Sunday, June 14, 2009

സച്ചിന്റെ പാതിയില്ല: സെവാഗ്‌


മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറും താനും തമ്മില്‍ വെറും ബാങ്ക് ബാലന്‍സിന്റെ വ്യത്യാസമേയുള്ളൂവെന്ന് ഒരിക്കല്‍ പറഞ്ഞയാളാണ് വീരേന്ദര്‍ സെവാഗ്. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി വളരുന്നതിനും വളരെ മുമ്പായിരുന്നു അത്. എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറെന്ന സ്ഥാനത്തെത്തിയപ്പോള്‍ സെവാഗ് പറയുന്നു. 'സച്ചിന്റെ പാതിപോലുമില്ല ഞാന്‍'. ശ്രീലങ്ക പര്യടനത്തിന് തയ്യാറെടുക്കുന്ന സെവാഗ് പി.ടി.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സച്ചിനെ തന്റെ ഗുരുവായാണ് വിശേഷിപ്പിച്ചത്.

' ഒരു വീരേന്ദര്‍ സെവാഗ് വിചാരിച്ചാല്‍ ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പാതിയോളം പോലും വളരാനാവില്ല. അദ്ദേഹത്തിന്റെ അടുത്ത് ഞാനാരുമല്ല. സച്ചിനെ കണ്ടും മാതൃകയാക്കിയുമാണ് ഞാന്‍ വളര്‍ന്നത്. ആ ശൈലിയും ഷോട്ടുകളും കോപ്പിയടിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. എത്രവളര്‍ന്നാലും എനിക്ക് സാധിക്കുക സച്ചിന്റെ ശിഷ്യനാവുകത മാത്രമാണ്. അദ്ദേഹത്തെ ഗുരു സ്ഥാനത്ത് കാണാനുള്ള എന്റെ ആഗ്രഹവും എന്നെ ശിഷ്യനായി കാണാനുള്ള സന്മനസ്സ് സച്ചിനും കാണിച്ചാല്‍ അതാണ് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം'

ക്രീസില്‍ ഒരുമമിച്ചു വരുന്ന ഘട്ടങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും തിരിച്ചറിയാന്‍ പ്രയാസമുള്ള കാലമുണ്ടായിരുന്നു ഒരിക്കല്‍. സച്ചിന്റെ യഥാര്‍ഥ പിന്‍ഗാമിയായാണ് സെവാഗിനെ ലോകം വിലയിരുത്തിയത്. എന്നാല്‍, മൗലികമായ ആക്രമണശൈലിയിലൂടെ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഓപ്പണറായി സെവാഗ് മാറി. ഒപ്പം സച്ചിനെക്കാള്‍ മുന്നെ ട്രിപ്പിള്‍ സെഞ്ച്വറി രണ്ടുവട്ടം നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാനും.

സച്ചിന്‍ തെണ്ടുല്‍ക്കറെ ലോകത്തെ 26-ാമത്തെ ടെസ്റ്റ് ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്ത ഐ.സി.സി.യുടെ ഓള്‍ ടൈം റാങ്കിങ്ങിനെ സെവാഗ് വിമര്‍ശിച്ചു. ടീം ഇന്ത്യയിലെ അംഗങ്ങളെല്ലാം ഈ താരുമാനത്തെ നിരാശയോടെയാണ് കണ്ടതെന്ന് സെവാഗ് പറഞ്ഞു.

' ഒരു ക്രിക്കറ്റെറന്നതിനെക്കാളൊക്കെ അപ്പുറത്താണ് സച്ചിന്റെ സ്ഥാനം. മാതൃകാപരമായ വ്യക്തിത്വത്തിനുടമയാണ് സച്ചിന്‍.അദ്ദേഹത്തിന്റെ റെക്കോഡുകള്‍ ഒരുകാലത്തും തകരില്ലെന്നാണ് എന്റെ വിശ്വാസം. പരിക്കില്ലാതെ ദീര്‍ഘകാലം ഒരേ ഫോമില്‍ കളിക്കാന്‍ സാധിക്കുന്ന ആര്‍ക്കെങ്കിലുമേ അത് സാധിക്കൂ. പതിനഞ്ചാം വയസ്സിലാണ് സച്ചിന്‍ കളി തുടങ്ങിയത്. അത് തകര്‍ക്കണമെന്നുള്ളവര്‍ അതിനെക്കാള്‍ മുന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തണം. 83 സെഞ്ച്വറികളും മുപ്പതിനായിരത്തോളം റണ്‍സുമെന്ന പ്രതിഭാസം പ്രവാഹം പോലെ തുടരുകയാണെന്നുമോര്‍ക്കണം'

അടുത്ത വര്‍ഷത്തോടെ ലോകത്തെ ഏറ്റവും മികച്ച ടീമിന്ന ഖ്യാതി സ്ഥിരമായി ഇന്ത്യ സ്വന്തമാക്കുമെന്നും സെവാഗ് പറഞ്ഞു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ കുത്തകയുടെ അടിത്തറയിറളകിത്തുടങ്ങുമെന്നും വീരു പറഞ്ഞു.

സൗരവ് ഗാംഗുലിയായിരുന്നു മികച്ച ക്യാപ്റ്റനെന്ന് സെവാഗ് പറഞ്ഞു. യുവതാരങ്ങള്‍ക്ക് നിര്‍ലോഭം പിന്തണ നല്‍കിയിരുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലി. ' ക്യാപ്റ്റനില്‍നിന്ന് പിന്തുണ കിട്ടിയാല്‍ നിങ്ങളുടെ ആത്മവിശ്വാസം ആകാശത്തോളം ഉയരും. എന്നെ ഓപ്പണറാക്കി മാറ്റിയത് ദാദയായിരുന്നു. ശ്രീലങ്കയില്‍വെച്ച്. മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ 69 പന്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ അടുത്ത 30 ഏകദിനങ്ങളില്‍ നീയുണ്ടാകുമെന്ന് പറഞ്ഞ് ദാദ എന്നെ പ്രോത്സാഹിപ്പിച്ചു'

ധോനി ഏറെക്കുറെ ഗാംഗുലിയുടെ പാതയാണ് പിന്തുടരുന്നതെന്നും സെവാഗ് പറഞ്ഞു. ' ദാദയെപ്പോലെ ആക്രമണോത്സുകതയുള്ള ക്യാപ്റ്റനാണ് ധോനി. എന്നാല്‍, മത്സരം രക്ഷിച്ചെടുക്കേണ്ട ഘട്ടങ്ങളില്‍ എങ്ങനെ പ്രതിരോധത്തിലാകാമെന്നും ധോനിക്കറിയാം. ഞങ്ങള്‍ താരങ്ങള്‍ക്കെല്ലാം ആവശ്യമായ സ്വാതന്ത്ര്യം തരുന്നുവെന്നതാണ് ധോനിയെ വ്യത്യസ്തനാക്കുന്നത്. എല്ലാവരെയും നിയന്ത്രിക്കാന്‍ ധോനി ഒരുമ്പെടാറില്ല. പരിശീലനം വേണ്ടപ്പോള്‍ മാത്രമെന്ന നീക്കമൊക്കെ അതിന്റെ ഭാഗമാണ്. എല്ലാ ദിവസവും പരിശീലിച്ചിരിക്കണമെന്ന് ധോനി നിര്‍ബന്ധിക്കാറില്ല. ഒട്ടേറെ യാത്രകളും ഒട്ടേറെ മത്സരങ്ങളുമുണ്ട്. വിശ്രമത്തിന്റെ വിലയറിയാവുന്ന ക്യാപ്റ്റനാണ് ധോനി'.

മുമ്പെന്നത്തേക്കാളും ഇന്ത്യന്‍ ടീമിന്റെ ഡ്രെസ്സിങ് റൂമില്‍ സമാധാനമുള്ള കാലമാണിതെന്ന് സെവാഗ് പറയുന്നു. കോച്ച് ഗാരി കേസ്റ്റനാണ് അതിന്റെ മുഴുവന്‍ മാര്‍ക്കും സെവാഗ് നല്‍കുന്നത്. ' ഞാനിതേവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച കോച്ചാണ് കേസ്റ്റന്‍. കാര്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹം മുതിരാറില്ല. നിങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളാണ്. എങ്ങനെയാണ് വിജയിക്കേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. അതിന്റെ ആവശ്യമെത്രയുണ്ടെന്നും-ഇതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. നിങ്ങള്‍ക്കെപ്പോള്‍ എന്നെ ആവശ്യമുണ്ടോ അപ്പോള്‍ ഞാനിവിടെയുണ്ടാകുമെന്നാണ് കേസ്റ്റന്‍ പറയുന്നത്. ഗ്രെഗ് ചാപ്പലിനുകീഴില്‍ ഒരിക്കലും കിട്ടാതിരുന്ന കാര്യങ്ങളാണിത്'.

Mathrubhumi

No comments:

Post a Comment