Saturday, June 13, 2009

ഖാബൂസ്‌ ഗ്രാന്‍ഡ്‌ മസ്‌ജിദ്‌

ഒമാന്റെ താജ്‌മഹലാണ്‌ സുല്‍ത്താന്‍ ഖാബൂസ്‌ ഗ്രാന്‍ഡ്‌ മസ്‌ജിദ്‌. അറബ്‌-പേര്‍ഷ്യന്‍ വാസ്‌തുശില്‍പകലയുടെയും ചിത്രകലയുടെയും മിശ്രണം; ഇന്ത്യന്‍ മാര്‍ബിളില്‍ ഉയര്‍ന്ന മോഹനമന്ദിരം; ഓരോ കോണിലും കൗതുകം; ഓരോ ബിന്ദുവിലും മികവിന്റെ കഠിനാധ്വാനത്തിന്റെയും സ്‌പര്‍ശം; അകലെനിന്നും കാണുന്ന സൗന്ദര്യം അടുത്തെത്തുമ്പോള്‍ അദ്‌ഭുതമാകും, ആയിരക്കണക്കിനും തൊഴിലാളികളുടെ വിയര്‍പ്പിന്റെയും സൂക്ഷ്‌മതയുടെയും സ്‌മാരകം കൂടിയാണിത്‌.

കിലോമീറ്ററുകള്‍ അകലെ നിന്നേ കാണാം, അഞ്ചു കൂറ്റന്‍ മിനാരങ്ങള്‍ - പള്ളിയുടെ പ്രധാന കെട്ടിടത്തോട്‌ ചേര്‍ന്നാണ്‌ പ്രധാന മിനാരം. ഇതിന്‌ 91.5 മീറ്റര്‍ ഉയരമുണ്ട്‌. മറ്റു നാലെണ്ണം, മസ്‌ജിദും അനുബന്ധ കെട്ടിടങ്ങളും ചേര്‍ന്ന സമുച്ചയത്തിന്റെ നാലുകോണുകളിലാണ്‌. ഇസ്‌ ലാം മത വിശ്വാസത്തിന്റെ അഞ്ച്‌ അടിസ്ഥാന പ്രമാണങ്ങളുടെ പ്രതീകമാണിത്‌. മസ്‌ജിദിന്റെ പ്രധാന താഴികക്കൂടം അകലെ സുല്‍ത്താന്‍ ഖാബൂസ്‌ പട്ടണത്തില്‍ നിന്നു കാണാം. 50 മീറ്റര്‍ ഉയരത്തിലുള്ള താഴികക്കൂടം സ്വര്‍ണ്ണം പൂശിയതാണ്‌. ഇതിനു സംരക്ഷണമായി പ്രത്യേക കവചവുമുണ്ട്‌. ആഴ്‌ചയിലൊരിക്കല്‍ താഴികക്കുടം യാന്ത്രികമായി കഴുകും.

മൂന്ന്‌ കൂറ്റന്‍ ആര്‍ച്ചുകള്‍ കടന്നാണ്‌ പള്ളി സമുച്ചയത്തിലേക്കെത്തുക. ഒമാന്‍ പാരമ്പര്യമനുസരിച്ച്‌ തറനിരപ്പില്‍നിന്ന്‌ ഉയരത്തിലാണ്‌ മസ്‌ജിദ്‌. പ്രധാന ആരാധനാഹാളും പിന്നില്‍ സ്‌ത്രീകള്‍ക്കുള്ള പ്രത്യേക ഹാളുമാണുള്ളത്‌ ഈ ആര്‍ച്ചുകളിലെല്ലാം ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ 99 നാമങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഓരോ ആര്‍ച്ചിന്റെയും നിറം, അതിന്റെ കല്ലുകള്‍ ചേര്‍ത്തുവച്ച രീതി, ആലേഖനം ചെയ്‌ത വാക്യം, ചിത്രം തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക ന്യായീകരണങ്ങളുണ്ട്‌.

പ്രധാന പ്രാര്‍ത്ഥനാഹാളിലേക്ക്‌ വീണ്ടും മൂന്നു കവാടങ്ങള്‍, ഇവയ്‌ക്ക്‌ ആറുമീറ്ററോളം ഉയരമുണ്ട്‌. സാധാരണ ദിവസങ്ങളില്‍ വാതിലിന്റെ ചെറിയൊരുഭാഗം മാത്രമേ തുറക്കുകയുള്ളൂ. വെള്ളിയാഴ്‌ചകളില്‍ വാതില്‍ പൂര്‍ണ്ണമായി തുറക്കുമ്പോള്‍ ഇരുവശത്തുനിന്നും പ്രത്യേക കര്‍ട്ടനുകള്‍ നീങ്ങിവരും. പ്രധാനഹാളിലെ പരവതാനി ഇറാനില്‍ നൂറുകണക്കിനു തൊഴിലാളികള്‍ 27 മാസം കൊണ്ടാണു നിര്‍മ്മിച്ചത്‌. 21 ടണ്‍ ഭാരമുള്ള ഈ പരവതാനിയില്‍ 170 കോടി നെയ്‌തുവലയങ്ങളുണ്ട്‌. 58 ഭാഗങ്ങളായി കൊണ്ടുവന്ന പരവതാനി ഹാളിനുള്ളിലെത്തിച്ച്‌ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സാധാരണദിവസങ്ങളില്‍ പരവതാനിക്കു മുകളില്‍ പ്രത്യേക നടപ്പാതയായി മറ്റൊരു ഷീറ്റ്‌ പാകും. ഹാളിന്റെ നാലുഭാഗത്തുകൂടിയും നടുവിലൂടെയും മാത്രമായിരിക്കും ഇത്‌. സന്ദര്‍ശകര്‍ ഈ ഭാഗത്തു മാത്രമേ നടക്കാന്‍ പാടുള്ളൂ. പരവതാനിയിലേക്ക്‌ വിശ്വാസികള്‍ക്ക പ്രാര്‍ത്ഥനയ്‌ക്കുമാത്രമാണു പ്രവേശനം.

പ്രധാനഹാളിന്റെ മധ്യഭാഗത്ത്‌ താഴികക്കുടത്തില്‍നിന്നുള്ള തൂക്കുവിളക്കിന്‌ എട്ടു ടണ്‍ ആണു ഭാരം. താഴികക്കുടത്തിന്റെ മുകളില്‍ നിന്ന്‌ 14 മീറ്റര്‍ താഴേക്ക്‌ ഒറ്റക്കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന തൂക്കുവിളക്കിന്‌ എട്ടുമീറ്റര്‍ വ്യാസമുണ്ട്‌. ഇതില്‍ 1122 ബള്‍ബുകളാണുള്ളത്‌. ഏതെങ്കിലും ബള്‍ബ്‌ കേടായാല്‍, വിളക്ക്‌ അഴിക്കുകയല്ല പകരം പ്രത്യേക ക്രെയിന്‍ കൊണ്ട്വന്ന്‌ തൊഴിലാളികള്‍ അങ്ങോട്ട്‌ കയറുകയാണ്‌ പതിവ്‌. തൂക്കുവിളക്കിനുള്ളിലൂടെ പ്രത്യേക ഗോവണിയും നടപ്പാതയുമുണ്ട്‌. തൂക്കുവിളക്കിനുള്ളില്‍ പ്‌ത്തുതൊഴിലാളികള്‍ക്ക്‌ ഒരേസമയം ജോലിചെയ്യാം.

പ്രാര്‍ത്ഥനാ ഹാളിലെ ചുവരുകളിലെങ്ങും പേര്‍ഷ്യന്‍ ചിത്രകലയുടെ സൗന്ദര്യം മാറ്റുകൂട്ടാന്‍ പലതിലും സ്വര്‍ണം പതിച്ചിട്ടുണ്ട്‌. പടിഞ്ഞാറേ ചുവരില്‍, ചിത്രാലങ്കാരങ്ങള്‍ക്കിടയില്‍ ഇരുവശത്തുമായി അദൃശ്യമായ രണ്ടുവാതിലുകളുണ്ട്‌. ഒന്ന്‌, ഇമാമിന്റെ കവാടം; മറ്റൊന്ന്‌ സുല്‍ത്താന്‍ ഖാബൂസിന്റെയും. പ്രാര്‍ത്ഥനാഹാളിന്റെ വശങ്ങളിലൂടെ നടക്കുമ്പോള്‍ കൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ നടക്കുന്ന പ്രതീതിയായിരിക്കും. മസ്‌ജിദ്‌ സമുച്ചയത്തിലെങ്ങും മാര്‍ബിള്‍ പാകിയിട്ടുണ്ട്‌. പലകാലങ്ങളുടെ പ്രതീകങ്ങളായി പലതരം അലങ്കാരങ്ങള്‍ ഇവയ്‌ക്കു നല്‍കുന്നു. കിഴക്കുവശത്ത്‌, വിശാലമായി പൂന്തോട്ടവും ജലധാരയുമുണ്ട്‌. താജ്‌മഹലിനു മുന്നിലെ പൂന്തോട്ടത്തിന്റെ മാതൃകയിലാണിത്‌.

സ്‌പെയിനില്‍ ഇ്‌സ്‌ ലാമികാധിപത്യം നിലനിന്നിരുന്ന കാലത്തെ സാംസ്‌കാരികത്തനിമയും സാങ്കേതികയും മുതല്‍ ഹിജാസ്‌ (മക്കയും മദീനയും ഉള്‍പ്പെടുന്ന മേഖലകള്‍), മുഗള്‍ (ഇന്ത്യ) മധ്യേഷ്യ, പേര്‍ഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സംസ്‌കാരങ്ങള്‍ വരെ ചേര്‍ത്തുവയ്‌ക്കുന്നതാണ്‌ നിര്‍മ്മാണരീതികള്‍.

മറ്റൊരുവശത്ത്‌ ഒമാനിലെയും അറേബ്യയുടം മറ്റുഭാഗങ്ങളിലെയും പൈതൃകങ്ങളില്‍ തുടങ്ങി ഒട്ടോമന്‍, മംലൂക്ക്‌, മഗ്‌ രിബ്‌, മെസപ്പൊട്ടേമിയ കലാരൂപങ്ങളുടെ പ്രതിഫലനം സൃഷ്ടിക്കുന്നു. പാരമ്പര്യവും പ്രതാപവും ഒരുപോലെ പ്രദര്‍ശിപ്പിക്കുന്ന ഈ സുന്ദരമന്ദിരം, പ്രാര്‍ത്ഥനാലയം എന്നതിനപ്പുറം സാസംകാരിക കേന്ദ്രവും മതസൗഹാര്‍ദ കേന്ദ്രവുമാണ്‌. മസ്‌ജിദ്‌ സന്ദര്‍ശിക്കാനും അകത്തു പ്രവേശിക്കാനും ആര്‍ക്കും വിലക്കില്ല. പക്ഷേ മാന്യമാ വസ്‌ത്രധാരണം വേണമെന്നു മാത്രം. സ്‌ത്രീകള്‍ക്ക്‌ ശിരോവസ്‌ത്രവും ശരീരം മറയ്‌ക്കുന്ന വസ്‌ത്രങ്ങളും വേണം. വിദേശികളെല്ലാം പള്ളിയിലേക്കു മൂടിപ്പുതച്ചു വരുന്ന കാഴ്‌ചയും രസകരമാണ്‌. തീരെ പരിചിതമല്ലാത്ത വസ്‌ത്രങ്ങളോട്‌ അവര്‍ പൊരുതിക്കൊണ്ടേയിരിക്കും. മസ്‌ജിദിനോട്‌ ചേര്‍ന്ന്‌ ഇരുപതിനായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറിയും സമ്മേളനഹാളുമുണ്ട്‌.

രാജ്യതലസ്ഥാനമായ മസ്‌കറ്റില്‍ സീബ്‌ എക്‌സപ്രസ്വേയിലുള്ള ഗ്രാന്‍ഡ്‌ മസ്‌്‌ജിദ്‌ സമുച്ചയത്തിന്റെ മൊത്തം വിസ്‌തീര്‍ണ്ണം 9.33 ലക്ഷം ചതുരശ്ര മീറ്ററാണ്‌. ഇതില്‍ 4.16 ലക്ഷം ചതുരശ്ര മീറ്ററിലാണ്‌ കെട്ടിടങ്ങളും മറ്റു നിര്‍മ്മാണങ്ങളും. നൂറുകണക്കിനു തൊഴിലാളികള്‍ എട്ടുവര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കിയ മസ്‌ജിദ്‌ 2001ലാണ്‌ പ്രാര്‍ത്ഥനക്കായി തുറന്നത്‌. ചരിത്രത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന നിങ്ങള്‍ക്ക്‌ ആധുനികകാലത്ത്‌ എന്തുണ്ട്‌ എന്ന്‌ ഒമാനിലെ ജനതയോട്‌ ചോദിച്ചാന്‍ അവര്‍ നിമിഷാര്‍ധത്തിന്റെ ഇടവേളയില്ലാതെ പറയും; സുല്‍ത്താന്‍ ഖാബൂസ്‌ ഗ്രാന്‍ഡ്‌ മസ്‌ജിദ്‌.

No comments:

Post a Comment