Sunday, July 19, 2009

ചാന്ദ്രയാത്രയുടെ വീഡിയോ നാസ മായ്‌ച്ചു; ഹോളിവുഡ്‌ തെളിച്ചു

വാഷിങ്‌ടണ്‍: ചന്ദ്രനില്‍ ആളെയിറക്കി ലോകത്തെ വിസ്‌മയിപ്പിച്ച 'നാസ'യ്‌ക്ക്‌ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ കഴിഞ്ഞില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. 'മാനവരാശിയുടെ കുതിച്ചുചാട്ട'മായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രയാത്രയുടെ വീഡിയോദൃശ്യങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ ഹോളിവുഡിലെ വിദഗ്‌ധരുടെ സഹായം തേടേണ്ടിവന്നൂ അമേരിക്കയുടെ വിഖ്യാത ബഹിരാകാശ ഏജന്‍സിക്ക്‌. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം തിങ്കളാഴ്‌ച ആഘോഷിക്കാനിരിക്കേ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌ ഇങ്ങനെ പുനര്‍നിര്‍മിച്ച വീഡിയോയാണ്‌.

'വീഡിയോ ടേപ്പു'കള്‍ക്ക്‌ ക്ഷാമം വന്നപ്പോള്‍ ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞ ടേപ്പ്‌ വീണ്ടുമുപയോഗിക്കുകയായിരുന്നുവെന്നാണ്‌ യഥാര്‍ഥ വീഡിയോ നഷ്ടപ്പെട്ടതിന്‌ നാസ നല്‌കുന്ന ന്യായീകരണം.

നാസയിലെ സീനിയര്‍ എന്‍ജിനീയര്‍ ഡിക്‌ നാഫ്‌സ്‌ഗര്‍ പര്യവേക്ഷണത്തിന്റെ യഥാര്‍ഥ വിഡിയോദൃശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷം മുമ്പ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്‌. ചന്ദ്രനില്‍ നിന്ന്‌ അയച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും വിപുലശേഖരമുള്‍ക്കൊള്ളുന്ന 45 വന്‍ ഫിലിം റീലുകള്‍ നഷ്ടപ്പെട്ടതായി അദ്ദേഹം കണ്ടെത്തി.

ടേപ്പുകള്‍ നഷ്ടപ്പെട്ടതിന്‌ നാസ അധികൃതര്‍ നിരത്തിയ ന്യായമായിരുന്നു വിചിത്രം. 1970കളിലും 80കളിലും നാസയ്‌ക്ക്‌ ആവശ്യമായ വീഡിയോ ടേപ്പുകള്‍ കിട്ടിയിരുന്നില്ലത്രെ. പുതിയ കാര്യങ്ങള്‍ ലേഖനം ചെയ്‌തുവെക്കാന്‍ ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞ്‌ പഴയ ടേപ്പുകള്‍ വീണ്ടും ഉപയോഗിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം ടേപ്പുകളാണ്‌ നാസ ഇങ്ങനെ പുനരുപയോഗിച്ചത്‌. ശാസ്‌ത്രലോകത്തെ കുതിപ്പിന്റെ അമൂല്യദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ നഷ്ടമായി.

ലോകം മുഴുവന്‍ അദ്‌ഭുതാവേശത്തോടെ വീക്ഷിച്ച ആ ചരിത്രസംഭവം അന്ന്‌ തത്‌സമയം സംപ്രേഷണം ചെയ്‌തത്‌ നാഫ്‌സ്‌ഗറുടെ നേതൃത്വത്തിലായിരുന്നു. അപ്പോളോ 11ല്‍ നിന്നയച്ച വിവരങ്ങള്‍ മാത്രമുള്ള ടേപ്പുകളാണെന്ന്‌ കരുതിയാവും അവ നശിപ്പിക്കപ്പെട്ടതെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

നാസയ്‌ക്ക്‌ ചീത്തപ്പേരായെങ്കിലും ഹോളിവുഡ്‌ വിദഗ്‌ധര്‍ ഇടപെട്ടതിനു ഗുണമുണ്ടായി. നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാല്‍കുത്തുന്നതും എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തെ പിന്തുടരുന്നതും ഒടുവില്‍ അമേരിക്കന്‍ പതാക ചന്ദ്രോപരിതലത്തില്‍ നാട്ടുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെയും മിഴിവോടെയുമാണ്‌ പുനര്‍നിര്‍മിക്കപ്പെട്ടത്‌. കാസബ്ലാന്‍ക, സിംഗിങ്‌ ഇന്‍ ദ റെയ്‌ന്‍, ദ റോബ്‌, റൈഡേഴ്‌സ്‌ ഓഫ്‌ ദ ലോസ്റ്റ്‌ ആര്‍ക്‌ തുടങ്ങിയ വിഖ്യാത സിനിമകള്‍ പുനഃസൃഷ്ടിച്ച കമ്പനിയായ ലൗറി ഡിജിറ്റലാണ്‌ ഈ ചരിത്രദൗത്യം ഏറ്റെടുത്തത്‌. ചാന്ദ്രയാത്രയുടെ 40 ശതമാനം ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഏകദേശം ഒരു കോടി രൂപയോളം ചെലവുവന്നു.

തത്‌സമയ സംപ്രേഷണത്തിന്റെ റെക്കോഡ്‌ ചെയ്‌ത കോപ്പികള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചാണ്‌ 'ലൗറി ഡിജിറ്റല്‍' ചാന്ദ്രദൗത്യത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടെടുത്തത്‌.

1969-ലെ ചാന്ദ്രദൗത്യം തട്ടിപ്പു മാത്രമായിരുന്നുവെന്ന പ്രചാരണങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തി പകരുന്നതാണ്‌ നാസയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ശീതയുദ്ധത്തിന്റെ നാളുകളില്‍ റഷ്യയെ മുട്ടുകുത്തിക്കുന്നതിനായി അമേരിക്ക ഹോളിവുഡ്‌ സെറ്റില്‍ കൃത്രിമമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നുവെന്ന പ്രചാരണം അന്ന്‌ വ്യാപകമായിരുന്നു. ഇന്നും ഈ വാദവുമായി നടക്കുന്നവരുണ്ട്‌

എന്നാല്‍ പഴയ ദൃശ്യങ്ങള്‍ അതേപോലെ പുനര്‍നിര്‍മിക്കുകയല്ലാതെ പുതുതായി യാതൊന്നും കൂട്ടിച്ചേര്‍ത്തില്ലെന്നാണ്‌ ലൗറി ഡിജിറ്റല്‍ അധികൃതര്‍ പറയുന്നത്‌.

മത്സര പരീക്ഷകള്‍ക്ക്‌ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഇനി ഫീസടയ്‌ക്കേണ്ട

ന്യൂഡല്‍ഹി: ജോലിക്കുവേണ്ടിയുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന്‌ ഫീസ്‌ വാങ്ങേണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍, സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എന്നിവ നടത്തുന്ന പരീക്ഷകള്‍, നേരിട്ടുള്ള നിയമനത്തിന്‌ നടത്തുന്ന പരീക്ഷകള്‍ എന്നിവയ്‌ക്കാണ്‌ ഫീസ്‌ ഒഴിവാക്കുന്നത്‌.

ജോലിനേടാനുള്ള പരീക്ഷകളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്‌. വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, യു.പി.എസ്‌.സി, സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക്‌ സര്‍ക്കാര്‍ ഇതുസംബന്ധിച്ച കത്തയച്ചുവെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

വിവിധ സെലക്ഷന്‍ ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വിവിധ തസ്‌തികകളിലേക്ക്‌ നടത്തുന്ന നിയമനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ആഗസ്‌ത്‌ 31 നകം സമര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം.

Wednesday, July 8, 2009

സാനിയയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മലയാളി പിടിയില്‍


ഹൈദരാബാദ്‌: പ്രണയം തലയ്‌ക്കുപിടിച്ച്‌ ടെന്നിസ്‌ താരം സാനിയ മിര്‍സയുടെ വീട്ടിലെത്തി വിവാഹ നിശ്ചയം മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളം വച്ച്‌ മലപ്പുറം സ്വദേശിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ്‌ അഷ്‌റഫാണ്‌ (28) പ്രണയം മൂത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌.

കഴിഞ്ഞ ദിവസം രാത്രി സാനിനയുടെ ബംജാര ഹില്‍സിലുള്ള വീട്ടിലെത്തിയ മുഹമ്മദ്‌ അഷ്‌റഫ്‌ ബലം പ്രയോഗിച്ച്‌ അകത്തുകയറി സാനിയയുടെ വിവാഹനിശ്ചിയം വേണ്ടെന്നു വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളം വയ്‌ക്കുകയായിരുന്നു. താന്‍ സാനിയയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും മുഹമ്മദ്‌ സാനിയയുടെ അച്‌ഛന്‍ ഇമ്രാന്‍ മിര്‍സയോട്‌ പറഞ്ഞു.

സിവില്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥിയായ മുഹമ്മദ്‌ അഷ്‌റഫ്‌ സാനിയയോട്‌ ഫോണ്‍ വഴി പ്രണയാഭ്യര്‍ഥന നടത്തുകയും തുടന്ന്‌്‌ വിവാഹം കഴിക്കണമന്ന്‌ ആവശ്യപ്പെട്ട ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. അതിനുശേഷമാണ്‌ വീട്ടിലെത്തി ബഹളം വച്ചത്‌. ഇമ്രാന്‍ മിര്‍സയുടെ പരാതിപ്രകാരം പോലീസ്‌ ബംജാര ഹില്‍സിിലെ വീട്ടില്‍ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരുന്നു.

ബാംഗ്ലൂരില്‍ വച്ച്‌ ആദ്യമായി സാനിയയെ നേരില്‍കണ്ട മുഹമ്മദ്‌ അഷ്‌റഫ്‌ പിന്നീട്‌ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും എസ്‌.എം.എസ്‌ സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തുകൊണ്ടിരുന്നു. സാനിയയുടെ വിവാഹം ഉറപ്പിച്ചതോടെ ഇയാളുടെ സ്വഭാവം മാറി. ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോണ്‍കോളുകള്‍. ഇതിനുശേഷമാണ്‌ ഇമ്രാന്‍ മിര്‍സ പോലീസില്‍ പരാതി നല്‍കിയത്‌.

പോലീസ്‌ നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്‌ത മുഹമ്മദ്‌ അഷ്‌റഫിനെ ഇന്ന്‌ ഹൈദരാബാദിലെ കോടതിയില്‍ ഹാജരാക്കി. ജൂലായ്‌ പത്തിനാണ്‌ സാനിയയുടെ വിവാഹനിശ്ചയം നടക്കുന്നത്‌.

Source: Mathrubhumi

തീവ്രവാദം സൃഷ്ടിച്ചതും വളര്‍ത്തിയതും പാകിസ്‌താന്‍:സര്‍ദാരി


ഇസ്ല്‌ളാമാബാദ്‌:ചെറിയ നേട്ടങ്ങള്‍ക്കായി ഭീകരവാദികളേയും തീവ്രവാദികളേയും സൃഷ്ടിച്ചതും ഊട്ടിവളര്‍ത്തിയതും പാകിസ്‌താനാണന്ന്‌ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി.

മുതിര്‍ന്ന സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു കൂടിക്കാഴ്‌ചയിലാണ്‌ സര്‍ദാരി ഇക്കാര്യം തുറന്നു പറഞ്ഞത്‌. സപ്‌തംബര്‍ 11 സംഭവത്തിന്‌ ശേഷം ആ തീവ്രവാദികള്‍ പാകിസ്‌താനെ വേട്ടയാടാന്‍ തുടങ്ങിയെന്നും സര്‍ദാരി പറഞ്ഞു.

തീവ്രവാദികളും ഭീകരവാദികളും പാകിസ്‌താനില്‍ ഉദയം ചെയ്‌തത്‌ ഭരണകൂടം ദുര്‍ബലമായതുകൊണ്ടല്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അവരെ ഉപയോഗിക്കുക എന്ന നയമായിരുന്നു പാകിസ്‌താന്‍ സ്വീകരിച്ചിരുന്നത്‌. ഈ യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. 9/11 ന്‌ ശേഷം അവര്‍ നമ്മെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ്‌ ഇന്നലെ വരെ ഹീറോകളായ അവര്‍ നമുക്ക്‌ തീവ്രവാദികളായത്‌. അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ പാകിസ്‌താന്‍ മുന്നില്‍ നില്‍ക്കണമെന്നും ഇത്തരം പുഴുക്കുത്തുകളെ സമൂഹത്തില്‍ നിന്നും ഇല്ലായ്‌മ ചെയ്യണമെന്നും സര്‍ദാരി ആവശ്യപ്പെട്ടു.

Source: Mathrubhumi

Friday, July 3, 2009

ഇരട്ട ഓസ്‌കറിന് പിന്നാലെ റഹ്മാന് വീണ്ടും അക്കാദമിയുടെ അംഗീകാരം


ഇരട്ടഓസ്‌കറിലൂടെ ലോക ചലച്ചിത്രവേദിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സംഗീതസാമ്രാട്ട് എ.ആര്‍.റഹ്മാന് വീണ്ടും ഓസ്‌കര്‍ അക്കാദമിയുടെ അംഗീകാരം. ലോകത്തെ വിശ്രുത ചലച്ചിത്രകാരന്മാര്‍ക്കൊപ്പം ഇനി ഓസ്‌കര്‍അക്കാദമിയില്‍ റഹ്മാനും അംഗം. റഹ്മാനടക്കം ചലച്ചിത്രരംഗത്ത് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 134 പേരെയാണ് 'അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്' അംഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

അക്കാദമിയില്‍ അംഗത്വമുള്ളവര്‍ക്കാണ് ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയത്തില്‍ വോട്ടവകാശം ലഭിക്കുക. അക്കാദമിയില്‍ വയസ്സന്മാര്‍മാത്രമാണുള്ളതെന്ന വിമര്‍ശത്തിനും ഇത്തവണത്തെ നോമിനേഷനോടെ അറുതിവരും. '40'ല്‍താഴെ പ്രായമുള്ള ഒട്ടേറെ പ്രതിഭകളെ ഇത്തവണ അക്കാദമിയില്‍ അംഗമാക്കിയിട്ടുണ്ട്.

റഹ്മാനെക്കൂടാതെ 'സ്ലം ഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനിയല്‍ ബോയ്ല്‍, ഛായാഗ്രാഹകന്‍ ആന്റണി ഡോഡ് മാന്റിന്‍, എഡിറ്റര്‍ ക്രിസ്ത്യന്‍ കോള്‍സണ്‍ എന്നിവരും ഇത്തവണ അക്കാദമി അംഗത്വത്തിനുള്ള ക്ഷണം നേടി. ഹ്യൂജാക്മാന്‍, സേത്ത്‌റോഗന്‍, ജയിംസ്ഫ്രാങ്കോ, നടി ആന്‍ ഹാത്ത്‌വെ, സംഗീതജ്ഞന്‍ പീറ്റര്‍ ഗബ്രിയേല്‍ എന്നിവരും അംഗത്വം തേടിയവരില്‍പ്പെടുന്നു. ഇതോടെ അക്കാദമിയുടെ മൊത്ത അംഗസംഖ്യ ആറായിരം കവിഞ്ഞു.

Source: Mathrubhumi

ക്യാറ്റ് ഇനി കംപ്യൂട്ടര്‍വഴി


ഐഐഎം ക്യാറ്റ് ഇനി കംപ്യൂട്ടര്‍വഴി മാത്രം

ബിസിനസ് മാനേജ്മെന്റ് മികവേറിയ കരിയറായി അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. ഉയര്‍ന്ന വേതനം, ജോലിക്കുള്ള മതിപ്പ് എന്നിവയ്ക്കുപരി പ്രഫഷനല്‍ വെല്ലുവിളികളെ നേരിടാനുള്ള അവസരങ്ങളുടെ സമൃദ്ധിയും മാനേജ്മെന്റ് പഠനം സമര്‍ഥരായ യുവജനങ്ങളെ ആകര്‍ഷിക്കുന്നു.
മാനേജ്മെന്റ് യോഗ്യതയുടെ കാര്യത്തില്‍ എടുത്തുപറയേണ്ട ഒരു സവിശേഷതയുണ്ട് - നാം പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ പ്രാധാന്യം. മികച്ച ബിസിനസ് സ്കൂളുകളില്‍ നിന്നു യോഗ്യത നേടുന്നവര്‍ക്ക് ക്യാംപസ് സിലക്ഷന്‍ നല്‍കാന്‍ നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ മത്സരിച്ചു തിരക്കുകൂട്ടുമ്പോള്‍, മതിപ്പില്ലാത്ത സ്കൂളുകളില്‍ നിന്നു കിട്ടിയ എംബിഎ സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി അലയുന്നവരേറെ. നല്ല ബിസിനസ് സ്കൂളുകളില്‍ത്തന്നെ പ്രവേശനം സമ്പാദിക്കേണ്ടതിലേക്ക് ഇക്കാര്യം വിരല്‍ ചൂണ്ടുന്നു. ഇങ്ങനെ പ്രവേശനം ലഭിക്കണമെങ്കില്‍ കടുത്ത മത്സരമുള്ള പ്രധാന പരീക്ഷയില്‍ മികവു തെളിയിച്ചേ മതിയാവൂ. പല പ്രമുഖ പ്രസിദ്ധീകരണങ്ങളും വര്‍ഷം തോറും ബിസിനസ് സ്കൂളുകളുടെ റാങ്കിങ് പ്രസിദ്ധീകരിക്കാറുള്ളതു ശ്രദ്ധിക്കുക. ആഗോളതലത്തിലും ഇത്തരം റാങ്കിങ്ങിനു പ്രചാരമുണ്ട്.

ഇന്ത്യയിലെ ബിസിനസ് സ്കൂളുകളില്‍ മികവിന്റെ പര്യായമായി ഗണിക്കപ്പെടുന്നവയാണ് ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒാഫ് മാനേജ്മെന്റ്). അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ലക്നൌ, ഇന്‍ഡോര്‍, കോഴിക്കോട്, ഷില്ലോങ് എന്നീ സ്ഥലങ്ങളിലാണ്

ഐഐഎം നിലവിലുള്ളത്. വൈകാതെ ഏതാനും പുതിയ ഐഐഎം രൂപം കൊള്ളുന്നതിനും സാധ്യതയുണ്ട്.

ക്യാറ്റിന്റെ കഥ
ഐഐഎം പ്രവേശനത്തിനായി അനുവര്‍ഷം നടത്തിവരുന്ന പൊതുപരീക്ഷ (ങ്കക്കസ്സ: കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) മത്സരപരീക്ഷകളുടെ ഗണത്തില്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയമാണ്. കിടമത്സരമുള്ള ഇൌ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് സമ്പാദിക്കണമെങ്കില്‍ അതീവ ശ്രദ്ധയോടെ ചിട്ടയൊപ്പിച്ചു പരിശീലിച്ചേ മതിയാകൂ. ഇൌ രംഗത്തു പരിശീലനം നല്‍കുന്ന വിദഗ്ധരുടെ സഹായമുണ്ടെങ്കില്‍ എഴുത്തുപരീക്ഷയിലെന്നപോലെ ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയിലും മികവു കാട്ടുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും. ഏതു മത്സരത്തിലും നല്ല നിലയില്‍ ജയിക്കണമെങ്കില്‍ അതിന്റെ സാങ്കേതികവശങ്ങള്‍ ഗ്രഹിച്ച്, അനുരൂപമായ തന്ത്രങ്ങള്‍ സ്വായത്തമാക്കണം.

ഐഐഎം ക്യാറ്റിന്റെ കാര്യത്തില്‍ ഇക്കാര്യത്തിനു പ്രസക്തിയേറെ. പരീക്ഷ കഠിനമെന്നു കരുതാതെ സമര്‍പ്പണബുദ്ധിയോടെ ശാസ്ത്രീയമായി പരിശീലിച്ചു പോകുന്നവരാണ് ഉയര്‍ന്ന റാങ്ക് നേടാറുള്ളത്. കഴിഞ്ഞ 33 വര്‍ഷമായി പേപ്പര്‍ - പെന്‍സില്‍ ശൈലിയിലാണ് ക്യാറ്റ് നടന്നുവരുന്നത്. അപേക്ഷകരുടെ സംഖ്യ പെരുകുന്നതോടെ ഇൌ രീതി ഫലപ്രദമായി നടത്തുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. 2003ല്‍ 95,000 അപേക്ഷകര്‍ മാത്രമുണ്ടായിരുന്നത് 2008ല്‍ രണ്ടര ലക്ഷമായി ഉയര്‍ന്നതോര്‍ക്കുക.

ഇൌ ബുദ്ധിമുട്ടിനെ മറികടക്കാന്‍ ക്യാറ്റിന് സിബിറ്റി (കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്) ശൈലി വേണമെന്നു തീരുമാനിച്ചു. ഇതേ രീതിയില്‍ പല പരിഷ്കാരങ്ങളും ഐഐഎം പ്രവേശനക്കാര്യത്തില്‍ പണ്ടും സ്വീകരിച്ചിട്ടുണ്ട്. 1960കളുടെ ഒടുവിലാണ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. എഴുപതുകളിലാകട്ടെ, പല ഐഐഎമ്മുകളിലെ പ്രവേശനത്തിനു പൊതുവായ പരീക്ഷ എന്ന രീതി നടപ്പിലാക്കി. എണ്‍പതുകളിലെ പരിഷ്കാരമാണ് മനുഷ്യനു പകരം കംപ്യൂട്ടര്‍, പരീക്ഷക്കടലാസ് നോക്കി മൂല്യനിര്‍ണയം ചെയ്യുന്ന ഒഎംആര്‍ (ഒാപ്ടിക്കല്‍ മാര്‍ക്ക് റീഡിങ് / റെക്കഗ്നിഷന്‍) സമ്പ്രദായം ആവിഷ്കരിച്ചത്.

ഇൌ വര്‍ഷത്തെ ക്യാറ്റ് കംപ്യൂട്ടര്‍ രീതിയിലായിരിക്കും. കടലാസും പെന്‍സിലും ഉപയോഗിച്ച് ഉത്തരമടയാളപ്പെടുത്തുന്ന രീതി പിന്‍തള്ളിക്കഴിഞ്ഞു. ആഗോളതലത്തില്‍ ബിസിനസ് സ്കൂള്‍ പ്രവേശനത്തിന് ഉപയോഗിച്ചുവരുന്ന ജിമാറ്റ്, ഗ്രാജുവേറ്റ് സ്കൂള്‍ പ്രവേശനത്തിനുള്ള ജിആര്‍ഇ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വിലയിരുത്തുന്ന ടോഫല്‍ തുടങ്ങിയ പല പരീക്ഷകളും ഇപ്പോള്‍ കംപ്യൂട്ടര്‍ രീതിയെയാണ് ആശ്രയിക്കുന്നത്.

ജിആര്‍ഇ, ടോഫല്‍ മുതലായ പല പരീക്ഷകളും ആഗോളതലത്തില്‍ നടത്തിവരുന്ന ഇറ്റിഎസിന് (എജ്യൂക്കേഷനല്‍ ടെസ്റ്റിങ് സര്‍വീസ്) ആയിരിക്കും ഐഐഎം ക്യാറ്റിന്റെ ചുമതല. വിശദാംശങ്ങള്‍ വൈകാതെ വിജ്ഞാപനം ചെയ്യും. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഒരു സാധ്യത മനസ്സില്‍ വയ്ക്കാം. എല്ലാ അപേക്ഷകര്‍ക്കും ഒരേ ചോദ്യങ്ങളാകണമെന്നില്ല മേലില്‍ പരീക്ഷയ്ക്കു കിട്ടുക. കംപ്യൂട്ടര്‍ അഡാപ്റ്റീവ് ടെസ്റ്റ് ശൈലി സ്വീകരിക്കുന്നപക്ഷം ഒാരോരുത്തരും നല്‍കുന്ന ഉത്തരങ്ങളുടെ നിലവാരം പരിഗണിച്ച്, യോജിച്ച ചോദ്യങ്ങള്‍ ഒാരോന്നായി കംപ്യൂട്ടര്‍ തിരഞ്ഞെടുത്തു നല്‍കുന്ന രീതി. ഇതാണ് ഐഐഎം ക്യാറ്റില്‍ വരുന്നതെങ്കില്‍ അതിനെ നേരിടാനുള്ള വിശേഷ തന്ത്രങ്ങളും നന്നായി പരിശീലിക്കേണ്ടതുണ്ട്.

ഐഐഎമ്മുകള്‍ക്കുമപ്പുറം
ക്യാറ്റ് സ്കോര്‍ ആധാരമാക്കി നിലവിലുള്ള ഏഴ് ഐഐഎമ്മുകളിലെയും ഇൌ വര്‍ഷം തുടങ്ങിയേക്കാവുന്ന പുതിയ ഐഐഎമ്മുകളിലെയും പ്രവേശനം തീരുമാനിക്കുമെന്നു തീര്‍ച്ച. പക്ഷേ ഇവയ്ക്കു പുറമേ നൂറോളം പ്രമുഖ ബിസിനസ് സ്കൂളുകളും സാധാരണമായി ക്യാറ്റ് സ്കോര്‍ നോക്കിയാണ് സിലക്ഷന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കാറുള്ളത്. ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ മുതലായവ അതതു സ്കൂളുകള്‍ നടത്തുമെങ്കിലും നല്ല ക്യാറ്റ് സ്കോറുള്ളവരെ മാത്രമാവും ഇവയിലേക്കു പരിഗണിക്കാനായി ഷോര്‍ട് ലിസ്റ്റ് ചെയ്യുക.

ഇത്തരത്തില്‍ 2008ലെ സിലക്ഷന് ക്യാറ്റ് സ്കോര്‍ പ്രയോജനപ്പെടുത്തിയ ഏതാനും സ്ഥാപനങ്ങളുടെ പേര്‍ കാണുക.

അമൃത കോയമ്പത്തൂര്‍, ഭാരതീദാസന്‍ തിരുച്ചിറപ്പള്ളി, എഫ്എംഎസ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഫോര്‍ സ്കൂള്‍ ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫൈനാന്‍സ് ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറസ്റ്റ് മാനേജ്മെന്റ് ഭോപ്പാല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോളിയം മാനേജ്മെന്റ് ഗാന്ധിനഗര്‍, കെ.ജെ. സോമയ്യ മുംബൈ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ഡല്‍ഹി, മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗുഡ്ഗാവ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്ക് മാനേജ്മെന്റ് പുണെ, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി കോഴിക്കോട് / തിരുച്ചിറപ്പള്ളി, എസ്പി ജെയിന്‍ മുംബൈ, ടി.എ. പൈ മണിപ്പാല്‍.

ഇൌ ലിസ്റ്റില്‍ ചില മാറ്റങ്ങള്‍ ഇക്കുറി വന്നേക്കാമെങ്കിലും ഐഐഎമ്മുകളോടൊപ്പം നിരവധി മികച്ച ബിസിനസ് സ്കൂളുകളിലേക്കും കടക്കാനുള്ള പാസ്പോര്‍ട്ടായ ക്യാറ്റ്, ഗൌരവത്തോടെ നോക്കിക്കാണുന്നവര്‍ പരീക്ഷാവിഷയങ്ങളില്‍ പ്രാവീണ്യമാര്‍ജിക്കുന്നതോടൊപ്പം പുതിയ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റിന്റെ സങ്കേതങ്ങളും സ്വായത്തമാക്കേണ്ടതുണ്ട്.

Source: Malayala Manorama

കേരളത്തില്‍നിന്ന് 2.14 ലക്ഷം ന്യൂനപക്ഷ സ്കോളര്‍ഷിപ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷന്‍ വരെയുള്ളത്, മെട്രിക്കുലേഷനു ശേഷമുള്ളത്, പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കുള്ളത് എന്നിങ്ങനെ മൂന്നു സ്കീമുകളിലായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. വരുമാനപരിധിയുണ്ട്.

കേരളത്തിലെ മുസ്ലിം - ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിക്കും.

1. മെട്രിക്കുലേഷന്‍ വരെയുള്ളത്: സര്‍ക്കാര്‍ - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുമുതല്‍ പത്താം ക്ളാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തലേവര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്ക്ക് 50% മാര്‍ക്ക് നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. സ്കോളര്‍ഷിപ്പുകളുടെ 30% പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കേരളത്തില്‍നിന്നു 91,300 (മുസ്ലിം), 70,290 (ക്രിസ്ത്യന്‍) എന്നിങ്ങനെ എണ്ണം വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് ഈ വിഭാഗത്തില്‍ 46,347 പേര്‍ സ്കോളര്‍ഷിപ്പ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ക്കും ഇത്തവണ അപേക്ഷിക്കാം.

2. മെട്രിക്കുലേഷനു ശേഷം: പത്താം ക്ളാസ് പഠനം പൂര്‍ത്തിയായി ടെക്നിക്കല്‍ - പ്രഫഷനല്‍ കോഴ്സ് ഒഴികെയുള്ള കോഴ്സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തലേവര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്ക്ക് 50% മാര്‍ക്ക്

നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. 30% പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 51,415 പേര്‍ക്കു സ്കോളര്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞതവണ 13,018 പേര്‍ക്കാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് ഇത്തവണ പുതുക്കാന്‍ അപേക്ഷ നല്‍കാം.

3. പ്രഫഷനല്‍ കോഴ്സുകള്‍ക്ക്: ടെക്നിക്കല്‍ - പ്രഫഷനല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയ്ക്ക് 50% മാര്‍ക്ക് നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. 30% സ്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 1469 പേര്‍ക്കു സ്കോളര്‍ഷിപ്പ് ലഭിക്കും.

സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോമും www.minorityaffairs.gov.in. എന്ന വെബ്സൈറ്റില്‍നിന്നോ വിദ്യാഭ്യാസ വകുപ്പില്‍നിന്നോ ലഭിക്കും.

Source: Malayala Manorama

മികച്ച എന്‍ജിനീയറിങ് കോളജുകളെ തിരഞ്ഞെടുത്തു


സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ജിനീയറിങ് കോളജുകളായി തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിനെയും കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയെയും കോഴിക്കോട്ടെ റീജനല്‍ എന്‍ജിനീയറിങ് കോളജ്(എന്‍ഐടി) പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍(റെക്കാനിറ്റ്) കൊച്ചി ചാപ്റ്റര്‍ തിരഞ്ഞെടുത്തു.

തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ്, കൊല്ലം ടികെഎം, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, കോതമംഗലം എംഎ എന്നിവയാണു മികച്ച (സര്‍ക്കാര്‍/എയ്ഡഡ് വിഭാഗം ) കോളജുകള്‍. സ്വാശ്രയ വിഭാഗത്തില്‍ മികച്ച എന്‍ജിനീയറിങ് കോളജുകളായി വിലയിരുത്തപ്പെട്ടതു കാക്കനാട്ടെ രാജഗിരി സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, കറുകുറ്റിയിലെ എസ്സിഎംഎസ് സ്കൂള്‍ ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയാണ്.

ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ മുന്‍ചെയര്‍മാന്‍ പ്രഫ. എ. ശ്രീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണു കോളജുകളുടെ പ്രകടനം വിലയിരുത്തി റേറ്റിങ് നിര്‍ണയിച്ചതെന്നു റെക്കാനിറ്റ് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഫിലിപ് അറിയിച്ചു. സംസ്ഥാനത്തു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും എയ്ഡഡ്, സ്വാശ്രയ മേഖലകളിലുള്ളതുമായ എണ്‍പത്തഞ്ചോളം എന്‍ജിനീയറിങ് കോളജുകളെയാണു റേറ്റിങ്ങിനു പരിഗണിച്ചത്. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തെയും സ്വാശ്രയ കോളജുകളെയും

പ്രത്യേകം പരിഗണിച്ച് ഏറ്റവും മികച്ചത്, മികച്ചത്, തൃപ്തികരം എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലായാണു റേറ്റിങ് നല്‍കിയിരിക്കുന്നത്.

അടിസ്ഥാന സൌകര്യം, അധ്യാപനം, പൊതുപ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ റാങ്ക് അടക്കമുള്ള വിവരങ്ങള്‍, വിജയശതമാനം, അക്രെഡിറ്റേഷന്‍ - സര്‍ട്ടിഫിക്കേഷന്‍, പ്ളേസ്മെന്റ് മികവ് തുടങ്ങി 10 മേഖലകള്‍ വിശദമായി അപഗ്രഥിച്ചായിരുന്നു റേറ്റിങ്ങെന്നു ജോസഫ് ഫിലിപ് അറിയിച്ചു. കര്‍ശനമായ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാണു റേറ്റിങ് പൂര്‍ത്തിയാക്കിയതെങ്കിലും കോളജുകള്‍ സന്ദര്‍ശിക്കാനായില്ലെന്ന പോരായ്മയുണ്ടെന്നു സമിതിക്കു നേതൃത്വം നല്‍കിയ പ്രഫ. ശ്രീധരന്‍ വെളിപ്പെടുത്തി. റേറ്റിങ് സംബന്ധിച്ച വിശദാംശങ്ങള്‍ www.reccaanit.org. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Source : MalayalaManorama