Saturday, August 1, 2009

ഘടികാരങ്ങള്‍ നിലച്ച സമയം

കരയെ വാടാതെ കാത്തും അതിന്റെ ഉള്ളം നനയിച്ചും കടലുണ്ടിപ്പുഴ ഇനിയും അതുവഴി ഒഴുകും. ആ കരയില്‍ ഇനി പക്ഷേ, ക്ഷമയുടെ ആ മിനാരമില്ല. ആ ഘടികാരങ്ങള്‍ ഇപ്പോള്‍ നിലച്ചിട്ടുണ്ടാകുമോ? അരുമ പോലെ പോറ്റിയ 'വലിയ തങ്ങളു'ടെ വേര്‍പാടില്‍ നാടും വഴികളും അടങ്ങാതെ കരയുമ്പോള്‍ ആ സൌമ്യസാന്നിധ്യത്തിന്റെ തണല്‍പറ്റി നിന്ന സമയസൂചികളും ഓട്ടംനിര്‍ത്തും. കാലത്തിന്റെ ഘടികാരത്തില്‍ അപ്പോള്‍ സമയം 8.45.

പാണക്കാട്ടെ വിരുന്നുകാര്‍ക്കു മുന്നില്‍ ഏത് തളര്‍ച്ചയിലും ശിഹാബ്തങ്ങള്‍ ഒരലമാരയുടെ ചില്ലുകള്‍ നീക്കും; ഉല്‍സാഹത്തിന്റെ കുപ്പായമെടുത്തിട്ട് ആ അമൂല്യശേഖരത്തിന്റെ വാതില്‍ തുറക്കും. ലോകയാത്രകള്‍ക്കിടയില്‍ ശിഹാബ്തങ്ങള്‍ ചെറുപ്പകാലം മുതല്‍ കൂട്ടിക്കൊണ്ടു വന്ന ഘടികാരങ്ങളുടെ കൂട്ടം. അത്രമേല്‍ ഉല്‍സാഹവാനായ, അത്രമേല്‍ ചിരി വിരിഞ്ഞ ശിഹാബ്തങ്ങളെ അന്നാദ്യമായി കാണുകയാവും മുന്നിലിരിക്കുന്നവര്‍.

റമദാന്റെ തണുപ്പ് വീണ് കിടന്ന വഴികള്‍ കടന്ന് അന്നാദ്യമായി കൊടപ്പനക്കലിന്റെ മുറ്റത്തെത്തിയപ്പോള്‍ ആ വീട് കരയുകയായിരുന്നു. പൊടുന്നനെയൊരു രാവിലെയില്‍ വിട്ടുപോയ വീട്ടുകാരിയുടെ ഓര്‍മകള്‍ പറഞ്ഞ് മൂകമായി കരഞ്ഞു ആശ്വാസത്തിന്റെ തെളിനീര്‍പുഴകള്‍ ഏറെയൊഴുക്കിവിട്ട ആ വീട ് അന്ന്.

സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞവരുടെ കൂട്ടത്തില്‍ പക്ഷേ വീട്ടുകാരന്‍ ഇല്ലായിരുന്നു. മരവാതില്‍ കടന്നെത്തിയ സ്വീകരണ മുറിയിലെ ഇരുട്ടില്‍ മൌനത്തില്‍ പൊതിഞ്ഞ് ശിഹാബ്തങ്ങള്‍ ഇരുന്നു. ചെന്ന് ആ കൈയില്‍ തൊട്ടപ്പോള്‍ സൌമ്യമായ ആ ചിരി. അരികിലിരുന്ന് മകന്‍ മുനവ്വര്‍ പറഞ്ഞു തുടങ്ങിയ ഓര്‍മകളിലും ആ ബാപ്പ ചേര്‍ന്നില്ല. ആരുമറിയാതെ ആ കടലുണ്ടിപ്പുഴയുടെ കരയിലെ തറവാട്ടകത്ത് ഒഴുകിമറഞ്ഞ വാല്‍സല്യത്തിന്റെ പുഴയെക്കുറിച്ച് ഇളയമകനായ കോയ പറയുന്നത് ബാപ്പ സാകൂതം കേട്ടിരുന്നു. മകന്റെ വാക്കുകള്‍ കണ്ണീരിലേക്ക് വീണിടറിയപ്പോള്‍ ബാപ്പ കൈയെടുത്ത് അവന്റെ തോളില്‍ വെച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ മരിച്ചു എന്നതിനപ്പുറം ഭാര്യയുടെ മരണവാര്‍ത്തയറിയാതെ ദിവസങ്ങള്‍ അകലെ ആശുപത്രിമുറിയില്‍ കഴിയേണ്ടി വന്ന ഒരാളുടെ നോവാര്‍ന്ന അനുഭവമാണ് അന്ന് കരയിപ്പിച്ചത്. ആശുപത്രിക്കിടയില്‍ ഇടക്ക് ഓര്‍മ കിട്ടിയപ്പോള്‍ രണ്ടു തവണ ശിഹാബ് തങ്ങള്‍ ചോദിച്ചു, അവള്‍ വിളിച്ചിരുന്നോ എന്നൊക്കെ. അവിടെയിപ്പോ രാത്രിയായിരിക്കും ബാപ്പാ.. എന്ന് പറഞ്ഞൊഴിഞ്ഞു കോയ.

ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞ് പാണക്കാട് വന്ന് കയറിയപ്പോഴേ ബാപ്പയുടെ കണ്ണുകള്‍ പരതിയതും ഭാര്യയെയാണ്. ദുആ ചെയ്തൊക്കെ കഴിഞ്ഞ് അകത്തെത്തിയപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ അളിയന്‍ യൂസുഫാണ് പറഞ്ഞത്: 'മുനവ്വറലിയുടെ ഉമ്മ, ബാപ്പാന്റെ ഭാര്യ ഇന്നാളൊരു രാവിലെ റാഹത്തോടെ മരണപ്പെട്ടു...' അപ്പോഴേക്കും പെങ്ങന്മാര്‍ കരയാന്‍ തുടങ്ങി. എല്ലാവരെയും അമ്പരപ്പിച്ച് ആ ബാപ്പ പതറാതെ നിന്നു. പെങ്ങന്മാരെ ചേര്‍ത്ത് പിടിച്ച മൂപ്പര്‍ അവരെ ആശ്വസിപ്പിച്ചു. കണ്ടു നിന്നവരുടെയൊക്കെ കണ്ണ് നിറഞ്ഞു. പിന്നെ ശിഹാബ് തങ്ങള്‍ പുറത്തു വന്ന് പത്രക്കാരോടൊക്കെ പല വര്‍ത്തമാനങ്ങളും പറഞ്ഞു. രാത്രി ഖബറിനരികെ പോയി സിയാറത്ത് നടത്തി.

സദാ അരികിലുണ്ടായിരുന്ന ആളെയാണ് ശിഹാബ്തങ്ങള്‍ക്ക് അന്ന് നഷ്ടമായത്. ആണ്ടുകള്‍ കഴിഞ്ഞ് പിന്നെയും ആ വീട്ടുമുറ്റത്തെത്തുന്നത് മറ്റൊരു റമദാനിന്റെ രാവിലെത്തന്നെ. അന്നും ആ വീട് വേദനയില്‍ പൊതിഞ്ഞ് നില്‍പായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിന്റെ നെടുംതൂണായിരുന്ന മുത്തുകോയയുടെ (ഉമറലി ശിഹാബ്) വേര്‍പാടിന്റെ വേദന പങ്കുവെക്കാന്‍ അന്ന് അവര്‍ സഹോദരങ്ങള്‍ തറവാടു മുറത്ത് ഒരുമിച്ചു കൂടി. 'മാധ്യമ'ത്തിനായി ഒത്തുകൂടിയ ആ പകലില്‍ തങ്ങള്‍ വേദനയിലും സ്നേഹവാല്‍സല്യങ്ങളുടെ പുതുകുപ്പായമിട്ടു.

സാമിര്‍ സലാം

No comments:

Post a Comment