച്ചിലിന്
ശതാവരിപാല്‍കഷായം
നെല്ലിയ്ക്കാനീരും മഞ്ഞള്‍പൊടിയും വാഴപ്പിണ്ടിനീരും ചേര്‍ത്ത്
ചിറ്റമൃതും മഞ്ഞള്‍പൊടിയും ചേര്‍ത്ത്
കയ്പക്കനീര്, മഞ്ഞള്‍പൊടി ഇവ ശുദ്ധമായ തേന്‍ അല്‍പം ചേര്‍ത്ത് വേങ്ങ, കരിങ്ങാലി, കൂവ്വളത്തില പതിമുകം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍.

ദാഹത്തിന്
തേറ്റാമ്പരല്‍ ചൂര്‍ണം കന്മദം ചേര്‍ത്ത് സേവിക്കുക
ത്രിഫലാദിചൂര്‍ണം, കാല്‍ഭാഗം, മഞ്ഞള്‍പൊടി ചേര്‍ത്ത്.
അശ്വഗന്ധചൂര്‍ണം (അമുക്കുരം പാലില്‍ വേവിച്ച് ഉണക്കി പൊടിച്ചത്)

ഇന്‍സുലിന്‍ കുറയ്ക്കാന്‍
ഇന്‍സുലിന് പകരം വെക്കാവുന്ന ഒരു ആയുര്‍വേദമരുന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ ഇന്‍സുലിന്റെ ഉപയോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരാന്‍ ആയുര്‍വേദ ചികിത്സ സഹായിച്ചുകാണുന്നു. ഇതിന് ഔഷധസേവ, ആഹാരക്രമീകരണം, വ്യായാമം അടക്കമുള്ള ചികിത്സ ആവശ്യമാണ്.

ഇന്‍സുലിന്‍ കുത്തിവെപ്പ് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിച്ചുപോരുന്ന രോഗികള്‍ക്ക് മധുരവും കൊഴുപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന (ചൂര്‍ണരൂപത്തില്‍) ച്യവനപ്രാശം, കരിങ്ങാലി കഷായത്തില്‍ ഭാവന ചെയ്ത കന്മദം എന്നീ മരുന്നുകള്‍ ഗുണപ്രദമായി കാണുന്നു.
തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.

ഗുണങ്ങളും ദോഷങ്ങളും
ആയുര്‍വേദ മരുന്നുകള്‍ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ക്രമത്തില്‍ മാത്രമേ കുറച്ചു കൊണ്ടുവരൂ. അതിനാല്‍ പഞ്ചസാരയുടെ അളവ് അത്യധികം വര്‍ധിച്ചു കാണുന്ന അവസ്ഥയിലും; പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറച്ചു കൊണ്ടുവരേണ്ട സന്ദര്‍ഭങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ മാത്രം പര്യാപ്തമാകുന്നില്ല.

പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ രോഗം കാരണം ഉണ്ടാകുന്ന ശരീരകോശങ്ങളുടെ ജീര്‍ണതയെക്കൂടി ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക, യകൃത് എന്നീ അവയവങ്ങളുടെ
പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.

തേന്‍ പ്രമേഹചികിത്സയില്‍
പമേഹ ചികിത്സയില്‍ തേന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഊര്‍ജദായക വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കോശങ്ങളുടെ പോഷണത്തിനും കോശ നിര്‍മിതിക്കും സഹായകമാവുന്ന ഒരു ഔഷധവും ആഹാരവുമാണ് തേന്‍. മാത്രമല്ല ആയുര്‍വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏതൊരു ഔഷധത്തോടാണോ തേന്‍ ചേര്‍ക്കുന്നത് ആ ഔഷധത്തിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ തേന്‍ സഹായിക്കുന്നു.
പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. രോഗാവസ്ഥ അനുവദിക്കുന്നെങ്കില്‍ മാത്രമേ തേന്‍ ഉപയോഗിക്കാവൂ. അതും വൈദ്യനിര്‍ദേശപ്രകാരമുള്ള അളവിലും രീതിയിലും മാത്രം.

ശോധന ചികിത്സ
ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കും ശോധന ചികിത്സ അനിവാര്യമാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശരീര കോശങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അടിഞ്ഞു കൂടുന്ന വിഷസ്വഭാവമുള്ള മലിനപദാര്‍ത്ഥങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ പുറത്തു കളയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താരതമ്യേന ക്ലേശകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ് ഇത്തരം ചികിത്സ. ജീവിതരീതിയിലും ചികിത്സാമാര്‍ഗങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാരണം ഏറിയ കൂറും ശോധന ചികിത്സയ്ക്ക് പകരം ശമന ചികിത്സ എന്ന കുറുക്കുവഴിയാണ് ആശ്രയിക്കുന്നത്. ചികിത്സയിലെ ഈ വ്യതിയാനം പ്രമേഹരോഗികളുടെ വര്‍ധനവിന് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.

ചികിത്സ തരം തിരിച്ച്
വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രമേഹങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരംതിരിച്ചാണ് ആയുര്‍വേദ ചികിത്സ ഏറ്റവും ശാസ്ത്രീയമായി ചെയ്യേണ്ടത്.
ജനിതക കാരണങ്ങളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
ജീവിതചര്യയുടെ പ്രത്യേകതകളാല്‍ പ്രമേഹരോഗിയാകുന്നയാള്‍
തടിച്ച പ്രമേഹ രോഗി
കൃശനായ (ശോഷിച്ച) പ്രമേഹ രോഗി
സത്വബലം ഉള്ള രോഗി
ദുര്‍ബലനായ രോഗി
രോഗം വിവിധ അവയവങ്ങളെ ബാധിച്ച രോഗി
സങ്കീര്‍ണതകള്‍ കുറഞ്ഞ രോഗി
മറ്റ് രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടായ രോഗി
മറ്റ് കാരണങ്ങളില്ലാതെ പ്രമേഹം ഉണ്ടായ രോഗി.

എരിവും പുളിയും വൃക്കകളെ നശിപ്പിക്കും
പ്രമേഹം വൃക്കകളെ ബാധിക്കാനുള്ള സാധ്യതകള്‍ രോഗാരംഭം മുതലേ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡയബറ്റിക്ക് നെഫ്രോപതി കേസുകള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു. വൃക്കകളുടെ തകരാറ് വര്‍ധിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുരം നിഷേധിക്കപ്പെടുമ്പോള്‍ പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ സ്വാദ് നിലനിര്‍ത്താന്‍ ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം രക്തദുഷ്ടി ഉണ്ടാക്കും. അതിനാല്‍ വൃക്കകള്‍ക്ക് ഹാനി ഉണ്ടാകും.

പ്രമേഹരോഗികള്‍ ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കണം. മൈക്രോ ആല്‍ബുമീനൂറിയ നേരത്തേ കണ്ടെത്താനുള്ള ആധുനിക രീതി ഇതിന് അവലംബിക്കാം. രാവിലെ നടക്കുന്നതാണ് നല്ലത്. പ്രഭാതം 'കഫകാലം' ആണ്. ഈ സമയത്തെ വ്യായാമം കഫവും മേദസ്സും കുറയ്ക്കും. പത്മാസനം, വാസനം മുതലായവ ഒരു യോഗാചാര്യന്റെ കീഴില്‍ അഭ്യസിച്ച് ശീലിക്കുക. സുഖാസനത്തില്‍ ഇരുന്നുകൊണ്ടുള്ള ശ്വാസോച്ഛാസ വ്യായാമവും നല്ലതാണ്.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

No comments:

Post a Comment