Sunday, December 20, 2009

മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നതെന്തുകൊണ്ട് ?


1998ലെ കോയമ്പത്തൂര്‍ ബോംബ്സ്ഫോടന കേസില്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ ചിലരുമായി ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന സംശയം പറഞ്ഞ് തമിഴ്നാട് പൊലീസ് ചോദ്യംചെയ്യാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഒമ്പതു വര്‍ഷക്കാലം ജാമ്യം നിഷേധിച്ച് അന്യായതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തശേഷം കുറ്റമുക്തനായി 2007 ആഗസ്റ്റില്‍ ജയില്‍മോചിതനായ രാഷ്ട്രീയനേതാവാണ് അബ്ദുന്നാസിര്‍ മഅ്ദനി. ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്യ്രവും പൌരാവകാശങ്ങളുമനുഭവിച്ച് കുടുംബത്തോടും കുട്ടികളോടുമൊപ്പം സ്വാഭാവികജീവിതത്തിന്റെ രണ്ടുവര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ട് അധികനാളുകളായിട്ടില്ല. അപ്പോഴേക്കും മഅ്ദനി വീണ്ടും വേട്ടയാടപ്പെടുകയാണ്. മാധ്യമങ്ങള്‍ പറയാനുദ്ദേശിക്കുന്ന തരത്തിലുള്ള 'ഭീകരനും പൊലീസും' കളിയിലൊതുക്കാവുന്ന കാര്യമല്ല ഇത്. മഅ്ദനിയുടെ ഭാര്യ സൂഫിയയുടെ മേലാണ് ഇപ്പോള്‍ വേട്ടക്കാരുടെ കണ്ണ്. മഅ്ദനിക്കെതിരെ ഇന്നോളം ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന വസ്തുത കോടതിവിധികളിലൂടെ ശരിവെക്കപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തശേഷം സൂഫിയ മഅ്ദനിയെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെയും അപസര്‍പ്പകാന്വേഷണങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നതിന്റെയും പരമമായ ലക്ഷ്യം ഊഹിക്കാവുന്നതേയുള്ളൂ. രാജ്യത്തിന്റെ പലയിടങ്ങളിലുണ്ടായ വിധ്വംസകപ്രവര്‍ത്തനങ്ങളിലെല്ലാം സൂഫിയക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത പൂണ്ട അന്വേഷണങ്ങളുടെ പ്രഭവസ്ഥാനം അങ്ങ് വടക്കാണെന്ന് മനസ്സിലാക്കാനും അധികം തലപുണ്ണാക്കേണ്ട കാര്യമില്ല. ബസ്കത്തിക്കല്‍സംഭവത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി പത്താം പ്രതി ചേര്‍ത്താണ് സൂഫിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢാലോചന കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിരുന്നിട്ടും യു.ഡി.എഫ് ഭരണകാലത്ത് സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് എല്‍.ഡി.എഫ് ഭരണാധികാരികളും അധികാരത്തില്‍വന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സൂഫിയയെ പ്രതിചേര്‍ക്കാതിരുന്നതെന്ത് എന്ന് പ്രതിപക്ഷനേതാവും ഈ പ്രശ്നത്തില്‍ രണ്ടുതട്ടില്‍ നില്‍ക്കുന്നു. തീവ്രവാദപ്രശ്നം കത്തിജ്ജ്വലിപ്പിച്ച് സര്‍വരുടെയും കണ്ണുതുറപ്പിച്ചതിന് കോടതിയുടെ പ്രശംസ പിടിച്ചുപറ്റിയ മാധ്യമങ്ങളാവട്ടെ, മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യത്തിലെന്നപോലെ തുടര്‍ന്നും സൂഫിയക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള പുതിയ പൂത്തിരികള്‍ കത്തിച്ച് ഭീകരവിരുദ്ധ യുദ്ധത്തിന്റെ ദേശീയ കമാന്‍ഡര്‍ പദവി കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ്. സൂഫിയയെ ഏതൊക്കെ കേസുകളില്‍ പ്രതിചേര്‍ക്കണമെന്ന മാധ്യമനിര്‍ദേശങ്ങള്‍ ഇതിനകം അവര്‍ കേള്‍പ്പിച്ചുകഴിഞ്ഞു. ഇനി പൊലീസ് കൂടി തീരുമാനിച്ചാല്‍ മതി. കസ്റ്റഡിയില്‍ കിട്ടിയവരെ ഉപയോഗിച്ചുള്ള സര്‍ഗഭാവനകള്‍ മാലേഗാവ് സ്ഫോടനകേസിലും മക്കാമസ്ജിദ് സ്ഫോടനത്തിലും മുംബൈ ട്രെയിന്‍സ്ഫോടനത്തിലുമെല്ലാം തകിടം മറിഞ്ഞത് രാജ്യം മുഴുവന്‍ കണ്ടറിഞ്ഞ കാര്യമാണ്. പൊലീസിനെ കൊണ്ടുതന്നെ അതൊക്കെ തിരുത്തിപ്പറയിക്കാന്‍ വന്ന ഹേമന്ത് കര്‍ക്കരെയുടെയും സഹപ്രവര്‍ത്തകരുടെയും കഥകഴിച്ചതിന്റെ കഥ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പൊലീസ്സ്റ്റോറികള്‍ വിറ്റുകാശാക്കിയ ദേശീയമാധ്യമങ്ങള്‍ വിറ്റ സാധനം തിരിച്ചെടുക്കേണ്ട സ്ഥിതിവന്നപ്പോള്‍ തടിതപ്പിയതും നാം കണ്ടതാണ്. കേരളത്തിലെ ഭീകരവിരുദ്ധ വേട്ട ദേശീയമാധ്യമങ്ങള്‍ കണ്ട ഭാവം നടിക്കാത്തതിന്റെ കാരണവും അതുതന്നെ. എല്ലാ അന്വേഷണങ്ങളും പ്രഹസനമാണെന്നല്ല. അന്വേഷണങ്ങള്‍ എവിടെയെങ്കിലും എത്തിച്ചേരുന്നതിനു മുമ്പുതന്നെ വിചാരണയും വിധിപ്രസ്താവവും നടത്തുന്ന മാധ്യമസുരേന്ദ്രന്മാരുടെ 'പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍' പൊലീസിനെപ്പോലും ആശയക്കുഴപ്പത്തിലാക്കുംവിധം അതിരുകടക്കുന്നുണ്ട്. യഥാര്‍ഥപ്രതികളെ സഹായിക്കാനേ ഇതുപകരിക്കുകയുള്ളൂ. മാലേഗാവില്‍ തെളിഞ്ഞ കാര്യം കേരളത്തില്‍ പൊലിഞ്ഞുപോകാതിരിക്കണമെങ്കില്‍ അല്‍പം ഉത്തിഷ്ഠതയും ജാഗ്രതയും പാലിച്ചേ തീരൂ.

കളമശേãരിയില്‍ ബസ് കത്തിച്ചത് പി.ഡി.പിക്കാരാണോ ? ഒന്നാംപ്രതിസ്ഥാനത്ത് നിന്ന പി.ഡി.പിക്കാരന്‍ പ്രതിയല്ലെന്നാണ് പുതിയ കുറ്റപത്രം പറയുന്നത്. പിന്നെ അയാള്‍ പ്രതിചേര്‍ക്കപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ഉത്കണ്ഠപ്പെടാത്തത് നീതിബോധത്തിന്റെ ഒരു വേറിട്ടമാതൃകയെന്ന് വിശേഷിപ്പിക്കേണ്ടതുണ്ട്. ജാമ്യം നിഷേധിച്ച് മഅ്ദനിയെ ജയിലിലിട്ട് പീഡിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാറിനോടുള്ള പ്രതിഷേധമാണ് കളമശേãരിയില്‍ കത്തിജ്ജ്വലിച്ചതെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സൂഫിയയെ ഗൂഢാലോചനക്കാരിയാക്കുന്നത്. വാസ്തവത്തില്‍ മഅ്ദനി മോചിപ്പിക്കപ്പെടുമെന്നുള്ള പ്രതീക്ഷക്ക് ശക്തികൂടുകയും കേരളജനത ഒറ്റക്കെട്ടായി മഅ്ദനിയുടെ മോചനമാവശ്യപ്പെട്ടുതുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തിലാണിത് സംഭവിക്കുന്നത്. ബസ് കത്തിച്ചതില്‍ സൂഫിയയുടെ പങ്കിനെക്കുറിച്ച് അന്ന് കേസെടുക്കാന്‍ മതിയായ തെളിവൊന്നുമുണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ പറയുന്ന യു.ഡി.എഫ് തന്നെയാണ് കളമശേãരി സംഭവത്തോടനുബന്ധിച്ച് സൂഫിയയെ അറസ്റ്റ് ചെയ്യുമെന്ന് രഹസ്യപ്രചാരണം നടത്തിയത്. ആദ്യം പി.ഡി.പി വൃത്തങ്ങളില്‍ ഈ പ്രചാരണം അഴിച്ചുവിട്ടു. പിന്നീട് 'മംഗളം'പത്രത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനവാര്‍ത്ത വന്നു. കുറച്ചുകഴിഞ്ഞ് പൊലീസ് അത് നിഷേധിച്ചു. കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്താല്‍ കള്ളിപൊളിയുമോ എന്ന് ഒരുപക്ഷേ, ഭയപ്പെട്ടിരിക്കാം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല അന്ന് അറസ്റ്റുകള്‍ നടന്നതെന്ന് ഒന്നാംപ്രതിയടക്കമുള്ള മൂന്നുപേര്‍ ഇപ്പോള്‍ പ്രതിയല്ലാതായിത്തീര്‍ന്നതില്‍നിന്നു തന്നെ വ്യക്തമാണ്. സൂഫിയക്കെതിരെയും വ്യാജ തെളിവുകളുണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ പരിപാടിയിട്ടിരുന്നുവെന്നും അത് പിന്നീട് മറ്റേതോ അവസരത്തിനുവേണ്ടി മാറ്റിവെക്കപ്പെടുകയായിരുന്നുവെന്നും കരുതുന്നതിലെന്താണ് തെറ്റ് ? മഅ്ദനിയുടെ മോചനത്തിനനുകൂലമായ ഒരു തരംഗംതന്നെ നിലനിന്നിരുന്ന സാഹചര്യത്തില്‍ സൂഫിയയെ പ്രതിയാക്കുകയും അറസ്റ്റുചെയ്യുകയും ചെയ്താല്‍ ഉദ്ദേശിച്ച ഫലംചെയ്യില്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവണം. സൂഫിയക്കെതിരെ യു.ഡി.എഫ് പരസ്യമായി രംഗത്തുവരുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ്. സൂഫിയക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തില്ല എന്ന ചോദ്യത്തിന് ഒരു മാധ്യമചര്‍ച്ചയില്‍ ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ മറുപടി പറഞ്ഞതോര്‍ക്കുന്നു, സൂഫിയയെ അറസ്റ്റ് ചെയ്യാതിരുന്നത് അത് മഅ്ദനിയുടെ മോചനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലോ എന്നു കരുതിയിട്ടാണെന്ന്. ഇത് തെളിയിക്കാന്‍ അദ്ദേഹത്തിന് ഔദ്യോഗികമായ എന്തെങ്കിലും തെളിവുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയൊരു പ്രചാരണം യു.ഡി.എഫ് ഭാഗത്തു നിന്നുണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇത് സ്വീകരിക്കാം. ഈ പ്രചാരണം കളമശേãരി കേസന്വേഷണ സമയത്ത് യു.ഡി.എഫ് വ്യാപകമാക്കിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി വോട്ടുകളെ സ്വാധീനിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇതിനുപിന്നില്‍. യഥാര്‍ഥത്തില്‍ പി.ഡി.പി അണികളിലും നേതാക്കളിലും ചിലരെയെങ്കിലും ഇത് സ്വാധീനിച്ചിരുന്നു. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. 2006ല്‍ പി.ഡി.പി പിന്തുണ കിട്ടിയില്ലെങ്കിലും യു.ഡി.എഫ് നിരാശരായില്ല. 2009ല്‍ വീണ്ടും പിന്തുണക്കായി ശ്രമിച്ചു; നടന്നില്ല. മഅ്ദനിക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി. അതിനുശേഷമാണ് പി.ഡി.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.

പി.ഡി.പി^യു.ഡി.എഫ് ബന്ധത്തിന്റെ ചരിത്രത്തില്‍ കേസുകള്‍ക്കാണ് എക്കാലവും നിര്‍ണായകസ്ഥാനം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും മണ്ഡലം^ജില്ലാനേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ 1993 മുതലുള്ള യു.ഡി.എഫ് സര്‍ക്കാറുകള്‍ ചാര്‍ജ്ചെയ്തു. ഇതിന്റെയൊന്നും പേരില്‍ ആരും ഇതേവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കേസുകള്‍ എന്നും തലവേദനയായിരുന്നു. മഅ്ദനിയെ മെരുക്കാന്‍ യു.ഡി.എഫ് അവലംബിച്ച പ്രധാനമാര്‍ഗം കള്ളക്കേസുകളാണ്. കോണ്‍ഗ്രസ്വിരുദ്ധ^ലീഗ്വിരുദ്ധ ബോധപരിസരത്തില്‍നിന്നാണ് പി.ഡി.പി ആവിര്‍ഭവിച്ചതെങ്കിലും '94ലെ ഇ.എം.എസ് ലൈന്‍ സി.പി.എം നേതൃത്വം തള്ളിക്കളഞ്ഞ ശേഷം ഇടതുപക്ഷം പി.ഡി.പിയോട് പുലര്‍ത്തിയ ശത്രുതയും ഇരുമുന്നണികളും നടത്തിയ അപവാദപ്രചാരണങ്ങളും കാരണം യു.ഡി.എഫ് രാഷ്ട്രീയത്തോട് തത്ത്വത്തില്‍ വിയോജിച്ചുകൊണ്ടുതന്നെ യു.ഡി.എഫ് പക്ഷത്തുനില്‍ക്കാന്‍ പി.ഡി.പി നിര്‍ബന്ധിതമായി. അതിന്റെ കാരണങ്ങളിലൊന്ന് കള്ളക്കേസുകളുടെ സമ്മര്‍ദങ്ങളാണ്. പിന്നീട് മഅ്ദനി ജയിലിലടക്കപ്പെട്ടു. ശേഷം പി.ഡി.പിയോടുള്ള യു.ഡി.എഫ് സമീപനത്തിലും വലിയ വ്യത്യാസംവന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍വരികയും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ ഏതുവിധേനെയും അധികാരത്തിലെത്തുക യു.ഡി.എഫിന് അത്യന്താപേക്ഷിതമായിരുന്നു. മഅ്ദനിയെ ജയില്‍മോചിതനാക്കുകയെന്നതായിരുന്നു പി.ഡി.പിയുടെ പ്രധാന ആവശ്യം. പി.ഡി.പി^യു.ഡി.എഫ് ബന്ധം ഇങ്ങനെയൊരു പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുദൃഢമായി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും കുന്ദമംഗലത്തും പി.ഡി.പി നോമിനികളെന്ന പേരില്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടാവുന്നതും പി.ഡി.പിക്ക് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ഇക്കാലത്താണ്. കെ. മുരളീധരനായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്. യു.ഡി.എഫ് യോഗത്തിലേക്ക് പി.ഡി.പിയെ ക്ഷണിച്ചുകൊണ്ടാണ് ഈ വാഗ്ദാനങ്ങളൊക്കെയുണ്ടായത്.

എന്നാല്‍ ഒരു വാഗ്ദാനത്തിലും യു.ഡി.എഫ് വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, പുതിയ കുറേ കേസുകള്‍കൂടി 2002ലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ നുഴഞ്ഞുകയറ്റക്കാര്‍ കാട്ടിക്കൂട്ടിയ കലാപത്തിന്റെ പേരില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ ചുമലില്‍ കെട്ടിയേല്‍പിക്കുകയും ചെയ്തു. മഅ്ദനിയുടെ പരോള്‍പോലും തടഞ്ഞു. യു.ഡി.എഫ് സൌഹൃദം വഞ്ചനയാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ പി.ഡി.പി അനുക്രമം അതവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2004ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ അത് യു.ഡി.എഫിന് തിരിച്ചടിയായി അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്തു. കളമശേãരി സംഭവം നടക്കുന്നതിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഗുണകരമല്ലാത്ത സമീപനമാണ് പി.ഡി.പി സ്വീകരിച്ചത്. കളമശേãരി ബസ്കത്തിക്കലിന്റെ പിന്നിലെ പ്രചോദനമെന്തായിരുന്നുവെന്ന വിഷയം പൊലീസ് അന്വേഷണത്തിലൂടെയും വിചാരണയിലൂടെയുമെല്ലാം പുറത്തുവരട്ടെ. തടിയന്റവിട നസീര്‍ പറയുന്നത് നേരാണോ നുണയാണോ എന്ന കാര്യങ്ങള്‍ക്കെല്ലാം അപ്പോള്‍ മാത്രമേ തീര്‍പ്പു കല്‍പിക്കാനാവുകയുള്ളൂ. അതോടെ കളമശേãരികേസും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തും. ഈ സംഭവത്തോടനുബന്ധിച്ച് നടന്ന പ്രചാരണങ്ങളുടെ പിന്നിലെ രാഷ്ട്രീയപ്രചോദനം യു.ഡി.എഫിന്റെ നിക്ഷിപ്തതാല്‍പര്യങ്ങളാണ്. അതിന്റെ ബലിയാടായി ഇപ്പോള്‍ സൂഫിയ മഅ്ദനി ഒരാള്‍ മാത്രമേയുള്ളൂവെങ്കിലും സൂഫിയയെയോ മഅ്ദനിയെയോ പി.ഡി.പിയെയോ മാത്രം ഉന്നംവെക്കുന്ന ഒരജണ്ട മാത്രമല്ല ഇതിനുപിന്നില്‍. മഅ്ദനിവേട്ടയുടെ ഈ രണ്ടാംഭാഗം ദേശീയപ്രസക്തമായ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഒരു തന്മാത്ര മാത്രമാണ്.

മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക^പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി^സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി^സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ്വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ്വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്രവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്രവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക^രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്.

സി.കെ. അബ്ദുല്‍ അസീസ് Madhyamam daily

No comments:

Post a Comment