Thursday, October 29, 2009

ഈ ഭൂമിയില്‍ ജീവന്‍ തുടച്ചു നീക്കാന്‍ പ്രകൃതി കാത്തു വച്ചിരിക്കുന്നത്‌ ?

്‌കൊടും തണുപ്പ്‌....കത്തിക്കാളുന്ന സൂര്യന്‍.... സുനാമി തിരകളെ പോലും പിന്നിലാക്കി അടിച്ചുയരുന്ന രാക്ഷസത്തിരകള്‍ ...മുന്നില്‍ കാണുന്നതെല്ലൊം നശിപ്പിച്ചെറിഞ്ഞ്‌ രൗദ്രഭാവത്തില്‍! ഭൂഗോളമാകെ വീശിപ്പറപ്പിക്കുന്ന കൊടുംകാറ്റ്‌....എന്തായിരിക്കും ഈ ഭൂമിയില്‍ ജീവന്‍ തുടച്ചു നീക്കാന്‍ പ്രകൃതി കാത്തു വച്ചിരിക്കുന്നത്‌ ?

ലോകം ഇന്നു നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും രൂക്ഷമായ കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള കാടന്‍ ഭാവന പോലും എത്ര ഭയാനകമാണ്‌. ഈ സത്യം ലോകം ഏതാണ്ട്‌ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണ്‌ 2007ല്‍ കടന്നുപോയതെന്ന്‌ എത്ര പേര്‍ തിരിച്ചറിഞ്ഞു ?പ്രകൃതിക്ക്‌ മേല്‍ ആസന്നമായിരിക്കുന്ന വന്‍ വിപത്തിനെ ചെറുക്കാനൊരു ചെറുവിരലെങ്കിലും ഇപ്പോഴനക്കിയില്ലെങ്കില്‍ സര്‍വം നശിച്ച്‌ ജീവന്‍റെ തുടിപ്പുകളില്ലാത്ത ഭൂമി സൗരയുഥത്തിലൂടെ അലഞ്ഞ്‌ നടക്കും.

പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ പുറത്തുവരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ ഗ്രീന്‍ ഹൗസ്‌ പോലെ അന്തരീക്ഷത്തിന്‌ ആവരണമായിനിന്നു ഭൂമിയുടെ താപനില ഉയര്‍ത്തുന്നതിനെയാണ്‌ ആഗോള താപനം എന്നു പറയുന്നത്‌. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും താപവൈദ്യുത നിലയങ്ങളില്‍നിന്നും പുറത്തു വരുന്ന പുകയാണു കാര്‍ബണ്‍ വാതകങ്ങളുടെ പ്രധാന ഉറവിടം.


യു.എന്‍!. ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്‌ളൈമറ്റ്‌ ചേഞ്ച്‌ (ഐ.പി.സി.സി) അഞ്ചു വര്‍ഷം നീണ്ട പഠനത്തിന്‍റെ അവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പ്രകാരം ഈ നൂറ്റാണ്ട്‌ അവസാനത്തോടെ ഭൂമിയിലെ ചൂട്‌ 1.8 ഡിഗ്രി സെന്‍റിഗ്രേഡ്‌ മുതല്‍ 6.4 ഡിഗ്രി സെന്‍റി ഗ്രേഡ്‌ വരെ ഉയരാനിടയുണ്ട്‌ എന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

1891ലാണ്‌ ഭൂമിയിലെ ചൂടു രേഖപ്പെടുത്താന്‍ തുടങ്ങിയത്‌. അതിനുശേഷമുള്ള ഉയര്‍ന്ന താപനിലയായിരുന്നു 2007ലേത്‌. ജനുവരിയിലെ ശരാശരി ചൂടിനെക്കാള്‍ 0.45 ഡിഗ്രി സെല്‍ഷ്യസ്‌ കൂടുതല്‍.ചൂട്‌ ഏറ്റവും കൂടുതല്‍ കിഴക്കന്‍ റഷ്യയിലും വടക്കന്‍ യൂറോപ്പിലുമായിരുന്നു .

ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുന്‌പോഴേക്കും സമുദ്രനിരപ്പ്‌ 64 സെന്‍റിമീറ്റര്‍ ഉയര്‍ന്നേക്കുമെന്നാണ്‌ ഐ.പി.സി.സി റിപ്പോര്‍ട്ട്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ വളരെ നിസാരവല്‍ക്കരിച്ച ഒരു കണക്കാണക്കാണെന്ന്‌ പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ ഐസിന്‍റെ 90% കേന്ദ്രീകരിച്ചിരിക്കുന്ന അന്‍റാര്‍ട്ടിക്ക്‌ ഉരുകിത്തീര്‍ന്നാല്‍ സമുദ്രനിരപ്പ്‌ 20 മീറ്റര്‍ വരെ ഉയര്‍ന്നാലും അത്ഭുതമില്ല.(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ ലേഖനം വായിക്കുക ടരശലിശേേെ െടീൗിറ അഹമൃാ ഛ്‌ലൃ ങലഹശേിഴ അിമേൃരശേര കരല ടവലലെേ )

നാളത്തെ കാലാവസ്ഥപോലും ഇപ്പോഴും കൃത്യമായി പറയാനാവാത്ത നമുക്കെങ്ങിനെ 100 വര്‍ഷം കഴിഞ്ഞുള്ള കാലാവസ്ഥയെക്കുറിച്ച്‌ പറയാനാവും. എന്തായാലും നമുക്ക്‌ ലഭിക്കുന്ന സൂചനകള്‍ ഒട്ടും ആശാവഹമല്ല എന്നുമാത്രമേ പറയാനാവു. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ചിലപ്പോള്‍ അത്രതന്നെ കാത്തിരിക്കേണ്ടി വരില്ല. ഒരു പക്ഷെ, നമ്മുടെയോ, നമ്മുടെ മക്കളുടെയോ ജീവിതത്തില്‍ തന്നെ അപ്രതീക്ഷിതമായ പലതും കാണേണ്ടി വന്നേക്കും.


ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറച്ചാലും ആഗോള താപനവും സമുദ്രനിരപ്പും ഉയരുന്നത്‌ നൂറ്റാണ്ടുകളോളം തുടര്‍ന്നേക്കും.അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ ലോകത്തിന്‍റെ പല ഭാഗത്തായി കണ്ടു തുടങ്ങിക്കഴിഞ്ഞു.'ലോകത്തിന്‍റെ മേല്‍ക്കൂര' എന്നറിയപ്പെടുന്ന ഹിമാലയത്തിന്‍റെ ഭാഗമായ കിന്‍ഗാല്‍ ടിബറ്റ്‌ മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുന്നുതായാണ്‌ റിപ്പോര്‍ട്ടുകള്‍ . ചൈനയിലെ 681 കാലാവസ്ഥാ നിലയങ്ങളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്‌താണു ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസ്‌ ഇക്കാര്യം അറിയിച്ചത്‌. പ്രതിവര്‍ഷം ഏഴു ശതമാനമെന്ന നിരക്കിലാണു മഞ്ഞുപാളികള്‍ ചുരുങ്ങുന്നത്‌. മറ്റൊരു വലിയ ഉദാഹരണമാണ്‌ ആഫ്രിക്കയുടെ കിരീടം എന്നു വിളിപ്പേരുളള ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതം.ഈ അഗ്‌നിപര്‍വതത്തിന്‍റെ മഞ്ഞു മുഴുവന്‍ 11,000 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഉരുകി മാഞ്ഞിരിക്കുന്നു. കിരീടമായി മഞ്ഞില്ലാതായതോടെ കിളിമഞ്ചാരോയില്‍ ലാവാപ്രവാഹത്തിന്‍റെ കറുത്തുപാടുകള്‍ നിറഞ്ഞ ഗര്‍ത്തം ഇപ്പോള്‍ പ്രത്യക്ഷമായിത്തുടങ്ങി.

ആഗോള താപനം മൂലം അന്തരീക്ഷത്തിനു മാത്രമല്ല കടലിന്‍റെയും താപനില ഉയരുകയാണെന്നാണ്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.യു.എസ്‌. നാഷനല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 40 വര്‍ഷങ്ങളായി ശേഖരിച്ച കോടിക്കണക്കിനു വിവരങ്ങള്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ വിശകലനം നടത്തിയാണ്‌ ഈ നിഗമനത്തിലെത്തിയത്‌.ഇതുമൂലം ആര്‍ട്ടിക്കിലെ മഞ്ഞ്‌ ഉരുകുന്നതിന്‍റെ വേഗം കൂടിയിട്ടുണ്ടെന്നും ഇതു ചെറു ദ്വീപുകളുടെയും സമുദ്രതീര നഗരങ്ങളുടെയും നിലനില്‍പ്പിനു കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ അഡ്വാന്‍സ്‌മെന്‍റ്‌ ഓഫ്‌ സയന്‍സ്‌ യോഗത്തില്‍ സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രഫി ഡയറക്ടര്‍ ടിം ബാര്‍നറ്റ്‌ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതു ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുമെന്നും കടുത്ത ശുദ്ധജല ക്ഷാമത്തിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.ആഗോള താപനം നിയന്ത്രിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇനിയും നടപടിയെടുക്കുന്നില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ അന്‍റാര്‍ട്ടിക്ക മാത്രമായിരിക്കും മനുഷ്യയോഗ്യമായ ഏക വന്‍കരയെന്നാണ്‌ ബ്രിട്ടീഷ്‌ രാജ്ഞിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ സര്‍ ഡേവിഡ്‌ കിങ്‌ അഭിപ്രായപ്പെട്ടത്‌.

കുത്തനെ ഉയരുന്ന ആഗോളതാപനത്തിന്‍റെ ഫലമായി ആര്‍ട്ടിക്‌ മേഖലയിലെ ഇലൂലിസാറ്റ്‌ ഹിമപാളിയുടെ വ്യാസം പത്തു കിലോമീറ്ററിലേറെ ചുരുങ്ങി.1960 മുതല്‍ ഏതാണ്ടു സ്ഥിരമായിരുന്നു ഹിമപാളിയുടെ വ്യാസം.ലോകാദ്‌ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇലൂലിസാറ്റ്‌ യു. എന്‍. പൈതൃക മേഖലയാണ്‌. പക്ഷേ, മൂന്നു വര്‍ഷത്തിനിടയില്‍ അതു പത്തു കിലോമീറ്ററിലേറെ കുറഞ്ഞു. 2002ണ്ട 03 കാലത്താണ്‌ ഇതില്‍ ഏഴു കിലോമീറ്റര്‍ കുറവുണ്ടായത്‌. ഒരു നൂറ്റാണ്ടിനുള്ളില്‍ ആര്‍ട്ടിക്‌ മേഖലയിലെ മഞ്ഞു മുഴുവന്‍ ഉരുകിത്തീരുമെന്നാണ്‌ ഇപ്പോഴത്തെ സൂചനയെന്ന്‌ അമേരിക്കന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റി സീനിയര്‍ ഫെലോ റോബര്‍ട്ട്‌ കോറലിന്‍റെ കണ്ടെത്തല്‍ . ഭൂമിയുടെ സന്തുലിതാവസ്ഥ തകിടംമറിയാന്‍ ഇതു കാരണമാകും. 22 രാജ്യങ്ങളിലെ പരിസ്ഥിതി മന്ത്രിമാരെ കൂട്ടി ആര്‍ട്ടിക്‌ മേഖലയില്‍ ഹെലികോപ്‌റ്ററില്‍ സഞ്ചരിച്ചാണ്‌ റോബര്‍ട്ട്‌ കോറല്‍ താപനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ നേരില്‍ വിലയിരുത്തിയത്‌.

അങ്ങ്‌ അന്‍റാര്‍ട്ടിക്കയില്‍ ആഗോളതാപനം നടന്നാലെന്ത്‌ നടന്നില്ലെങ്കിലെന്ത്‌ നമുക്ക്‌ ശ്രദ്ധിക്കാന്‍ ഒരു പാട്‌ കാര്യങ്ങള്‍ വേറെയുണ്ടന്നതാണ്‌ നമ്മുടെ സമൂഹത്തിന്‍റെ മനോഭാവം.ഓസോണ്‍ പാളിയിലെ വിള്ളലും ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതും വളരെ നിസ്സാരമായി പാഠ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ മാത്രമാണെന്ന്‌ കരുതരുത്‌. 21ാം നൂറ്റാണ്ടില്‍ ലോകത്തിന്‍റെ കാലാവസ്ഥ ആകെ മാറിമറിയുമെന്നത്‌ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌.

ഈ കാലാവസ്ഥാ വ്യതിയാനം ജലലഭ്യത കുറയ്‌ക്കുമെന്നതാണ്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജലസാന്ദ്രത അവകാശപ്പെടാവുന്ന കേരളത്തെ സംബന്ധിച്ച്‌ ആശങ്കാജനകമാകുന്നത്‌. കേരളത്തിലെ മണ്‍സൂണ്‍ വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്‌ത്രജ്ഞര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു നമ്മുടെ മുന്നില്‍ വയ്‌ക്കുന്നത്‌. ഒരു ദശകമായി സംസ്ഥാനത്തു മഴയുടെ താളം തെറ്റിയിരിക്കുന്നു. ഇടവപ്പാതി മുതല്‍ തുലാം വരെ (ജൂണ്‍ ഒക്‌ടോബര്‍) ഏതാണ്ടു തുടര്‍ച്ചയായി പെയ്യുന്ന മഴയായിരുന്നു കേരളത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിപ്പോന്നത്‌. അതില്‍ നിന്നു വ്യത്യസ്‌തമായി ചില സമയങ്ങളില്‍ കനത്ത മഴ എന്നതായി താളം. മഴയുടെ ദിനങ്ങള്‍ കുറയുകയും ചെയ്‌തു. സംസ്ഥാനത്തിന്‍റെ ഭൂമിശാസ്‌ത്രപരമായ കിടപ്പും ജലലഭ്യതയെ ബാധിക്കുന്നുണ്ട്‌. ഏതാനും ദിവസങ്ങളിലെ കനത്ത മഴ വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ കടലിലേക്കൊഴുകുന്നു. മഴവെള്ളത്തിന്‍റെ ലഭ്യതയില്‍ രാജസ്ഥാനെക്കാള്‍ പിന്നിലാണു കേരളം.

പാലക്കാട്ടു പ്ലാച്ചിമടയില്‍ വെള്ളത്തിന്‍റെ പേരില്‍ ഒരു ബഹുരാഷ്ട്ര കന്‌പനിക്കെതിരെയായിരുന്നു സമരമെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇതേ പ്രശ്‌നത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാനും ജനങ്ങള്‍ തമ്മില്‍ ശണ്‌ഠകൂടാനും ഇടയുണ്ട്‌. മുന്‍വര്‍ഷം പാലക്കാട്ട്‌ മലന്‌പുഴ അണക്കെട്ടു വറ്റിവരണ്ടു ജലസേചനം മുടങ്ങിയപ്പോള്‍ കൃഷിക്കാര്‍ നെല്‍പ്പാടങ്ങള്‍ക്കു തീവച്ചതും മറ്റൊരനുഭവം. കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളിവെള്ളം പെരിയാറില്‍ നിറഞ്ഞപ്പോള്‍ കൊച്ചി നഗരമേഖലയോടൊപ്പം എറണാകുളം ജില്ലയിലെ ഗ്രാമപ്രദേശങ്ങളും ശുദ്ധജലവറുതിയിലായതും മുന്നറിയിപ്പാണ്‌. വരള്‍ച്ചയില്‍ ശുദ്ധജലത്തിനു കൂടുതല്‍ ബുദ്ധിമുട്ടുക ഗ്രാമങ്ങളായിരിക്കും. മഴയെ മാത്രം ആശ്രയിച്ചാണു കേരളത്തിലെ കൃഷികളില്‍ നല്ലപങ്കും. അപ്പോള്‍ വരള്‍ച്ച സന്‌പദ്‌ഘടനയുടെ നടുവൊടിക്കും.

ആഗോള താപനത്തിന്‍റെ ഫലമായി കേരളം നേരിടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്‌ മുന്‍ മേധാവിയും കൊച്ചി സര്‍വകലാശാലാ അന്തരീക്ഷ പഠനവിഭാഗം പ്രഫസറുമായ ഡോ. പി.വി. ജോസഫ്‌ നടത്തിയ പഠനം ശ്രദ്ധേയമാണ്‌.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ തെക്കന്‍ കേരളത്തില്‍ 34% മഴ കുറഞ്ഞപ്പോള്‍ കോട്ടയത്തിനു കിഴക്കും പീരുമേടു പ്രദേശത്തും 26% മഴ കുറഞ്ഞതായി കണ്ടെത്തി.കാലവര്‍ഷത്തെ സജീവമാക്കുന്ന ന്യൂനമര്‍ദങ്ങളുടെ എണ്ണം ഓരോ പത്തുവര്‍ഷം കഴിയുന്‌പോഴും കുറഞ്ഞുവരികയാണ്‌. 1900 മുതലുള്ള 20 വര്‍ഷം മഴക്കാലത്തു 12 ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടു മഴയ്‌ക്കു ശക്തിപകര്‍ന്നെങ്കില്‍ രണ്ടായിരത്തിലെത്തിയപ്പോഴേക്കും അവയുടെ എണ്ണം നാലായി കുറഞ്ഞു. ന്യൂനമര്‍ദം കുറയുന്നതനുസരിച്ച്‌ മഴയും കുറയും.

1901 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ആലപ്പുഴ, കോട്ടയം, പീരുമേട്‌ എന്നിവിടങ്ങളില്‍ ലഭ്യമായ മഴയുടെ കണക്കും താരതമ്യം ചെയ്‌ത കണ്ടെത്തലുകളുമനുസരിച്ച്‌ ആദ്യത്തെ 50 വര്‍ഷം ശക്തമായിരുന്ന മഴ, 1950 മുതല്‍ 2003 വരെയുള്ള കാലത്തു കുറഞ്ഞു. ഇതനുസരിച്ച്‌ ആലപ്പുഴയില്‍ 31 സെ.മീറ്ററും (10%) കോട്ടയത്തു 45 സെ.മീറ്ററും (14%) പീരുമേട്ടില്‍ 110 സെ.മീറ്ററും (26%) മഴ കുറഞ്ഞു.

കൊച്ചിയുടെ പരിസ്ഥിതിക്കുമേലുള്ള ആഗോള താപനത്തിന്‍റെ ആഘാതത്തെക്കുറിച്ചു പഠിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിന്‍ സര്‍വ്വകലാശാലയുടെ സഹകരണത്തില്‍ അമേരിക്കയിലെ ഓക്ക്‌ റീജ്‌ നാഷണല്‍ ലബോറട്ടറി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌ ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത ചില സത്യങ്ങളാണ്‌.

ആഗോള താപനത്തിന്‍റെ ആഘാതത്തെക്കുറിച്ച്‌ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പഠനവിധേയമായ ഏക നഗരമാണ്‌ കൊച്ചി.
കടല്‍നിരപ്പ്‌ 30 സെന്‍റിമീറ്റര്‍ മുതല്‍ 60 സെ.മീ. വരെ ഉയരുന്നതിനാല്‍ കൊച്ചിയിലെ ചെറിയ ദ്വീപുകള്‍ വെള്ളത്തിനടിയിലാകുമെന്ന്‌ ഒ.ആര്‍.എന്‍.എല്‍യിലെ സീനിയര്‍ സയന്‍റിസ്റ്റുമായ പ്രഫ. തോമസ്‌ വില്‍ബാങ്ക്‌ അഭിപ്രായപ്പെടുന്നു. തീരപ്രദേശങ്ങളില്‍ കിലോമീറ്ററുകളോളം കടല്‍ കരയെ വിഴുങ്ങും. സ്വാഭാവിക തുറമുഖമുള്ള കൊച്ചിയിലെ തുറമുഖ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിക്കും. ഈ ക്രമാനുഗതമായ വെള്ളപ്പൊക്കം മുന്നില്‍ക്കണ്ട്‌ ഇപ്പോള്‍ത്തന്നെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു കൂടി വില്‍ബാങ്ക്‌ കൊച്ചിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ മുന്നറിയിപ്പ്‌ നല്‍കിയതോടൊപ്പം ദ്വീപുകളില്‍ നിന്നു നാട്ടുകാരെ ഒഴിപ്പിക്കുന്നതു വരെ പില്‍ക്കാലത്ത്‌ അധികൃതര്‍ക്ക്‌ ചെയ്യേണ്ടതായി വരുെമന്ന പ്രവചനവും അദ്ദേഹം നടത്തി. ഇനി കടല്‍നിരപ്പ്‌ മുന്‍പ്‌ പറഞ്ഞതുപോലെ 20 മീറ്റര്‍ ഉയര്‍ന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ! കടലില്‍നിന്ന്‌ കേരളം വീണ്ടെടുക്കാന്‍ ബ്രാഹ്മണര്‍ പറയുന്നതുപോലെ വീണ്ടുമൊരു പരശുരാമന്‍ വരേണ്ടിവരും!

അപകടം പടിവാതില്‍ക്കല്‍ ഒളിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിലാണ്‌ നാമിനി പ്രവര്‍ത്തിക്കേണ്ടത്‌. പ്രകൃതിയെ ചൂഷണം ചെയ്യപ്പെടേണ്ട ഒന്നായിട്ടാണ്‌ ഇന്നും നാം മനസിലാക്കിയിരിക്കുന്നത്‌ ചൂഷണം ചെയ്യുകയല്ല .പ്രകൃതിയെ കണ്ടെത്തുകയാണ്‌ വേണ്ടത്‌.ബുദ്ധിവികാസത്തിന്‍റെ അഹങ്കാരത്തിമര്‍പ്പില്‍ പ്രപഞ്ചത്തെയൊന്നാകെ പുനസൃഷ്ടിക്കാമെന്നാണ്‌ ഇനിയും ആഗ്രഹിക്കുന്നതെങ്കില്‍ അത്‌ വെറുമൊരു വ്യാമോഹമാണെന്ന്‌ പഠിപ്പിക്കുന്നിടത്തേക്കായിരിക്കും പ്രകൃതിയുടെ നീക്കം.

ആഗോള താപനം നിയന്ത്രിക്കുന്നതിനു 141 രാജ്യങ്ങള്‍ ഒപ്പിട്ട 'ക്യോട്ടോ പ്രോട്ടോക്കോള്‍' 2005ല്‍ നിലവില്‍ വന്നിരുന്നു. 25% കാര്‍ബണ്‍ വാതകങ്ങള്‍ സൃഷ്ടിക്കുന്ന അമേരിക്കയും വളര്‍ന്നുവരുന്ന സാന്‌പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ഇനിയും കരാറില്‍ പങ്കുചേര്‍ന്നിട്ടില്ല.

രാഷ്ട്രീയവും സാന്‌പത്തികവുമൊക്കയായി നിരവധി രാജ്യാന്തര പ്രശ്‌നങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നുണ്ടാകും.അതെല്ലാം ഒരു ദിവസം കൊണ്ട്‌ തീരുമെന്ന്‌ കരുതുന്നത്‌ വിഢ്‌ഡിത്തമാകും.പക്ഷേ നിലനില്‍പ്പിനെ കുറിച്ച്‌ മനുഷ്യര്‍ ഭാഷ ദേശം വര്‍ണം എന്നിവക്കതീതമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ഇനിയും വൈകിയാല്‍ പ്രകൃതിയുടെ പൂര്‍ണ നാശം സംഭവിക്കും.യൂറോപ്പിലും മറ്റും ഈ ലക്ഷ്യം മുന്‍നിറുത്തി വലിയ പ്രചരണങ്ങള്‍ നടത്തിയതിനു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ലോകം മുഴുവനും ശ്രമിച്ചാല്‍ മാത്രമെ ആഗോള താപനത്തിന്‍റെ തീവ്രത കുറച്ച്‌ കൊണ്ടു വരാനാകു.അതിനായുളള ശ്രമം ഒരോരുത്തരില്‍ നിന്നും തുടങ്ങാം.ഒരുമിച്ച്‌ ശക്തമായ പ്രചരണം നടത്താന്‍ നമുക്ക്‌ സാധിച്ചാല്‍ അതിനു വേണ്ടിയുളള നിയമനിര്‍മാണം നടത്താന്‍ ലോകത്തെ എല്ലാ ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ ഇച്ഛാ ശക്തി ലഭിക്കും.

അവസാനമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ആഗോളതാപനം ഒരു പാരിസ്ഥിതിക പ്രശ്‌നമല്ല, മറിച്ച്‌ ഒരു ഈര്‍ജ പ്രശ്‌നമാണ്‌. എന്തുമാത്രം ഊര്‍ജം ഓരോരുത്തരും വിനിയോഗിക്കുന്നു എന്നതാണ്‌ പ്രശ്‌നം. നമ്മുടെ സംസ്‌കാരം ഫോസില്‍ ഫ്യൂവലില്‍ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ നാമെത്ര ഊര്‍ജം ചെലവഴിക്കുന്നുവോ അത്രയധികം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക്‌ വിസര്‍ജിക്കുന്നു. ഊര്‍ജ ഉപഭോഗം എത്രമാത്രം കുറയ്‌ക്കുന്നുവോ അത്രമാത്രം നാം വരും തലമുറയോട്‌ അത്രകണ്ട്‌ നീതി ചെയ്യുന്നു. ഈ സത്യം മനസിലാക്കിയ യോറോപ്യന്‍ രാജ്യങ്ങള്‍ ഈ രീതിയില്‍ നീങ്ങിത്തുടങ്ങി. 2050 ആകുമ്പോഴേയ്‌ക്കും ഹരിതവാതകങ്ങളുടെ പുറന്തള്ളല്‍ 60% ശതമാനം കുറയ്‌ക്കാനാണ്‌ ബ്രിട്ടന്‍ ഈയിടെ തീരുമാനമെടുത്തത്‌. ഈ രീതിയില്‍ ഇന്ത്യയും ചിന്തിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു.

ഇതിന്‍റെ ചാലക ശക്തികള്‍ വ്യക്തികളും, രാട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടത്‌ ഭരണകര്‍ത്താക്കളുമാണ്‌. മനുഷ്യരാശിയുടെ നിലനില്‍പ്പ്‌ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും അടിസ്ഥാനമാക്കിയാണ്‌ നിലനില്‍ക്കുന്നത്‌ എന്നത്‌ നമുക്ക്‌ കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ്‌ നല്‍കുന്നത്‌.

No comments:

Post a Comment