ശിഹാബ് എന്ന അറബി വാക്കിന് തീജ്വാല എന്നര്‍ഥമുണ്ട്. ധര്‍മം കൊടുക്കുന്നതിന്റെ മുന്നറിയിപ്പായി മലകളില്‍ തീ കത്തിക്കുന്ന പതിവുണ്ടായിരുന്നു പണ്ടത്തെ അറബികള്‍ക്ക്. ഒരുപക്ഷേ, പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിലേക്ക്, അലി ശിഹാബുദ്ദീന്‍ തങ്ങളുടെ വംശപരമ്പരയിലൂടെ 'ശിഹാബ്' കടന്നുവരുന്നത് ഉദാരമനസ്കതയുടെ ഈ പ്രതീകാത്മകത വിളംബരം ചെയ്തുകൊണ്ടാവാം. ഏതായാലും മുഹമ്മദലി ശിഹാബ്തങ്ങളെ സ്പര്‍ശിക്കുമ്പോള്‍ ആരുടെയും കൈപൊള്ളിയിരുന്നില്ല.
തണുത്ത് മൃദുവായ ആ വിരലുകള്‍ പുണരവെ, പൊരിഞ്ഞെത്തുന്ന അനേകം ഹൃദയങ്ങളിലെ തീ അണയുകയായിരുന്നു. അങ്ങനെ 'തീ നാളം' അഗ്നികുണ്ഡങ്ങളെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് അഞ്ച് പലകകള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു മേശയുണ്ട്. മുഴുഭ്രാന്ത് മാറിയതിന് കുടകിലെ ഒരാശാരി പണിത്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്ക് പാരിതോഷികമായി നല്‍കിയതാണത്രെ ഇത്. നാലര പതിറ്റാണ്ടോളം പഴക്കമുള്ള ഈ വട്ടമേശ, എണ്ണമറ്റ വേവലാതികളുടെ പൊടിവീണ കര്‍ണപുടമാണ്.
തങ്ങളുടെ ചെവിയിലേക്ക് സ്വകാര്യമായി പകരുന്ന നോവിന്റെ നുറുങ്ങുകള്‍ ഇതില്‍ തെന്നിവീഴുന്നു. പാകത്തില്‍ മടക്കിവെച്ച വെള്ളക്കടലാസിലെ ഒരു കീറില്‍ സാധാരണ മഷിയിലെഴുതിക്കൊടുക്കുന്ന കുറിപ്പടി അങ്ങനെ രൂപപ്പെടുന്നു. അതില്‍ മരുന്നുണ്ട്; മന്ത്രമുണ്ട്. മേമ്പൊടിയായി ഒരാശ്വാസവാക്കും^തൃപ്തിയായി. വന്നയാളുടെ പ്രശ്നം തീര്‍ന്നു. ഇതായിരുന്നു ശിഹാബ്തങ്ങളുടെ ഒരു രീതി. കനിവും ഉദാരതയും രാജ്യസ്നേഹവും എന്നും കൂടെപ്പൊറുപ്പിച്ചുപോന്ന കുടുംബമാണ് ശിഹാബ് തങ്ങളുടേത്. വൈരം തീര്‍ക്കാന്‍ ഒടിമറിഞ്ഞെത്തുന്ന പാണന്‍മാരെ പിടിച്ചുകെട്ടി കൊന്ന ഈ കാട്ടില്‍ (പാണ^കാട്) ഇനി അവരെ കൊല്ലരുതെന്ന താക്കീത് ആദ്യമുയര്‍ന്നത് ഈ തങ്ങള്‍ കുടുംബത്തില്‍നിന്നാണ്. പാണക്കാടിന്റെ താഴ്കുറ്റി അന്വേഷിച്ചു ചെല്ലുമ്പോള്‍ അങ്ങനെയും കഥകള്‍ കേള്‍ക്കാനാവുന്നു.
സ്വര്‍ണക്കടകളുടെ ഉദ്ഘാടകന്‍, മതസ്ഥാപനങ്ങളുടെ ശിലാസ്ഥാപകന്‍, മുസ്ലിംലീഗ് പ്രസിഡന്റ്, ആത്മീയനേതാവ് ^സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പറ്റി പറയുമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന ചിത്രങ്ങള്‍ ഇതൊക്കെയാവാം. എന്നാല്‍, പ്രതിഷ്ഠാപൂര്‍വകങ്ങളായ ഇത്തരം ഓര്‍മപ്പേരുകള്‍ക്കപ്പുറം പച്ചയായ ഒരു മനുഷ്യനുണ്ടായിരുന്നു.
ഗ്രാമ്യശീലങ്ങളുടെ താളം തെറ്റിക്കാതെ ചിരിച്ചും കളിച്ചും പുഴയില്‍ നീന്തിയും കൊക്കിനെ വെടിവെച്ചും നടന്നിരുന്ന, തന്നെത്തന്നെ അന്വേഷിക്കുന്ന മനുഷ്യന്‍. പിതാവിന്റെ മരണാനന്തരം മുസ്ലിംലീഗിന്റെ സാരഥ്യം ഏറ്റെടുക്കുന്നതോടെ ആ 'ശിഹാബ് തങ്ങള്‍' പതുക്കെ അപ്രത്യക്ഷനാവുകയായിരുന്നു.
പിതാവിന്റെ പൈതൃകമായ ചികില്‍സകളിലേക്കും അനുരഞ്ജനങ്ങളിലേക്കും രാഷ്ട്രീയ ഉഭയകക്ഷി സംഭാഷണങ്ങളിലേക്കും കടന്നതോടെ സമയം തികച്ചാല്‍ തികയാതെ വന്നു. പ്രഭാത നമസ്കാരത്തിനു മുമ്പേ തുടങ്ങുന്ന ഒരു ദിവസം, അര്‍ധരാത്രി കഴിഞ്ഞും കൊടുമ്പിരിക്കൊളുന്നു.
വൈകി ഉറങ്ങിയാലും വന്നുപെടുന്നവര്‍ വാതിലിനു മുട്ടുന്നു. കൊല്ലന്റെ ആലയിലെ എലിയെപ്പോലെ ഓരോ മുട്ടിനും ആ മനുഷ്യന്‍ ഞെട്ടിയുണരുന്നു. രാഷ്ട്രീയത്തിന്റെ സിദ്ധാന്ത സമസ്യകളില്‍ നിന്നകന്ന് ഏതു വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നട തുറന്നുകൊടുത്തുകൊണ്ടിരിക്കെ, ആ കൈകള്‍ നിശ്ചലമായിരിക്കുന്നു.
കെയ്റോ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശിഹാബ് തങ്ങള്‍ എഴുത്തും വായനയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി കഴിയണമെന്ന് ആഗ്രഹിച്ചു. വായന അദ്ദേഹത്തിന്റെ ഒരവയവം പോലെയായി. തറവാടിനോട് ചേര്‍ന്നുള്ള പുറംവീടിന്റെ മാളിക, പൂക്കോയ തങ്ങള്‍ വായനക്കായി മകന് നീക്കിവെച്ചു. പക്ഷേ, ഏകാഗ്രതയുടെ ചങ്ങാത്തം തുടരാന്‍ ആളുകള്‍ അനുവദിച്ചില്ല. മകന്റെ എഴുത്തുമുറി സന്ദര്‍ശക ബാഹുല്യംകൊണ്ട് കവിയാന്‍ തുടങ്ങി. അങ്ങനെ പാര്‍ട്ടിയും മതസംഘടനകളും ആത്മീയ ചിന്തകരും ചേര്‍ന്നൊരുക്കിയ പ്രഭാവലയത്തിലൂടെ ശിഹാബ് തങ്ങളിലുള്ള സാധാരണ മനുഷ്യന്‍ വിടചോദിച്ചുതുടങ്ങി. പിന്നെ പിതാവിന്റെ മരണം, സംഭവങ്ങളുടെ ഗതി മൊത്തം മാറ്റി. ആളുകളുടെ സങ്കടങ്ങള്‍ക്കും കണ്ണീരിനും വിയര്‍പ്പിനുമിടക്ക് കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടിനാണ് ഇന്നലെ തിരശãീല വീണത്.
ബാഫഖി തങ്ങളെപ്പോലെ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ് നേതൃസ്ഥാനത്തെത്തിയ ഒരാളായിരുന്നില്ല ശിഹാബ് തങ്ങള്‍. പക്ഷെ, ബാഫഖി തങ്ങളുടേതിനേക്കാള്‍ സംഘര്‍ഷഭരിതവും പ്രശ്ന സങ്കീര്‍ണവുമായിരുന്നു ശിഹാബ് തങ്ങളുടെ കാലഘട്ടം.
ഇന്ത്യന്‍ മതേതരത്വം തീര്‍ത്തും ചോദ്യം ചെയ്യപ്പെട്ട ബാബരി മസ്ജിദിന്റെ തകര്‍ച്ചാ കാലഘട്ടത്തില്‍, കേരളത്തിലെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ശിഹാബ് തങ്ങള്‍ വഹിച്ച നേതൃപരമായ പങ്ക് സര്‍വരാലും പ്രശംസിക്കപ്പെട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന സി.കെ. പത്മനാഭന്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയതിങ്ങനെ:
'രാജ്യത്ത് വളര്‍ന്നു വരുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിംലീഗ് നേതൃത്വം പൊതുവിലും ശിഹാബ്തങ്ങള്‍ പ്രത്യേകിച്ചും വലിയ പ്രവര്‍ത്തനങ്ങളാണ്, മഹത്തായ ചില കര്‍ത്തവ്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1992ലെ അയോധ്യാ സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘട്ടനങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ മതത്തിന്റെയും വിശ്വാസികളുടെയും പേരില്‍ അവിശ്വാസം വളര്‍ന്നു കൊണ്ടിരുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് നമുക്കു കാണാന്‍ കഴിയുന്നു. അതിനു കാരണം, കേരളത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കാനും അക്രമങ്ങളെ നിരുല്‍സാഹപ്പെടുത്താനും ശിഹാബ് തങ്ങളെപ്പോലുള്ളവരുടെ നേതൃത്വവും സാന്നിധ്യവും കൊണ്ടു മാത്രമാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാനാവും'.
തങ്ങളുടെ സാന്നിധ്യം തികച്ചും അനിവാര്യമായ ഒരു ഘട്ടത്തിലാണ് അവിചാരിതമായ ഈ വേര്‍പാട് സംഭവിച്ചിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ ^ സാമൂഹിക ^സാമുദായിക രംഗങ്ങളിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍, ആരെന്തു പറഞ്ഞാലും ശിഹാബ് തങ്ങള്‍ തീര്‍ച്ചയായും ഒരു പ്രതീക്ഷയായിരുന്നു.
പ്രതിസന്ധി നേരങ്ങളില്‍ വിയോജിപ്പുള്ളവരും തങ്ങളിലേക്ക് തന്നെയാണ് ഉറ്റു നോക്കിയിരുന്നത്. കത്തുന്ന തീയിലേക്ക് തണുപ്പിക്കാനുള്ള ഒരു വാക്ക് എങ്ങനെ വരും എന്ന ഉദ്വേഗത്തോടെ. ആ വാക്ക് ഇനി എവിടെ നിന്നു മുഴങ്ങും? കവി പി.കെ. ഗോപി ചോദിക്കുന്ന പോലെ:
'കടലാഴങ്ങള്‍ കടഞ്ഞെടുത്ത
കവിതാമൃത ബിന്ദുപോലെ ഒരു വാക്ക്...
നിഷാദ നിദ്രയുടെ ഉരുക്കു വാല്മീകം പൊട്ടിച്ച്
പ്രകാശകാന്തം പോലെ
ഉദിച്ചുവരുന്ന ഒരു വാക്ക്..'
ടി.പി. ചെറൂപ്പ
No comments:
Post a Comment