Friday, July 3, 2009

ഇരട്ട ഓസ്‌കറിന് പിന്നാലെ റഹ്മാന് വീണ്ടും അക്കാദമിയുടെ അംഗീകാരം


ഇരട്ടഓസ്‌കറിലൂടെ ലോക ചലച്ചിത്രവേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സംഗീതസാമ്രാട്ട് എ.ആര്‍.റഹ്മാന് വീണ്ടും ഓസ്‌കര്‍ അക്കാദമിയുടെ അംഗീകാരം. ലോകത്തെ വിശ്രുത ചലച്ചിത്രകാരന്മാര്‍ക്കൊപ്പം ഇനി ഓസ്‌കര്‍അക്കാദമിയില്‍ റഹ്മാനും അംഗം. റഹ്മാനടക്കം ചലച്ചിത്രരംഗത്ത് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 134 പേരെയാണ് 'അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്' അംഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

അക്കാദമിയില്‍ അംഗത്വമുള്ളവര്‍ക്കാണ് ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയത്തില്‍ വോട്ടവകാശം ലഭിക്കുക. അക്കാദമിയില്‍ വയസ്സന്മാര്‍മാത്രമാണുള്ളതെന്ന വിമര്‍ശത്തിനും ഇത്തവണത്തെ നോമിനേഷനോടെ അറുതിവരും. '40'ല്‍താഴെ പ്രായമുള്ള ഒട്ടേറെ പ്രതിഭകളെ ഇത്തവണ അക്കാദമിയില്‍ അംഗമാക്കിയിട്ടുണ്ട്.

റഹ്മാനെക്കൂടാതെ 'സ്ലം ഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനിയല്‍ ബോയ്ല്‍, ഛായാഗ്രാഹകന്‍ ആന്റണി ഡോഡ് മാന്റിന്‍, എഡിറ്റര്‍ ക്രിസ്ത്യന്‍ കോള്‍സണ്‍ എന്നിവരും ഇത്തവണ അക്കാദമി അംഗത്വത്തിനുള്ള ക്ഷണം നേടി. ഹ്യൂജാക്മാന്‍, സേത്ത്‌റോഗന്‍, ജയിംസ്ഫ്രാങ്കോ, നടി ആന്‍ ഹാത്ത്‌വെ, സംഗീതജ്ഞന്‍ പീറ്റര്‍ ഗബ്രിയേല്‍ എന്നിവരും അംഗത്വം തേടിയവരില്‍പ്പെടുന്നു. ഇതോടെ അക്കാദമിയുടെ മൊത്ത അംഗസംഖ്യ ആറായിരം കവിഞ്ഞു.

Source: Mathrubhumi

No comments:

Post a Comment