Friday, July 3, 2009

ക്യാറ്റ് ഇനി കംപ്യൂട്ടര്‍വഴി


ഐഐഎം ക്യാറ്റ് ഇനി കംപ്യൂട്ടര്‍വഴി മാത്രം

ബിസിനസ് മാനേജ്മെന്റ് മികവേറിയ കരിയറായി അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. ഉയര്‍ന്ന വേതനം, ജോലിക്കുള്ള മതിപ്പ് എന്നിവയ്ക്കുപരി പ്രഫഷനല്‍ വെല്ലുവിളികളെ നേരിടാനുള്ള അവസരങ്ങളുടെ സമൃദ്ധിയും മാനേജ്മെന്റ് പഠനം സമര്‍ഥരായ യുവജനങ്ങളെ ആകര്‍ഷിക്കുന്നു.
മാനേജ്മെന്റ് യോഗ്യതയുടെ കാര്യത്തില്‍ എടുത്തുപറയേണ്ട ഒരു സവിശേഷതയുണ്ട് - നാം പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ പ്രാധാന്യം. മികച്ച ബിസിനസ് സ്കൂളുകളില്‍ നിന്നു യോഗ്യത നേടുന്നവര്‍ക്ക് ക്യാംപസ് സിലക്ഷന്‍ നല്‍കാന്‍ നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ മത്സരിച്ചു തിരക്കുകൂട്ടുമ്പോള്‍, മതിപ്പില്ലാത്ത സ്കൂളുകളില്‍ നിന്നു കിട്ടിയ എംബിഎ സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി അലയുന്നവരേറെ. നല്ല ബിസിനസ് സ്കൂളുകളില്‍ത്തന്നെ പ്രവേശനം സമ്പാദിക്കേണ്ടതിലേക്ക് ഇക്കാര്യം വിരല്‍ ചൂണ്ടുന്നു. ഇങ്ങനെ പ്രവേശനം ലഭിക്കണമെങ്കില്‍ കടുത്ത മത്സരമുള്ള പ്രധാന പരീക്ഷയില്‍ മികവു തെളിയിച്ചേ മതിയാവൂ. പല പ്രമുഖ പ്രസിദ്ധീകരണങ്ങളും വര്‍ഷം തോറും ബിസിനസ് സ്കൂളുകളുടെ റാങ്കിങ് പ്രസിദ്ധീകരിക്കാറുള്ളതു ശ്രദ്ധിക്കുക. ആഗോളതലത്തിലും ഇത്തരം റാങ്കിങ്ങിനു പ്രചാരമുണ്ട്.

ഇന്ത്യയിലെ ബിസിനസ് സ്കൂളുകളില്‍ മികവിന്റെ പര്യായമായി ഗണിക്കപ്പെടുന്നവയാണ് ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒാഫ് മാനേജ്മെന്റ്). അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ലക്നൌ, ഇന്‍ഡോര്‍, കോഴിക്കോട്, ഷില്ലോങ് എന്നീ സ്ഥലങ്ങളിലാണ്

ഐഐഎം നിലവിലുള്ളത്. വൈകാതെ ഏതാനും പുതിയ ഐഐഎം രൂപം കൊള്ളുന്നതിനും സാധ്യതയുണ്ട്.

ക്യാറ്റിന്റെ കഥ
ഐഐഎം പ്രവേശനത്തിനായി അനുവര്‍ഷം നടത്തിവരുന്ന പൊതുപരീക്ഷ (ങ്കക്കസ്സ: കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) മത്സരപരീക്ഷകളുടെ ഗണത്തില്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയമാണ്. കിടമത്സരമുള്ള ഇൌ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് സമ്പാദിക്കണമെങ്കില്‍ അതീവ ശ്രദ്ധയോടെ ചിട്ടയൊപ്പിച്ചു പരിശീലിച്ചേ മതിയാകൂ. ഇൌ രംഗത്തു പരിശീലനം നല്‍കുന്ന വിദഗ്ധരുടെ സഹായമുണ്ടെങ്കില്‍ എഴുത്തുപരീക്ഷയിലെന്നപോലെ ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയിലും മികവു കാട്ടുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. ഏതു മത്സരത്തിലും നല്ല നിലയില്‍ ജയിക്കണമെങ്കില്‍ അതിന്റെ സാങ്കേതികവശങ്ങള്‍ ഗ്രഹിച്ച്, അനുരൂപമായ തന്ത്രങ്ങള്‍ സ്വായത്തമാക്കണം.

ഐഐഎം ക്യാറ്റിന്റെ കാര്യത്തില്‍ ഇക്കാര്യത്തിനു പ്രസക്തിയേറെ. പരീക്ഷ കഠിനമെന്നു കരുതാതെ സമര്‍പ്പണബുദ്ധിയോടെ ശാസ്ത്രീയമായി പരിശീലിച്ചു പോകുന്നവരാണ് ഉയര്‍ന്ന റാങ്ക് നേടാറുള്ളത്. കഴിഞ്ഞ 33 വര്‍ഷമായി പേപ്പര്‍ - പെന്‍സില്‍ ശൈലിയിലാണ് ക്യാറ്റ് നടന്നുവരുന്നത്. അപേക്ഷകരുടെ സംഖ്യ പെരുകുന്നതോടെ ഇൌ രീതി ഫലപ്രദമായി നടത്തുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. 2003ല്‍ 95,000 അപേക്ഷകര്‍ മാത്രമുണ്ടായിരുന്നത് 2008ല്‍ രണ്ടര ലക്ഷമായി ഉയര്‍ന്നതോര്‍ക്കുക.

ഇൌ ബുദ്ധിമുട്ടിനെ മറികടക്കാന്‍ ക്യാറ്റിന് സിബിറ്റി (കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്) ശൈലി വേണമെന്നു തീരുമാനിച്ചു. ഇതേ രീതിയില്‍ പല പരിഷ്കാരങ്ങളും ഐഐഎം പ്രവേശനക്കാര്യത്തില്‍ പണ്ടും സ്വീകരിച്ചിട്ടുണ്ട്. 1960കളുടെ ഒടുവിലാണ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. എഴുപതുകളിലാകട്ടെ, പല ഐഐഎമ്മുകളിലെ പ്രവേശനത്തിനു പൊതുവായ പരീക്ഷ എന്ന രീതി നടപ്പിലാക്കി. എണ്‍പതുകളിലെ പരിഷ്കാരമാണ് മനുഷ്യനു പകരം കംപ്യൂട്ടര്‍, പരീക്ഷക്കടലാസ് നോക്കി മൂല്യനിര്‍ണയം ചെയ്യുന്ന ഒഎംആര്‍ (ഒാപ്ടിക്കല്‍ മാര്‍ക്ക് റീഡിങ് / റെക്കഗ്നിഷന്‍) സമ്പ്രദായം ആവിഷ്കരിച്ചത്.

ഇൌ വര്‍ഷത്തെ ക്യാറ്റ് കംപ്യൂട്ടര്‍ രീതിയിലായിരിക്കും. കടലാസും പെന്‍സിലും ഉപയോഗിച്ച് ഉത്തരമടയാളപ്പെടുത്തുന്ന രീതി പിന്‍തള്ളിക്കഴിഞ്ഞു. ആഗോളതലത്തില്‍ ബിസിനസ് സ്കൂള്‍ പ്രവേശനത്തിന് ഉപയോഗിച്ചുവരുന്ന ജിമാറ്റ്, ഗ്രാജുവേറ്റ് സ്കൂള്‍ പ്രവേശനത്തിനുള്ള ജിആര്‍ഇ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വിലയിരുത്തുന്ന ടോഫല്‍ തുടങ്ങിയ പല പരീക്ഷകളും ഇപ്പോള്‍ കംപ്യൂട്ടര്‍ രീതിയെയാണ് ആശ്രയിക്കുന്നത്.

ജിആര്‍ഇ, ടോഫല്‍ മുതലായ പല പരീക്ഷകളും ആഗോളതലത്തില്‍ നടത്തിവരുന്ന ഇറ്റിഎസിന് (എജ്യൂക്കേഷനല്‍ ടെസ്റ്റിങ് സര്‍വീസ്) ആയിരിക്കും ഐഐഎം ക്യാറ്റിന്റെ ചുമതല. വിശദാംശങ്ങള്‍ വൈകാതെ വിജ്ഞാപനം ചെയ്യും. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഒരു സാധ്യത മനസ്സില്‍ വയ്ക്കാം. എല്ലാ അപേക്ഷകര്‍ക്കും ഒരേ ചോദ്യങ്ങളാകണമെന്നില്ല മേലില്‍ പരീക്ഷയ്ക്കു കിട്ടുക. കംപ്യൂട്ടര്‍ അഡാപ്റ്റീവ് ടെസ്റ്റ് ശൈലി സ്വീകരിക്കുന്നപക്ഷം ഒാരോരുത്തരും നല്‍കുന്ന ഉത്തരങ്ങളുടെ നിലവാരം പരിഗണിച്ച്, യോജിച്ച ചോദ്യങ്ങള്‍ ഒാരോന്നായി കംപ്യൂട്ടര്‍ തിരഞ്ഞെടുത്തു നല്‍കുന്ന രീതി. ഇതാണ് ഐഐഎം ക്യാറ്റില്‍ വരുന്നതെങ്കില്‍ അതിനെ നേരിടാനുള്ള വിശേഷ തന്ത്രങ്ങളും നന്നായി പരിശീലിക്കേണ്ടതുണ്ട്.

ഐഐഎമ്മുകള്‍ക്കുമപ്പുറം
ക്യാറ്റ് സ്കോര്‍ ആധാരമാക്കി നിലവിലുള്ള ഏഴ് ഐഐഎമ്മുകളിലെയും ഇൌ വര്‍ഷം തുടങ്ങിയേക്കാവുന്ന പുതിയ ഐഐഎമ്മുകളിലെയും പ്രവേശനം തീരുമാനിക്കുമെന്നു തീര്‍ച്ച. പക്ഷേ ഇവയ്ക്കു പുറമേ നൂറോളം പ്രമുഖ ബിസിനസ് സ്കൂളുകളും സാധാരണമായി ക്യാറ്റ് സ്കോര്‍ നോക്കിയാണ് സിലക്ഷന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കാറുള്ളത്. ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ മുതലായവ അതതു സ്കൂളുകള്‍ നടത്തുമെങ്കിലും നല്ല ക്യാറ്റ് സ്കോറുള്ളവരെ മാത്രമാവും ഇവയിലേക്കു പരിഗണിക്കാനായി ഷോര്‍ട് ലിസ്റ്റ് ചെയ്യുക.

ഇത്തരത്തില്‍ 2008ലെ സിലക്ഷന് ക്യാറ്റ് സ്കോര്‍ പ്രയോജനപ്പെടുത്തിയ ഏതാനും സ്ഥാപനങ്ങളുടെ പേര്‍ കാണുക.

അമൃത കോയമ്പത്തൂര്‍, ഭാരതീദാസന്‍ തിരുച്ചിറപ്പള്ളി, എഫ്എംഎസ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഫോര്‍ സ്കൂള്‍ ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫൈനാന്‍സ് ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറസ്റ്റ് മാനേജ്മെന്റ് ഭോപ്പാല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോളിയം മാനേജ്മെന്റ് ഗാന്ധിനഗര്‍, കെ.ജെ. സോമയ്യ മുംബൈ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഡല്‍ഹി, മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗുഡ്ഗാവ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്ക് മാനേജ്മെന്റ് പുണെ, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി കോഴിക്കോട് / തിരുച്ചിറപ്പള്ളി, എസ്പി ജെയിന്‍ മുംബൈ, ടി.എ. പൈ മണിപ്പാല്‍.

ഇൌ ലിസ്റ്റില്‍ ചില മാറ്റങ്ങള്‍ ഇക്കുറി വന്നേക്കാമെങ്കിലും ഐഐഎമ്മുകളോടൊപ്പം നിരവധി മികച്ച ബിസിനസ് സ്കൂളുകളിലേക്കും കടക്കാനുള്ള പാസ്പോര്‍ട്ടായ ക്യാറ്റ്, ഗൌരവത്തോടെ നോക്കിക്കാണുന്നവര്‍ പരീക്ഷാവിഷയങ്ങളില്‍ പ്രാവീണ്യമാര്‍ജിക്കുന്നതോടൊപ്പം പുതിയ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റിന്റെ സങ്കേതങ്ങളും സ്വായത്തമാക്കേണ്ടതുണ്ട്.

Source: Malayala Manorama

No comments:

Post a Comment