Sunday, July 19, 2009

ചാന്ദ്രയാത്രയുടെ വീഡിയോ നാസ മായ്‌ച്ചു; ഹോളിവുഡ്‌ തെളിച്ചു

വാഷിങ്‌ടണ്‍: ചന്ദ്രനില്‍ ആളെയിറക്കി ലോകത്തെ വിസ്‌മയിപ്പിച്ച 'നാസ'യ്‌ക്ക്‌ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ കഴിഞ്ഞില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. 'മാനവരാശിയുടെ കുതിച്ചുചാട്ട'മായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രയാത്രയുടെ വീഡിയോദൃശ്യങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ഹോളിവുഡിലെ വിദഗ്‌ധരുടെ സഹായം തേടേണ്ടിവന്നൂ അമേരിക്കയുടെ വിഖ്യാത ബഹിരാകാശ ഏജന്‍സിക്ക്‌. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം തിങ്കളാഴ്‌ച ആഘോഷിക്കാനിരിക്കേ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌ ഇങ്ങനെ പുനര്‍നിര്‍മിച്ച വീഡിയോയാണ്‌.

'വീഡിയോ ടേപ്പു'കള്‍ക്ക്‌ ക്ഷാമം വന്നപ്പോള്‍ ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞ ടേപ്പ്‌ വീണ്ടുമുപയോഗിക്കുകയായിരുന്നുവെന്നാണ്‌ യഥാര്‍ഥ വീഡിയോ നഷ്ടപ്പെട്ടതിന്‌ നാസ നല്‌കുന്ന ന്യായീകരണം.

നാസയിലെ സീനിയര്‍ എന്‍ജിനീയര്‍ ഡിക്‌ നാഫ്‌സ്‌ഗര്‍ പര്യവേക്ഷണത്തിന്റെ യഥാര്‍ഥ വിഡിയോദൃശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷം മുമ്പ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്‌. ചന്ദ്രനില്‍ നിന്ന്‌ അയച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും വിപുലശേഖരമുള്‍ക്കൊള്ളുന്ന 45 വന്‍ ഫിലിം റീലുകള്‍ നഷ്ടപ്പെട്ടതായി അദ്ദേഹം കണ്ടെത്തി.

ടേപ്പുകള്‍ നഷ്ടപ്പെട്ടതിന്‌ നാസ അധികൃതര്‍ നിരത്തിയ ന്യായമായിരുന്നു വിചിത്രം. 1970കളിലും 80കളിലും നാസയ്‌ക്ക്‌ ആവശ്യമായ വീഡിയോ ടേപ്പുകള്‍ കിട്ടിയിരുന്നില്ലത്രെ. പുതിയ കാര്യങ്ങള്‍ ലേഖനം ചെയ്‌തുവെക്കാന്‍ ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞ്‌ പഴയ ടേപ്പുകള്‍ വീണ്ടും ഉപയോഗിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം ടേപ്പുകളാണ്‌ നാസ ഇങ്ങനെ പുനരുപയോഗിച്ചത്‌. ശാസ്‌ത്രലോകത്തെ കുതിപ്പിന്റെ അമൂല്യദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ നഷ്ടമായി.

ലോകം മുഴുവന്‍ അദ്‌ഭുതാവേശത്തോടെ വീക്ഷിച്ച ആ ചരിത്രസംഭവം അന്ന്‌ തത്‌സമയം സംപ്രേഷണം ചെയ്‌തത്‌ നാഫ്‌സ്‌ഗറുടെ നേതൃത്വത്തിലായിരുന്നു. അപ്പോളോ 11ല്‍ നിന്നയച്ച വിവരങ്ങള്‍ മാത്രമുള്ള ടേപ്പുകളാണെന്ന്‌ കരുതിയാവും അവ നശിപ്പിക്കപ്പെട്ടതെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

നാസയ്‌ക്ക്‌ ചീത്തപ്പേരായെങ്കിലും ഹോളിവുഡ്‌ വിദഗ്‌ധര്‍ ഇടപെട്ടതിനു ഗുണമുണ്ടായി. നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാല്‍കുത്തുന്നതും എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തെ പിന്തുടരുന്നതും ഒടുവില്‍ അമേരിക്കന്‍ പതാക ചന്ദ്രോപരിതലത്തില്‍ നാട്ടുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെയും മിഴിവോടെയുമാണ്‌ പുനര്‍നിര്‍മിക്കപ്പെട്ടത്‌. കാസബ്ലാന്‍ക, സിംഗിങ്‌ ഇന്‍ ദ റെയ്‌ന്‍, ദ റോബ്‌, റൈഡേഴ്‌സ്‌ ഓഫ്‌ ദ ലോസ്റ്റ്‌ ആര്‍ക്‌ തുടങ്ങിയ വിഖ്യാത സിനിമകള്‍ പുനഃസൃഷ്ടിച്ച കമ്പനിയായ ലൗറി ഡിജിറ്റലാണ്‌ ഈ ചരിത്രദൗത്യം ഏറ്റെടുത്തത്‌. ചാന്ദ്രയാത്രയുടെ 40 ശതമാനം ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഏകദേശം ഒരു കോടി രൂപയോളം ചെലവുവന്നു.

തത്‌സമയ സംപ്രേഷണത്തിന്റെ റെക്കോഡ്‌ ചെയ്‌ത കോപ്പികള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചാണ്‌ 'ലൗറി ഡിജിറ്റല്‍' ചാന്ദ്രദൗത്യത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്‌.

1969-ലെ ചാന്ദ്രദൗത്യം തട്ടിപ്പു മാത്രമായിരുന്നുവെന്ന പ്രചാരണങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തി പകരുന്നതാണ്‌ നാസയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ശീതയുദ്ധത്തിന്റെ നാളുകളില്‍ റഷ്യയെ മുട്ടുകുത്തിക്കുന്നതിനായി അമേരിക്ക ഹോളിവുഡ്‌ സെറ്റില്‍ കൃത്രിമമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നുവെന്ന പ്രചാരണം അന്ന്‌ വ്യാപകമായിരുന്നു. ഇന്നും ഈ വാദവുമായി നടക്കുന്നവരുണ്ട്‌

എന്നാല്‍ പഴയ ദൃശ്യങ്ങള്‍ അതേപോലെ പുനര്‍നിര്‍മിക്കുകയല്ലാതെ പുതുതായി യാതൊന്നും കൂട്ടിച്ചേര്‍ത്തില്ലെന്നാണ്‌ ലൗറി ഡിജിറ്റല്‍ അധികൃതര്‍ പറയുന്നത്‌.

No comments:

Post a Comment