Thursday, June 3, 2010

കലാലയ കവാടങ്ങള്‍ തുറക്കുമ്പോള്‍....

ലക്ഷക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌.. അതോടൊപ്പം അവധിയുടെ ആലസ്യവും പരീക്ഷാഫലങ്ങളുടെ ടെന്‍ഷനും നീങ്ങി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അറിവിന്റെ പുതിയ വഴികള്‍ തേടി വിദ്യാലയങ്ങളിലേക്ക്‌ എത്തുകയായി. വിദ്യാലയ വര്‍ഷാരംഭം ആഷോഷമാണ്‌. രണ്ട്‌ മാസം അകന്നിരുന്ന കൂട്ടുകാരെ വീണ്ടും കാണുന്നതിന്റെ... അവധിക്കാലങ്ങളിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന്റെ... പുതിയ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ നെഞ്ച്‌ വിരിച്ച്‌ കൂട്ടുകാരുടെ മുന്നില്‍ ഗമ പറയുന്നതിന്റെ... കമ്യൂണിക്കേഷന്‍ രംഗത്ത്‌ വന്‍വിപ്ലവം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്‌ ഇതിന്റെയെല്ലാം പ്രസക്തിയെയും ആത്മാവിനെയും കുറിച്ച്‌ പുനര്‍വിചിന്തനവും ആകാവുന്നതാണ്‌.

വിപണിയില്‍ ഉത്സവമാണ്‌ പുതിയ ബാഗ്‌, കുട, ചെരുപ്പ്‌, വസ്‌ത്രം എന്തിന്‌ പെന്‍സിലും, ചെരുപ്പും, നവാഗതകര്‍ക്ക്‌ ആശംസകള്‍ നടത്താന്‍ ബാനര്‍ നിര്‍മ്മിക്കുന്നവര്‍ക്ക്‌ വരെ.... മാതാപിതാക്കള്‍ക്ക്‌ നെഞ്ചിടിപ്പാണ്‌ ഇത്രയും കാലം ഊണിലും ഉറക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കുറച്ച്‌ നേരമെങ്കിലും പിരിഞ്ഞിരിക്കുന്നതിന്റെ, അവര്‍ക്ക്‌ വേണ്ട സാധന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ... വിലക്കയറ്റവും സാമ്പത്തികമാന്യവും ബാധിച്ചിരിക്കുന്ന നമ്മുടെ ലോകത്ത്‌ നെഞ്ചിടിപ്പിലില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിലുപരി നിയന്ത്രണമില്ലാതെ തോന്ന്യാസത്തില്‍ പായുന്ന വാഹനങ്ങളെക്കുറിച്ച്‌. ഇതുമൂലം പൊലിഞ്ഞ കുരുന്നു ജീവിതങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഭീതിവന്നില്ലെങ്കിലേ അത്ഭുതമുള്ളു. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പെടാപ്പാട്‌ പെടുന്നവര്‍ക്ക്‌ വിദ്യാഭ്യാസമെന്നത്‌ ഒരു ബാധ്യതയായിത്തീരുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

വിദ്യഭ്യാസം ഇന്ന്‌ മാര്‍ക്കറ്റില്‍ വിലപേശി വാങ്ങാവുന്ന ഒന്നായിരിക്കുന്നു. അതിന്റെ നിലവാരത്തെക്കുറി്‌ച്ച്‌ പോലും ആശങ്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ആദര്‍ശവും ആശയവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്താന്‍ കഴിയുന്ന പ്രധാന ആയുധങ്ങളില്‍ ഒന്നായി ഇന്‌ വിദ്യഭ്യാസം മാറിയിരിക്കുന്നു. മാറ്റിയിരിക്കുന്നുവെന്ന്‌ പറയുന്നതായിരിക്കും ശരി. വിദ്യഭ്യാസത്തില്‍ ധാര്‍മികത നഷ്ടമായിരിക്കുന്നു പണാധിപത്യവും അധാര്‍മികതയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.

മറക്കാതിരിക്കണം; നാം ആഘോഷത്തോടെ വിദ്യാലങ്ങളിലേക്ക്‌ പോകുമ്പോഴും; അതിന്‌ കഴിയാതെ പ്രയാസപ്പെട്ട്‌ കഴിയുന്നവരെ, സഹപാഠികള്‍ പുതിയ പാഠപുസ്‌തകവും, പുത്തനുടുപ്പുമൊക്കെയായി വിദ്യാലയങ്ങളിലേക്ക്‌ പോകുമ്പോള്‍ അവരോടൊപ്പം പുത്തനുടുപ്പുകള്‍ക്കും, പാഠപുസ്‌തകങ്ങള്‍ക്ക്‌ വാങ്ങാന്‍ വകയില്ലാതെ ബുദ്ധിമുട്ടുന്നവരെയും, വിദ്യാലത്തിന്റെ കവാടങ്ങള്‍ സ്വപ്‌നം കാണാന്‍ പോലും വകയില്ലാതെ തെരുവുകളില്‍ ജീവിക്കുന്ന ബാല്യങ്ങളെയും അങ്ങനെ വിദ്യഭ്യാസവും അന്നവും ഒരു മരീചികയായവരെയും.....

സഹായിക്കാം; വസ്‌ത്രങ്ങളിലും ഭക്ഷണങ്ങളിലും ആര്‍ഭാടങ്ങളിലും ധൂര്‍ത്ത്‌ കാണിക്കാതെ, അധികമുള്ളതില്‍ ഒന്ന്‌ തന്റെ സഹപാഠിക്ക്‌ നീക്കിവെച്ച്‌. പൊങ്ങച്ചം കാണിക്കാന്‍ കൂടുതല്‍ വിലയുടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന്‌ മാറി. അങ്ങനെ തന്റെ കുട്ടിയുടെ പഠനത്തിന്റെ ചിലവില്‍ ധൂര്‍ത്ത്‌ കുറച്ച്‌ തന്റെ കുട്ടിയുടെ പഠനത്തില്‍ പിശുക്കുകാട്ടാതെ തന്നെ മറ്റുള്ളവന്‌ പഠിക്കാന്‍ സഹായിക്കാന്‍ നമുക്ക്‌ കഴിയും. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പണത്തിന്റെ പൊങ്ങച്ചം കാട്ടി മറ്റുള്ളവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെയാകും നമുക്ക്‌ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം.

ശ്രമിക്കാം; അക്രമരാഹിത്യത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ ഒരു കലാലയ അന്തരീക്ഷത്തിനായി. റാഗിങ്ങിലൂടെ തന്റെ സഹപാഠിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതിരിക്കാന്‍, മൊബൈലിലൂടെ തന്റെ സഹോദരിമാരുടെ മാനത്തിന്‌ വില പറയാതിരിക്കാന്‍, വാഹനങ്ങള്‍ കാലനായി വരാതിരിക്കാന്‍....

പ്രാര്‍ത്ഥിക്കാം; നല്ലൊരു കലാലയ അന്തരീക്ഷത്തിനായി, സന്തോഷത്തോടെ കലാലയങ്ങളിലേക്ക്‌ പോകുന്ന നമ്മുടെ മക്കള്‍ സന്തോഷത്തോടെ ഭവനങ്ങളിലേക്ക്‌ തിരിച്ച്‌ വരാന്‍, കമ്പോള സംസ്‌കാരത്തിന്റെ ഇരകളാകാതിരിക്കാന്‍, ആധുനിക സംസ്‌കാരത്തിന്റെ അധാര്‍മികതയില്‍ നിന്ന്‌ അതിജീവിച്ച്‌ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപ്പിടിക്കാന്‍.

No comments:

Post a Comment