Sunday, July 11, 2010

യുവത്വം ഷണ്ഡീകരിക്കപ്പെടുമ്പോള്‍..


സമ്പൂര്‍ണ്ണ സാക്ഷര, ആരോഗ്യ - വിദ്യഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍, കുറഞ്ഞ ശിശുമരണ നിരക്ക്‌ അങ്ങനെ കേരളത്തിന്‌ ലോകരുടെ മുമ്പില്‍ അഭിമാനിക്കാവുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ലോകത്തിന്റെ ഏത്‌ കോണില്‍ നോക്കിയാലും ഒരു മലയാളിയെങ്കിലും ഇല്ലാത്ത നാട്‌ ഉണ്ടാകാന്‍ സാധ്യതയില്ല. ഒരുവിധപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം ഗതിനിയന്ത്രിക്കുന്നത്‌ മലയാളിയുടെ തലയായിരിക്കും. അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍. ചന്ദ്രനില്‍ ശാസ്‌ത്രലോകം എത്തിയപ്പോള്‍ അവിടെ മലയാളി നേരത്തെ എത്തിയിട്ടുണ്ടത്രെ. ഇങ്ങനെപോകുന്നു മലയാളിയുടെ പെരുമ. ഇതില്‍ കുറെ സത്യങ്ങളും, അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളുമുണ്ട്‌.

കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ ചെറുതാണ്‌. ജനസാന്ദ്രത കൂടിയതുമാണ്‌. അതുകൊണ്ട്‌ തന്നെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുക എന്നുള്ളത്‌ അതിസാഹസമായിരിക്കും. കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങള്‍ക്ക്‌ നിര്‍ണ്ണായക പങ്കാണ്‌ ഉള്ളത്‌. ബ്രിട്ടീഷുകാര്‍ അവരുടെ കീശവീര്‍പ്പിക്കുന്നതിനും നാട്‌ നന്നാക്കുന്നതിനും സുഗമമ സഞ്ചാരത്തിനുമായി പണിതീര്‍ത്ത കുറെ കെട്ടിടങ്ങളും റോഡുകളും ഇപ്പോഴും അതിന്റെ തനതായ രൂപത്തില്‍ നിലനില്‍ക്കുകയും നാം ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത്‌ കേരളത്തിന്റെ വികസനത്തിന്‌ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിരുന്ന യുവജനപ്രസ്ഥാനങ്ങള്‍ ഇന്ന്‌ നിര്‍ജീവമാണ്‌. രാഷ്ട്രീയ നേതൃത്വം അവര്‍ക്ക്‌ മുമ്പില്‍ ഇട്ടുകൊടുന്ന എല്ലിന്‍ കഷണങ്ങളില്‍ ദിവാസ്വപ്‌നം കണ്ട്‌ കഴിയുകയാണവര്‍. രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തിന്‌ വേണ്ടിയാണ്‌ അല്ലെങ്കില്‍ അങ്ങനെയാവണം രാഷ്ട്രത്തിന്റെ വികസനത്തിനും നന്മക്കും ജനക്ഷേമത്തിനുമെല്ലാമായിരിക്കണം രാഷ്ട്രീയം എന്നാല്‍ ഇന്ന്‌ രാഷ്ട്രീയം എന്ന്‌ താനും തന്റെ നേതാവും തന്റെ പാര്‍ട്ടിയും എന്നുള്ള കക്ഷിരാഷ്ട്രീയത്തിലേക്ക്‌ എത്തിനില്‍ക്കുന്നു. അതായത്‌ രാഷ്ട്രവികസനം എന്നുള്ളിടത്ത്‌ നിന്ന്‌ പാര്‍ട്ടി വികസനം എന്നുള്ളിടത്തേക്ക്‌ മാറിയിരിക്കുന്നു. ഓരോ നേതാവിനും ഓരോ പാര്‍ട്ടി ഓരോ പാര്‍ട്ടിക്കും ഓരോ ലക്ഷ്യം എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ. കോണ്‍ഗ്രസിന്‌ തന്നെ പാര്‍ട്ടിയും ഉപപാര്‍ട്ടിയും ഉള്‍പ്പോരും മുന്നേറുമ്പോള്‍ ഒരു കാലത്ത്‌ ഭൂപരിഷ്‌കരണം പോലുള്ള വികസനങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിരുന്ന ഇടതുപക്ഷം ഇപ്പോള്‍ ഒരു കോര്‍പ്പറേറ്റ്‌ കമ്പനിയായി മാറിയിരിക്കുന്നു.

സ്വാതന്ത്രം നേടുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്സ്‌ അതിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തോടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്ന്‌ ഗാന്ധിജി തന്നെ പറഞ്ഞതാണ്‌. പണ്ടുമുതലേ കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ കൈകളിലാണ്‌ കോണ്‍ഗ്രസ്സ്‌. എന്നാല്‍ ഇടതുപക്ഷം അങ്ങനെയല്ല. തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്ന്‌ താഴേത്തട്ടിലുള്ളവന്റെ ഉന്നമനത്തിന്‌ വേണ്ടി ഉയര്‍ത്തെഴുനേല്‍ക്കപ്പെട്ട ഇടതുപക്ഷത്തിന്‌ അപചയം സംഭവിച്ചിരിക്കുന്നു. ചെങ്ങറ ഭൂസമരത്തില്‍ ഇടതു - വലതുപക്ഷങ്ങള്‍ ഒന്ന്‌ ചേര്‍ന്ന്‌ ഇരങ്ങകളെ ആക്രമിക്കുന്നത്‌ കേരളം കണ്ടതാണ്‌. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ കൈകെട്ടിനോക്കിനില്‍ക്കാനേ അവര്‍ക്ക്‌ കഴിഞ്ഞുള്ളൂ. അതായത്‌ യുവാക്കള്‍ക്ക്‌ ഒരു തരം നിസ്സംഗത സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ സംഭവിപ്പിച്ചിരിക്കുന്നു.

ഇത്തരത്തില്‍ യുവജനങ്ങള്‍ നിശ്ശബ്ദരാവുമ്പോഴാണ്‌ അതിക്രമവും ആഗോളീകരണവും എന്നുതുടങ്ങി നാം നമ്മുടെ നാട്ടില്‍ നിന്ന്‌ എന്തിനെയെല്ലാം അകറ്റിയോ അതെല്ലാം പുതിയരീതിയില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുന്നു. അത്‌ നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിരിക്കുന്നു. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കാന്‍ മാത്രം. പക്ഷെ ആഗോള കുത്തക മുതലാളിമാര്‍ നമ്മുക്ക്‌ ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച്‌ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കാനുള്ള വിവേകം നമുക്കില്ലാതായിരിക്കുന്നു.

കുടുംബഭദ്രതക്കായി ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ ചിന്തമുഴുവന്‍ എങ്ങനെ ജോലിയില്‍ തിളങ്ങാന്‍ കഴിയും എന്നുള്ളതുമാത്രമായിരിക്കും. അത്‌ അങ്ങനെയാവണം അതാണ്‌ വേണ്ടതും. ഒഴിവ്‌ സമയങ്ങളില്‍ നമ്മുക്ക്‌ ചുറ്റും എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നാം മനസ്സിലാക്കണം. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാത്തവര്‍ പഠിക്കാന്‍ പണമില്ലാത്തവര്‍ എന്തിന്‌ റോഡ്‌ മുറിച്ച്‌ കിടക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ അങ്ങനെ നമ്മുടെ സഹായം വേണ്ട ഒരുപാട്‌ ഒരുപാട്‌ പേര്‍ നമ്മുടെ നാട്ടിലുണ്ടെന്ന്‌ നാം തിരിച്ചറിയണം.

കോടതികള്‍ ജനാധിപത്യ സമരരീതികളെ അടിച്ചമര്‍ത്തുമ്പോള്‍ ഒരു സംസ്‌കാരം നഷ്ടപ്പെടുകയാണ്‌ എന്ന്‌ നാം മനസ്സിലാക്കണം. പ്രതികരിക്കാനുള്ള സംസ്‌കാരം. യുവജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുമ്പോള്‍ മുതലാളിത്വ സംസ്‌കാരവും അതിന്റെ മറവില്‍ ഗുണ്ടകളും അതിലൂടെ പാവപ്പെട്ടവന്റെ വേദനക്ക്‌ വിലകല്‍പ്പിക്കാത്ത ഒരു ഭരണകൂടവും കെട്ടിപ്പെടുക്കലാവും ചെയ്യുക. മുമ്പ്‌ ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിച്ചാല്‍ സാധനങ്ങള്‍ക്ക്‌ വിലകൂടിയാല്‍ പ്രതികരിക്കാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക്‌ കഴിയുമായിരുന്നു. ആ പ്രതികരണത്തിലൂടെ കൂട്ടിയ വില അല്‌പമെങ്കിലും കുറപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്‌ യുവജനങ്ങള്‍ക്ക്‌ ഒരു നിസ്സംഗതയാണ്‌.

നമ്മുടെ പ്രധാനമന്ത്രിയെയും, സ്വാതന്ത്രദിനത്തേയും എന്തിനേറെ ഗാന്ധിജിയെപ്പോലും അറിയാത്ത ഒരു യുവജനസമൂഹമാണ്‌ ഇന്ന്‌ വളര്‍ന്ന്‌ വരുന്നു. അവര്‍ പെപ്‌സിയും, കൊക്കകോളവും, ടാറ്റയും, റിലയന്‍സുമൊക്കെയോ അറിയൂ. ഷെയര്‍മാര്‍ക്കറ്റിന്റെ കയറ്റിറക്കും പണത്തിന്റെ മൂല്യമുമൊക്കെയാണ്‌ ഇന്നവരുടെ ചര്‍ച്ചാവിഷയം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജനങ്ങള്‍ രാഷ്ട്രീയകാര്യങ്ങളെ സംബന്ധിച്ച്‌ ചിന്തിക്കാതിരിക്കാനും ഇടപെടാതിരിക്കാനും അവര്‍ക്ക്‌ വേണ്ടുന്നതെല്ലാം ചെയ്‌തുകൊടുക്കുന്ന ഗവണ്‍മെന്റിനെയും അതിന്‌ ഉപദേശിക്കുന്ന ആഗോളമുതലാളിമാരെയുമൊക്കെ കുറിച്ച്‌ മുമ്പ്‌ കേട്ടിരുന്നു അത്‌ സത്യമാണ്‌ നമ്മുടെ നാട്ടില്‍ താളമുറപ്പിച്ച അന്താരാഷ്ട്ര കമ്പനികളെ കണ്ടപ്പോഴാ മനസ്സിലായത്‌. മദ്യവും, ഡാന്‍സും പോലുള്ള വിനോദോപാദികള്‍ സ്വന്തം കമ്പനികള്‍ ഒരുക്കി തന്ത്രപൂര്‍വ്വം അവരുടെ മസ്‌തിഷ്‌കം വിലക്ക്‌ വാങ്ങുകയായിരുന്നു മുതലാളിമാര്‍ ചെയ്‌തത്‌. അതില്‍ തിരിച്ചറിവ്‌ നഷ്ടപ്പെട്ട യുവസമൂഹം വീണുപോവുകയായിരുന്നു.

രാവിലെ പത്രം വായിക്കുന്ന എത്രആളുകള്‍ ഉണ്ട്‌ നമ്മുടെ യുവജനങ്ങളില്‍. നാടിന്റെ വികസനത്തിന്റെ ശ്രദ്ധിക്കുന്ന എത്ര ആളുകളുണ്ട്‌. ചാനലുകളില്‍ വാര്‍ത്തകാണുന്ന എത്രആളുകളുണ്ട്‌. ഇതൊന്നിനും നമുക്ക്‌ താലപര്യമുള്ള വിഷയങ്ങളേ അല്ല. ''ലൗ ജിഹാദ്‌'', ''തീവ്രവാദം '' തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ നേതൃത്വം നമ്മുടെ മുമ്പ്‌ ഇട്ട്‌ തരുമ്പോള്‍ അതിന്റെ സത്യവാസ്ഥപോലും തിരക്കാതെ കടിപിടികൂടാനാണ്‌ നമ്മുക്ക്‌ താല്‌പര്യം.

ഏറ്റവുമൊടുവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ പറഞ്ഞ ന്യായീകരണം ലാഭ നഷ്ടങ്ങളുടെതായിരുന്നു. ഒരു ജനകീയ ഗവണ്‍മെന്റ്‌ ഏത്‌ കോണിലാണ്‌ ലാഭ നഷ്ടകണക്കുകള്‍ എടുക്കുന്നത്‌. അന്താരാഷ്ട്ര വിപണിയില്‍ 150 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ പെട്രോളിനുണ്ടായ വിലകയറ്റം ന്യായീരകരിക്കാവതായിരുന്നുവെങ്കിലും അപ്പോഴും ഇന്ത്യയെപ്പോലെ പെട്രോളിയം ഇറക്കുമതിചെയ്യുന്ന അമേരിക്കയില്‍ 35 രൂപയില്‍ താഴെയാണ്‌ പെട്രോളിന്റെ വില എന്ന്‌ ഓര്‍ക്കണം. ഇപ്പോള്‍ 100 ഡോളറില്‍ താഴെ എത്തിനില്‍ക്കുമ്പോള്‍ വിലവര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല. ജനസേവനത്തിന്‌ ലാഭ നഷ്ടം മാനദണ്ഡമാക്കുന്ന മുതലാളിത്വ സംസ്‌കാരത്തിന്റെ തിരിച്ചുവരവാണ്‌ ഇതിലൂടെ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്‌.

നാം ഉണര്‍ന്നേ മതിയാകൂ. നമ്മുക്ക്‌ വേണ്ടി ഭാവി തലമുറക്ക്‌ വേണ്ടി. കടിപിടികൂടുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ എല്ലിന്‍ കക്ഷണങ്ങള്‍ക്ക്‌ കാതോര്‍ക്കാതെ. നമ്മുടെ പൂര്‍വ്വികര്‍ പുറം കാലുകൊണ്ട്‌ അടിച്ചുപുറത്താക്കിയവര്‍ പുതിയരൂപത്തില്‍ തിരിച്ചുവരാതിരിക്കാന്‍. സ്വതന്ത്ര്യ ഇന്ത്യയെ സ്വതന്ത്ര്യമായി നിര്‍ത്താന്‍ നമ്മുടെ ബുദ്ധിയും ചിന്തയും ആര്‍ക്കും പണയം വെക്കാതെ ഉണര്‍ന്ന ചിന്തിക്കാന്‍ നമ്മുക്ക്‌ കഴിയണം.

Thursday, June 3, 2010

കലാലയ കവാടങ്ങള്‍ തുറക്കുമ്പോള്‍....

ലക്ഷക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌.. അതോടൊപ്പം അവധിയുടെ ആലസ്യവും പരീക്ഷാഫലങ്ങളുടെ ടെന്‍ഷനും നീങ്ങി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അറിവിന്റെ പുതിയ വഴികള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌ എത്തുകയായി. വിദ്യാലയ വര്‍ഷാരംഭം ആഷോഷമാണ്‌. രണ്ട്‌ മാസം അകന്നിരുന്ന കൂട്ടുകാരെ വീണ്ടും കാണുന്നതിന്റെ... അവധിക്കാലങ്ങളിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന്റെ... പുതിയ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ നെഞ്ച്‌ വിരിച്ച്‌ കൂട്ടുകാരുടെ മുന്നില്‍ ഗമ പറയുന്നതിന്റെ... കമ്യൂണിക്കേഷന്‍ രംഗത്ത്‌ വന്‍വിപ്ലവം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്‌ ഇതിന്റെയെല്ലാം പ്രസക്തിയെയും ആത്മാവിനെയും കുറിച്ച്‌ പുനര്‍വിചിന്തനവും ആകാവുന്നതാണ്‌.

വിപണിയില്‍ ഉത്സവമാണ്‌ പുതിയ ബാഗ്‌, കുട, ചെരുപ്പ്‌, വസ്‌ത്രം എന്തിന്‌ പെന്‍സിലും, ചെരുപ്പും, നവാഗതകര്‍ക്ക്‌ ആശംസകള്‍ നടത്താന്‍ ബാനര്‍ നിര്‍മ്മിക്കുന്നവര്‍ക്ക്‌ വരെ.... മാതാപിതാക്കള്‍ക്ക്‌ നെഞ്ചിടിപ്പാണ്‌ ഇത്രയും കാലം ഊണിലും ഉറക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കുറച്ച്‌ നേരമെങ്കിലും പിരിഞ്ഞിരിക്കുന്നതിന്റെ, അവര്‍ക്ക്‌ വേണ്ട സാധന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ... വിലക്കയറ്റവും സാമ്പത്തികമാന്യവും ബാധിച്ചിരിക്കുന്ന നമ്മുടെ ലോകത്ത്‌ നെഞ്ചിടിപ്പിലില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിലുപരി നിയന്ത്രണമില്ലാതെ തോന്ന്യാസത്തില്‍ പായുന്ന വാഹനങ്ങളെക്കുറിച്ച്‌. ഇതുമൂലം പൊലിഞ്ഞ കുരുന്നു ജീവിതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഭീതിവന്നില്ലെങ്കിലേ അത്ഭുതമുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പെടാപ്പാട്‌ പെടുന്നവര്‍ക്ക്‌ വിദ്യാഭ്യാസമെന്നത്‌ ഒരു ബാധ്യതയായിത്തീരുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

വിദ്യഭ്യാസം ഇന്ന്‌ മാര്‍ക്കറ്റില്‍ വിലപേശി വാങ്ങാവുന്ന ഒന്നായിരിക്കുന്നു. അതിന്റെ നിലവാരത്തെക്കുറി്‌ച്ച്‌ പോലും ആശങ്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ആദര്‍ശവും ആശയവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്താന്‍ കഴിയുന്ന പ്രധാന ആയുധങ്ങളില്‍ ഒന്നായി ഇന്‌ വിദ്യഭ്യാസം മാറിയിരിക്കുന്നു. മാറ്റിയിരിക്കുന്നുവെന്ന്‌ പറയുന്നതായിരിക്കും ശരി. വിദ്യഭ്യാസത്തില്‍ ധാര്‍മികത നഷ്ടമായിരിക്കുന്നു പണാധിപത്യവും അധാര്‍മികതയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

മറക്കാതിരിക്കണം; നാം ആഘോഷത്തോടെ വിദ്യാലങ്ങളിലേക്ക്‌ പോകുമ്പോഴും; അതിന്‌ കഴിയാതെ പ്രയാസപ്പെട്ട്‌ കഴിയുന്നവരെ, സഹപാഠികള്‍ പുതിയ പാഠപുസ്‌തകവും, പുത്തനുടുപ്പുമൊക്കെയായി വിദ്യാലയങ്ങളിലേക്ക്‌ പോകുമ്പോള്‍ അവരോടൊപ്പം പുത്തനുടുപ്പുകള്‍ക്കും, പാഠപുസ്‌തകങ്ങള്‍ക്ക്‌ വാങ്ങാന്‍ വകയില്ലാതെ ബുദ്ധിമുട്ടുന്നവരെയും, വിദ്യാലത്തിന്റെ കവാടങ്ങള്‍ സ്വപ്‌നം കാണാന്‍ പോലും വകയില്ലാതെ തെരുവുകളില്‍ ജീവിക്കുന്ന ബാല്യങ്ങളെയും അങ്ങനെ വിദ്യഭ്യാസവും അന്നവും ഒരു മരീചികയായവരെയും.....

സഹായിക്കാം; വസ്‌ത്രങ്ങളിലും ഭക്ഷണങ്ങളിലും ആര്‍ഭാടങ്ങളിലും ധൂര്‍ത്ത്‌ കാണിക്കാതെ, അധികമുള്ളതില്‍ ഒന്ന്‌ തന്റെ സഹപാഠിക്ക്‌ നീക്കിവെച്ച്‌. പൊങ്ങച്ചം കാണിക്കാന്‍ കൂടുതല്‍ വിലയുടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന്‌ മാറി. അങ്ങനെ തന്റെ കുട്ടിയുടെ പഠനത്തിന്റെ ചിലവില്‍ ധൂര്‍ത്ത്‌ കുറച്ച്‌ തന്റെ കുട്ടിയുടെ പഠനത്തില്‍ പിശുക്കുകാട്ടാതെ തന്നെ മറ്റുള്ളവന്‌ പഠിക്കാന്‍ സഹായിക്കാന്‍ നമുക്ക്‌ കഴിയും. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പണത്തിന്റെ പൊങ്ങച്ചം കാട്ടി മറ്റുള്ളവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെയാകും നമുക്ക്‌ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം.

ശ്രമിക്കാം; അക്രമരാഹിത്യത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ ഒരു കലാലയ അന്തരീക്ഷത്തിനായി. റാഗിങ്ങിലൂടെ തന്റെ സഹപാഠിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതിരിക്കാന്‍, മൊബൈലിലൂടെ തന്റെ സഹോദരിമാരുടെ മാനത്തിന്‌ വില പറയാതിരിക്കാന്‍, വാഹനങ്ങള്‍ കാലനായി വരാതിരിക്കാന്‍....

പ്രാര്‍ത്ഥിക്കാം; നല്ലൊരു കലാലയ അന്തരീക്ഷത്തിനായി, സന്തോഷത്തോടെ കലാലയങ്ങളിലേക്ക്‌ പോകുന്ന നമ്മുടെ മക്കള്‍ സന്തോഷത്തോടെ ഭവനങ്ങളിലേക്ക്‌ തിരിച്ച്‌ വരാന്‍, കമ്പോള സംസ്‌കാരത്തിന്റെ ഇരകളാകാതിരിക്കാന്‍, ആധുനിക സംസ്‌കാരത്തിന്റെ അധാര്‍മികതയില്‍ നിന്ന്‌ അതിജീവിച്ച്‌ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍.

വേണമോ നമുക്ക്‌ ഈയൊരു സേവനം?

ഇന്ത്യ നമുക്ക്‌ അഭിമാനമാണ്‌, ആത്മാവാണ്‌, അനിര്‍വജനീയമാണ്‌ നമുക്ക്‌ നമ്മുടെ ഇന്ത്യ. മറ്റുള്ളവര്‍ ഇന്ത്യയെ പറ്റിപറയുമ്പോള്‍ പ്രതികരിക്കാന്‍ സാഹചര്യമില്ലെങ്കിലും നാം നമസ്സാപ്രതികരിക്കും. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ അതൊരു യുദ്ധമായി മാധ്യമങ്ങള്‍ വാഴ്‌ത്തും. ഇപ്പോഴും കാണികളെ കിട്ടണമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരം വേണമെന്ന അവസ്ഥ തന്നെയാണെന്നുള്ള യാഥാര്‍ത്ഥ്യം പരസ്യമാണ്‌. എന്നാല്‍ എയര്‍ ഇന്ത്യയോ? ഇന്ത്യക്കാര്‍ക്ക്‌ ഒരു പേടിസ്വപ്‌നമാണ്‌. വിശിഷ്യാ കേരളീയര്‍ക്ക്‌. മംഗലാപുരം ദുരന്തത്തോടെ ആ പേടി അതിന്റെ ഉഛിയിലെത്തിരിക്കുന്നു എന്നേയുള്ളൂ.

''എയര്‍ ഇന്ത്യയെക്കാളും സേഫ്‌ മറ്റൊരു എയര്‍ ലൈനാണ്‌'' എന്ന്‌ എം.പിയോട്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ പറയുകയും അദ്ദേഹം വിമാനപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടതുമൊക്കെ നാം പത്രദ്വാരാ വായിച്ചത്‌ മറന്നിരിക്കാനിടയില്ല. എന്നും യാത്രക്കാരുടെ ക്ഷമപരീക്ഷിക്കുന്ന ഒരു വിമാന സര്‍വ്വീസാണ്‌ ഇത്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. മറ്റു വിമാന കമ്പനികള്‍ 99 ശതമാനം കൃത്യനിഷ്‌ഠത അവകാശപ്പെടുമ്പോള്‍ എന്തേ എയര്‍ ഇന്ത്യക്കുമാത്രം 99 ശതമാനം കൃത്യനിഷ്‌ഠയില്ലായ്‌മ.

എന്നേ സംഭവിക്കേണ്ട ദുരന്തം... എന്നാണ്‌ മംഗലാപുരം ദുരന്തത്തെപറ്റി ആളുകള്‍ പറയുന്നത്‌. അത്‌ അത്‌ ശരിയാണ്‌ പക്ഷെ അത്‌ മംഗലാപുരം എയര്‍പോര്‍ട്ടിനെ പറ്റി ആകുമ്പോള്‍ എത്രത്തോളം ശരിയാണ്‌ എന്ന്‌ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്‌ മുമ്പേ റണ്‍വേയില്‍ നേര്‍ക്കുന്നേര്‍ വരികയും ഒരേ സമയം രണ്ടു വിമാനങ്ങള്‍ക്ക്‌ സിഗ്നല്‍ നല്‍കുകയും, ആകാശത്ത്‌ ജീവനക്കാര്‍ മെയ്‌കരുത്ത്‌ പരീക്ഷിക്കുക എന്നിത്യാദി സാഹസം എയര്‍ ഇന്ത്യ മാത്രമേ ചെയ്‌തിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ അന്നെല്ലാം ദുരന്തം വഴിമാറി പോയത്‌ യാത്രക്കാരുടെ ആയുസ്സിന്റെ ബലം കൊണ്ടും ദൈവത്തിന്റെ അപാര കഴിവുകൊണ്ടും മാത്രമായിരുന്നു. അതെല്ലാം പതിവുപോലെ വെറും അന്വേഷണത്തില്‍ ഒതുക്കുക മാത്രമായിരുന്നു എയര്‍ ഇന്ത്യ ചെയ്‌തത്‌. അതിന്റെ വിലയായിരിക്കാം ഇപ്പോള്‍ മംഗലാപുരത്ത്‌ കൊടുക്കേണ്ടിവന്നത്‌. എന്തായാലും സംഭവിക്കാനുള്ളത്‌ സംഭവിച്ചു. അത്‌ വിധിക്ക്‌ മാത്രം വിടാതെ മനുഷ്യത്വപരമായ പാകപിഴവുകള്‍ ഉണ്ടെങ്കില്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും അത്‌ കൂടുതല്‍ കുറ്റമറ്റതാക്കാനും നമുക്ക്‌ നമ്മുടെ രാജ്യത്തിന്റെ എയര്‍ ഇന്ത്യയുടെ അധികാരികള്‍ കഴിയേണ്ടതുണ്ട്‌.

നാം എല്ലാം പ്രതീക്ഷിച്ചത്‌ അതായിരുന്നു. സാധാരണ ഒരു ദുരന്തം നടന്നാല്‍ കൂടുതല്‍ സുരക്ഷാ വിവരങ്ങള്‍ നല്‍കി ജനങ്ങളിലെ യാത്രക്കാരിലെ ഭീതി അകറ്റാന്‍ ശ്രമങ്ങള്‍ നടക്കാറുണ്ട്‌. കൂടുതല്‍ സുരക്ഷക്ക്‌ നടപടികള്‍ എടുത്തിലെങ്കില്‍ കൂടി. എന്നാല്‍ നമ്മുടെ സ്വന്തം വിമാനകമ്പനി ചെയ്‌തതോ അന്നു തന്നെ ആ ദുരന്തത്തിന്റെ ഭീതി മാറും മുമ്പ്‌ ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ പതിനഞ്ചു മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ച്‌ അതിന്റെ ഹുങ്ക്‌ കാണിക്കുകയായിരുന്നു എയര്‍ ഇന്ത്യ. തങ്ങളുടെ പതിവു ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ തയ്യാറല്ലാ എന്നുള്ള ശക്തമായ സന്ദേശമായിരുന്നു എയര്‍ ഇന്ത്യ നല്‍കിയത്‌.

സാങ്കേതിക തകരാറുകള്‍ മുഖേന വിമാനം വൈകുന്നത്‌ സ്വാഭാവികമാണെങ്കിലും ശരിയായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക്‌ നല്‍കാന്‍ കൂടി എയര്‍ ഇന്ത്യ തയ്യാറായില്ല എന്നിടത്താണ്‌ കാര്യത്തിന്റെ ഗൗരവം കിടക്കുന്നത്‌. അതും പോരാഞ്ഞിട്ട്‌ അവരുടെ വക സമരവും ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ യാത്രക്ക്‌ തയ്യാറായി നില്‍ക്കുന്നവരുടെ നെഞ്ചത്ത്‌ ചവിട്ടുന്നത്‌ തുല്യമായിരുന്നു ഇത്‌. ഇപ്പോഴും യാതൊരു ഉളുപ്പുമില്ലാതെ രണ്ട്‌ ദിവസവും മുന്നു ദിവസവും വൈകിയാണ്‌ നമ്മുടെ സര്‍വ്വീസ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

എയര്‍ ഇന്ത്യക്ക്‌ ജനങ്ങളോട്‌ കോടികളുടെ നഷ്ടത്തിന്റെ കണക്കേ പറയാനുള്ളൂ എന്നും എപ്പോഴും. ലാഭം എന്നു പറയുന്നത്‌ കേട്ടുകേള്‍വില്ലാത്ത സംഭവമാണ്‌ എയര്‍ ഇന്ത്യക്ക്‌. മറ്റു എയര്‍ലൈന്‍സിനെക്കാളും നിരക്കും കൂട്ടിയാണ്‌ സീസണില്‍ ഓടുന്നത്‌ എന്ന വസ്‌തുത കൂടി ഓര്‍ക്കുക. എയര്‍ഇന്ത്യയുടെ പ്രസ്‌താവന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പൊതുജനം കരുതുക ഇത്രത്തോളം ജനങ്ങളെ സേവിക്കുന്ന മറ്റൊരു കമ്പനിയും ലോകത്തില്ല എന്നായിരിക്കും എന്നാലോ ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന കമ്പനി മറ്റൊന്നില്ല എന്നതാണ്‌ വസ്‌തുത. ടിക്കറ്റ്‌ നിരക്ക്‌ കുറച്ച്‌ ലാഭകരവും കൃത്യനിഷ്‌ഠയുമായ സര്‍വ്വിസ്‌ നടത്താന്‍ എത്രയോ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ എയര്‍ ഇന്ത്യയുടെ ഈ മുതല കണ്ണീര്‍. എയര്‍ ഇന്ത്യക്ക്‌ സര്‍വ്വീസ്‌ നഷ്ടത്തിലായിരിക്കാം എന്നാല്‍ എന്തുകൊണ്ട്‌ അനേകം കമ്പനികള്‍ ഇന്ത്യയിലേക്ക്‌ സര്‍വ്വീസ്‌ നടത്താന്‍ തയ്യാറാരിക്കുമ്പോള്‍ അനുമതി നല്‍കാതെ കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌.

ഇതെല്ലാമായിരിക്കുമ്പോഴും ഇപ്പോഴും പ്രവാസികള്‍ പ്രതീക്ഷയോടെ തന്നെയാണ്‌ തങ്ങളുടെ സ്വന്തം വിമാന കമ്പനിയെ കാണുന്നത്‌. അതൊന്ന്‌ ലാഭത്തിലായി കാണാന്‍ കൊതിക്കുന്ന പതിനായിരിക്കണക്കിന്‌ പ്രവാസികളുണ്ട്‌. കുടുംബത്തിന്റെ പ്രാരാബ്ധവും പുരോഗതിയും ചുമലിലേറ്റി പ്രാരാബ്ദത്തിന്റെ ഭാണ്ഡവുമയി പ്രവാസ ജീവിതത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയ പാവങ്ങള്‍ ഒരായിരം ജനതയുടെ ആശയും പ്രതീക്ഷയുമാണ്‌ നമ്മുടെ സ്വന്തം വിമാന കമ്പനി ഇനിയും ജനങ്ങളുടെ ക്ഷമപരീക്ഷിക്കാതിരിക്കുക. അല്ലെങ്കില്‍ ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ തയ്യാറായിരിക്കുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കുക. മത്സരിക്കാം നമുക്കും മറ്റു വിമാനകമ്പനികളോടും. ഉയര്‍ന്ന സര്‍വ്വീസും കൂറഞ്ഞ നിരക്കുമായി ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം ജനപ്രതിനിധികള്‍പോലും അവഗണിക്കുന്ന ഒരു കമ്പനിയായി മാറാതിരിക്കാന്‍ ശ്രമിക്കാം. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാം. നേടാം സുരക്ഷിത യാത്രാ സൗകര്യം. ഇതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന്‌ നമുക്ക്‌ പ്രാര്‍ത്തിക്കാം.

അടിച്ചമര്‍ത്തേണ്ടതോ നക്‌സലിസം?

`നിങ്ങള്‍ക്കു എന്നെ നക്‌സല്‍ എന്നോ നിങ്ങള്‍ക്കു ഇഷ്ടമുള്ളതെന്തും വിളിക്കാം.....ഞാന്‍ തോക്കെടുത്തത്‌ എന്റെ 3 കിലോ റേഷന്‍ കിട്ടാനാണ്‌` ഷോമ ചൌധരിയുടെ ഒരു ലേഖനത്തില്‍ ബീഹാറിലെ ഒരു നക്‌സലൈറ്റിനെ കുറിച്ച്‌ പറയുന്നത്‌ ഇങ്ങിനെയാണ്‌. ലോകത്ത്‌ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത്‌ വാക്കുകളില്‍ ഒന്നാണ്‌ തീവ്രവാദം. ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും പരിഹരിക്കാന്‍ കഴിയാത്തതും ശ്രമിക്കാത്തത്‌ എന്ന്‌ പറയുന്നതാവും ശരി മാവോയിസവും നക്‌സലിസവും.

ലോകത്ത്‌ ഏത്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം ഭരണകൂടത്തിന്റെ അവഗണന തന്നെയാണ്‌. ശ്രീലങ്കയില്‍ എല്‍.ടി.ടിയുടെ വളര്‍ച്ച ഭരണകൂട ഭീകരതയുടെ പരിണിതിയാണ്‌. മൂസ്‌ ലിം തീവ്രവാദം വളര്‍ത്തുന്നതിന്‌ വഴിമരുന്നിട്ടത്‌ അമേരിക്കന്‍ ലോകഭീകരതയാണ്‌. ഭരണകൂടം ജനപക്ഷ ഭരണത്തില്‍ നിന്ന്‌ മാറി കോര്‍പ്പറേറ്റ്‌ ചായ്‌ വിലേക്ക്‌ നീങ്ങിത്തുടങ്ങുമ്പോഴാണ്‌ ഭരണകൂടത്തിനെതിരായ വികാരം ജനങ്ങളില്‍ നട്ടുവളര്‍ത്താന്‍ സാധിക്കുന്നത്‌. ഇത്തരത്തില്‍ ഒരു സംഗതിയാണ്‌ നക്‌സലിസവും.

വികസനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സംഭവിക്കേണ്ടത്‌ ഗ്രാമങ്ങളില്‍ നിന്നാണ്‌. ഗ്രാമങ്ങളിലാണ്‌ ഇന്ത്യയുടെ ആത്മാവ്‌ എന്ന്‌ ഗാന്ധിജിക്ക്‌ തോന്നിയതും അതുകൊണ്ടാണ്‌. ആ ആത്മാവിനെ കാണാന്‍ കഴിയാതെവന്നതാണ്‌ നമ്മുടെ ഭരണകൂടത്തിന്‌ പറ്റിയ അബദ്ധം.

നക്‌സല്‍ ആക്രമണങ്ങളാല്‍ കുപ്രസിദ്ധി നേടിയ ദന്തേവാഡ ജില്ല മറ്റു പല രീതിയില്‍ക്കൂടിയും അറിയപ്പെടുന്നുണ്ട്‌. മാവോയിസ്‌റ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല, സാക്ഷരതയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ല, ഇരുമ്പ്‌, ടിന്‍, മേത്തരം ബോക്‌സൈറ്റ്‌, സിലിക്ക തുടങ്ങിയ ധാതു സമ്പത്തുക്കളാല്‍ അനുഗ്രഹീതമായ ജില്ല. ഒരു പക്ഷേ ഇതുതന്നെയാകും ഈ ജില്ലയുടെ ശാപവും ഇതില്‍ കണ്ണുവെച്ച കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ ജനസംഖ്യയില്‍ 66 ശതമാനം ആദിവാസികളെ ഗോത്ര സമൂഹങ്ങളെയും അവഗണിച്ചാണ്‌ ഇവിടെ സര്‍ക്കാര്‍ പിന്തുണയോടെ കുടിയേറിയിരിക്കുന്നത്‌. ഒരു റിക്ഷപോലും ഇല്ലാത്ത ജില്ലയാണത്രെ ദന്തേവാഡ, ആശുപത്രിയോ വിദ്യാലയ സ്ഥാപനങ്ങളോ എന്തിന്‌ വികസനത്തിന്റെ കാറ്റ്‌ പോലും വീശാത്ത ഒരു പ്രദേശം എന്ന്‌ വേണമെങ്കില്‍ പറയാം.

നമ്മുടെ ഇന്ത്യ നമ്മുക്ക്‌ സ്വന്തമായിട്ട്‌ 64 വര്‍ഷങ്ങള്‍ കഴിഞ്ഞു. 'ഇന്ത്യ തിളങ്ങുന്നു' മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ നാം കരുതി ശരിക്കും ഇന്ത്യ തിളങ്ങുകയാണെന്ന്‌. കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ തിങ്ങക്കത്തില്‍ ദന്തേവാഡപോലുള്ള പ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കരിനിഴല്‍ വീഴുകയായിരുന്നില്ലേ? എന്ന്‌ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച്‌ പകല്‍ മുഴുവന്‍ അലയുന്നുണ്ട്‌. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്‌. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്‌. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച്‌ അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്‌, മരിക്കുന്നുണ്ട്‌. ഇതായിരുന്നു തിളങ്ങുന്ന ഇന്ത്യയിലെ ദന്തേവാഡയില്‍ നിന്നുള്ള ചിത്രം.

ഏത്‌്‌ തരത്തിലുള്ള അക്രമമായാലും ഒരിക്കലും ന്യായീകരിക്കാവതല്ല. അത്‌ മുളയിലേ നുള്ളിക്കളയേണ്ടതു തന്നെയാണ്‌ എന്നാണ്‌ അസുഖത്തെ ചികിത്സിക്കേണ്ടത്‌ രോഗമറിഞ്ഞു കൊണ്ടാവണം എന്ന്‌ മാത്രം അല്ലാതെ രോഗ കാരണത്തെ ചികിത്സിച്ചത്‌ കൊണ്ട്‌ അസുഖം മാറികൊള്ളണമെന്നില്ല. അതിന്‌ മകുടോദാഹരണമാണ്‌ കോര്‍പറേറ്റുകളുടെ ചിലവില്‍ - സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌' സല്‍വാജൂഢ്‌' എന്ന്‌ നക്‌സല്‍ വിരുദ്ധ മുന്നണി രൂപീകരിച്ച്‌ ആയുധവും പരിശീലനവും നല്‍കി നക്‌സലുകളെ തകര്‍ക്കാര്‍ ഇറങ്ങിയിട്ട്‌ നക്‌സലിസം 22 മടങ്ങ്‌ ശക്തരായി തിരിച്ചുവരാന്‍ കഴിഞ്ഞുള്ളൂവെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. സല്‍വാജൂഢും പുറമെ നിന്നെത്തിയ അര്‍ദ്ധസൈനിക വിഭാഗവും ആദിവാസി കുടിലുകളില്‍ കയറിയിറങ്ങിയപ്പോഴാണ്‌ അതേവരെ സജീവമല്ലാതിരുന്ന നക്‌സലിസം വീണ്ടും സജീവമാകുന്നത്‌. സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ പരിശീലനം നേടിയവരില്‍ പലരും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ദന്തേവാഡയിലെ ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു തെണ്ടുപത്ത എന്ന ബീഡി പെറുക്കി വില്‍ക്കുന്നത്‌. നൂറു കെട്ടുകളടങ്ങിയ ഒരു തെണ്ടുപത്ത്‌ നക്‌സല്‍ ആവിര്‍ഭാവത്തിന്‌ മുമ്പ്‌ ഇടനിലക്കാര്‍ നല്‍കിയിരുന്നത്‌ രണ്ട്‌ രൂപ മുതല്‍ പത്ത്‌ രൂപ വരെയാണ്‌ ഇപ്പോഴത്‌ നൂറ്‌ രൂപ മുതല്‍ നൂറ്റി ഇരുപത്‌ രൂപവരെയായി ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ദന്തേവാഡയിലെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത്‌ അറുപത്‌ രൂപമാത്രമാണെന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം ഏറെക്കുറെ മനസ്സിലാകും. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന നമുക്ക്‌ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എന്നാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്‌ നക്‌സല്‍ ഭീക്ഷണി എന്ന്‌ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം നമുക്ക്‌ മനസ്സിലാകൂ. കാശ്‌മീരില്‍ മരിച്ച്‌ വീഴുന്നവരെക്കാന്‍ ജീവിതങ്ങള്‍ ഇവിടെ നക്‌സല്‍ ആക്രമത്തില്‍ മരിക്കുന്നുവെന്ന്‌ കണക്കുകള്‍ പറയുമ്പോള്‍ ഗൗരവം ഒന്നുകൂടി നമുക്ക്‌ മനസ്സിലാകും. വിദേശ ആയുധങ്ങള്‍പോലും സ്വായത്തമാക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു എന്ന കേള്‍ക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം ഒന്നുകൂടി വലുതാവുന്നു. മാവോയിസ്‌റ്റ്‌ ഭീക്ഷണി നേരിടുന്ന മേഖലകളിലെ സാമൂഹിക - സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക, വീട്‌, ഭക്ഷണം, വിദ്യഭ്യാസം, ആരോഗ്യം, വസ്‌ത്രം തുടങ്ങി പ്രാഥമിക പ്രശ്‌നങ്ങള്‍ക്ക്‌ അടിയന്തിപരിഹാരം അവിടത്തെ ജനങ്ങളുടെ കൂടെ വിശ്വാസത നേടിയെടുത്ത്‌ അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുക, ഇവയൊക്കെ ആത്മാര്‍ത്ഥമായി ജനപക്ഷത്ത്‌ നിന്ന്‌്‌ ചെയ്യാന്‍ സാധിച്ചാല്‍ മാവോവാദികള്‍ക്ക്‌്‌ ജനപിന്തുണ നഷ്ടപ്പെടും. ഏതൊരു പ്രസ്‌താനത്തിന്റെ ജീവവായു ജനപിന്തുണയാണ്‌ അത്‌ നഷ്ടപ്പെട്ടാല്‍ പിന്നെ ജനപക്ഷത്ത്‌ തുടരാന്‍ കഴിയാതെ വരികയും ചെയ്യും.

''അടിച്ചമര്‍ത്തും, എന്ത്‌ വിലകൊടുത്തും'' എന്ന നിലപാടില്‍ നിന്ന്‌ ഭരണകൂടം മാറി സാമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടി ഒരു ശാശ്വത പരിഹാരത്തിന്‌ ശ്രമിക്കണം. മനുഷ്യസ്‌നേഹികളും കോര്‍പറേറ്റുകള്‍ക്ക്‌ തല പണയം വെക്കാത്തവരും കണ്ടെത്തിയ സത്യങ്ങളിലൂടെ കണ്ണോടിച്ച്‌ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന്‌ കഴിയണം.

Tuesday, March 23, 2010

ഐ.പി.എല്‍ നമുക്ക്‌ തരുന്നത്‌.


നമ്മുടെ കൊച്ചു കേരളത്തിനും കിട്ടി ഒരു ഐ.പി.എല്‍. ടീം. അര്‍ദ്ധ പട്ടിണിക്കാരും മുഴു പട്ടിണിക്കാരും ഒരുനേരത്തെ അന്നത്തിനും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്നതിന്‌ വേണ്ടി പെടാപ്പാട്‌ പെടുന്നവരുമായ കേരള ജനതക്ക്‌ ആത്യാവശ്യം ഒരു ഐ.പി.എല്‍ ടീം ആയിരുന്നുവോ എന്ന്‌ തോന്നിപ്പോകുന്ന രീതിയിലാണ്‌ മാധ്യമാങ്ങള്‍ എല്ലാം ഇതിനെ ആഘോഷിച്ച്‌. ശരിക്കും നമുക്ക്‌ വേണ്ടത്‌ ഒരു ഐ.പി.എല്‍ ടീമോ അതോ അടിസ്ഥാന സൗകര്യ വികസനമോ...?
ഐ.പി.എല്‍ ശരിക്കും ഒരു ചൂതാട്ടം മാത്രമാണ്‌. കായിക വിനോദം എന്നതിനേക്കാളും. 2008 ല്‍ മൊത്തം ടീമുകള്‍ക്കായി മുടക്കിയത്‌ 2840 കോടി രൂപയായിരുന്നുവെങ്കില്‍ 2010 ല്‍ രണ്ട്‌ ടീമുകള്‍ക്കായി മുടക്കിയത്‌ 3235 കോടി രൂപയാണ്‌. ഇതില്‍ നിന്ന്‌ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഊഹമൂലധന/ചൂതാട്ട സാമ്രാജ്യം എത്രവികസിച്ചുവെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ക്രിക്കറ്റിനെ വികസിപ്പിക്കാനോ.... കായിക വിനോദ മേഖലകളില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാനോ വേണ്ടിയല്ല ഈ ടീം എന്ന്‌ എല്ലാവര്‍ക്കും അറിയാവുന്നതേയുള്ളൂ. പണമെറിഞ്ഞ്‌ പണം കൊയ്യുന്ന ഒരു മേളയാണ്‌ ഇന്ന്‌ ഐ.പി.എല്‍. അതില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. സാധാരണക്കാരന്‌ ഇതില്‍ നിന്ന്‌ കിട്ടുന്നത്‌ അവന്റെ കിടപ്പാടങ്ങളില്‍ നിന്ന്‌ അവനെ ആട്ടിയോടിക്കലും നഗരവും നഗരജീവിതവും അപ്രാപ്യമാവലുമായിരിക്കും. നഗരവികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും യാതൊരു വിലയും നല്‍കാതെ സര്‍ക്കാര്‍ ഐ.പി.എല്ലിന്‌ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കുമെന്ന്‌ പോലും പറഞ്ഞു പോയി.
ഈ വിഷയത്തില്‍ നമുക്ക്‌ ഒരു ചര്‍ച്ചയാവാം. എന്തായിരിക്കും നമുക്ക്‌ ഈ കൊച്ചുകേരളത്തിന്‌ ഐ.പി.എല്‍ ടീം കൊണ്ടുണ്ടാവുന്ന നേട്ടവും കോട്ടവും.

ഇതും ദുബായ്‌.....

ഖുര്‍ഫുക്കാനും, ലോഞ്ചും, ഇന്ത്യന്‍ രൂപയും, മരുഭൂമിയിലെ കഷ്ടപ്പാടും എന്നും ദുബായുടെ കഥപറയുമ്പോള്‍ പറയാന്‍ മറക്കാത്ത വാക്കുകളാണ്‌. ജീവിത മരുപ്പച്ച തേടി മരുഭൂമിയൂടെ കാതങ്ങള്‍ നടന്നകലുമ്പോള്‍ കിട്ടുന്ന കച്ചിതുരുമ്പായി പിടിച്ചുകയറി ജീവിതത്തിന്റെ ഉന്നതിയിലും അത്യുന്നതിയിലും എത്തിയവരുടെ കഥകളും നാം വിസ്‌മരിക്കാറില്ല. എന്നാല്‍ ദുബായിലേക്കുള്ള യാത്രയില്‍ ജീവിതം നഷ്ടപ്പെട്ട എത്രയോ ആളുകളുടെ അവരാരും ഇന്നോളം ആരുടെയും ചര്‍ച്ചാ വിഷയമായിട്ടുമില്ല.

ആദ്യം നാട്ടില്‍ ഗള്‍ഫ്‌ എന്നാല്‍ അബുദാബിയായിരുന്നു പ്രകൃതിയുടെ വിക്രിതിയോ ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റമോ പണത്തിന്റെ ഹുങ്കോ ഗള്‍ഫ്‌ എന്നത്‌ അബുദാബിക്ക്‌ പകരം ദുബായ്‌ ആയി മാറി. ഒരു സമയത്ത്‌ ദുബായ്‌ എന്നാല്‍ മറ്റൊന്നും പകരം വെക്കാനില്ലാത്ത ഒന്നായി മാറിയിരുന്നു.

ഇന്ന്‌ പരിമളം പരത്തുന്ന അത്തറിനും പ്രകാശം പരത്തുന്ന ടോര്‍ച്ചുകളും മൊബൈലിനും ലാപ്‌ടോപിനും വഴിമാറി. പണം ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ മുമ്പില്‍ തലകുന്നിച്ച പോലെ. ഗള്‍ഫ്‌കാരന്റെ പേഴ്‌സില്‍ സിഗററ്റുകള്‍ക്ക്‌ പകരം ക്രെഡിറ്റുകാര്‍ഡുകളാണ്‌ തലയുയര്‍ത്തി നില്‍ക്കുന്നത്‌. ലോഞ്ചിലും ജീവന്‍ പണയം വെച്ചും ഗള്‍ഫിലെത്തിയിരുന്നത്‌ കുടുംബ പ്രാരാംബ്‌്‌ധങ്ങള്‍ക്കൊണ്ടായിരുന്നുവെങ്കില്‍ ഇന്ന്‌ ഗള്‍ഫിലെത്തിയതിന്‌ ശേഷമായിരിക്കും അവന്‌ ബാധ്യതകള്‍ കൂടുന്നത്‌. മോഹിപ്പിക്കുന്ന കാഴ്‌ചകളും, പരസ്യങ്ങളും വിപണതന്ത്രങ്ങളും പണം ചിലവഴിക്കുന്നതിനുള്ള മാര്‍ഗം സുഗമാക്കുമ്പോള്‍ പണവുമായി പിന്നില്‍ നടക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ മുമ്പില്‍ പാവം ഗള്‍ഫുകാരന്‍ കുടുങ്ങി ജീവിതം ഇവിടെ ഹോമിക്കപ്പെടുകയാണ്‌.

രാവിലെ പകലാക്കി ജീവിതം കെട്ടിപ്പെടുക്കാന്‍ അല്ലെങ്കില്‍ റെക്കോര്‍ഡുകള്‍ കെട്ടിപ്പെടുക്കാന്‍ ദുബായിലെ യന്ത്രങ്ങള്‍ കുതിച്ച്‌ കൊണ്ടിരുന്നപ്പോള്‍ ഒരിക്കലെങ്കിലും മൂക്കത്ത്‌ വിരല്‍വെച്ച്‌ അത്ഭുതത്തോടെ നോക്കാതിരുന്നിട്ടുണ്ടാകില്ല. ദുബായിലെ വളര്‍ച്ചയെപ്പറ്റി അത്ഭുതത്തോടെ രണ്ട്‌ വാക്ക്‌ പറയാതിരുന്നിട്ടുണ്ടാകില്ല. മനുഷ്യന്‌ അസാധ്യമെന്ന്‌ തോന്നുന്നത്‌ എല്ലാം സാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു ദുബായ്‌. യന്ത്രങ്ങളും അതിലേറെ മനുഷ്യരും അവരുടെ അവസാനതുള്ളി വിയര്‍പ്പ്‌ വരെ യാതൊരു വിശ്രമവുമില്ലാതെ ചിലവഴിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന്‌ ദൈവം അവര്‍ക്ക്‌ വിശ്രമം അനുവദിച്ചിരിക്കുന്നു സാമ്പത്തിക മാന്ദ്യം എന്ന ഓമനപ്പേരില്‍. ഇന്ന്‌ ദുബായില്‍ പണം നഷ്ടപ്പെട്ടവന്റെ കിതപ്പും തിരിച്ചുപിടിക്കാനുള്ളവന്റെ കിതപ്പും ഇനിയെന്ത്‌ എന്നുള്ള നിശ്വാസവും മാത്രമേ കാണാന്‍ കഴിയൂ. എന്നാലും നമ്മുടെ ദുരഭിമാനത്തിന്‌ ഒരു കുറവും വന്നിട്ടുമില്ല. മുമ്പ്‌ ദുബായിയുടെ വളര്‍ച്ചയില്‍ അത്ഭുതം കൂറിയവര്‍ ഇന്ന്‌ അതിന്റെ തളര്‍ച്ചയിലും അത്ഭുതം കൂറുകയാണ്‌. ദൈവത്തിന്റെ വിക്രിതകള്‍ അല്ലാതെന്ത്‌ പറയാന്‍......

Tuesday, January 19, 2010

Religion in Kerala

Kerala hailed, as God's own country, by many, deserves this accolade because of many features geographical and sociological. A long coastline in the west and mountains on the east forming clear natural boundaries. Religion has played a crucial role in Kerala's culture. There are mainly three religions in Kerala - Hinduism, Christianity and Islam. As far as the religion of Kerala is concerned, the origins could be traced to Hinduism.

Then came in the Islamic faith and Christianity with its various sects. The other Indian religions like Buddhism; Jainism had some influence among the Hindus and was found scattered with their migration to Kerala.

According to the 1991 census 57.38% of the population of Kerala are Hindus, 23.33 Muslims and 19.32 Christians. The earliest settlers of Kerala were the Proto-Australoids, the Mediterranean, Dravidians, and the Aryans in 321-297 BC.

Hinduism
 
HINDUISM, the world's oldest religion dates back to about 5000 BC. The sacred texts include the Vedas, Epics and Puranas, apart from other philosophical treatises. Hinduism is a way of life and is based on the principle of Sanathana Dharma. The Hindus worship the Supreme Being under three forms, Brahma- the creator, Vishnu- the preservator and Shiva - destroyer.

Earlier inhabitants (Dravidians) of Kerala followed primitive animism and spirit worship to propitiate the Gods.
With the arrival of Aryans settler from the north India, the human forms of worship and caste division were evolved. But history is silent about worship of Goddess (Baghavathy). Only in Kerala and West Bengal Goddess form the main deity. Mythology doesn't say much about Baghavathy. For many Keralites, Baghavathy is the family deity. Most of the festivals in Kerala are in depiction of Baghavathy.

Even today many temples in Kerala has mother (Baghavathy) and animism (snake worship) has their main deity.

Muslims 

Islam is believed entered into India through Kerala. There are historical records of commercial trading between Kerala and Middle East during 7th Century AD. The Jews and Arabs of the Pre-Islamic period were among the pioneers of spice trade with Kerala. The religion of Islam was also by these traders from Middle East, who later settled in Coastal belt of Kerala. To this day Muslims are very proficient in trade and commerce. Muslims in Kerala, as anywhere else in the world, are close-knit unit clear-cut religious and political agenda.

Christians


In the absence of clear historical records, it is believed that Apostle of Jesus, St. Thomas himself, introduced Christianity in India in the year 52 A.D. The early Christians (St. Thomas Christians) were called Syrian Christians because they followed the Syriac liturgy, a dialect of Aramaic, the language of Jesus. With the arrival of Portuguese (1498) and the establishment of their political influence, the Latin rite emerged as an important factor and a large community of Latin Christians sprang up and grew, particularly in the coastal areas. The work of St. Francis Xavier and the synod of Diamper (1599) played an important part in the Latinisation of the church. In the beginning of 19th century, when the British spread its influence in Kerala, the Church Mission Society (CMS) of London actively associated them in the workings of Syrian Church. After some years of close co-operation, the missionaries broke their connection with Syrian Bishops and church. It was on their initiative the Anglican Church came into existence.

Some priests of the Syrian Church under the influence of missionaries advocated reforms, including the replacement of Syriac by Malayalam, which was disfavored by Bishops and Clergy of Syrian Church. Following this the reformers formed a new church known as Marthoma Syrian church as distinct from the Anglican Church and the Roman Catholic Church.

Now there are five different offshoots of Christianity in Kerala.

   1. The Nestorian Church confined mainly to Thrissur and Ernakulam.
   2. The Roman Catholic Church, embracing the whole of Kerala and following three
      different languages for their rites (Syriac, Latin and Malayalam).
   3. The Jacobite Syrian Church, also known as Orthodox Syrian Church.
   4. The Anglican Church, part of Church of South India.
   5. Marthoma Syrian Church.

Apart from these, there are several other Christian denominations deriving inspiration from some foreign Church or other.

The contribution of Christian religion in the field of education and care of the sick is innumerable. First Malayalam dictionary and grammar by Arnos Pathiri, first printing press, study and classification of Herbs, Hortus Malabaricus, etc. highlight the eminent position of Christianity in Kerala. The Universal education propagated in Kerala along with the churches provided the basic education for the emancipation of the population from various social and cultural evils. The school, colleges, hospitals and other numerous socio-cultural institutions run by the Christians are role models.



Other religion


THE OTHER Indian religions like Buddhism and Jainism had some impact among the Malayalee Hindus, but with the Aryan migration to the south. There was dissemination of all these religion.

Jainism
Though there is evidence of practice of Jainism in Kerala before the arrival of Aryans. History is silent about it. The Famous Jainmedu temple in Palakkad is the manifestation of Jainism in Kerala. Today few families of Jain community are found around Palakkad in Kerala.

Judaism
The traders from Middle East bought Judaism into Kerala during 7th Century AD. Later these traders settled in Kochi. Jew Town in Kochi, is the testimony of the Judaism in Kerala. Today it is one of few places in World where Jews are living in peace. There is a Synagogue in Jew Town.  Today, Jew town is one of popular tourist location in Kerala, where one can find many interesting antiquities of Kerala.

Nowhere in India, or may be in the entire world, you can witness such tolerance and co-operation and religious amity as seen in Kerala. Only in Kerala one can find person's of different community come together and celebrate each other's festival with pomp. Onam, the traditional festival of Hindus, Christmas and Ramzan - all these festivals are celebrated by all the community in Kerala.

Wednesday, January 13, 2010

ആഗോളതാപനം വിപത്തുകളുടെ സൂചന

തിരുവനന്തപുരം
കാലാവസ്ഥ വ്യതിയാനം വരാന്‍ പോകുന്ന വിപത്തുകളുടെ സൂചന മാത്രമാണെന്നു ചീഫ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. ജയകുമാര്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ദ്വദിന ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസനത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപാടുകള്‍ തെറ്റിയെന്നു കാലാവസ്ഥ വ്യതിയാനത്തിന്‍റെ വിപത്തുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായവിപ്ലവത്തിന്‍റെ ആധാരശിലകളായ പ്രകൃതിവിഭവങ്ങള്‍ അക്ഷയമാണെന്നും കാലാവസ്ഥ പ്രവചനീയമാണെന്നും ഉള്ള ധാരണകള്‍ തെറ്റാണ്. സമീപഭാവിയില്‍ കാലാവസ്ഥ വ്യതിയാനം കുടൂതുല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതു നേരിടാന്‍ മാനവരാശി തയാറെടുത്തിട്ടുമില്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികള്‍ അജന്‍ഡയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. പാശ്ചാത്യ ജീവിതശൈലി ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വരും തലമുറ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വിപത്തിനു പാത്രമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം തരണം ചെയ്യാന്‍ പ്രാപ്തിയുള്ള മാനവവിഭവ വികസനം ആയിരിക്കണം വരേണ്ടതെന്നു ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സ്കൂള്‍ തലത്തില്‍ പാഠ്യവിഷയമാക്കണം. പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ളാസകള്‍ സംഘടിപ്പിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

ആഗോളതാപനം

ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയില്‍‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വര്‍ദ്ധനവിനെയും ഈ വര്‍ദ്ധനവിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് ആഗോളതാപനം എന്നുപറയുന്നത്.

കാരണങ്ങള്‍

മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്‍കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ദ്ധിക്കുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തില്‍ ഭൌമോപരിതലത്തിനോടു ചേര്‍ന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 ± 0.18 °സെത്ഷ്യസ് (1.3 ± 0.32 °ഫാരന്‍‌ഹീറ്റ്) കഴിഞ്ഞ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചു. ഇന്റര്‍ഗവണ്മെന്റല്‍ പാനെല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഉണ്ടായ ആഗോള താപ വര്‍ദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിര്‍മ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവില്‍ ഉണ്ടായ വര്‍ദ്ധനയാണ്,"[1] ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയര്‍ത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര വ്യതിയാനം, അഗ്നിപര്‍വ്വതങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുന്‍പു മുതല്‍ 1950 വരെ ആഗോളതാപനത്തില്‍ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതല്‍ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കല്‍ സ്വാധീനമാണ് അന്തരീക്ഷത്തില്‍ ഉള്ളത്[2][3]
ഈ പ്രാഥമിക നിഗമനങ്ങള്‍ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്. [4][5] ചുരുക്കം ചില ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.[6]
മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലം 1750 മുതല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ വര്‍ദ്ധനക്ക് കാരണമായതെങ്കില്‍ കൃഷിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വര്‍ദ്ധനക്ക് പ്രധാനകാരണം. കൃഷിസ്ഥലങ്ങളില്‍ നിന്നും കന്നുകാലികളില്‍ നിന്നും മീഥേന്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നുണ്ട്.

ഫലങ്ങള്‍

ആഗോളതാപനത്തിന്റെ ഫലമായി ഉയര്‍ന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റര്‍ ആഴത്തില്‍ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്‍ദ്ധിക്കുന്ന ജലം സമുദ്രനിരപ്പില്‍ കാര്യമായ ഉയര്‍ച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളില്‍ മഞ്ഞും ഹിമാനിയും (ഗ്ലേസിയര്‍) ഉരുകുന്നതിനും ഇത് കാരണമാകുന്നു.
1961 മുതല്‍ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്‍ഷവും 1.8 മില്ലീമീറ്റര്‍ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല്‍ 2003 വരെ ഇത് വളരെയധികമാണ്.
മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കല്‍ ചക്രവാതങ്ങളുടെ വര്‍ദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.
മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്‍ക്കും ഈ കാലാവസ്ഥാമാറ്റങ്ങള്‍ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്‍ഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയര്‍ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.
ഉത്ഭവസ്ഥാനത്തെ ഹിമാനികള്‍ ഉരുകിത്തീരുന്നതിനാല്‍ ഗംഗയടക്കമുള്ള മഹാനദികളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ നിര്‍ത്തിവച്ചാല്‍കൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍‌ഷ്യസ് ഉയര്‍ച്ച അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ താപനിലയില്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു[7].

ആഗോളതാപനത്തെത്തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരില്‍ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന്‌ അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റര്‍ ഗവണ്മന്റല്‍ പാനല്‍ ഫോര്‍ ക്ലൈമെറ്റ് ചെയ്ന്‍‌ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
“വികസിത രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക” IPCC ചെയര്‍മാന്‍ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു[അവലംബം ആവശ്യമാണ്].
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:

  • കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില്‍ കാര്‍ഷിക ഉല്‍‌പ്പാദനത്തില്‍ 20% വര്‍ദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍‌പ്പാദനം 30% വരെ കുറയും
  • ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമിയില്‍ 50% കണ്ട് കുറയും
  • 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്‍ദ്ധനയുണ്ടായാല്‍ വംശനാശം നേരിടും
  • മഞ്ഞുപാളികളുടെ നാശം ജലദൌര്‍ലഭ്യത്തിനിടയാക്കും
പ്രസക്തി ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡണ്ട് അല്‍ ഗോറിനും, ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിനും 2007-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയത്. ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ഈ പുരസ്കാരം.

ചെയ്യാവുന്ന കാര്യങ്ങള്‍

  • കാര്‍, മോട്ടോര്‍ സൈക്കിള്‍ മുതലായ വ്യക്തിഗതവാഹനങ്ങള്‍ക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കില്‍ നടക്കുക.
  • അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ നിര്‍ത്തിയിടുക.
  • മറ്റുള്ളവരെ ബോധവല്‍ക്കരിക്കുക
ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.

സംഘടിതപ്രവര്‍ത്തനങ്ങള്‍

Friday, January 1, 2010

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!

വിനീത് നാരായണന്‍ നമ്പൂതിരി
(മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ലേഖകന്‍) Madhyamam daily
vineethnamboothiri@gmail.com