Monday, November 9, 2009

സ്വര്‍ണം കുതിപ്പ് തുടരുമ്പോള്‍

മുമ്പ് ഓഹരിവിപണിയെയും റിയല്‍ എസ്റ്റേറ്റിനെയും നോട്ടമിട്ടവര്‍ ഇന്ന് കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. സ്വര്‍ണത്തിന്റെ വില അനുദിനം വര്‍ധിക്കാന്‍ മുഖ്യകാരണം ഇതാണ്. പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണം വിറ്റഴിയുന്ന കേരളത്തില്‍ ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.



സ്വര്‍ണവിലയിലെ കുതിപ്പ് തുടരുകയാണ്. സാധാരണക്കാരുടെ കൈയ്യെത്താ ദൂരത്തേയ്ക്കാണ് അതിന്റെ പോക്ക്. ഒന്നുരണ്ട് മാസങ്ങള്‍ക്കുള്ളില്‍ പവന് 13,600 രൂപയിലെത്തുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. അതായത് ഗ്രാമിന് 1,700 രൂപ. ഇതിനിടെ ചെറുതായി ഒന്നു വില കുറഞ്ഞാലായി.

സ്വര്‍ണവില കുതിച്ചുയരുന്നത് വിവാഹ വിപണിയില്‍ അങ്കലാപ്പുയര്‍ത്തുന്നുണ്ട്. വില ഇനിയും ഉയരുമെന്ന ആശങ്കയില്‍ വിവാഹത്തിന് പലരും സ്വര്‍ണം മുന്‍കൂര്‍ വാങ്ങാന്‍ തുടങ്ങിരിക്കുകയാണ്. ഇതിന്റെ ഫലമായി വില്പന ഉയരുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. വിവാഹാവശ്യത്തിന് മാത്രമാണ് ഇപ്പോള്‍ സ്വര്‍ണം കാര്യമായി വാങ്ങുന്നത്.

കഴിഞ്ഞ ആഴ്ച, ഉയര്‍ന്ന വില മൂലം വില്പന കുറവായിരുന്നെങ്കിലും വില വീണ്ടും വീണ്ടും ഉയരുന്നതിനാലാണ് വിവാഹത്തിനായി പലരും മുന്‍കൂട്ടി സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി.ഡി.ജോസ് പറഞ്ഞു. വില കുറയും എന്ന പ്രതീക്ഷയില്‍ വാങ്ങല്‍ മാറ്റിയതാണ് കഴിഞ്ഞയാഴ്ച വില്പന കുറയാന്‍ കാരണമായത്.


നവംബറില്‍ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ കൂടുതലായതിനാല്‍ അവരും സ്വര്‍ണം വാങ്ങുന്നുണ്ടെന്ന് ജോസ് അഭിപ്രായപ്പെട്ടു. ഡിസംബറില്‍ ക്രിസ്മസിന് മുമ്പത്തെ 25 നോമ്പുകാലത്ത് വിവാഹങ്ങള്‍ നടത്താറില്ല. അതിനാല്‍ നവംബര്‍ 30ന് മുമ്പാണ് ക്രിസ്ത്യന്‍ വിവാഹങ്ങള്‍ കൂടുതതല്‍ നടക്കാറ്.

സംസ്ഥാനത്ത് ചെറുതും വലുതുമായി അയ്യായിരത്തിലധികം രജിസ്‌ട്രേഡ് സ്വര്‍ണക്കടകളുണ്ട്. ഇവയ്ക്ക് പുറമെ ബാങ്കുകള്‍ വഴി സ്വര്‍ണനാണയങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം 60 ടണ്‍ സ്വര്‍ണം വിറ്റഴിയുന്നു എന്നാണ് കണക്ക്.

വില വര്‍ധന വില്പനയെ ബാധിക്കാതിരിക്കാന്‍ വ്യാപാരികളെല്ലാം മാര്‍ജിന്‍ കുറച്ചാണ് ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.ഗിരിരാജന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1110 ഡോളറിലെത്തുമെന്ന് പി.ഡി.ജോസ് വ്യക്തമാക്കി. 12 വര്‍ഷം മുമ്പ് വില 300 ഡോളര്‍ മാത്രമായിരുന്നു. അതായത് നാലിരട്ടി വര്‍ധന. എന്നാല്‍ 1110 ഡോളര്‍ കടക്കുന്നതോടെ വിലയില്‍ ചെറിയൊരു തിരുത്തലിന് സാധ്യതയുണ്ടെന്ന് ബി.ഗിരിരാജന്‍ പറയുന്നു. അതു കഴിഞ്ഞ് വില വര്‍ധന തുടരുമെന്ന് തന്നെയാണ് വ്യാപാരികളുടെയും നിക്ഷേപവിദഗ്ദ്ധരുടെയും പ്രതീക്ഷ.

സ്വര്‍ണത്തിലെ നിക്ഷേപ സാധ്യത മുന്നില്‍ കണ്ട് പലരും ഇതില്‍ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണനാണയവും സ്വര്‍ണക്കട്ടിയും വാങ്ങിസൂക്ഷിച്ചാണ് ഇത്തരം നിക്ഷേപങ്ങള്‍. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും മലയാളിയുമായ കെ.ശിവറാം അഭിപ്രായപ്പെടുന്നു.

പലരും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നതുകൊണ്ടാണ് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച് വില ഉയരുന്നത്. നേരത്തെ ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. വില ഇനിയും ഉയരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യില്‍ നിന്ന് സ്വര്‍ണം വാങ്ങിയതാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാന്‍ കാരണം. വിദേശനാണ്യശേഖരത്തിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും ശ്രീലങ്കയുമൊക്കെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

വിദേശനാണ്യശേഖരം വൈവിധ്യവത്കരിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് 200 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കഴിഞ്ഞയാഴ്ച വാങ്ങിയത്്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ചൈന 457 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ 403.3 ടണ്‍ സ്വര്‍ണം വില്‍ക്കാനാണ് ഐഎംഎഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതില്‍ നല്ലൊരു പങ്കും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിച്ചു. നിലവില്‍ 3,217 ടണ്‍ സ്വര്‍ണമാണ് ഐഎംഎഫിന്റെ കൈവശമുള്ളത്.

അന്താരാഷ്ട്ര വിപണിയ്ക്കനുസരിച്ച് ഇന്ത്യയില്‍ വില ഉയരുന്നില്ലെന്ന് നിക്ഷേപവിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതാണ് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ഏകദേശം 800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ആഗോള ഡിമാന്‍ഡിന്റെ 20 ശതമാനത്തിലധികമാണിത്. ഇന്ത്യയിലെ മൊത്തം സ്വര്‍ണവില്പനയുടെ നല്ലൊരു വിഹിതം ദക്ഷിണേന്ത്യയുടേതാണ്.

സ്വര്‍ണത്തിന് വില വന്‍തോതില്‍ ഉയര്‍ന്നതോടെ മോഷണവും പെരുകിയിട്ടുണ്ട്. അതുകൊണ്ട്, സ്വര്‍ണം വാങ്ങി വീട്ടില്‍ അലമാരയ്ക്കുള്ളില്‍ പൂട്ടിവെയ്ക്കുന്നവര്‍ കരുതിയിരിക്കുക. സ്വര്‍ണം സൂക്ഷിക്കാന്‍ കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാവും നല്ലത്.

(സോഴ്സ്: മാതൃഭൂമി ഡെയിലി)

No comments:

Post a Comment