`നിങ്ങള്‍ക്കു എന്നെ നക്സല്‍ എന്നോ നിങ്ങള്‍ക്കു ഇഷ്ടമുള്ളതെന്തും വിളിക്കാം.....ഞാന്‍ തോക്കെടുത്തത് എന്റെ 3 കിലോ റേഷന്‍ കിട്ടാനാണ്` ഷോമ ചൌധരിയുടെ ഒരു ലേഖനത്തില്‍ ബീഹാറിലെ ഒരു നക്സലൈറ്റിനെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്. ലോകത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നത് വാക്കുകളില്‍ ഒന്നാണ് തീവ്രവാദം. ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും പരിഹരിക്കാന്‍ കഴിയാത്തതും ശ്രമിക്കാത്തത് എന്ന് പറയുന്നതാവും ശരി മാവോയിസവും നക്സലിസവും.
ലോകത്ത് ഏത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം ഭരണകൂടത്തിന്റെ അവഗണന തന്നെയാണ്. ശ്രീലങ്കയില്‍ എല്‍.ടി.ടിയുടെ വളര്‍ച്ച ഭരണകൂട ഭീകരതയുടെ പരിണിതിയാണ്. മൂസ് ലിം തീവ്രവാദം വളര്‍ത്തുന്നതിന് വഴിമരുന്നിട്ടത് അമേരിക്കന്‍ ലോകഭീകരതയാണ്. ഭരണകൂടം ജനപക്ഷ ഭരണത്തില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് ചായ് വിലേക്ക് നീങ്ങിത്തുടങ്ങുമ്പോഴാണ് ഭരണകൂടത്തിനെതിരായ വികാരം ജനങ്ങളില്‍ നട്ടുവളര്‍ത്താന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ ഒരു സംഗതിയാണ് നക്സലിസവും.
വികസനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ സംഭവിക്കേണ്ടത് ഗ്രാമങ്ങളില്‍ നിന്നാണ്. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന് ഗാന്ധിജിക്ക് തോന്നിയതും അതുകൊണ്ടാണ്. ആ ആത്മാവിനെ കാണാന്‍ കഴിയാതെവന്നതാണ് നമ്മുടെ ഭരണകൂടത്തിന് പറ്റിയ അബദ്ധം.
നക്സല്‍ ആക്രമണങ്ങളാല്‍ കുപ്രസിദ്ധി നേടിയ ദന്തേവാഡ ജില്ല മറ്റു പല രീതിയില്‍ക്കൂടിയും അറിയപ്പെടുന്നുണ്ട്. മാവോയിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല, സാക്ഷരതയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ല, ഇരുമ്പ്, ടിന്, മേത്തരം ബോക്സൈറ്റ്, സിലിക്ക തുടങ്ങിയ ധാതു സമ്പത്തുക്കളാല്‍ അനുഗ്രഹീതമായ ജില്ല. ഒരു പക്ഷേ ഇതുതന്നെയാകും ഈ ജില്ലയുടെ ശാപവും ഇതില്‍ കണ്ണുവെച്ച കോര്‍പ്പറേറ്റ് ഭീമന്മാര് ജനസംഖ്യയില്‍ 66 ശതമാനം ആദിവാസികളെ ഗോത്ര സമൂഹങ്ങളെയും അവഗണിച്ചാണ് ഇവിടെ സര്‍ക്കാര്‍ പിന്തുണയോടെ കുടിയേറിയിരിക്കുന്നത്. ഒരു റിക്ഷപോലും ഇല്ലാത്ത ജില്ലയാണത്രെ ദന്തേവാഡ, ആശുപത്രിയോ വിദ്യാലയ സ്ഥാപനങ്ങളോ എന്തിന് വികസനത്തിന്റെ കാറ്റ് പോലും വീശാത്ത ഒരു പ്രദേശം എന്ന് വേണമെങ്കില്‍ പറയാം.
നമ്മുടെ ഇന്ത്യ നമ്മുക്ക് സ്വന്തമായിട്ട് 64 വര്‍ഷങ്ങള്‍ കഴിഞ്ഞു. 'ഇന്ത്യ തിളങ്ങുന്നു' മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ നാം കരുതി ശരിക്കും ഇന്ത്യ തിളങ്ങുകയാണെന്ന്. കോര്‍പ്പറേറ്റ് ഭീമന്മാരുടെ തിങ്ങക്കത്തില്‍ ദന്തേവാഡപോലുള്ള പ്രദേശങ്ങളിലെ ജീവിതങ്ങളില്‍ കരിനിഴല്‍ വീഴുകയായിരുന്നില്ലേ? എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച് പകല്‍ മുഴുവന്‍ അലയുന്നുണ്ട്. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച് അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്, മരിക്കുന്നുണ്ട്. ഇതായിരുന്നു തിളങ്ങുന്ന ഇന്ത്യയിലെ ദന്തേവാഡയില്‍ നിന്നുള്ള ചിത്രം.
ഏത്് തരത്തിലുള്ള അക്രമമായാലും ഒരിക്കലും ന്യായീകരിക്കാവതല്ല. അത് മുളയിലേ നുള്ളിക്കളയേണ്ടതു തന്നെയാണ് എന്നാണ് അസുഖത്തെ ചികിത്സിക്കേണ്ടത് രോഗമറിഞ്ഞു കൊണ്ടാവണം എന്ന് മാത്രം അല്ലാതെ രോഗ കാരണത്തെ ചികിത്സിച്ചത് കൊണ്ട് അസുഖം മാറികൊള്ളണമെന്നില്ല. അതിന് മകുടോദാഹരണമാണ് കോര്‍പറേറ്റുകളുടെ ചിലവില്‍ - സര്‍ക്കാര്‍ സ്പോണ്‍സേഡ്' സല്‍വാജൂഢ്' എന്ന് നക്സല്‍ വിരുദ്ധ മുന്നണി രൂപീകരിച്ച് ആയുധവും പരിശീലനവും നല്കി നക്സലുകളെ തകര്‍ക്കാര്‍ ഇറങ്ങിയിട്ട് നക്സലിസം 22 മടങ്ങ് ശക്തരായി തിരിച്ചുവരാന്‍ കഴിഞ്ഞുള്ളൂവെന്നാണ് കണക്കുകള്‍ പറയുന്നത്. സല്‍വാജൂഢും പുറമെ നിന്നെത്തിയ അര്‍ദ്ധസൈനിക വിഭാഗവും ആദിവാസി കുടിലുകളില്‍ കയറിയിറങ്ങിയപ്പോഴാണ് അതേവരെ സജീവമല്ലാതിരുന്ന നക്സലിസം വീണ്ടും സജീവമാകുന്നത്. സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിശീലനം നേടിയവരില്‍ പലരും സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ദന്തേവാഡയിലെ ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു തെണ്ടുപത്ത എന്ന ബീഡി പെറുക്കി വില്‍ക്കുന്നത്. നൂറു കെട്ടുകളടങ്ങിയ ഒരു തെണ്ടുപത്ത് നക്സല്‍ ആവിര്‍ഭാവത്തിന് മുമ്പ് ഇടനിലക്കാര്‍ നല്‍കിയിരുന്നത് രണ്ട് രൂപ മുതല്‍ പത്ത് രൂപ വരെയാണ് ഇപ്പോഴത് നൂറ് രൂപ മുതല്‍ നൂറ്റി ഇരുപത് രൂപവരെയായി ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ദന്തേവാഡയിലെ നക്സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത് അറുപത് രൂപമാത്രമാണെന്നറിയുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം ഏറെക്കുറെ മനസ്സിലാകും. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എന്നാണ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നക്സല്‍ ഭീക്ഷണി എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാകൂ. കാശ്മീരില്‍ മരിച്ച് വീഴുന്നവരെക്കാന്‍ ജീവിതങ്ങള്‍ ഇവിടെ നക്സല്‍ ആക്രമത്തില്‍ മരിക്കുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഗൗരവം ഒന്നുകൂടി നമുക്ക് മനസ്സിലാകും. വിദേശ ആയുധങ്ങള്‍പോലും സ്വായത്തമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്ന കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന്റെ ഗൗരവം ഒന്നുകൂടി വലുതാവുന്നു. മാവോയിസ്റ്റ് ഭീക്ഷണി നേരിടുന്ന മേഖലകളിലെ സാമൂഹിക - സാമ്പത്തിക പ്രശ്നങ്ങള്‍ക്കും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക, വീട്, ഭക്ഷണം, വിദ്യഭ്യാസം, ആരോഗ്യം, വസ്ത്രം തുടങ്ങി പ്രാഥമിക പ്രശ്നങ്ങള്‍ക്ക് അടിയന്തിപരിഹാരം അവിടത്തെ ജനങ്ങളുടെ കൂടെ വിശ്വാസത നേടിയെടുത്ത് അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുക, ഇവയൊക്കെ ആത്മാര്‍ത്ഥമായി ജനപക്ഷത്ത് നിന്ന്് ചെയ്യാന്‍ സാധിച്ചാല്‍ മാവോവാദികള്‍ക്ക്് ജനപിന്തുണ നഷ്ടപ്പെടും. ഏതൊരു പ്രസ്താനത്തിന്റെ ജീവവായു ജനപിന്തുണയാണ് അത് നഷ്ടപ്പെട്ടാല്‍ പിന്നെ ജനപക്ഷത്ത് തുടരാന്‍ കഴിയാതെ വരികയും ചെയ്യും.
''അടിച്ചമര്‍ത്തും, എന്ത് വിലകൊടുത്തും'' എന്ന നിലപാടില്‍ നിന്ന് ഭരണകൂടം മാറി സാമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടി ഒരു ശാശ്വത പരിഹാരത്തിന് ശ്രമിക്കണം. മനുഷ്യസ്നേഹികളും കോര്‍പറേറ്റുകള്‍ക്ക് തല പണയം വെക്കാത്തവരും കണ്ടെത്തിയ സത്യങ്ങളിലൂടെ കണ്ണോടിച്ച് ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന് കഴിയണം.
No comments:
Post a Comment