Tuesday, December 29, 2009

മൊഴികളെടുക്കാന്‍ എന്തെളുപ്പം!

ഒപറേഷന്‍ മഅ്ദനി-2 / വിജു വി. നായര്‍

യു.ഡി.എഫ് ചെയ്ത സഹായങ്ങള്‍ മറന്ന നന്ദികെട്ട വര്‍ഗമാണ് പി.ഡി.പിയെന്നും ഒരു പാഠം പഠിപ്പിക്കുമെന്നുമുള്ള പ്രചാരണം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുമ്പോഴാണ് ഹലീം എന്നയാളെ കോഴിക്കോട് സ്ഫോടനക്കേസില്‍ പ്രതിയായി കസ്റ്റഡിയിലെടുക്കുന്നത്. മഅ്ദനിയുടെ ബോഡിഗാഡായിരുന്നു ഹലീമെന്ന് ഉടനടി പ്രചാരണം തുടങ്ങുന്നു. ഇത്തരം കേസുകളുണ്ടാകുന്ന നിമിഷം ഇമ്മാതിരി പ്രചാരണങ്ങള്‍ കേരളത്തില്‍ സ്ഥിരംപംക്തിയായിട്ടുണ്ട്. ആരെ എവിടെ പൊക്കിയാലും അയാള്‍ക്കൊരു മഅ്ദനികണക്ഷന്‍ അശരീരി കണക്കെ പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങള്‍ പറയുക, 'പൊലീസിന്റെ വിവരം' എന്നാണ്. പൊലീസുകാര്‍ ഔദ്യോഗികമായി ഇങ്ങനെയൊരു 'വിവരം' പ്രഖ്യാപിക്കാറുമില്ല. ചുരുക്കത്തില്‍ പ്രചാരണാര്‍ഥികളുടെ ഉദ്ദിഷ്ടകാര്യം ഒരു ചോദ്യോത്തരങ്ങളുമില്ലാതെ 'വസ്തുനിഷ്ഠവിവരം' എന്ന ലേബലില്‍ ചുളുവില്‍ പ്രചരിക്കുന്നു. ഹലീമിന്റെ കാര്യത്തില്‍ ഈ തട്ടിപ്പിനൊരു ആധികാരികത പകരാന്‍ ഹലീം നല്‍കിയ മൊഴിയുടെ രേഖ എന്ന മട്ടില്‍ ചാനലുകള്‍ ഒരു കടലാസ് പ്രദര്‍ശിപ്പിക്കുന്നു. എറണാകുളത്ത് കമീഷണര്‍ മനോജ് എബ്രഹാമിന്റെ പത്രസമ്മേളനം. 'പ്രതിക്ക് ആദ്യകാലത്ത് പി.ഡി.പി ബന്ധമുണ്ടായിരുന്നു' എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. മഅ്ദനിയുമായി അയാള്‍ക്ക് ബന്ധമില്ലെന്ന് കമീഷണറുടെ മന്ത്രി കോടിയേരിയും പ്രഖ്യാപിക്കുന്നു. പക്ഷേ, ചാനലുകള്‍ക്ക് അതൊന്നും പ്രശ്നമല്ല^നാലഞ്ചു ദിവസത്തേക്കുള്ള ചര്‍ച്ചക്ക് പറ്റിയ വിഭവമായി ഹലീമിന്റെ മഅ്ദനിബന്ധം. ശ്രദ്ധിക്കണം, ഹലീംപോലുമല്ല ഇവിടെ ഫോക്കസില്‍, മഅ്ദനി തന്നെയാണ്. ഈ ആഘോഷത്തിമിര്‍പ്പിലാണ് കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയവുമായി നിയമസഭയിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 'ഇന്ത്യാവിഷനി'ലും പ്രത്യക്ഷപ്പെടുന്നത്. നമ്മള്‍ കോയമ്പത്തൂരില്‍ ഒരു ഡോസ് കൊടുക്കുമെന്ന് മഅ്ദനി പറഞ്ഞതായി കശ്മീര്‍കേസിലെ പുള്ളിയായ സത്താര്‍ഭായ് പറഞ്ഞെന്നും സത്താറാണ് കോയമ്പത്തൂരിലേക്ക് വേണ്ട സ്ഫോടകവസ്തുക്കള്‍ തരപ്പെടുത്തിക്കൊടുത്തതെന്നും കെ. ബാബു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ റഡാറില്‍ തെളിയുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്, കശ്മീരില്‍ കൊല്ലപ്പെട്ട നാലുപേരും മഅ്ദനിയുടെ വീട്ടില്‍ അത്താഴം കഴിച്ചിട്ടാണ് കശ്മീരിലേക്ക് വണ്ടികയറിയത്. രണ്ട്, അതിനുമുമ്പ് ഇവര്‍ കരുനാഗപ്പള്ളിയിലെ മഅ്ദനിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയിരുന്നു. മൂന്ന് കോയമ്പത്തൂരിലേക്കുള്ള ബോംബുകള്‍ ഹലീമിനെക്കൊണ്ട് മഅ്ദനി കോട്ടക്കല്‍വെച്ച് ഉണ്ടാക്കിച്ചതാണ്.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ഈ കണ്ടെത്തലുകള്‍ക്ക് തല്‍സമയം ഫോണിലൂടെ മഅ്ദനി ചാനലില്‍ കൊടുത്ത മറുപടിയും നമ്മള്‍ കേട്ടു: 1) കശ്മീര്‍ കേസിലെ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധമുണ്ടെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കണ്ടെത്തിയ തെളിവു തന്നാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം, ഏതു ജയിലിലേക്കും തന്നെ കൊണ്ടുപോകാം. മറിച്ച്, അതിനു കഴിയാത്തപക്ഷം ബാബു എം.എല്‍.എ സ്ഥാനം രാജിവെക്കുമോ? 2) തന്റെ മാതാപിതാക്കളെ അവര്‍ സന്ദര്‍ശിച്ചു എന്നതിന് തെളിവോ ആരുടെയെങ്കിലും മൊഴിയോ ചൂണ്ടിക്കാണിക്കാമോ? 3) ഇന്ത്യയിലെ ഏറ്റവും വലിയ സ്ഫോടന കേസായ കോയമ്പത്തൂര്‍ സംഭവത്തിന്റെ ദീര്‍ഘമായ കുറ്റപത്രത്തില്‍ ബോംബുകളുടെ ഏതെങ്കിലും ഭാഗം കേരളത്തില്‍ നിര്‍മിച്ചതാണെന്നു പറഞ്ഞിട്ടുണ്ടോ? ഇത്തരം നികൃഷ്ടമായ നുണകള്‍ വിളിച്ചുപറയുന്നത് മറ്റാര്‍ക്കെങ്കിലും എതിരെയായിരുന്നെങ്കില്‍ ബാബുവിന്റെ കാലു തല്ലിയൊടിക്കുമായിരുന്നു^പി.ഡി.പിക്ക് അക്രമത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ അതു ചെയ്യാത്തത്.

ചാനല്‍ അവതാരകന്‍ ഈ മറുപടിക്കെന്തു പറയാനുണ്ടെന്ന് തിരക്കിയതോടെ ബാബു ഉരുണ്ടു^ഇതെല്ലാം താന്‍ പത്രത്തില്‍ വായിച്ചതാണെന്നും പത്രങ്ങളില്‍ വിശ്വാസമുണ്ടെന്നുമായി തരികിട. പക്ഷേ, ചാനല്‍ ഗീര്‍വാണത്തിലേറ്റ ക്ഷതം എം.എല്‍.എയുടെ ക്ഷോഭം കൂട്ടിയതായാണ് തുടര്‍ന്നുള്ള വിവരങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് പ്രമുഖരോട് ഇനി എല്ലാ കരുക്കളും നീക്കി മഅ്ദനിയെ പൂട്ടുമെന്നായി പരസ്യമായ ഭീഷണി. കെ. ബാബു ഒരുദാഹരണം മാത്രം. വലിയ യു.ഡി.എഫ് പ്രമാണികള്‍ നടത്തിയ കരുനീക്കളുടെ ഒരു ചെറു കണ്ണി. അതെന്തായാലും കളിയുടെ അടുത്ത എപ്പിസോഡ് ഉടനെ അരങ്ങേറുന്നു.

പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുപക്ഷത്തെ പിന്തുണച്ചതിലുള്ള അമര്‍ഷം മൂര്‍ച്ഛിച്ച മറുപക്ഷ പ്രമാണികളും ഇടതുവിരുദ്ധ മാധ്യമങ്ങളും ചേര്‍ന്ന് കളമശേãരി കേസില്‍ സൂഫിയയെ മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രചാരണം ശക്തമാക്കുന്നു. കുറ്റപത്രത്തില്‍ മജീദിനെ മുമ്പ് പീഡിപ്പിച്ച് എഴുതിവെച്ച മൊഴി ചാനലുകളിലൂടെ പുറത്തുവിടുന്നു. പൊലീസ് ചോര്‍ത്തിക്കൊടുക്കുന്ന ഇത്തരം വാര്‍ത്തകളുടെ മാധ്യമഭാഷയാണ് ഇക്കാലത്ത് 'എക്സ്ക്ലൂസീവ്'. മാധ്യമപ്രവര്‍ത്തനത്തില്‍ ലോവര്‍ പ്രൈമറി വകതിരിവെങ്കിലുമുള്ളവര്‍ ഇതിനെ വിളിക്കുക 'പ്ലാന്റഡ് സ്റ്റോറി' എന്നാണ്. സ്ഥാപിത താല്‍പര്യക്കാര്‍ പത്രക്കാരുടെ ചെലവില്‍ കൃത്രിമമായി നട്ടുവളര്‍ത്തുന്ന ഇനം. ഈ വിടുപണിക്ക് സര്‍വാത്മനാ തയാറുള്ള ചാനല്‍സംഘം നില്‍ക്കെ, പൊലീസുകാരുടെ പണി എളുപ്പമാവുന്നു. ആ വഴിക്ക് കിളിപ്പിച്ചെടുത്തതാണ് മജീദിന്റെ പഴയമൊഴി പുതിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പരിപാടി. ഈ നേരത്താണ് മൊഴിക്കു പിന്നിലെ കള്ളത്തരത്തെപ്പറ്റി സാക്ഷാല്‍ മജീദ് 'കൈരളി'ചാനലിന് അഭിമുഖം കൊടുക്കുന്നത്. പക്ഷേ, 'കൈരളി' ഭരണകക്ഷി ചാനലായതുകൊണ്ട് അത് തമസ്കരിക്കപ്പെടുന്നു. തങ്ങള്‍ക്കാവശ്യമുള്ളതു മാത്രം പ്രചരിപ്പിക്കാന്‍ നമ്മുടെ ചാനല്‍വര്‍ഗത്തെ ആരും പഠിപ്പിക്കേണ്ടതില്ല.

ഈ 'വാര്‍ത്താ'കോലാഹാലത്തിനിടയില്‍ അതാ വരുന്നു, ആലുവ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഹരജി^കളമശേãരി കേസ് പുനരന്വേഷിക്കണമെന്ന് പി.ഡി. ജോസഫ് എന്ന പൌരന്റെ ആവശ്യം. ഈ പൌരന്റെ പശ്ചാത്തലവും ഹരജിയില്‍ അദ്ദേഹം നിരത്തിയ 'തെളിവുകളു'ം മറ്റൊരു കഥയാണ്, അതു നില്‍ക്കട്ടെ. പുനരന്വേഷണം തുടങ്ങി. പിന്നാലെ മെയ് 13, 14 തീയതികളില്‍ ഭീകരവിരുദ്ധ സംഘത്തലവന്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സൂഫിയയെ വിശദമായി ചോദ്യംചെയ്യുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ജേക്കബ് കണ്ണൂര്‍ ജയിലിലും ആലുവ സബ്ജയിലിലുമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നു. രണ്ടുപേര്‍ക്കും സൂഫിയയെ പ്രതിചേര്‍ക്കാനുള്ള തെളിവോ മൊഴിയോ കിട്ടുന്നില്ല. സുനില്‍ ജേക്കബിന് പകരം പി.എം. വര്‍ഗീസ് അന്വേഷണച്ചുമതലയേല്‍ക്കുന്നു. അദ്ദേഹവും സൂഫിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ചൊന്നും കിട്ടാതെ കേസുകെട്ട് പഴയ മട്ടില്‍ വീണ്ടും കിടപ്പായി.

അങ്ങനെയിരിക്കെ കേരളത്തിലെ തീവ്രവാദകേസുകള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാജു പുഴങ്കര എന്നയാള്‍ ഹൈകോടതിയില്‍ റിട്ട് പരാതി നല്‍കുന്നു. അതിന്മേല്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് ഭീകരവിരുദ്ധ സ്ക്വാഡിനോട്. അവര്‍ രണ്ടു കേസുകളാണ് തീവ്രവാദപ്പട്ടികയില്‍ നല്‍കിയത്^കോഴിക്കോട് ഇരട്ട സ്ഫോടനവും കശ്മീരില്‍ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതും. കളമശേãരി കേസ് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുന്നതല്ലെന്നും വ്യക്തമാക്കി. മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആക്രമിക്കപ്പെട്ടതിലുള്ള യുവാക്കളുടെ പ്രതിഷേധപ്രകടനമായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍, സൂഫിയ മഅ്ദനിയെ പ്രതിയാക്കാന്‍ നടത്തിയ പലവിധ ശ്രമങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ ഫലവത്തായില്ല. ഇലക്ഷനില്‍ മഅ്ദനിയുടെ പിന്തുണ ഇടതുപക്ഷത്തിനായതുകൊണ്ട് കോടിയേരിയുടെ പൊലീസ് സൂഫിയയെ സംരക്ഷിച്ചെന്ന് യു.ഡി.എഫും പൊലിസിന് തെളിവില്ലാത്തതുകൊണ്ട് പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഇടതുസര്‍ക്കാറും അവരവരുടെ ന്യായം പറഞ്ഞ് പ്രശ്നം സജീവമായി നിലനിര്‍ത്തി. ഇനിയാണ് കൂടുതല്‍ സമര്‍ഥമായ കളി.

മറ്റു ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനെന്ന് പറഞ്ഞ് പി.ഡി.പിയുടെ ചില ജില്ലാ നേതാക്കളെയും പോഷക സംഘടനാനേതാക്കളെയും കഴിഞ്ഞ ആഗസ്റ്റില്‍ എറണാകുളം പൊലീസ്ക്ലബിലേക്ക് വിളിപ്പിക്കുന്നു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നതിനിടെ 'നിന്റെയൊക്കെ നേതാവിനെ ഞങ്ങള്‍ കുടുക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ചാകും ഇനി അഴിയെണ്ണുക, ചില്ലുകൊട്ടാരങ്ങള്‍ക്ക് ഞങ്ങള്‍ ഉടനെ കല്ലെറിയും; അപ്പോള്‍ ആരുടെയൊക്കെ പ്രതിച്ഛായയാണ് തകരുന്നതെന്ന് കണ്ടോളൂ' ഇത്യാദി ഭീഷണികള്‍ പലവട്ടം പലരോടും മുഴക്കി. ഇക്കൂട്ടത്തില്‍, 'നിനക്കൊക്കെ മറ്റു വല്ല പാര്‍ട്ടിയിലും പോയി പ്രവര്‍ത്തിച്ചുകൂടേ?' എന്ന ചോദ്യവുമുണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ വേണ്ടി വിളിപ്പിക്കപ്പെട്ടവര്‍ കളമശേãരി കേസിലോ മറ്റേതെങ്കിലും കേസിലോ ബന്ധപ്പെട്ടവരല്ല. ഇംഗിതം വ്യക്തമായിരുന്നു^മഅ്ദനിയെ കുടുക്കാന്‍ പോകുന്നു എന്ന ഭീഷണി വഴി പിന്തുണക്കാരെ ഭയപ്പെടുത്തി അകറ്റുക. അന്തരീക്ഷം ഒരുക്കിയശേഷം ആസൂത്രണം നടപ്പാക്കുക എന്ന ലളിതതന്ത്രം. മാധ്യമങ്ങള്‍ മുഖേന ഭീകരചിത്രം വരക്കുകയും അനുയായികളില്‍ ഭയം വിതറുകയും ചെയ്തിട്ട് കാര്യത്തിലേക്ക് കടക്കുക.
കാര്യപരിപാടിയിലെ തൊട്ടടുത്ത ഇനം ആ തന്ത്രംവ്യക്തമാക്കുന്നതാണ്. അതേക്കുറിച്ച് നാളെ.
(തുടരും)

Madhyamam Daily

No comments:

Post a Comment