ഓപറേഷന്‍ മഅ്ദനി-4 / വിജു വി. നായര്‍
കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഘടകത്തില്‍ ഇപ്പോള്‍ തര്‍ക്കവും ഒച്ചപ്പാടും നടക്കുന്ന മജീദ് പറമ്പായിയുടെ കാര്യമാണ് ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളിലൊന്ന്. ഒരു തീവ്രവാദക്കേസിലും പ്രതിയല്ല ഇയാള്‍. മുമ്പ് പി.ഡി.പിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രാദേശികമായ ചില ഭിന്നതകളില്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കളമശേãരി സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കേസില്‍ പ്രതിയാക്കപ്പെട്ടയുടനെ വന്ന പത്രവാര്‍ത്തകള്‍ തന്നെ സംഭവസമയത്ത് മജീദ് കണ്ണൂരില്‍ മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിലായിരുന്നെന്നും നിരപരാധിയാണെന്നുമാണ്. സൂഫിയയെ കേസില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി അവരുടെ കോള്‍ലിസ്റ്റ് ആയുധമാക്കിയതും മജീദുമായി അവര്‍ സംസാരിച്ച വിവാഹക്കാര്യത്തെപ്പറ്റിയും നേരത്തേ സൂചിപ്പിച്ചു. പില്‍ക്കാലത്ത് വീണ്ടും പി.ഡി.പിയിലായ മജീദിനെ ഒരു നഴ്സറി സ്കൂള്‍ അധ്യാപികയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ചില്ലറ ഒച്ചപ്പാടൊക്കെയുണ്ടായപ്പോള്‍ പുറത്താക്കി. ഈ ഒച്ചപ്പാടിന്റെ പേരില്‍ രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനിന്ന മജീദിനെ പിന്നീട് കണ്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഅ്ദനി വിരുദ്ധ പ്രചാരണം നടത്തുന്ന യു.ഡി.എഫുകാരനായിട്ടാണ്. ആയിടെത്തന്നെ സൂഫിയക്കെതിരെ പറയാന്‍ പൊലീസ് ഇയാളെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് കുടുംബം പരാതിപ്പെടുന്ന വാര്‍ത്തവരുന്നു. തുടര്‍ന്നാണ് മലപ്പുറത്തുവെച്ച് മജീദ് നേരിട്ട് കൈരളി ചാനലിന് അഭിമുഖം കൊടുക്കുന്നത്. അവിടെവെച്ച് പി.ഡി.പിയുടെ വിദ്യാര്‍ഥിവിഭാഗം നേതാവായ സുബൈര്‍ വെട്ടിയാനിക്കലിനോട് തന്റെ പീഡനവും തകര്‍ന്ന ആരോഗ്യത്തിന്റെ കാര്യവും പറഞ്ഞ മജീദ് വൈകാതെ ആശുപത്രിയിലായി. സഹായമഭ്യര്‍ഥിച്ച് ഫോണ്‍ ചെയ്തതിന്റെ പേരില്‍ സുബൈര്‍ അയാള്‍ക്ക് കുറച്ചു പണം അയക്കുന്നു. തനിക്ക് അക്കൌണ്ടുള്ള ചേലക്കുളം ബാങ്ക് മുഖേന മജീദിനയച്ച പണമാണ് സുബൈറിന് വിനയായത്. അയാളെ ഒരു കേസുമില്ലാതെ പലതവണ കസ്റ്റഡിയിലെടുക്കുന്നു. മജീദിനയച്ച പണം മഅ്ദനി തന്നതാണെന്ന് മൊഴികൊടുക്കണം.
അല്ലെങ്കില്‍ തീവ്രവാദ കേസുകളില്‍ പ്രതിയാക്കും. ക്രൂരമായ മര്‍ദനം. അപ്പുറത്ത് മജീദിന് പഴയ നഴ്സറി ടീച്ചര്‍ സംഭവത്തില്‍ സ്ത്രീപീഡനക്കേസ് ചാര്‍ജ്ചെയ്യുന്നു. ഇംഗിതം വേറെ^ സൂഫിയക്കെതിരെ പണ്ട് പറഞ്ഞ മൊഴി 164 സ്റ്റേറ്റ്മെന്റാക്കി മാറ്റണം. ആന്റിടെററിസ്റ്റ് സ്ക്വാഡിലെ ഒരു ഡിവൈ.എസ്.പിയും എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന സംഘമാണ് ഇക്കാര്യത്തിന് മൂന്നാംമുറ വഴി കിണഞ്ഞുശ്രമിച്ചത്. മറുവശത്ത്, കാക്കനാട്ടെ കലക്ടറേറ്റ് സ്ഫോടനക്കേസ് സുബൈറിന്റെ തലയിലാക്കാന്‍ എറണാകുളം പൊലീസിന്റെ മൂന്നാംമുറ. ഇവിടെ ശ്രദ്ധിക്കേണ്ടത്; കളമശേãരി കേസുമായി ബന്ധമേയില്ലാത്ത ആന്റിടെററിസ്റ്റ് സ്ക്വാഡിലെ എസ്.പി റാങ്കിലുള്ളവര്‍ ആ കേസിലെ പ്രതിയെ നേരിട്ടുചെന്ന് മര്‍ദിക്കണമെങ്കില്‍ എറണാകുളത്തുനിന്നുള്ള നിര്‍ദേശമില്ലെങ്കില്‍ നടപ്പുള്ള കാര്യമല്ലെന്നതാണ്. കളമശേãരി കേസ് അന്വേഷിക്കുന്നത് ഔദ്യോഗികമായി പറഞ്ഞാല്‍ അസിസ്റ്റന്റ് കമീഷണര്‍ പി.എം. വര്‍ഗീസാണ്. ഒരു അസി. കമീഷണറുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ക്വാഡിലെ എസ്.പി തല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പ്രശ്നമില്ല. കല്‍പന പോയത് എറണാകുളം പൊലീസ് തലവനില്‍നിന്നാണെന്ന് വ്യക്തം. മനോജ് എബ്രഹാമും സംഘവും കലക്ടറേറ്റ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ജേക്കബ് ജോര്‍ജ്, സി.ഐ സുന്ദരരാജ് തുടങ്ങിയവര്‍ എറണാകുളത്തെ സുബൈറിനെ സമാനമായി കൈകാര്യംചെയ്യുന്നു. ചുരുക്കത്തില്‍, സൂഫിയയും പിന്നാലെ മഅ്ദനിയുമാണ് ഈ കൊച്ചി ലോബിയുടെ ടാര്‍ഗറ്റ് എന്നര്‍ഥം.
ഇനി നസീറിനെവെച്ചുള്ള പുതിയ കഥയുടെ പൊള്ളത്തരം നോക്കാം. കളമശേãരി കേസില്‍ പല ഏജന്‍സികള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ സൂഫിയയെ ചോദ്യംചെയ്തതാണ്^ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡി.ഐ.ജി വിനോദ്കുമാര്‍ വരെ. കഴിഞ്ഞ മാസം 17 വരെ സൂഫിയ എറണാകുളത്തുണ്ടായിരുന്നു. പിന്നീടാണ് കോഴിക്കോട് മുക്കത്തുള്ള ആശുപത്രിയില്‍ ഭര്‍ത്താവിനെ പരിചരിക്കാന്‍ പോകുന്നത്. ചോദ്യംചെയ്യാന്‍ അപ്പോഴും സാഹചര്യമുണ്ടായിരുന്നു. പൊടുന്നനെ നസീര്‍ കഥ പ്രചരിക്കുന്നു. എന്നാല്‍, സൂഫിയക്കെതിരെ നസീര്‍ പറഞ്ഞതായ മൊഴി ഒരു കോടതിയിലും കൊടുത്തിട്ടില്ല. കളമശേãരി കേസില്‍ സംഘം ചോദ്യംചെയ്ത വകയിലുള്ള നസീറിന്റെ മൊഴിയും വന്നിട്ടില്ല. ഇനി, നസീറിനെ പിടിച്ചതോടെയാണ് സൂഫിയയെ പ്രതിയാക്കേണ്ട സാഹചര്യം സ്വാഭാവികമായി ഉണ്ടായതെങ്കില്‍, നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പേതന്നെ മജീദ് പറമ്പായിയെ തല്ലിപ്പഴുപ്പിച്ച് 164 വാങ്ങേണ്ട കാര്യമില്ലല്ലോ. ലളിതമായി പറഞ്ഞാല്‍ തടിയന്റവിട നസീറിനെ പിടികൂടുന്നതിനൊക്കെ മുമ്പുതന്നെ ഓപറേഷന്‍ സൂഫിയ നടപ്പാക്കിത്തുടങ്ങിയിരുന്നു.
നസീറിന്റെ വരവോടെ അലകും പിടിയും മാറ്റി. അതിനൊരു പുതിയ മുഖം നല്‍കാന്‍ ആസൂത്രികര്‍ക്ക് കഴിഞ്ഞെന്നു മാത്രം. ഈ പോയന്റില്‍ത്തന്നെയാണ് ഗൂഢാലോചനയുടെ തനിനിറം വ്യക്തമാകുന്നതും. കളമശേãരി കേസിനെ നസീറിലൂടെ തീവ്രവാദ കേസാക്കുകയും അതില്‍ സൂഫിയയെ പ്രതിയാക്കുകയും ചെയ്യുക വഴി സാക്ഷാല്‍ മഅ്ദനിയിലേക്ക് പാലം പണിയാം. മനോജ് എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ ഇത് സാധിച്ചെടുക്കുകയാണ് പിന്നിലുള്ള രാഷ്ട്രീയ ലോബിയുടെ ആത്യന്തിക ലക്ഷ്യവും. കാര്യങ്ങള്‍ ആ വഴിക്കും നീങ്ങുകയാണെന്നതിന്റെ സൂചനകള്‍ ഇപ്പോഴേയുണ്ട്. അതാണ് കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ആരംഭിച്ചിരിക്കുന്ന പുതിയ ശ്രമം. അതിലും 164 സ്റ്റേറ്റ്മെന്റ് എന്ന എളുപ്പത്തുറുപ്പ് തരപ്പെടുത്തുകയാണ് സൂത്രധാരകരുടെ അടവ്. എല്ലാ നീക്കങ്ങളുടെയും തല്‍സമയ വിവരവും സൂചനയും മാധ്യമദ്വാരാ വിന്യസിക്കുക എന്നതാണ് ഈ ഗൂഢാലോചനയിലെ മറ്റൊരു മര്‍മപ്രധാന അടവ്.
പൊതുമാധ്യമങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്തുക എന്നത് ഗൂഢാലോചനയിലേക്ക് ആരും കണ്ണെറിയാതിരിക്കാന്‍ മാത്രമല്ല, മഅ്ദനിയെ കേരളത്തിന്റെ സ്വന്തം 'ഭീകരനായി' സംശയത്തിന്റെ മുള്‍മുനയില്‍ സ്ഥിരമായി നിറുത്തുന്നതിനും അത്യാവശ്യമാണ്.
കേസുകളുടെയും ആസ്പദസംഭവങ്ങളുടെയും കേവല വിവരംപോലും ഗൌനിക്കാതെയുള്ള ഈ വ്യക്തിഹത്യക്കുപിന്നിലെ ചേതോവികാരം ദ്വിമുന്നണി രാഷ്ട്രീയത്തിന്റെ അക്കൌണ്ടില്‍ മാധ്യമങ്ങളടക്കം എഴുതിത്തള്ളുകയാണ്. കൂട്ടത്തില്‍ ഭീകരതാവിരുദ്ധര്‍ എന്ന നാട്യത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വര്‍ഗീയവിഷം സൌകര്യംപോലെ ചുരത്തി വിരേചനസുഖം നുകരുകയുമാവാം. ഇത്തരം നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ സമീപനങ്ങള്‍ മഅ്ദനി എന്ന വ്യക്തിക്കുപരി സമൂഹത്തിലുണ്ടാക്കുന്ന വിപുലമായ ക്ഷതം പൊതുവെ കണക്കിലെടുക്കപ്പെടുന്നില്ല. ഈ ബാലിശതയാണ് കേരള രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത്. അവരുടെ പഞ്ചാരിക്കും പൊലീസിന്റെ ക്രിമിനല്‍ ചെയ്തികള്‍ക്കും അകമ്പടി സേവിക്കുകയാണ് മാധ്യമങ്ങള്‍, പൊതുവെ. മല്‍സരത്തില്‍ കൂടുതല്‍ ആധിവ്യാധികളുള്ളവ സ്വയം കയറി വിചാരണ നടത്തുന്നു. സ്റ്റേറ്റിന്റെ റോളിലേക്ക് കടക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഛായ സ്വയം വരുത്തുമ്പോള്‍ ഭരണകൂട ഭീകരതക്ക് ഇവിടെ മാധ്യമ ഭീകരത എന്നുകൂടി പര്യായം പിറക്കുന്നു. ഈ സുസംഘടിത പ്രഹരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി എന്ന പൌരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സ്ഥിരം വഴിച്ചെണ്ടയാകുന്നു. ഒമ്പത് കൊല്ലം അഴിയെണ്ണിച്ചിട്ട് 'വെറുതെ' വിടുകയും പുറത്തിറങ്ങി പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്ത ഒരു മനുഷ്യനെ വീണ്ടും വേട്ടയാടാന്‍ ആര്‍ത്തികാട്ടുന്ന സമൂഹത്തെ എന്താണ് വിളിക്കേണ്ടത്? നായാടിസമൂഹത്തിനുപോലുമുണ്ട് നായാട്ടിന്മേല്‍ ചില ഔചിത്യങ്ങള്‍. ആ നിലവാരംപോലുമില്ലാത്ത അന്തസ്സാരശൂന്യമായ ഒരു ഫ്രീ^ഫോര്‍^ഓള്‍ ആള്‍ക്കൂട്ടത്തെ നിയതാര്‍ഥത്തില്‍ സമൂഹം എന്നുപോലും വിളിക്കാനാവുമോ?
Madhayamam Daily (അവസാനിച്ചു)
No comments:
Post a Comment