കുട്ടികളോട് തീരാത്ത വാല്‍സല്യമായിരുന്നു എന്നും ശിഹാബ് തങ്ങള്‍ക്ക്. മുമ്പൊരു ജൂണില്‍ സ്കൂളിലേക്ക് പോകുന്ന പുതുക്കക്കാര്‍ക്കായി തന്റെ സ്കൂളിലെ ആദ്യാനുഭവം അദ്ദേഹം മാധ്യമം 'വെളിച്ച'വുമായി പങ്കുവെച്ചു.
പഠിച്ചിടങ്ങളിലെല്ലാം ഗുരുക്കന്മാരുടെ പ്രിയ ശിഷ്യനായിരുന്നു പൂക്കോയ തങ്ങളുടെ മകന് ശിഹാബ്. പക്ഷേ, സ്കൂളിലെത്തിയ ആദ്യദിനം കരഞ്ഞുവിളിച്ച് നാടിളക്കിക്കളഞ്ഞു ആ അഞ്ചു വയസ്സുകാരന്. ഇന്നിപ്പോള്‍ 72 ാം വയസ്സില്‍ പാണക്കാട്ടെ തറവാട്ടിലിരുന്ന് തന്റെ സ്കൂള്‍ ദിനങ്ങള്‍ പറയുമ്പോള്‍ മുഹമ്മദലി ശിഹാബ്തങ്ങളുടെ മുഖത്ത് മധുരമുള്ള ആ ഭൂതകാലത്തിന്റെ ഓര്‍മകള്‍ തിളങ്ങുന്നു.
1941 കാലം. ബാപ്പയുടെ കൈപിടിച്ച് പാണക്കാട് ഡി.എം.ആര്.ഡി സ്കൂളിലെ ഒന്നാം ക്ലാസിന്റെ പടി കടന്നെത്തിയ ശിഹാബിന് അന്തരീക്ഷം തീരെ പിടിച്ചില്ല. ക്ലാസില്‍നിന്ന് ചിണുങ്ങി. അത് പിന്നെ വിതുമ്പലായി. അച്ചടക്കം ലംഘിച്ച് സ്കൂളിന്റെ മുറ്റത്തേക്കിറങ്ങി. പിന്നെ പൊട്ടിക്കരച്ചില്‍. ബാപ്പയുടെ ആശ്വാസവാക്കുകളൊന്നും ഫലിച്ചില്ല. സ്കൂളില്‍ മകന് കരഞ്ഞതറിഞ്ഞപ്പോള്‍ ഉമ്മ ആയിശബീവിക്കും സങ്കടം. പക്ഷേ, പിന്നെ വേഗം സ്കൂളുമായി ഇണങ്ങി കുഞ്ഞു ശിഹാബ്. അന്നത്തെ കൂട്ടുകാരുടെയും അധ്യാപകരുടെയുമെല്ലാം മുഖം ഇന്നും ഓര്‍മയിലുണ്ട്. മൊയ്തീന്‍കുട്ടിയായിരുന്നു അടുത്ത കൂട്ടുകാരന്. പോക്കു മാസ്റ്റര്‍ ഒന്നാം ക്ലാസിലെ അധ്യാപകന്, ചേക്കുട്ടി മാഷെയും ഓര്‍മയുണ്ട്. നായനാര്‍ എന്നു പേരുള്ളയാളായിരുന്നു സ്കൂള്‍ മാനേജര്‍. കുഞ്ഞഹമ്മദ് മൊല്ല ഹെഡ്മാഷ്.
മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ അധ്യാപകരുടെ പ്രിയ ശിഷ്യനായിരുന്നു ശിഹാബ്. പിന്നീട് കോഴിക്കോട് എം.എം ഹൈസ്കൂളില്‍ പഠിച്ചപ്പോഴും തലക്കടത്തൂര്‍ മദ്രസയില്‍ പഠിച്ചപ്പോഴും ഉപരിപഠനത്തിനായി രാജ്യംവിട്ട് കെയ്റോ സര്‍വകലാശാലയില്‍ എത്തിയപ്പോഴും പഠനത്തിലെ ഈ മികവ് സൂക്ഷിച്ചു തങ്ങള്‍. മദ്രസയില്‍ പഠിപ്പിച്ച പൊന്മള മൊയ്തീന് മുസ്ലിയാര്, എം.എം ഹൈസ്കൂളിലെ ശേഷനാരായണ അയ്യര്‍ സാര്‍, കെയ്റോ സര്‍വകലാശാലയിലെ ഇസ്സുദ്ദീന്‍ ഫരീദ്.... ജീവിതവഴിയില്‍ അറിവിന്റെ വെളിച്ചം തെളിച്ചുതന്ന അധ്യാപകരെയെല്ലാം അവസാന നാള് വരെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു പാണക്കാട് തറവാട്ടിലെ ആ വലിയ മനുഷ്യന്.
No comments:
Post a Comment