Sunday, June 14, 2009

വരുന്നു, ചെസ്സിന്റെ മൊസാര്‍ട്ട്‌


പോള്‍ മോര്‍ഫി, ഇമ്മാനുവല്‍ ലാസ്‌കര്‍, അലവിന്‍, കാപ്പാബ്ലാങ്ക, താള്‍, ഫിഷര്‍, കാര്‍പോവ്, കാസ്പറോവ്... ചെസ്സിലെ ചക്രവര്‍ത്തി പരമ്പരയുടെ ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരാണ്. ചരിത്രത്തിലെന്നപോലെ ഭാവിയിലും താല്പര്യമുള്ളവര്‍ ഈ ലിസ്റ്റ് കണ്ടാല്‍ ചോദിക്കും, അപ്പോള്‍ ആനന്ദിനു ശേഷം ആരായിരിക്കും ചക്രവര്‍ത്തിയാവുക? ഇനി ആ ചോദ്യം ചോദിക്കുന്നതില്‍ സാംഗത്യമുണ്ട്. കാരണം, ആനന്ദിന്റെ പ്രായം നാല്പതിനുമപ്പുറത്തേക്കു പോകുകയാണ്. ഇനിയേറെ നാള്‍ ചക്രവര്‍ത്തി പദത്തില്‍ തുടരാന്‍ ആനന്ദിന് കഴിയില്ല. ഇക്കൊല്ലം ലിനാറസിലും ആമ്പര്‍ചെസ്സിലും ആനന്ദിന് നിരവധി വിജയങ്ങള്‍ കിട്ടിയെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആനന്ദ് സിംഹാസനം ഉപേക്ഷിക്കുന്ന ദിവസം സമാഗതമാകുകയാണ്. അപ്പോള്‍ ആരായിരിക്കും അവിടെയിരിക്കേണ്ടത്?

ഒരു കാര്യം ആദ്യമേ ഓര്‍മ്മിപ്പിക്കട്ടെ, ഇവിടെ ആലോചനാവിഷയം അടുത്തലോക ചാമ്പ്യന്‍ ആരാകുമെന്നോ ഫിഡേ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത് ആരെ പ്രതീക്ഷിക്കാം എന്നോ അല്ല. അതൊന്നും അത്ര പ്രസക്തമായ കാര്യവുമല്ല. പലപ്പോഴും അത്രയൊന്നും പ്രസക്തരായ കളിക്കാരല്ല ലോകചാമ്പ്യന്മാരാകുന്നത്. ലോകറാങ്കിങ്ങും കളിക്കാരന്റെ പദവിയുടെ അളവുകോലല്ല. ഐ.സി.സി. ലോകറാങ്കിങ്ങില്‍ സച്ചിന്‍ താഴെയാണെന്ന് പറയുന്നതുപോലെയാണത്. ഒരു ചെറിയകാലത്തേക്ക് ജ്വലിച്ചു നില്‍ക്കുന്നവരായിരിക്കും ഫിഡേ റാങ്കിങ്ങില്‍ മുന്നിലെത്തുക. ഇപ്പോള്‍ രണ്ടായിരത്തി എണ്ണൂറിലേറെ പോയന്റുകളുള്ള റ്റോപ്പോളോവാണ് ഏറ്റവും മുന്നില്‍. പക്ഷേ, കാസ്പറോവിന്റെയെന്നല്ല ക്രാംനിക്കിന്റെ അത്രപോലും ഗരിമയില്ലാത്ത കളിക്കാരനാണ് റ്റോപ്പോളോവ്. അതുകൊണ്ട് അലവിനും കാപ്പാബ്ലാങ്കയും ഫിഷറുമൊക്കെ വരുന്ന അഷ്ടദിഗ്ഗജങ്ങളുടെ പട്ടികയിലേക്ക് ആരും റ്റോപ്പോളോവിന്റെ പേര് നിര്‍ദേശിക്കാന്‍ പോകുന്നില്ല. അപ്പോള്‍ ചോദ്യം ചില താരതമ്യങ്ങളിലൂടെ ആവര്‍ത്തിക്കട്ടെ. ബ്രാഡ്മാന്‍, സോബേഴ്‌സ്, റിച്ചാര്‍ഡ്‌സ്, ഗവാസ്‌കര്‍, ടെണ്ടുല്‍ക്കര്‍ എന്ന പട്ടികയിലേക്ക് ഇനിയാരെന്ന ചോദ്യം പോലെ, റോഡ്‌ലേവര്‍, ബോര്‍ഗ്്, മക്കന്റോ, സാംപ്രസ്, ഫെഡറര്‍ എന്ന പട്ടികയിലേക്ക് ഇനിയാരെന്ന ചോദ്യം പോലൊരു ചോദ്യമാണ് ചോദിക്കുന്നത്: ആനന്ദിനുശേഷം ഇനി ആരുടെ പേരാവും ചരിത്രം എഴുതിചേര്‍ക്കുക?

ആദ്യമേ പറയട്ടെ, ഒരു പ്രവചനവും സത്യമാവണമെന്നില്ല. പീറ്റര്‍ ലെക്കോ എന്ന ഹംഗറിക്കാരന്‍ ഉയരുന്നതുകണ്ടപ്പോള്‍ ആ രാജ്യം എന്തൊക്കെ മോഹിച്ചതായിരുന്നു! ബോബി ഫിഷര്‍ 15 വയസ്സും 6 മാസവും 1 ദിവസവും പ്രായമുള്ളപ്പോഴാണ് ഗ്രാന്റ് മാസ്റ്ററായതെങ്കില്‍ ലെക്കോ 14 വയസ്സും 4 മാസവും 22 ദിവസവും പ്രായമുള്ളപ്പോഴാണ് ഗ്രാന്റ് മാസ്റ്ററായത്. ലോകറാങ്കിങ്ങിന്റെ മുകളിലെ എട്ടുപേരില്‍ ഒരാളാവുന്നതുവരെയൊക്കെ ലെക്കോ അതേ വേഗം പ്രദര്‍ശിപ്പിച്ചു. പക്ഷേ, കാസ്പറോവ്-ആനന്ദ്-ക്രാംനിക് എന്ന ത്രിത്വത്തിനു മുന്നില്‍ കടക്കാന്‍ ലെക്കോവിന് കഴിഞ്ഞില്ല. ഇപ്പോള്‍ ലെക്കോ ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാള്‍ തന്നെയെങ്കിലും ഇതിലും വലിയ നേട്ടങ്ങളൊന്നും ആരും ലൊക്കോയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഫ്രാന്‍സിന്റെ എത്തിയന്‍ ബാര്‍ക്കോ 14 വയസ്സ് 2 മാസത്തിലും റൂസ്‌ലന്‍ പനോമാരിയോവ ് 14 വയസ്സ് 17 ദിവസങ്ങളിലും ചീനയുടെ ബുസിയാങ്‌ഴി 13 വയസ്സ് 10 മാസം 13 ദിവസങ്ങളിലും ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയെടുത്തപ്പോള്‍ ചെസ് പ്രേമികള്‍ അവരെയൊന്ന് ശ്രദ്ധിച്ചുവെന്നത് നേര്. പക്ഷേ, പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഇപ്പറഞ്ഞ കളിക്കാരാരും ഇന്ന് വലിയതാരങ്ങളുടെ നിരയില്‍പ്പോലുമില്ല. ശൈശവത്തിലും ബാല്യത്തിലും കാണിക്കുന്ന മിടുക്കൊന്നും മഹത്വത്തിന്റെ ലക്ഷണങ്ങളാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇക്കാര്യം പണ്ടേ ബോധ്യമായതാണ്. ഫിഷര്‍ക്കും മുമ്പ് സാമുവല്‍ റെഷവ്‌സ്‌കി എന്നൊരു ബാലതാരം അമേരിക്കയില്‍ ഉയര്‍ന്നുവന്നതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആദ്യകാല ഉയര്‍ച്ച സൂചിപ്പിച്ച ഉന്നതങ്ങളിലൊന്നും അദ്ദേഹത്തിന് എത്താനായില്ല. നൈജല്‍ ഷോട്ടിന്റെ ചെസ് ജീവിതത്തില്‍നിന്ന് ഇതേ സത്യം ബ്രിട്ടീഷുകാരും പഠിച്ചു. അതുകൊണ്ടുതന്നെ സെര്‍ജി കാര്യാക്കിന്‍ 12 വയസ്സ് 7 മാസത്തില്‍ ഗ്രാന്റ്മാസ്റ്ററായപ്പോള്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തി പലരും ലേഖനങ്ങള്‍ എഴുതിയപ്പോഴും ഞാന്‍ ഒരല്പം കാത്തിരിക്കാം, എന്നിട്ടുമതി പ്രവചനങ്ങള്‍ എന്ന നിലപാടാണ് എടുത്തത്. എന്നാല്‍ നോര്‍വേക്കാരനായ മറ്റൊരു കുട്ടി എന്റെ കണ്ണടച്ചുള്ള ധ്യാനത്തെ തകര്‍ക്കുകയാണ്. ചക്രവര്‍ത്തിപദത്തിലേക്കുള്ള ഒരു പേരായി ആ കുട്ടിയെ പരിഗണിക്കാതിരിക്കാന്‍ എനിക്കാവില്ല.

അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് റെയ്കയാവിക്കില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. നോര്‍വേക്കാരനായ കാള്‍സന്‍ എന്ന പതിമൂന്നുകാരന്‍ മുന്‍ ലോകചാമ്പ്യന്‍ അനറ്റോളി കാര്‍പോവിലെ തോല്പിക്കുന്നു, തൊട്ടടുത്ത ദിവസം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന കാസ്പറോവിനെ ഡ്രോയില്‍ തളച്ചിടുന്നു. കാര്‍പോവ്, കാസ്പറോവ് എന്നീ പഴയ സോവിയറ്റ് കളിക്കാര്‍ ഞെട്ടിപ്പോയി എന്നതിലല്ലായിരുന്നു എന്റെ ശ്രദ്ധ. മറിച്ച് കളി നടന്നത് ഐസ്‌ലന്റിലെ റെയ്ക് യാവിക്കില്‍ വെച്ചായിരുന്നു എന്നതിലായിരുന്നു. കാരണം, മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ നഗരത്തില്‍ വെച്ചായിരുന്നു അമേരിക്കക്കാരനായ ബോബി ഫിഷര്‍ സോവിയറ്റ് ചെസ് സാമ്രാജ്യത്തെ തവിടുപൊടിയാക്കി ലോകചാമ്പ്യനായത്. ഒരിക്കല്‍ക്കൂടി ആ റെയ്ക് യാവിക് മറ്റെന്തിന്റെയൊക്കെയോ നാന്ദി കുറിക്കുകയാണോ? സോവിയറ്റ് യൂണിയനു പുറത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ചെസ്സിന്റെ ചക്രവര്‍ത്തിപദത്തില്‍ എത്തിയ ആരും ഇന്നേവരെ ഉണ്ടായിട്ടില്ല. ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ മാക്‌സ്ഏവ് ലോകചാമ്പ്യനായതൊഴിച്ചാല്‍ യൂറോപ്പ് അത്രവലിയ ചെസ് ശക്തിയായിരുന്നില്ല. കാള്‍സന്‍ എന്ന കുട്ടിയില്‍ ഒരു യൂറോപ്യന്‍ ലോകചാമ്പ്യനെ പ്രതീക്ഷിക്കാമോ എന്ന് അന്നേ ഞാന്‍ സ്വയം ചോദിച്ചുപോയി. പക്ഷേ, വേണ്ടെന്നു വെക്കുകയും ചെയ്തു. കാരണം, ബ്രിട്ടീഷ് ഗ്രാന്റ്മാസ്റ്റര്‍ നൈജല്‍ ഷോട്ടും ഇതുപോലെ കുട്ടിക്കാലത്ത് ഗംഭീര വിജയങ്ങള്‍ നേടിയിട്ടുണ്ട്. കാര്‍പോവും കോച്ച്‌നോയിലും ഷോട്ടിനോട് തോറ്റിട്ടുണ്ട്. എന്നിട്ടെന്തുണ്ടായി?

2004ല്‍ കാര്‍പ്പോവിനെതിരെ നേടിയ വിജയത്തിനുശേഷം അതേവര്‍ഷം ഏപ്രിലില്‍ കാള്‍സന്‍ ദുബായ് ഓപ്പനില്‍ വെച്ച് ഗ്രാന്റ്മാസ്റ്റര്‍ പദവി നേടി. ഇതിനുതൊട്ടുമുമ്പ് ശ്രദ്ധേയമായൊരു വാര്‍ത്ത വന്നത് ജനവരിയിലായിരുന്നു. വിക്കാന്‍സിയിലെ കോറസ് ടൂര്‍ണമെന്റില്‍നിന്ന്. കോറസ് ടൂര്‍ണമെന്റിന് 'എ' ഗ്രൂപ്പ്, 'ബി' ഗ്രൂപ്പ്, 'സി' ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളുണ്ട്. 'എ' ഗ്രൂപ്പിലാണ് ആനന്ദ് അടക്കമുള്ളവര്‍ വന്‍താരങ്ങള്‍ കളിക്കുന്നത്. തൊട്ടുതാഴെ വരുന്ന ഒരു നിരകളിക്കാര്‍ 'ബി' ഗ്രൂപ്പില്‍. 'സി' ഗ്രൂപ്പ് അതിനും താഴെയുള്ളവര്‍ക്ക്. പക്ഷേ, അക്കൊല്ലത്തെ ഏറ്റവും ശ്രദ്ധേയമായൊരു ഗെയിം 'സി' ഗ്രൂപ്പില്‍ നിന്നായിരുന്നു. നോര്‍വേക്കാരന്‍ ബാലതാരം മാഗ്നസ് കാള്‍സന്‍ സിപ്‌കെ ഏണ്‍സ്റ്റിനെ നേരിടുന്നു. ഇരുവരും ആ സമയത്ത് ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഏണ്‍സ്റ്റിനെതിരെയുള്ള ഗെയിമില്‍ കാള്‍സന്‍ പുറത്തെടുത്തത് മാന്ത്രികമായ നീക്കങ്ങള്‍ തന്നെയായിരുന്നു. ആ കളി www.chessbase.com/newsdetail.asp?newsid=1447 എന്ന പേജില്‍ നിന്ന് കിട്ടും. 29 നീക്കത്തില്‍ കാള്‍സന്‍ എതിരാളിയെ അടിയറവ് പറയിച്ചു. ചെസ്സില്‍ ഇക്കാലങ്ങളില്‍ തീരെ കാണാത്തതരത്തിലുള്ള സാക്രിഫൈസുകളുടെയും കോമ്പിനേഷനുകളുടെയും താണ്ഡവമാണ് ഈ കളിയില്‍. പണ്ട് ഫിഷറും മിഖായേല്‍ താളുമൊക്കെ ബോര്‍ഡില്‍ ഇറക്കാറുള്ള മന്ത്രവാദം ഇവിടെ കാള്‍സനും ആവര്‍ത്തിച്ചു. ഈ കളികണ്ട ചെസ് കളിക്കാരനും ചെസ് ലേഖകനുമായ ല്യുബോമിര്‍ കാവലക് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതി 'ഇതാ വരുന്നു ചെസ്സിലെ മൊസാര്‍ട്ട്!' (www.washingtonpost.com/wp-dyn/articles/a47701-2004jan25)

2005 ല്‍ നോര്‍വെയിലെ ഡ്രെമനില്‍ നടന്ന സ്മാര്‍ട്ഫിഷ് ചെസ്‌ഫെസ്റ്റിവലില്‍വെച്ച് കാള്‍സന്‍ അലക്‌സിഷിറോവിനെ തോല്പിച്ചതോടെ തന്റെ വളര്‍ച്ച നിലച്ചിട്ടില്ലെന്ന സൂചന നല്‍കി. അതേ വര്‍ഷം ജൂണില്‍ കാള്‍സന് ശ്രദ്ധേയമായൊരു തോല്‍വിയുമുണ്ടായി. ലിയോണ്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ കാള്‍സന്‍ 3-1ന് തോറ്റത് മറ്റാരോടുമായിരുന്നില്ല വിശ്വനാഥന്‍ ആനന്ദിനോടായിരുന്നു. പക്ഷേ, 2006 ല്‍ ആനന്ദിനെ 2-0ന് അട്ടിമറിച്ചുകൊണ്ട് ഗ്ലിറ്റ്‌നിര്‍ ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു. 2007 ലെ കോറസ് ചെസ് ടൂര്‍ണമെന്റില്‍ കാള്‍സന്‍ മോശമായാണ് കളിച്ചത്. ആനന്ദ് താണ്ഡവമാടിയ ഇവിടെ കാള്‍സന്‍ 13 റൗണ്ടുകളില്‍ നിന്ന് 4.5 പോയന്റുകളോടെ ഏറ്റവും പിറകിലായിപ്പോയി. പക്ഷേ, തൊട്ടുപിറകെവന്ന ലിനാറസ് ടൂര്‍ണമെന്റില്‍ കാള്‍സന്‍ തിരിച്ചുവന്നു. ആനന്ദും റ്റോപ്പലോവും അറോനിയനും പീറ്റര്‍ ലെക്കോയും ഇവാബുക്കും കളിച്ച ഈ ടൂര്‍ണമെന്റില്‍ 7.5 പോയന്റോടെ കാള്‍സന്‍ രണ്ടാം സ്ഥാനം നേടി. 2008 ല്‍ കാള്‍സന്‍ നേടിയ പ്രധാന വിജയങ്ങളിലൊന്ന് ക്രാംനിക്കിനെതിരെയായിരുന്നു.

ഇത്തരം വിജയങ്ങളോടൊപ്പം തന്നെ കാള്‍സന്റെ ഫിഡെ റെയ്റ്റിങ്ങും വര്‍ധിക്കുകയായിരുന്നു. 2006 ല്‍ 2698 പോയന്റുകള്‍ നേടി ലോകത്തിന്റെ 22 -ാം നമ്പര്‍ താരമായിരുന്ന കാള്‍സന്‍ 2007 ല്‍ തന്റെ സ്‌കോര്‍ 2710 ആക്കി ഉയര്‍ത്തി 17-ാം നമ്പര്‍ താരമായി ഉയര്‍ന്നു. 2008 ല്‍ ആനന്ദ് 2800 നപ്പുറത്തേക്ക് കുതിച്ച കാലത്ത് കാള്‍സന്‍ 2786 പോയന്റ് നേടി തൊട്ടുപിറകില്‍ എത്തിയിരുന്നു. ഇപ്പോള്‍ റ്റോപ്പലോവിനും ആനന്ദിനും പിറകില്‍ 18 കാരനായ കാള്‍സന്‍ ലോകത്തിലെ മൂന്നാം നമ്പര്‍ താരമാണ്. കഴിവുകളില്‍ കാള്‍സന്‍ ആനന്ദിന്റെ ബാല്യകാലമാണ് ഓര്‍മ്മിപ്പിക്കുന്നത്. അമാനുഷികമായ ഓര്‍മ്മശക്തിയും 'ഫോട്ടോഗ്രാഫിക് മെമ്മറി' എന്നറിയപ്പെടുന്ന മനസ്സില്‍ എന്തിന്റെയും പൂര്‍ണ്ണചിത്രം ഒട്ടും നഷ്ടപ്പെടാതെ സൂക്ഷിച്ചുവെക്കാനുള്ള കഴിവും കാള്‍സനുമുണ്ട്. മാഗ്നസ് കാള്‍സന്റെ അച്ഛന്‍ പറയുന്നത് കാള്‍സന് 5 വയസ്സായിരുന്നപ്പോള്‍ നോര്‍വേയിലെ 430 പ്രവിശ്യകളുടെയും (Counties) പേരും വിസ്തൃതിയും ജനസംഖ്യയും കാണാതെ പറയാന്‍ കഴിയുമായിരുന്നു എന്നാണ്! ഏതെങ്കിലും ഒരു ചെസ് പുസ്തകത്തില്‍ നിന്ന് ഒരു പേജ് മാത്രമെടുത്ത് അതിലെ ഒരു ചിത്രം മാത്രം കാണിച്ചാല്‍ അത് ഏത് ചെസ് പുസ്തകത്തിലെ എത്രാമത്തെ പേജാണ്, ആ ഗെയിം ഏതാണ്, ആ ഗെയിം ഏതുവിധത്തിലാണ് മുന്നോട്ടുപോയത് എന്നീ കാര്യങ്ങള്‍ ആ ബാലന്‍ പറയും. ഈ കഴിവുകൊണ്ടാണ് കാള്‍സന്റെ ഓപ്പനിങ്ങ് നീക്കങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം അത്ഭുതാവഹമാണ്. നിരവധി ചെസ് ലൈബ്രറികള്‍ തന്നെ ആ ബാലന്റെ തലച്ചോറില്‍ സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു. കാള്‍സനെക്കുറിച്ച് ഓയ്‌വിന്റ അസ്‌ബ്യോണ്‍സന്‍ എന്നൊരു സംവിധായകന്‍ ഒരു സിനിമയെടുത്തിട്ടുണ്ട്. പേര്: ചെസ്സിന്റെ രാജകുമാരന്‍.

18 കാരനായ കാള്‍സന്‍ ചെസ്സിലെ ലോകചാമ്പ്യനാവുമായിരിക്കാം. പക്ഷേ, ചക്രവര്‍ത്തി പദത്തില്‍ എത്തുമോ? സാധ്യതയില്ലാതില്ല. എങ്കിലും അത്രയെളുപ്പത്തിലൊന്നും ആനന്ദ് താഴെയിറങ്ങില്ല. റ്റോപ്പോളോവും ക്രാംനിക്കും കാള്‍സന്‍ പഠിക്കാത്ത പാഠങ്ങള്‍ കൈവശമുള്ള മഹാഗുരുക്കന്മാരാണ്. ഇവാഞ്ചുക്കിനുമുണ്ടാകും ചില പുരാരേഖകളില്‍ നിന്ന് കണ്ടെടുത്ത അത്ഭുതവഴികള്‍. പിന്നെ മറ്റൊരാള്‍കൂടിയുണ്ട് കാള്‍സന്റെ വഴിയില്‍- ലിയോണ്‍ അറോണിയന്‍. പക്ഷേ, പ്രായം കാള്‍സന് അനുകൂലമാണ്. 18 കാരനാണ് കാള്‍സനെങ്കില്‍ അറോണിയന് പ്രായം 26 ആയി. നാലഞ്ചുവര്‍ഷം കൂടി കാത്തിരുന്നാല്‍ കാള്‍സന്‍ തന്റെ യഥാര്‍ത്ഥ ഔന്നത്യത്തിലേക്കെത്തുമ്പോള്‍ ആനന്ദടക്കമുള്ളവര്‍ വിടപറഞ്ഞിട്ടുണ്ടാകും. അങ്ങനെ കാള്‍സന്‍ ആനന്ദിന്റെ പിന്‍ഗാമിയാവുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

കെ.എം. നരേന്ദ്രന്‍ | Mathrubhumi

1 comment: