കാരണങ്ങള്‍
മാനുഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങള്‍കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ദ്ധിക്കുന്നു. സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ദ്ധിക്കുകയും ചെയ്യുന്നു.കഴിഞ്ഞ ദശകത്തില്‍ ഭൌമോപരിതലത്തിനോടു ചേര്‍ന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 ± 0.18 °സെത്ഷ്യസ് (1.3 ± 0.32 °ഫാരന്‍ഹീറ്റ്) കഴിഞ്ഞ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചു. ഇന്റര്‍ഗവണ്മെന്റല്‍ പാനെല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഉണ്ടായ ആഗോള താപ വര്‍ദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിര്‍മ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവില്‍ ഉണ്ടായ വര്‍ദ്ധനയാണ്,"[1] ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയര്‍ത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര വ്യതിയാനം, അഗ്നിപര്‍വ്വതങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുന്‍പു മുതല്‍ 1950 വരെ ആഗോളതാപനത്തില്‍ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതല്‍ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കല്‍ സ്വാധീനമാണ് അന്തരീക്ഷത്തില്‍ ഉള്ളത്[2][3]
ഈ പ്രാഥമിക നിഗമനങ്ങള്‍ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്. [4][5] ചുരുക്കം ചില ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.[6]
മാനുഷികപ്രവര്‍ത്തനങ്ങള്‍ മൂലം 1750 മുതല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ വര്‍ദ്ധനക്ക് കാരണമായതെങ്കില്‍ കൃഷിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വര്‍ദ്ധനക്ക് പ്രധാനകാരണം. കൃഷിസ്ഥലങ്ങളില്‍ നിന്നും കന്നുകാലികളില്‍ നിന്നും മീഥേന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.
ഫലങ്ങള്‍
ആഗോളതാപനത്തിന്റെ ഫലമായി ഉയര്‍ന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റര്‍ ആഴത്തില്‍ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്‍ദ്ധിക്കുന്ന ജലം സമുദ്രനിരപ്പില്‍ കാര്യമായ ഉയര്‍ച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളില്‍ മഞ്ഞും ഹിമാനിയും (ഗ്ലേസിയര്‍) ഉരുകുന്നതിനും ഇത് കാരണമാകുന്നു.1961 മുതല്‍ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വര്‍ഷവും 1.8 മില്ലീമീറ്റര്‍ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതല്‍ 2003 വരെ ഇത് വളരെയധികമാണ്.
മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കല്‍ ചക്രവാതങ്ങളുടെ വര്‍ദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.
മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങള്‍ക്കും ഈ കാലാവസ്ഥാമാറ്റങ്ങള്‍ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാര്‍ഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയര്‍ച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.
ഉത്ഭവസ്ഥാനത്തെ ഹിമാനികള്‍ ഉരുകിത്തീരുന്നതിനാല്‍ ഗംഗയടക്കമുള്ള മഹാനദികളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ നിര്‍ത്തിവച്ചാല്‍കൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ച്ച അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ താപനിലയില്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു[7].
ആഗോളതാപനത്തെത്തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരില്‍ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റര്‍ ഗവണ്മന്റല്‍ പാനല്‍ ഫോര്‍ ക്ലൈമെറ്റ് ചെയ്ന്‍ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
“വികസിത രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക” IPCC ചെയര്‍മാന്‍ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു[അവലംബം ആവശ്യമാണ്].
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:
- ആഫ്രിക്കയിലെ 75-250 ദശലക്ഷം ജനങ്ങള്‍ 2020 ഓടെ വെള്ളമില്ലാതെ വലയും
- കിഴക്ക് തെക്കുകിഴക്ക് ഏഷ്യയില്‍ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 20% വര്‍ദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉല്‍പ്പാദനം 30% വരെ കുറയും
- ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമിയില്‍ 50% കണ്ട് കുറയും
- 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവര്‍ദ്ധനയുണ്ടായാല്‍ വംശനാശം നേരിടും
- മഞ്ഞുപാളികളുടെ നാശം ജലദൌര്‍ലഭ്യത്തിനിടയാക്കും
ചെയ്യാവുന്ന കാര്യങ്ങള്‍
- കാര്‍, മോട്ടോര്‍ സൈക്കിള്‍ മുതലായ വ്യക്തിഗതവാഹനങ്ങള്‍ക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കില്‍ നടക്കുക.
- അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ നിര്‍ത്തിയിടുക.
- മറ്റുള്ളവരെ ബോധവല്‍ക്കരിക്കുക
സംഘടിതപ്രവര്‍ത്തനങ്ങള്‍
- സമുദ്രജലത്തില്‍ അയേണ്‍ സള്‍ഫേറ്റ് വിതറി ആല്‍ഗകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള ലോഹാഫെക്സ് എന്ന ഒരു പദ്ധതിക്ക് ശാസ്ത്രജ്ഞര്‍ രൂപം കൊടുത്തിട്ടുണ്ട്[8].
No comments:
Post a Comment