Monday, June 15, 2009

അഹമ്മദിനെജാദിന്റെ നയങ്ങള്‍ക്ക്‌ അംഗീകാരം


ഇറാന്‍ പ്രസിഡന്റ്‌തിരഞ്ഞെടുപ്പില്‍ മഹ്‌മൂദ്‌ അഹമ്മദിനെജാദിനുണ്ടായ വന്‍വിജയത്തെ അദ്ദേഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധനയങ്ങള്‍ക്കും നിലപാടുകള്‍ക്കും ലഭിച്ച അംഗീകാരമെന്ന്‌ വിശേഷിപ്പിക്കാം. അമേരിക്കന്‍വിരുദ്ധനും കടുത്ത യാഥാസ്ഥിതികനുമായി അറിയപ്പെടുന്ന അദ്ദേഹം പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയാണ്‌ 62.6 ശതമാനം വോട്ടോടെ പ്രസിഡന്റ്‌സ്ഥാനത്ത്‌ രണ്ടാംതവണയും എത്തിയത്‌. വന്‍വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതപ്പെട്ടിരുന്ന, മുന്‍പ്രധാനമന്ത്രിയും പരിഷ്‌കരണവാദിയുമായ മിര്‍ ഹുസൈന്‍ മൗസവിയെ അഹമ്മദിനെജാദ്‌ ബഹുദൂരം പിന്നിലാക്കി. തിരഞ്ഞെടുപ്പില്‍ അപകടകരമായ കളികള്‍ നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കില്ലെന്നും മൗസവി പറഞ്ഞിട്ടുണ്ട്‌. അഹമ്മദിനെജാദിന്റെ എതിരാളികള്‍ പലേടത്തും പ്രതിഷേധത്തിനിറങ്ങി. 2005ല്‍ അഹമ്മദിനെജാദ്‌ ആദ്യതവണ പ്രസിഡന്റായപ്പോഴും തിരഞ്ഞെടുപ്പില്‍ കൃത്രിമംനടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അന്ന്‌ ആദ്യറൗണ്ടില്‍ 50 ശതമാനത്തിലേറെ വോട്ടുനേടാതിരുന്നതിനെത്തുടര്‍ന്ന്‌ രണ്ടാംറൗണ്ട്‌ മത്സരത്തിലാണ്‌ അഹമ്മദിനെജാദ്‌ വിജയംകണ്ടത്‌.

സാധാരണകുടുംബത്തില്‍ പിറന്ന്‌, പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അഹമ്മദിനെജാദിന്‌ ഏറെ പിന്തുണ ലഭിച്ചതും അവരില്‍നിന്നുതന്നെ. തനിക്കെതിരെ നാട്ടിലെ എതിരാളികളും ചില പാശ്ചാത്യശക്തികളും നടത്തിയ പ്രചാരണങ്ങളെ നേരിടാനും ഈ ജനകീയമുഖമാണ്‌ അദ്ദേഹത്തിന്‌ ഏറെ സഹായകമായത്‌. അന്താരാഷ്ട്രവേദികളില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും സ്ഥാപിതതാത്‌പര്യങ്ങളെയും ഏകപക്ഷീയമായ നയങ്ങളെയും നിശിതമായി വിമര്‍ശിക്കാന്‍ അഹമ്മദിനെജാദ്‌ മടിച്ചില്ല. അത്‌ അമേരിക്കയുടെ അധീശത്വനിലപാടുകളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. മതപരമായി, അഹമ്മദിനെജാദിന്റെ യാഥാസ്ഥിതികമനോഭാവത്തോടു യോജിക്കാത്തവര്‍പോലും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും ധീരതയെയും അംഗീകരിക്കുന്നു. 2005ല്‍ പ്രസിഡന്റ്‌പദവിയിലെത്തിയപ്പോള്‍ പാശ്ചാത്യശക്തികള്‍ അവഗണനയോടെയാണ്‌ അദ്ദേഹത്തെ വീക്ഷിച്ചത്‌. അഹമ്മദിനെജാദ്‌ തുടര്‍ന്നെടുത്ത നിലപാടുകള്‍ അമേരിക്കയ്‌ക്കും കൂട്ടാളികള്‍ക്കും കനത്ത പ്രഹരമായി. സമാധാനത്തിനുവേണ്ടിയുള്ള ആണവപരിപാടികളില്‍നിന്ന്‌ ഇറാനെ തടയാനാവില്ലെന്ന അഹമ്മദിനെജാദിന്റെ പ്രഖ്യാപനവും അമേരിക്കന്‍നിലപാടിനെതിരെ നടത്തിയ പ്രചാരണവും ഈ വിഷയത്തില്‍ ആഗോളതലത്തില്‍ത്തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ പ്രേരകമായി. സാമ്പത്തികഉപരോധങ്ങള്‍ വകവെക്കാതെ ആണവപദ്ധതിയുമായി മുന്നോട്ടുപോകാനാണ്‌ അദ്ദേഹം തീരുമാനിച്ചത്‌.

അഹമ്മദിനെജാദിന്റെ ഭരണകാലത്ത്‌, ഇറാനില്‍ സാമ്പത്തിക, സാമൂഹികമേഖലകളില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല. തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പ്രധാനപ്രശ്‌നങ്ങളായി തുടരുന്നു. ഈ സാഹചര്യത്തിലും കഴിഞ്ഞതവണത്തേതിനെക്കാള്‍ മികച്ചവിജയം അദ്ദേഹം നേടിയെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. തങ്ങള്‍ക്ക്‌ ശത്രുതയുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രചാരണംനടത്തുകയും അതുവഴി അവിടെ കുഴപ്പങ്ങള്‍ക്കിടയാക്കുകയുംചെയ്യുന്ന അമേരിക്കയ്‌ക്കും കൂട്ടാളികള്‍ക്കും ഈ വിജയം അംഗീകരിക്കാനും പൂര്‍ണമായി ഉള്‍ക്കൊള്ളാനും കഴിയുമോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. മുന്‍പ്‌ പലസ്‌തീനിലെ പാര്‍ലമെന്റ്‌തിരഞ്ഞെടുപ്പില്‍ ഒളിപ്പോരാളികളുടെ സംഘടനയായ 'ഹമാസ്‌' നേടിയ വിജയം കണക്കിലെടുക്കാതെ അമേരിക്കയും ഇസ്രായേലും അവര്‍ക്കെതിരെ സ്വീകരിച്ച നിലപാടുകളാണ്‌ പിന്നീട്‌ അവിടത്തെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയത്‌. വിശ്വാസവും തുറന്നസമീപനവുമാണ്‌ സമാധാനത്തിലേക്കുള്ള വഴിയെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഈയിടെ കെയ്‌റോയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള തര്‍ക്കം, പലസ്‌തീന്‍പ്രശ്‌നം തുടങ്ങിയവ ഈ വഴിയിലൂടെ പരിഹരിക്കുന്നതിന്‌ മുന്‍കൈയെടുക്കാനാണ്‌, അഹമ്മദിനെജാദിന്റെ വിജയം അമേരിക്കയ്‌ക്കുംമറ്റും പ്രേരകമാകേണ്ടത്‌.

Mathrubhumi

No comments:

Post a Comment