Wednesday, October 28, 2009

ബി.ടി. വഴുതനങ്ങ ഇന്ത്യന്‍ വിപണിയില്‍!!

ആഗോളതാപനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കടലിനടയില്‍ വരെ പാര്‍ലമെന്റ്‌ സമ്മേളനങ്ങള്‍ നടത്തുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിച്ചിരിക്കുന്നത്‌. എന്നാല്‍ ഒരു വശത്ത്‌ ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിപത്തുക്കളെ ചെറുക്കാന്‍ നാം പരമാവധി ശ്രമിക്കുമ്പോള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയും പ്രകൃതിക്ക്‌ ഇണങ്ങാത്ത രീതിയിലുള്ള പരീക്ഷണപ്രവര്‍ത്തനങ്ങളിലും മനുഷ്യന്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനെ പറ്റിയെല്ലാം രണ്ടാവര്‍ത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൃഷി മുഖ്യ ജീവിതമാര്‍ഗമായി ജീവിക്കുന്നവരാണ്‌ നാം. പ്രകൃതികൊണ്ട്‌ കൊണ്ട്‌ സംപുഷ്ടമാണ്‌ നമ്മുടെ രാജ്യം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ പ്രത്യേകിച്ചും. ഹരിതവിപ്ലവം തുടങ്ങി ധാരാളം മുന്നേറ്റങ്ങളും പരീക്ഷണങ്ങളും നമ്മുടെ കാര്‍ഷിക രംഗത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്ക്‌ വിപണിയില്ലായ്‌മയും വിലയില്ലായ്‌മയും ഉല്‍പ്പാദന ചിലവുമെല്ലാം കര്‍ഷകരുടെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ്‌ ഗാട്ട്‌ കരാറും, ആസിയാന്‍ കരാറും, ബി.ടി. ഉല്‍പ്പനങ്ങള്‍ക്കുമെല്ലാം നമ്മുടെ വിപണി തുറന്നു കൊടുക്കുന്നത്‌.

ഏറ്റവുമൊടുവില്‍ ജനിതകമാറ്റം വരുത്തിയ ബി.ടി. വഴുതനങ്ങ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ്‌ പലരും കേട്ടത്‌. ലോകത്തുതന്നെ Bt-Brinjal ന്‌ അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ്‌ ഇന്ത്യ. ഭക്ഷ്യ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും പരിസ്ഥിതിക്കും അങ്ങേയറ്റം പ്രത്യാഘാതം സൃഷ്ടിക്കുവാന്‍ കഴിവുള്ള അപകടം പിടിച്ച ഒരു സാങ്കേതികവിദ്യയാണിത്‌.

ബി.ടി എന്നത്‌ ഒരു ബാക്ടീരിയയാണ്‌. ഇതിന്‌ ചില കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും. വിഷസമാനമായ ഒരു പ്രോട്ടീന്‍ ഇതിലുണ്ട്‌. ഈ പ്രോട്ടീന്‍ ഉല്‍പാദനത്തിന്‌ കാരണക്കാരനായ ജീനിനെ ഈ ബാക്ടീരിയയില്‍നിന്ന്‌ വേര്‍തിരിച്ചെടുത്ത്‌, ആ ജീനിനെ കൃത്രിമമായി ഉണ്ടാക്കി വിളസസ്യങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കുക എന്നതാണ്‌ ഈ വിത്തു കമ്പനികള്‍ ചെയ്യുന്നത്‌. അതായത്‌ വിഷം ചെടികള്‍ക്കകത്തു തന്നെ ഉണ്ടാക്കുക എന്ന പദ്ധതിയാണത്‌. കീടങ്ങളെ പ്രതിരോധിക്കാന്‍ ഇങ്ങിനെ ചെടികള്‍ക്ക്‌ 'സ്വാഭാവികമായി' കഴിവുണ്ടാകും എന്നാണ്‌ പറയുന്നത്‌. എന്നാല്‍ ഇതുകൊണ്ട്‌ കീടനാശിനിയുടെ ഉപയോഗം ഉണ്ടാകുന്നില്ല. ബി.ടി പരുത്തിയുടെ ഉദാഹരണമെടുത്താല്‍ കീടനാശിനി ഉപയോഗം കുറഞ്ഞിട്ടില്ല എന്നുതന്നെയാണ്‌ കാണിക്കുന്നത്‌. പുതിയ പുതിയ കീടങ്ങള്‍ പെരുകുക വഴി കീടനാശിനി ഉപയോഗം കുറയ്‌ക്കാന്‍ കൃഷിക്കാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അപ്പോള്‍ ചെടിക്കകത്തും പുറത്തും വിഷം നിറയുന്ന അവസ്ഥയാണുണ്ടാകുക.

കടല്‍ത്തീരം മുതല്‍ മലത്തലപ്പ്‌ വരെ ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്‌ കേരളം. സംസ്ഥാനത്തിന്റെ പകുതിയും പശ്ചിമഘട്ടപ്രദേശമാണ്‌. ഇത്‌ അറിയപ്പെടുന്ന ഒരു ജൈവ വൈവിധ്യമേഖലയുമാണ്‌. നേരത്തെ തന്നെ പല ശാസ്‌ത്രജ്ഞരും മുന്നറിയിപ്പ്‌ നല്‍കുകയും ഇന്ന്‌ ശാസ്‌ത്രലോകം തിരിച്ചറിയുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക്‌ സ്വാഭാവിക പരിസ്ഥിതിയെ മലിനീകരിക്കാന്‍ കഴിയുമെന്നതാണിത്‌. ജനിതകമാറ്റം വരുത്തിയ ജീവജാലങ്ങള്‍ കൃത്രിമമാണ്‌ കാരണം ഇവയെ ലബോറട്ടറികളില്‍ മാത്രമേ ഉണ്ടാക്കാന്‍ കഴിയൂ. മാത്രവുമല്ല ഈ സാങ്കേതികവിദ്യയുടെ രീതികളും അതില്‍നിന്നുണ്ടാകുന്ന ഉല്‍പന്നങ്ങളും പരിണാമത്തിന്റെ കഴിഞ്ഞ 3.8 ബില്ല്യണ്‍ വര്‍ഷങ്ങളില്‍ ഇല്ലാത്തതാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ക്കു പോലും ഈ സാങ്കേതികവിദ്യ ഉണ്ടാക്കാനിടയുള്ള ജനിതകമാറ്റത്തെക്കുറിച്ച്‌ കൃത്യമായി പറയാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു ജൈവസംരക്ഷണ പ്രോട്ടോകോള്‍ (Biosaftey Protocol) നിലനില്‍ക്കുന്നത്‌. ഡോ. എം.എസ്‌. സ്വാമിനാഥന്‍ ചെയര്‍മാനായുള്ള ബയോടെക്‌നോളജി ടാസ്‌ക്‌ഫോഴ്‌സ്‌ റിപ്പോര്‍ട്ടും പറയുന്നത്‌ പശ്ചിമഘട്ടം പോലെ പാരിസ്ഥിതികമായി ലോലമായ ഒരു പ്രദേശത്തെ ജനിതകമാറ്റം വരുത്തിയ വിളകളില്‍നിന്ന്‌ സംരക്ഷിക്കണമെന്നാണ്‌.

കേരളത്തില്‍ ഉണ്ടായിട്ടുള്ള കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകരും സ്വയം സഹായ സംഘങ്ങളും സംഘടനകളും കാര്‍ഷിക സര്‍വകലാശാലയും എല്ലാം കഴിഞ്ഞ 10 ? 15 വര്‍ഷങ്ങളായി പല പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. സംയോജിത കീട നിയന്ത്രണം(IPM), കീടനാശിനി രഹിത കീടനിയന്ത്രണം (NPM), ജൈവകൃഷി, ബയോഡൈനാമിക്‌ ഫാമിംഗ്‌ എന്നിവ അവയില്‍ ചിലതുമാത്രം. ഇതിന്റെ ഫലം വളരെ നല്ലതും മറ്റു കൃഷിക്കാര്‍ക്ക്‌ അനുകരിക്കാന്‍ കഴിയുന്നതുമാണ്‌. ഇവരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ കമ്പോളത്തില്‍ നല്ല വിലയും ഇന്ന്‌ ലഭിക്കുന്നുണ്ട്‌. കാര്‍ഷിക കയറ്റുമതിക്ക്‌ ഒട്ടേറെ പ്രാധാന്യമുള്ള നമ്മുടെ സംസ്ഥാനം ഒരു ജൈവ കൃഷി സംസ്ഥാനമായിരിക്കേണ്ടത്‌ (organic State) അത്യാവശ്യമാണ്‌. കാരണം ഇന്ന്‌ ജൈവ ഉല്‍പന്നങ്ങളുടെ ഗുണം തിരിച്ചറിഞ്ഞ്‌ അതിന്‌ വലിയൊരു മാര്‍ക്കറ്റ്‌ സംസ്ഥാനത്തിനകത്തും പുറത്തും വളര്‍ന്ന്‌ വരുന്നുണ്ട്‌. നമ്മുടെ കൃഷിക്കാര്‍ക്ക്‌ എല്ലാ അര്‍ത്ഥത്തിലും ഇതൊരനുഗ്രഹമായിരിക്കും. എന്നാല്‍ ഒരിക്കല്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ജൈവകൃഷിയിടങ്ങളെ മലിനമാക്കുമെന്നതിന്‌ യാതൊരു സംശയവുമില്ല. പല രാജ്യങ്ങളും ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്‌.

ജനിതകമാറ്റം വരുത്തിയ ആഹാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ശാസ്‌ത്രജ്ഞര്‍ ഇന്നും കാണുന്നില്ല. ജനിതക മാറ്റം വരുത്തിയ ഭക്ഷണം പ്രധാനമായും പരീക്ഷിക്കുന്നത്‌ എലികളിലാണ്‌. വിവിധതരം അലര്‍ജികളും കുടലിനകത്ത്‌ മുറിവുണ്ടാകലും ഈ എലികളില്‍ സംഭവിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്‌. എങ്കിലും വിത്തു കമ്പനികള്‍ നടത്തുന്ന പഠനങ്ങള്‍ മിക്കതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്ന നിഗമനത്തിലാണെത്തുന്നത്‌. ഉദാഹരണത്തിന്‌ ബി.ടി വഴുതനങ്ങയെക്കുറിച്ച്‌ മാഹികോ എന്ന കമ്പനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്‌ അവരുണ്ടാക്കിയ ബി.ടി. വഴുതനങ്ങ നമ്മള്‍ ഭയക്കേണ്ട രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല എന്നാണ്‌.

സ്ഥിരീകരിച്ച മരണങ്ങള്‍

1989 ല്‍ അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ ഫുഡ്‌ സപ്ലിമെന്റ്‌ കഴിച്ച (എല്‍ ട്രിപ്‌റ്റോഫാന്‍) ആളുകളില്‍ കുറെപേര്‍ മരിക്കുകയും ആയിരക്കനക്കിന്‌ ആളുകള്‍ക്ക്‌ പല അസുഖങ്ങള്‍ ബാധിക്കുകയും ചെയ്‌തു. ഇതിന്‌ നഷ്ടപരിഹാരമായി ജപ്പാന്റെ ഷോവാ ഡെങ്കോ കമ്പനിക്ക്‌ 2 ബില്യണ്‍ ഡോളര്‍ കൊടുക്കേണ്ടിവന്നു.

കാന്‍സറും ജനിതകമാറ്റം വരുത്തിയ ഭക്ഷണവും

1994 ലാണ്‌ അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ ഹോര്‍മോണിന്‌ അനുമതി ലഭിക്കുന്നത്‌. മൊന്‍സാന്റോ എന്ന കമ്പനി ഇറക്കിയ ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍!മോണി(ൃആജഒ)നാണ്‌ അനുമതി ലഭിച്ചത്‌. ഈ ഹോര്‍മോണ്‍ ഉപയോഗിച്ച്‌ എലികളില്‍ നടത്തിയ പഠനത്തില്‍നിന്ന്‌ കണ്ടെത്തിയത്‌ ഇതിന്‌ എലികളിലെ ആന്തരാവയവങ്ങളെ തകരാരിലാക്കാന്‍ കഴിയുമെന്നും ലുക്കേമിയ പോലുള്ള കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ്‌. ഇതിനുള്ള മൊന്‍സാന്റോയുടെ മറുപടി പാല്‍ തിളപ്പിച്ചാല്‍ ഈ കൃത്രിമ ഹോര്‍മോണ്‍ നശിച്ചു പൊയ്‌ക്കൊള്ളും എന്നായിരുന്നു. എന്നാല്‍ പരീക്ഷണ ഫലങ്ങള്‍ മറിച്ചായിരുന്നു. 30 മിനിറ്റ്‌ തിളപ്പിച്ചിട്ടു പോലും പാലിലെ ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍മോണിന്റെ 19% മാത്രമേ നശിച്ചുള്ളു. എങ്കിലും മൊണ്‍സാന്റോ ഈ ഹോര്‍മോണിന്‌ അനുമതി നേടിയെടുത്തു. അതിന്റെ പ്രത്യാഘാതം വികസിത രാജ്യങ്ങളിലെ കര്‍ഷകരും ഉപഭോക്താക്കളും അനുഭവിക്കുകയും ചെയ്‌തു. രോഗബാധിതരായ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കുക വരെ ചെയ്യേണ്ടി വന്നു. കാരണം ഈ ഹോര്‍മോണ്‍ കുത്തിവെച്ച പശുക്കള്‍ക്ക്‌ രോഗം വരാനുള്ള സാധ്യത കൂടുതലായിരുന്നു. ഉയര്‍ന്ന അളവില്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍ കൊടുക്കേണ്ട അവസ്ഥവരെ ഉണ്ടായി. അപ്പോള്‍ പാലിലും മാംസത്തിലുംവരെ ആന്റിബയോട്ടിക്കിന്റെ അളവ്‌ ഉയര്‍ന്നു. ഈ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറായില്ല. ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടം കണക്കാക്കാന്‍ പറ്റാത്തതായിരുന്നു..

വൈറസ്‌ രോഗങ്ങള്‍

ജനിതക എഞ്ചിനീയറിംഗില്‍ ജീനുകളുടെ വാഹകരായി ഉപയോഗിക്കുന്നത്‌ പ്രധാനമായും വൈറസുകളാണ്‌. അതില്‍തന്നെ നാളിതുവരെ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌ കോളിഫ്‌ലവര്‍ മൊസൈക്‌ വൈറസ്‌ (ഇമങഢ) എന്ന വൈറസിനെയാണ്‌. ബി.ടി. പരുത്തിയിലെല്ലാം ഇതാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഈ വൈറസിന്‌ ഹെപ്പാറ്റൈറ്റിസ്‌. ബി വൈറസുമായും എച്ച്‌.ഐ.വി (ഒകഢ) വൈറസുമായും സാമ്യമുണ്ട്‌. അതുകൊണ്ടുതന്നെ അപകടം പിടിച്ചതാണ്‌. ജീന്‍ വാഹകരായ വൈറസുകള്‍ മറ്റ്‌ വൈറസുകളുടെ ജീനുകളുമായി ചേരാനും സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.

മാര്‍ക്കര്‍ ജീനുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

ജീനുകള്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഇവ കോശങ്ങളില്‍ എവിടെയാണ്‌ എത്തുന്നതെന്നറിയാന്‍ മാര്‍ക്കര്‍ ജീനുകള്‍ കൂടി കടത്തിവിടും. ഇവ പലപ്പോഴും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാര്‍ടീരിയല്‍ ജീനുകളാണ്‌. ഉദാഹരണത്തിന്‌ ജനിതകമാറ്റം വരുത്തിയ ചോളത്തില്‍ ഉപയോഗിച്ച ബാക്ടീരിയല്‍ ജീനുകള്‍ ആമ്പിസിലിന്‍ എന്ന ആന്റിബയോട്ടിക്‌സിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയായിരുന്നു. ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി 1998 ല്‍ ഇത്‌ നിരോധിക്കുകയുണ്ടായി. ജനിതകമാറ്റം വരുത്തിയ വിളകളില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ പ്രകൃതിയെ മലിനപ്പെടുത്താന്‍ മാര്‍ക്കര്‍ ജീനുകള്‍ക്ക്‌ കഴിയും. ഇതിന്റെ ഫലം ഭീകരമായിരിക്കും. ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം മാറാത്ത അവസ്ഥ ഉണ്ടാകും.

സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്‌

ജനിതക എഞ്ചിനീയറിംഗ്‌ ഉയര്‍ത്തുന്ന ഒരു പ്രധാന പ്രശ്‌നം സാംക്രമിക രോഗങ്ങളുടെ തിരിച്ചു വരവാണ്‌. ഇത്‌ പല രീതിയിലും സംഭവിക്കാം. ആന്റിബയോട്ടിക്കുകളോട്‌ പ്രതിരോധിക്കുന്ന ബാക്ടീരിയല്‍ ജീനുകളുടെ ഉപയോഗമാണ്‌ ഇതിലൊന്ന്‌. മറ്റൊന്ന്‌ ഇതുവരെ ഇല്ലാത്ത പുതിയതരം വൈറസുകളുടെ ആവിര്‍ഭാവമാണ്‌. മറ്റൊരു പ്രധാന വസ്‌തുത ഭക്ഷണരീതിയില്‍ വരുന്ന വ്യത്യാസം മൂലം (റശലെേ ീള ുൃീരലലൈറ മിറ മഹലേൃലറ ളീീറ)െ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ്‌. ജനിതകമാറ്റം വരുത്തിയ വിളകളും ആഹാരവും വ്യാപിക്കുകയാണെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നേട്ടമായി നമ്മള്‍ കരുതുന്ന സാംക്രമിക രോഗങ്ങളുടെ നിയന്ത്രണം ഒരു കെട്ടുകഥയാകുന്ന കാലം വളരെ വിദൂരമല്ല.

വിവിധതരം അലര്‍ജികള്‍

പയനിയര്‍ ഹൈബ്രീഡ്‌ എന്ന കമ്പനി ബ്രസീല്‍ നട്ട്‌ എന്ന ചെടിയുടെ ജീന്‍ അടങ്ങിയ സോയാബീന്‍ വിത്തുകള്‍ 1996 ല്‍ ഇറക്കുകയുണ്ടായി. ഈ സോയ കഴിച്ച പലര്‍ക്കും തേനീച്ച കുത്തിയതു പോലെയുള്ള അലര്‍ജി ഉണ്ടാകുകയും ഒടുവില്‍ ഈ ഉല്‍പന്നം വിപണിയില്‍നിന്ന്‌ പിന്‍വലിക്കേണ്ടിവരികയും ചെയ്‌തു.

ഭക്ഷണം മൂലമുണ്ടാകുന്ന അലര്‍ജി ഉയര്‍ന്നു വരുമ്പോള്‍ തന്നെ മറുവശത്ത്‌ ഭക്ഷണത്തില്‍ ജൈവ വൈവിധ്യം കുറഞ്ഞുവരികയും ചെയ്യുന്നു. മനുഷ്യ ശരീരത്തെ ഇന്ന്‌ നമ്മള്‍ ഒരു യന്ത്രം പോലെയാണ്‌ കരുതുന്നത്‌, യന്ത്രത്തിന്‌ ഏന്തെങ്കിലും കൊടുക്കുന്നത്‌ പോലെയാണ്‌ നമ്മുടെ ശരീരത്തിന്‌ ചില 'വസ്‌തു'ക്കള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. ഭക്ഷണത്തിന്റെ പോഷകമൂല്യമോ മറ്റു ഗുണങ്ങളോ നമ്മള്‍ ശ്രദ്ധിക്കാതായിക്കഴിഞ്ഞു. ഇത്‌ നമ്മള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന, നമുക്ക്‌ ആര്‍ത്തി തോന്നുന്ന ഭക്ഷണ വസ്‌തുക്കളെല്ലാം തന്നെ വിവിധതരം അലര്‍ജി ഉണ്ടാക്കുന്നവയാണ്‌. ഈ ഭക്ഷണങ്ങളുടെ ജീവനില്ലായ്‌മയും അതിലെ വിഷവസ്‌തുക്കളും നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ തിരിച്ചറിയുകയും ഇതിനോട്‌ പ്രതികരിച്ച്‌ ആന്റിബോഡിയും ശ്വേതരക്താണുക്കളും ഉണ്ടാക്കുകയും ചെയ്യും. ഇതാണ്‌ വിവിധതരം അലര്‍ജിയായി നമുക്കനുഭവപ്പെടുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്ന വയലുകളില്‍ ജോലിചെയ്യുന്നവര്‍ക്കുവരെ വിവിധതരം അലര്‍ജികള്‍ (തൊലി, ശ്വാസകോശം എന്നീ അവയവങ്ങള്‍ പ്രധാനമായി) ഉണ്ടാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അപ്പോള്‍ പിന്നെ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ.

ജനന വൈകല്യങ്ങള്‍

ബോവൈന്‍ ഗ്രോത്ത്‌ ഹോര്‍!മോണ്‍ കുത്തിവെച്ച പശുക്കളുടെ കുഞ്ഞുങ്ങളില്‍ ഒട്ടനവധി വൈകല്യങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്‌. മാത്രവുമല്ല ആ കുഞ്ഞുങ്ങള്‍ക്ക്‌ ആയുസും കുറവായിരുന്നു. മനുഷ്യനെ ഇത്‌ എങ്ങിനെയാണ്‌ ബാധിക്കുകയെന്ന്‌ കണക്കു കൂട്ടാന്‍ കഴിയില്ല.

ഭക്ഷണത്തിനകത്തു തന്നെ വിഷം പോഷകങ്ങളുടെ കുറവും

ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ പ്രത്യേകത വിഷം ഭക്ഷണത്തിനകത്തുതന്നെ ഉണ്ടെന്നുള്ളതാണ്‌. കോശങ്ങള്‍ക്കകത്തു വരെ. മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു ഭക്ഷണം നമുക്ക്‌ കഴിക്കാനായി ലഭിക്കുന്നത്‌. ഇതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല.

ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത്‌ ഇത്തരം ഭക്ഷണത്തില്‍ നമ്മുടെ ശരീരത്തിന്‌ അത്യാവശ്യമായ ചില പോഷകങ്ങള്‍ ഇല്ലെന്നതാണ്‌. ഉദാഹരണത്തിന്‌ ഫൈറ്റോ ഈസ്‌ട്രോജന്‍ ഹൃദ്രോഗങ്ങളില്‍ നിന്നും കാന്‍സറില്‍ നിന്നും ശരീരത്തിന്‌ സംരക്ഷണം നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്ന വസ്‌തുവാണ്‌. കൊച്ചു കുട്ടികള്‍ക്കു കൊടുക്കുന്ന ജനിതകമാറ്റം വരുത്തിയ പാല്‍പ്പൊടിയിലാകട്ടെ ഈസ്‌ഭട്രോജന്റെ അളവ്‌ വളരെ കൂടുതലായും കണ്ടെത്തുകയുണ്ടായി. ഇതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയുണ്ടാക്കുന്നതാണ്‌. മൊണ്‍സാന്റോ ഇറക്കിയ ജി.എം സോയ ആണെങ്കില്‍ (വലൃയശരശറല ൃലശെേെമി േീ്യെമ) ചില പ്രത്യേക അമിനോ ആസിഡുകളെ കുറക്കുന്നതായും അലര്‍ജികള്‍ ഉണ്ടാക്കുന്നതയും കണ്ടെത്തിയിട്ടുണ്ട്‌.

മറ്റു ചില പഠനങ്ങള്‍ കാണിക്കുന്നത്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പുതിയ തരം പ്രോട്ടീനുകള്‍ കാണുന്നുണ്ടെന്നാണ്‌. ഈ പ്രോട്ടീനുകള്‍ മനുഷ്യന്‍ ഇതുവരെ കഴിക്കാത്തതാണ്‌.

വിളകളില്‍ അടുത്ത കാലത്തുവരെ ഉണ്ടായിരുന്ന പരീക്ഷണങ്ങളും (പ്രത്യേകിച്ച്‌ പ്ലാന്റ്‌ ബ്രീഡിംഗ്‌) ജനിതക സാങ്കേതിക വിദ്യയും തമ്മില്‍ അടിസ്ഥാനതലത്തില്‍ തന്നെ വ്യത്യസ്‌തമാണ്‌. ഇത്‌ ജനിതക സാങ്കേതികവിദ്യയുടെ പ്രചാരകര്‍ അംഗീകരിക്കുന്നില്ലെങ്കിലും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഭക്ഷണവും അതിനാല്‍തന്നെ വളരെ വ്യത്യസ്‌തമാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ ഉരുത്തിരിച്ചെടുത്ത ഭക്ഷണത്തില്‍ നിന്ന്‌ തുലോം വ്യത്യസ്‌തമാണ്‌ ഈ പുതിയ ഭക്ഷണം. പെട്ടെന്നാണ്‌ ഈ മാറ്റം സംഭവിക്കുന്നതും. ഇതിനോട്‌ നമ്മുടെ ശരീരം എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന്‌ കണ്ടുതന്നെ അറിയേണ്ടിവരും. അമേരിക്കയിലെ ജനങ്ങള്‍ കഴിക്കുന്ന 60% ചീസും ജനിതകമാറ്റം വരുത്തിയ എന്‍സൈമുകള്‍ ഉപയോഗിച്ചാണ്‌ സൂക്ഷിച്ച്‌ വക്കുന്നത്‌. പല ബേക്കറി ഉല്‍പന്നങ്ങളും ജനിതകമാറ്റത്തിന്‌ വിധേയമായിക്കഴിഞ്ഞു. അവിടെ പരുത്തി, സോയ, ചോളം എന്നിവ പൂര്‍ണമായും ജനിതകമാറ്റം വരുത്തിയവയാണ്‌. ഈ ഉല്‍പന്നങ്ങള്‍ക്ക്‌ നമ്മുടെ വിപണി തുറന്നു കൊടുക്കണമെന്നാണ്‌ അമേരിക്ക ആവശ്യപ്പെടുന്നത്‌. ഇപ്പോള്‍ തന്നെ നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും വില്‍ക്കപ്പെടുന്ന ഇറക്കുമതി ചെയ്‌ത ഭക്ഷ്യ വസ്‌തുക്കള്‍ (പ്രൊസെസ്‌ഡ്‌ ഫുഡ്‌) ജനിതകമാറ്റം വരുത്തിയതാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ്‌.

മണ്ണിലെ വിഷബാധ

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുകയാണെങ്കില്‍ കീടനാശിനി/കളനാശിനി ഉപയോഗം കുറയുമെന്നും അതുവഴി പ്രകൃതിയില്‍ വിഷവസ്‌തുക്കളെത്തുന്നത്‌ കുറയുമെന്നുമാണ്‌ ജി.എം. വിത്തുകള്‍ ഉണ്ടാക്കുന്ന കമ്പനികളും ശാസ്‌ത്രജ്ഞരും പറയുന്നത്‌. എന്നാല്‍ അനുഭവം മറിച്ചാണ്‌. ഒന്നുള്ളത്‌ ഏറ്റവും കൂടുതല്‍ ജി.എം. പരീക്ഷണം നടന്നിട്ടുള്ളത്‌ കളനാശിനികളോട്‌ പ്രതിരോധിക്കുന്ന വിളകള്‍ ഉണ്ടാക്കിയെടുക്കുന്നതിലാണ്‌. ഇതിനര്‍ത്ഥം ഈ വിളകള്‍ കൃഷിചെയ്യുന്നിടത്ത്‌ ധാരാളം കളനാശിനി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ്‌. ഇത്‌ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജി.എം. വിത്തുകളും അതിന്‌ ചേര്‍ന്ന കളനാശിനികളും ഉണ്ടാക്കുന്നത്‌ ഒരേ കമ്പനികളുമാണ്‌. ഈ കളനാശിനികള്‍ പല സസ്യങ്ങളെയും വംശനാശത്തിന്റെ വക്കിലെത്തിച്ചു കഴിഞ്ഞുതാനും.

ഇതിനു പുറമേ ജനിതകമാറ്റം വരുത്തിയ വിളകളുടെ അവശിഷ്ടങ്ങള്‍ മണ്ണില്‍ അലിഞ്ഞു ചേരുമ്പോള്‍ മണ്ണ്‌ ഫലപുഷ്ടിയുള്ളതാകുന്നതിനു പകരം നിര്‍ജീവമാകുന്നതായാണ്‌ കണ്ടെത്തിയത്‌. മണ്ണിലെ അത്യാവശ്യ പോഷകങ്ങളെ മുഴുവന്‍ ഇത്‌ നശിപ്പിക്കുകയും നൈട്രജനെ സംഭരിക്കാന്‍ കഴിവുള്ള മണ്ണിലെ ഫംഗസുകളെ കൊന്നൊടുക്കുകയും ചെയ്‌തു. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകള്‍ മണ്ണിനെ മലിനപ്പെടുത്തുന്നതായും മൊണാര്‍ക്‌ പൂമ്പാറ്റകളെ പോലുള്ള ഷഡ്‌പദങ്ങളെ നശിപ്പിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ലേബലിംഗ്‌

ജനിതകമാറ്റം വരുത്തിയ ആഹാരവസ്‌തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യ. അതിന്റെ ആദ്യ പടിയായി ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുമതിയായിട്ടുണ്ട്‌. ഇത്രയധികം വൈവിധ്യമാര്‍ന്ന എണ്ണക്കുരുക്കള്‍ കൃഷിചെയ്യുന്ന മറ്റൊരു നാടില്ല. ഇനിയും ഉല്‍പാദനം കൂട്ടാനുള്ള സാധ്യത ഉണ്ട്‌ താനും. എങ്കിലും നമ്മള്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സോയാബീന്‍ എണ്ണ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അംഗന്‍വാടികളിലും ഫുഡ്‌ ഫോര്‍ വര്‍ക്ക്‌ പ്രോഗ്രാം വഴിയുമൊക്കെയാണ്‌ സോയാബീന്‍ എണ്ണ വിതരണം നമ്മുടെ നാട്ടില്‍ തുടങ്ങിയത്‌. ഇപ്പോള്‍ പൊതു വിപണിയിലും ഇതിന്‌ ആവശ്യക്കാര്‍ ഏറി വരുന്നു. ഈ സാഹചര്യത്തില്‍ ജി.എം. സോയാബീന്‍ എണ്ണ വിപണിയിലെത്തിയാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ ഊഹിക്കാമല്ലോ. ഉപഭോക്താവിന്‌ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കാനായി ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്‌ ലേബലിംഗ്‌ കൊണ്ടുവരാനായി സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഇതാണോ തെരഞ്ഞെടുപ്പിനുള്ള വഴി? നമ്മുടെ നാട്ടില്‍ എത്ര പേര്‍ക്ക്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തെക്കുറിച്ച്‌ അറിയാം? മാത്രവുമല്ല പണത്തിന്റെ ശക്തി കയ്യിലുള്ള കുത്തക കമ്പനികളും വ്യാപാരികളും ജി.എം. ഭക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചാരണത്തിനു മുന്‍പില്‍ ഏത്‌ ഉപഭോക്താവാണ്‌ വീണുപോകാതിരിക്കുക? ഇത്‌ അറിയുന്നതു കൊണ്ടുതന്നെയാണ്‌ ഇന്ത്യയുടെ വിപണിയുടെ സാധ്യതകള്‍ മനസിലാക്കി അമേരിക്ക ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതും. നമ്മുടെ സര്‍ക്കാര്‍ ആ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി നമ്മുടെ വിപണി ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്‌ തുറന്നു കൊടുക്കാന്‍ പോകുന്നതും.

No comments:

Post a Comment