പാണക്കാട്: ജീവിതത്തിന്റെ നീറ്റലുകള്‍ക്കിടയിലൂടെ സാന്ത്വനത്തിന്റെ തെളിനീരൊഴുക്കിയ പ്രിയ നേതാവിന് വിടചൊല്ലാന്‍ അണമുറിയാത്ത പ്രവാഹമായി ജനലക്ഷങ്ങള്‍ ഒഴുകുമ്പോഴും പ്രസന്നതയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാവാതെ വിതുമ്പലുമായി മടങ്ങിയത് പതിനായിരങ്ങള്‍.
കൊടപ്പനക്കല്‍ തറവാടിന്റെ പുത്രന്റെ ആക്സമിക മരണമേല്പിച്ച ആഘാതവുമായി വിവരമറിഞ്ഞ ഉടനെ കിട്ടിയ വാഹനങ്ങളിലും കാല്‍നടയായും പാണക്കാട്ടേക്ക് ഒഴുകിയത് ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍. രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരും വൃദ്ധരും അംഗവൈകല്യമുള്ളവരും മതരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്നവരുമൊക്കെയായി എണ്ണമറ്റവരുടെ അതിപ്രവാഹമാണ് ഇന്ന് പുലര്‍ച്ചെയും പാണക്കാട്ടേക്ക് തുടരുന്നത്.
ശനിയാഴ്ച രാവിലെ കുളിമുറിയില്‍വീണ് ശിഹാബ്തങ്ങള്‍ ആശുപത്രിയിലായ വിവരം ലീഗ് നേതാക്കളും പ്രവര്‍ത്തകരും അറിഞ്ഞിരുന്നെങ്കിലും ആരോഗ്യനിലയില്‍ ഭയപ്പെടാനൊന്നുമില്ലെന്ന ആശ്വാസത്തിലായിരുന്നു അവര്‍. രാത്രി 8.45ഓടെ അപ്രതീക്ഷിതവിയോഗത്തിന്റെ വാര്‍ത്ത ചാനലുകളില്‍ തെളിഞ്ഞതോടെ മലപ്പുറം അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍വാര്‍ത്തു. കേട്ടറിഞ്ഞവരെല്ലാം പാണക്കാടിന്റെ വഴിത്താരകളിലേക്ക് തിരിച്ചതോടെ പ്രദേശം ജനസമുദ്രമായി. ഇന്ന് പുലര്‍ച്ചെയാകുമ്പോള്‍ മലപ്പുറം കോട്ടപ്പടിയില്‍തന്നെ ജനസമുദ്രം പ്രതീക്ഷയോടെ കാത്തുനില്‍പ്പാണ്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ പതിനായിരങ്ങള്‍ ഏഴു കിലോമീറ്ററകലെവരെ കാത്തുകിടക്കുന്നു.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, തൃശൂര്‍ തുടങ്ങി വിദൂരദിക്കുകളില്‍ നിന്ന് ആളുകള്‍ പ്രത്യേക വാഹനങ്ങളില്‍ രാത്രി തന്നെ പാണക്കാട്ടേക്ക് കുതിച്ചു. മലപ്പുറം^വേങ്ങര റോഡില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. രാത്രി പത്തുമണിയോടെ വാഹനങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാനാവാത്തവിധം തിരക്ക് വര്‍ധിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ ലീഗ്പ്രവര്‍ത്തകര്‍ ഏറെ പാടുപെട്ടു. തങ്ങള്‍ സ്ഥിരമായി ഇരിക്കാറുള്ള വീടിന്റെ വരാന്തയിലാണ് മയ്യിത്ത് കിടത്തിയിരുന്നത്. സഹോദരങ്ങളും മക്കളും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം നേതാക്കളും സമീപത്തുണ്ടായിരുന്നു.
ഇതിനിടയില്‍ ചിലര്‍ വിതുമ്പിക്കരയുന്നതും കുഴഞ്ഞുവീഴുന്നതും കാണാമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍പോലും വഴിയില്ലാതെ പോലിസ് വലഞ്ഞു. കൊടപ്പനക്കല്‍ തറവാടിന്റെ ചുറ്റുവട്ടങ്ങളില്‍ ജനം തിങ്ങിക്കൂടിയതോടെ നേതാക്കള്‍പോലും അന്ത്യോപചാരമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടി. പരമാവധി ആളുകളെ ക്രമമായി കടത്തിവിട്ടാല്‍പോലും ഇന്ന് മൂന്നുമണിക്ക് മുമ്പായി കാത്തുനില്ക്കുന്നവരില് ചെറിയൊരു ശതമാനത്തിനു മാത്രമേ നേതാവിനെ അവസാനമായി കാണാനാവൂ എന്നതായിരുന്നു അവസ്ഥ.
ഇബ്രാഹിം കോട്ടക്കല്‍
No comments:
Post a Comment