Saturday, August 1, 2009

അവര്‍ വിടവാങ്ങിയത് ഒരേദിവസം

കോഴിക്കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാലത്തിന്റെ പടിയിറങ്ങിയത് ഉമര്‍ ബാഫഖിതങ്ങള്‍ നിര്യാതനായി കൃത്യം ഒരുവര്‍ഷം തികയുന്നദിവസം. മുസ്ലിംലീഗ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നിയന്ത്രിച്ച രണ്ട് അമരക്കാര്‍ ഒരേദിവസം വിടവാങ്ങിയത് ചരിത്രത്തിലെ സമാനതകളില്ലാത്ത യാദൃശ്ചികതയാവാം. മരണദിനത്തിലെന്നപോലെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒട്ടേറെ സമാനതകളുള്ള രാഷ്ട്രീയ വ്യക്തിത്വത്തിനുടമകളായിരുന്നു ശിഹാബ് തങ്ങളും ബാഫഖി തങ്ങളും.

സൌമ്യമായ സമീപനവും ഉറച്ചനിലപാടും ഇരുവരുടെയും വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. ആരെയും അലോസരപ്പെടുത്താതെ തന്നെ കര്‍ക്കശമായി തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിഞ്ഞു.

രാഷ്ട്രീയത്തിനുപരിയായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും രണ്ടുപേരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് മറ്റൊരു പ്രത്യേകത. ഉമര്‍ ബാഫഖി തങ്ങളുടെ ഭാര്യാസഹോദരിയെയാണ് ശിഹാബ് തങ്ങള്‍ വിവാഹം ചെയ്തത്. ഈ സമാനതകളെല്ലാമുണ്ടായിരിക്കെ മുസ്ലിംലീഗ് പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ട് ചേരിയിലായത് ചരിത്രത്തിലെ മറ്റൊരു വൈചിത്യ്രം. അന്ന് പാണക്കാട് തങ്ങള്‍ യൂനിയന്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റും ബാഫഖി തങ്ങള്‍ അഖിലേന്ത്യാ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.

പതിനൊന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും യോജിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ വൈസ് പ്രസിഡന്റായാണ് ബാഫഖി തങ്ങള്‍ നിയോഗിക്കപ്പെട്ടത്. തുടര്‍ന്ന് ഖജാന്‍ജി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ബാഫഖി തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ശിഹാബ് തങ്ങള്‍ തന്നെയായിരുന്നു പ്രസിഡന്റ്.
കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരിക്കെയാണ് കഴിഞ്ഞവര്‍ഷം ബാഫഖിതങ്ങള്‍ വിടപറഞ്ഞത്.
അദ്ദേഹത്തിന്റെ ഒന്നാംചരമവാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സമാപിച്ച് മിനുറ്റുകള്‍ക്കമാണ് ശിഹാബ് തങ്ങളുടെ വിയോഗവാര്‍ത്തയെത്തിയത്. ഇതോടെ എങ്ങും ദുഃഖം തളംകെട്ടി.

No comments:

Post a Comment